UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിക്കും മാധ്യമ മുതലാളിമാര്‍ക്കും സര്‍ക്കാരിനും വേണ്ടെങ്കിലും ഞങ്ങള്‍ക്ക് പണി എടുത്തേ പറ്റൂ

Avatar

ശരത് കുമാര്‍

കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് പത്രാധിപന്മാരുടെയും പ്രസാധകരുടെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും ആഗോളസംഘടനയായ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് വിഷയത്തില്‍ ഐപിഐ ഇടപെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും അവരെ കോടതി മുറികളിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ 27ന് സംഘടന പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് സപ്തംബര്‍ 22ന് ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രി പിണറായി വിജയനും ഐപിഐ കത്തയച്ചിരുന്നു. സ്ഥിതി മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ വീണ്ടും ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ക്ക് കത്തയച്ചിരിക്കുന്നത്. കത്തുകള്‍ പലതു വന്നിട്ടും ശങ്കരന്‍ ഇതുവരെ തെങ്ങില്‍ നിന്നും ഇറങ്ങിയിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ കരുണ കാത്തുകഴിയുകയാണ് കേരളത്തിലെ മാധ്യമ സമൂഹം.

60 ദിവസം പിന്നിട്ടിട്ടും തല്‍സ്ഥിതി തുടരുന്നതിന് കാരണം എന്തായിരിക്കും? മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അഡ്വക്കേറ്റ് ജനറല്‍ ഇടപെട്ടിട്ടും, ഹൈക്കോടതി തന്നെ മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കുമെന്നും മീഡിയാ റൂം തുറക്കുമെന്നും പറഞ്ഞിട്ടും, സുപ്രീം കോടതി അനുകൂല പരാമര്‍ശം നടത്തിയിട്ടും, ഇന്ത്യന്‍ പ്രസിഡന്റ് പ്രശ്‌നം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും, വി എം സുധീരന്‍ തൊട്ടുള്ള ആദര്‍ശപ്രതിപക്ഷങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ല എന്നു പറഞ്ഞിട്ടും, മാധ്യമപ്രവര്‍ത്തകര്‍ ഇതിനും വേണ്ടി എന്ത് തെറ്റാണ് ചെയ്തതെന്ന് ബാലന്‍ മന്ത്രി അല്‍പം കടത്തിത്തന്നെ ചോദിച്ചിട്ടും, എന്തിന് തല്‍സ്ഥിതി തുടരാന്‍ അനുവദിക്കില്ലെന്ന് സ്വാശ്രയ മാനേജ്‌മെന്റും ഇ പി ജയരാജനും വരെ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ പ്രവേശിക്കാന്‍ കഴിയാതിരിക്കുന്നതിന് കാരണമെന്തായിരിക്കും? വക്കീല്‍-പത്ര-രാഷ്ട്രീയ പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ പോളിനെ പോലുള്ളവരും കേസുള്ള വക്കീലന്മാരായ ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ്, സി പി ഉദയഭാനു തുടങ്ങിയവരെ പോലുള്ളവരും ലേഖനങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും മാധ്യമവിലക്കിനെതിരായ നിലപാട് സ്വീകരിച്ചിട്ടും തല്‍സ്ഥിതി തുടരുന്നത് എന്തുകൊണ്ടാകാം? ചീഫ് ജസ്റ്റിസ് നല്‍കിയ ഉറപ്പിന്മേല്‍ കഴിഞ്ഞ മാസം 30ന് വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ എത്തിയെങ്കിലും അവരെ ഭീഷണിപ്പെടുത്തി തിരിച്ചുവിടാനുള്ള ധൈര്യം ഈ അസോസിയേഷന്‍ വക്കീലന്മാര്‍ക്ക് ലഭിക്കുന്നത് എവിടെ നിന്നാവും? ‘ഇല്ല ഒന്നിനുമൊരു നിശ്ചയം, വരുമോരോ വിലക്ക്…’ എന്ന മട്ടില്‍ കാര്യങ്ങള്‍ രണ്ടുമാസമായി പരിഹരിക്കപ്പെടാതിരിക്കുന്നതിന്റെ ഉത്തരവാദിത്വം ഹൈക്കോടതിക്കും ചീഫ് ജസ്റ്റിസിനും മാത്രമായിരിക്കുമോ? ചോദ്യങ്ങള്‍ നീളുകയും ഉത്തരങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ തല്‍സ്ഥിതി തുടരുകയാണ്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രധാന സവിശേഷതകളില്‍ ഒന്നായി വിശേഷിപ്പിക്കുന്നത് തുറന്ന കോടതി സംവിധാനമാണ്. ഏത് കേസിലെയും വാദവും പ്രതിവാദവും കേള്‍ക്കാനും കോടതി നടപടികള്‍ വീക്ഷിക്കാനും ഏതൊരു ഇന്ത്യന്‍ പൗരനും അവകാശമുണ്ടെന്ന് സാരം. കേസില്‍ ഉള്‍പ്പെട്ടവരും അത് വാദിക്കാന്‍ നിയോഗിക്കപ്പെടുന്നവരും വാദം കേള്‍ക്കുന്ന ജഡ്ജിയും കോടതി ജീവനക്കാരും ഒഴികെയുള്ളവരെല്ലാം കാണികളോ കേള്‍വിക്കാരോ മാത്രമാണ്. അതായത്, കറുത്ത കോട്ടിട്ടോ കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് തൂക്കിയോ പാന്റും ഷര്‍ട്ടുമിട്ടോ, മുണ്ടുടുത്തോ അല്ലെങ്കില്‍ ലുങ്കിയും ബനിയനുമിട്ടോ ഇനി വെറും ലുങ്കിയും തലയില്‍ ഒരു കെട്ടും കെട്ടിയോ (ഇവിടെ ഒരു ചെറിയ തിരുത്തുണ്ട്. തലയില്‍ ഒരു തലപ്പാവൊക്കെയാണെങ്കില്‍ ആഢ്യത്വം കല്‍പ്പിക്കപ്പെട്ടേക്കും, എന്നാല്‍ ലുങ്കിയുമുടുത്ത് ഒരീരേഴ തോര്‍ത്തും കെട്ടി കോടതിയില്‍ കേറിപ്പോയേക്കരുത്. ദിവസം മുഴുവന്‍ വെയിലത്ത് നിറുത്തുന്നത് പോലെയുള്ള പ്രൈമറി സ്‌കൂള്‍ കോമാളിത്തരങ്ങള്‍ ഇപ്പോഴും അരങ്ങേറുന്ന സ്ഥലം കൂടിയാണത്) ഒക്കെ ഒരു കോടതിയില്‍ മുറിയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരേ പ്രിവിലേജ് മാത്രമേയുള്ളു. കേള്‍ക്കുന്നയാള്‍ അല്ലെങ്കില്‍ കാണുന്നയാള്‍. മാധ്യമപ്രവര്‍ത്തകര്‍ ആ കോടതി മുറിയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്കായി തങ്ങളുടെ ഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന ജോലി ചെയ്യുന്നവരാണ് എന്നതൊഴിച്ചാല്‍ ഒരു സാധാരണക്കാരന് ലഭിക്കുന്നതോ ലഭിക്കേണ്ടതോ ആയ ഒരു പ്രിവിലേജും അവര്‍ക്കില്ല. അതുപോലെ തന്നെയാണ് വാദിയുടെയോ പ്രതിയുടേയോ വക്കാലത്ത് ഏറ്റെടുത്തിട്ടില്ലാത്ത മറ്റ് കോട്ടിട്ട വക്കീലന്മാര്‍ക്കും. അവരും കാണിയോ കേള്‍വിക്കാരനോ മാത്രമാണ്. ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ഒരു വിഭാഗം പറയുന്നു കോടതി ഞങ്ങളുടേതാണ്, ഇവിടെ ആരുവരണം പോകണം എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും അത് നിലനില്‍ക്കുന്ന ഭൗതിക സ്ഥലങ്ങളും ഇന്ത്യന്‍ പൗരന്റെതാണെന്നും അത് നിലനില്‍ക്കുന്നത് ഇവിടുത്തെ ജനങ്ങള്‍ കൊടുക്കുന്ന നികുതിയുടെ പുറത്താണെന്നും തിരിച്ചറിയാനുള്ള സാമാന്യനീതിബോധം ഇല്ലാത്തവര്‍ എങ്ങനെയാണ് മറ്റുള്ളവരുടെ ശബ്ദമായി നീതിക്ക് വേണ്ടി വാദിക്കുക?

ഇവിടെയാണ് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ പുഴുക്കുത്തുകളെ തിരിച്ചറിയേണ്ടത്. ഏതൊരു സാധാരണ പൗരനും ഏറ്റവും അവസാനം പ്രാപിക്കാവുന്നതും നീതി ലഭ്യമാകുന്നതുമായ ഒരു അവസാന രക്ഷാകേന്ദ്രമാണ് കോടതികള്‍ എന്ന കുപ്രചരണം നടത്തുന്നത് കച്ചവട സിനിമാക്കാര്‍ മാത്രമല്ല. കോടതിയലക്ഷ്യം എന്ന വടിവാളില്‍ പേടിയുള്ള എല്ലാവരും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് കോടതികള്‍ എന്ന് നൂറു ശതമാനം സമ്മതിച്ചുപോകും. പലപ്പോഴും സമ്മതിച്ചുപോകുന്നതാണ്. എങ്ങനെയെങ്കിലും ജീവിച്ചുപോകണം എന്ന പേടികൊണ്ടു മാത്രം. ശരിക്കും ആലോചിച്ചാല്‍ ഇന്നത്തെ നീതിന്യായ സംവിധാനത്തിന്റെ പ്രവര്‍ത്തനം വച്ച് ഇതെഴുതുന്ന ആള്‍ക്കെതിരെ ഒരു അനീതി സംഭവിക്കുകയാണെങ്കില്‍ അയാള്‍ക്ക് നീതി തേടി സുപ്രീം കോടതി വരെ പോകാന്‍ സാധിക്കുമോ? സുപ്രീം കോടതി വരെ പോയാലും വേണ്ടില്ല എനിക്ക് നീതി ലഭിക്കണം എന്നതാണ് പരക്കെ പ്രചരിക്കപ്പെടുന്ന ഡയലോഗ്. അതെ, ഒരു സാധാരണക്കാരന് ഒരു കേസുമായി സുപ്രീം കോടതി വരെ പോകണമെങ്കില്‍ മിക്കവാറും അയാളുടെ ജീവിതത്തിന്റെ മുഴുവന്‍ സമ്പാദ്യവും സമയവും അതിനായി വിനിയോഗിക്കേണ്ടി വരും. അങ്ങനെ ചെയ്താല്‍ പോലും ചിലപ്പോള്‍ അവിടെ എത്തിപ്പെടണമെന്നുമില്ല. ഇതെഴുതുന്ന ആളെ സംബന്ധിച്ചിടത്തോളം നീതി തേടി സമീപിക്കാവുന്ന പരമാവധി കോടതിയുടെ പരിധി ജില്ലാ കോടതിയില്‍ ഒതുങ്ങും. മുണ്ട് മുറുക്കിയുടുത്താല്‍ ചിലപ്പോള്‍ ഹൈക്കോടതി വരെ പോകാന്‍ സാധിച്ചേക്കും. അത്രയും ചിലവേറിയ ഒരു സ്ഥാപനമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. മണിക്കൂറിന് കീഴ്‌ക്കോടതിയില്‍ ആയിരം രൂപ മുതല്‍ സുപ്രീം കോടതിയില്‍ അഞ്ചുലക്ഷം രൂപ വരെ ഫീസ് മേടിക്കുന്ന വക്കീലന്മാര്‍ ഉള്ള നാടാണിത്. അതായത് ഒരു പൊതുതാല്‍പര്യ ഹര്‍ജിയായോ അല്ലെങ്കില്‍ സ്വയം കേസെടുക്കാന്‍ ന്യായാധിപന്മാര്‍ തയ്യാറാവുകയോ അതുമല്ലെങ്കില്‍ സൗജന്യ നിയമസഹായം നല്‍കുന്ന സംഘടനകളുടെ ശ്രദ്ധയില്‍ പെടാതിരിക്കുകയോ ചെയ്യുന്നിടത്തോളം ഒരു സാധാരണക്കാരന്റെ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടവും ലഭ്യമാകാനുള്ള സാധ്യതയും ജില്ലാ കോടതിക്കപ്പുറം പോകുന്നില്ല. അപ്പോള്‍ പരമമായ നീതി കാശുള്ളവന് മാത്രമാണ് എന്നുവരുന്നു. ഇത്രയും വലിയ ഫീസ് വക്കീലന്മാര്‍ വാങ്ങുമ്പോള്‍ അതിലൊരു പങ്ക് ന്യായം തീരുമാനിക്കുന്നവരില്‍ എത്തുന്നുണ്ടാവാം എന്ന ന്യായമായ സംശയം ഇന്ത്യന്‍ ജനാധിപത്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമാന്യബോധമുള്ള ആര്‍ക്കും ഉണ്ടാകാവുന്നതാണ്. കോടതികളുടെ ഈ ഒരു പ്രവര്‍ത്തന പരിസരത്ത് നിന്ന് ആലോചിക്കുമ്പോഴാണ് ഇത്രയും സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടും മാധ്യമ വിലക്ക് നീക്കുന്നതിനെതിരെ പരസ്യമായി ഇടപെടാന്‍ ഒരു കൈക്കുമ്പിള്‍ വരുന്ന വക്കീലന്മാര്‍ക്ക് സാധിക്കുന്നത്. കേസുള്ള വക്കീലന്മാര്‍ അതിന് പിറകെ പോകും. ഇല്ലാത്ത നല്ലൊരു ശതമാനവും ബ്രോക്കര്‍ പണികൊണ്ട് ജീവിക്കുന്നവരാണെന്ന യാഥാര്‍ത്ഥ്യവും ഇവിടെ കൂട്ടിവായിക്കപ്പെടേണ്ടിയിരിക്കുന്നു.

തല്‍സ്ഥിതി തുടരുന്നതില്‍ സന്തോഷിക്കുന്ന രണ്ടാമത്തെ വര്‍ഗ്ഗം രാഷ്ട്രീയ യജമാനന്മാരാണ്. മാധ്യമപ്രവര്‍ത്തകരാല്‍ സജീവമായിരുന്നു കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലം. തുടരന്വേഷണങ്ങള്‍ക്കുള്ള ഉത്തരവുകള്‍ വന്നതല്ലാതെ കഴിഞ്ഞ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെയും കൃത്യമായ ഒരു കോടതി ‘വിധി’ അല്ലെങ്കില്‍ തീര്‍പ്പ് വന്നിട്ടില്ല. വാദത്തിനിടയ്ക്ക് ജഡ്ജിമാര്‍ നടത്തുന്ന ചില പരമാര്‍ശങ്ങളായിരുന്നു സെക്രട്ടേറിയേറ്റ് വളച്ച പ്രതിപക്ഷത്തെക്കാളും എല്ലാ തെളിവുകളും മുന്നില്‍ (എവിടെ എന്ന് സംശാസ്പദമായതിനാല്‍ അങ്ങനെ പ്രയോഗിക്കുന്നു) വച്ച് വാദിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനേക്കാളും ആ മന്ത്രിസഭയെ കുടുക്കിയത്. മാധ്യമങ്ങള്‍ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വളരെ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ‘നിന്നെ എഴുതിക്കൊന്നു കളയും’ എന്ന് പേന കാട്ടി ആക്രോശിക്കുന്ന പഴയ ജോസ് പ്രകാശ് സമാന പത്രക്കാരില്‍ നിന്നും വലിയ വ്യത്യസ്തരല്ല ഇപ്പോള്‍ മൈക്കുമായി നടക്കുന്ന ചാനല്‍ ലേഖകര്‍. അപ്പോള്‍ വാദം ഉള്‍പ്പെടെയുള്ള കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണെങ്കില്‍ കിട്ടുന്ന ലാഭം രാഷ്ട്രീയക്കാരെ, പ്രത്യേകിച്ച് സംസ്ഥാന മുഖ്യമന്ത്രിയെ പ്രലോഭിപ്പിച്ചിരിക്കണം. അതുകൊണ്ടാവണം ഹൈക്കോടതിയില്‍ തമ്മില്‍ തല്ലിപ്പിരഞ്ഞ പ്രശ്‌നത്തെ വെറും തെമ്മാടിത്തരം കൊണ്ട് വഞ്ചിയൂര്‍ കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ നേരിട്ടപ്പോഴും ‘തല്ലാനും തല്ലുകൊള്ളാനുമായി ആരും അങ്ങോട്ടു പോകേണ്ടതില്ല’ എന്ന ഹാസ്യം (?) പിണറായി പ്രയോഗിച്ചതും. ഇനി ദാമോദരനെ ഓടിച്ചവര്‍ അങ്ങനെ വിലസണ്ടെന്ന് മോദി ഭക്തന്‍ തീരിമാനിച്ചതാണോ എന്നും അറിയില്ല. തല്‍സ്ഥിതി തുടരുന്നതില്‍ യുഡിഎഫിനും താല്‍പര്യമുള്ളതുകൊണ്ടാവാം സുധീര, ചെന്നിത്തല, ഉമ്മന്‍ചാണ്ടിമാര്‍ വെറുതെ ഒരു പ്രസ്താവനയില്‍ വിലക്കിനെ ഒതുക്കിയതും. പ്രത്യേകിച്ചും മാണി സാര്‍ പിണങ്ങി നില്‍ക്കുകയും വിജിലന്‍സ് ഇറങ്ങിത്തിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍. വൈകിയാണെങ്കിലും ഇടപെട്ടളയും എന്ന് വികെഎന്‍ ഭാഷയില്‍ പറഞ്ഞത് യുവമോര്‍ച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി മുരളീധരനായിരുന്നു. പോലീസുകാര്‍ മാധ്യമപ്രവര്‍ത്തരെ സംരക്ഷിച്ചില്ലെങ്കില്‍ ഞങ്ങളുടെ പിള്ളേര്‍ ഇടപെടുമെന്നായിരുന്നു ആ മാന്യദേഹത്തിന്റെ ഭീഷണി. ഭാഗ്യം, നിയമം കൈയിലെടുക്കുന്നു എന്ന് നിലവിളിച്ച് കുമ്മനവും കെ സുരേന്ദ്രനും രംഗത്തെത്തിയില്ല. ബിജെപിയെ അംഗീകരിക്കുന്ന എത്ര വക്കീലന്മാരെ യുവമോര്‍ച്ച തല്ലും എന്നു കൂടി മുരളീധരന്‍ സാര്‍ വ്യക്തമാക്കിയാല്‍ നന്നായിരിക്കും. ചുരുക്കി പറഞ്ഞാല്‍ കോടതികളില്‍ നിന്നും കൃത്യമായ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തി മൂന്ന് അണ്ണന്മാര്‍ക്കും പങ്കിട്ടെടുക്കാം. എല്ലാം ശമിച്ചതുകൊണ്ടാവാം ഇനി ഇത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മാധ്യമ ‘സുഹൃത്തുക്കളോട്’ പറഞ്ഞത്. അനുരഞ്ജന ചര്‍ച്ചയില്‍ രണ്ടുമാസത്തെ മാധ്യമ അസാന്നിധ്യം വ്യക്തമാക്കിയപ്പോള്‍ ഒരു ജഡ്ജി ‘പരിപൂര്‍ണ സ്വസ്ഥത’ എന്ന് പറഞ്ഞതും ഇനി ഇതനുവദിക്കില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതും ഒരേ തച്ചില്‍ വാര്‍ക്കുന്ന രഹസ്യങ്ങളാണ്.

ഒരിക്കലും ഒന്നിച്ചു നില്‍ക്കാന്‍ തൊഴില്‍പരമായോ രാഷ്ട്രീയപരമായോ വാണിജ്യപരമായോ സാധ്യതയില്ലാത്ത ഒരു സമൂഹമാണ് പത്രപ്രവര്‍ത്തകര്‍. കേരളത്തിലെ എല്ലാ പതിവുകളെയും പോലെ ആ തൊഴിലാളികള്‍ക്കും ഒരു സംഘടനയുണ്ട്. പണ്ട് പേനയുന്തുന്നവരെ മാത്രം അതില്‍ അംഗങ്ങള്‍ക്ക് ആക്കുകയും പിന്നെ സമ്മര്‍ദം സഹിക്കവയ്യാതെ മൈക്ക് ഉന്തുന്നവരെയും കൂടി അംഗങ്ങളാക്കുന്ന വിധം വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന സംഘടനയും കൂടിയാണിത്. ഇനി കൊട്ടുന്നവരെ അതില്‍ അംഗങ്ങളാക്കാന്‍ നിരവധി വര്‍ഷങ്ങള്‍ കാത്തിരിക്കുകയും ചെയ്യേണ്ടി വരും. ഇപ്പോള്‍ പേനയുന്തുന്ന ആരും ഇല്ലെങ്കിലും. പേന ഉന്തിയവനും ക്യാമറ ഉന്തുന്നവനും ഇപ്പോള്‍ കൊട്ടുന്നവനും സ്വന്തം ആവശ്യത്തിന് വേണ്ടിയല്ല കൊട്ടുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് പത്രപ്രവര്‍ത്തക തൊഴിലാളിയുടെ യാഥാര്‍ത്ഥ്യം. കേരളത്തിലെ പത്രങ്ങളെല്ലാം കോടതി നടപടികള്‍ ബഹിഷ്‌കരിച്ചാലും ഈ പ്രശ്‌നം പരിഹരിക്കാവുന്നതായിരുന്നു. പക്ഷെ പറ്റില്ല. കേരളത്തിലെ മൂന്നിലൊന്നു മനുഷ്യന്മാര്‍ വായിക്കുന്ന, കേരളത്തിന്റെ പൊതുബോധം സൃഷ്ടിക്കുന്ന രണ്ട് പത്രങ്ങള്‍ക്കുമെതിരെ ഒരുപാടു കേസുകള്‍ കോടതികളിലുണ്ട്. അതായത് മൊതലാളിക്ക് കോടതി അനിവാര്യമാണ്. വെറുപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ട് മൊതലാളിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വിധേതാക്കള്‍ (അവര്‍ക്കോ പഞ്ഞം) മാത്രം കോടതിയില്‍ പോയാല്‍ മതിയെന്നൊരു കോംപ്രമൈസില്‍ വിലക്ക് തീര്‍ന്നേക്കും. കൂടാതെ എല്‍എല്‍ബി പാസാവാത്ത ഒരാളും ഇനി കോടതി പത്രപ്രവര്‍ത്തനം നടത്തരുതെന്ന് കൊച്ചിയിലെ ചില കോട്ടിട്ട തമ്പുരാക്കന്മാര്‍ നിര്‍ദ്ദേശിച്ചതായും കേള്‍ക്കുന്നു. അതും പത്ര മുതലാളിമാര്‍ കേള്‍ക്കും. ഏത് വീരനായാലും. കാരണം കേള്‍ക്കാനിരിക്കുന്ന കേസുകള്‍ കേട്ട കേസുകളെക്കാള്‍ ഇമ്പമുള്ളതാണ്. പിന്നെ ആലോചിക്കുമ്പോള്‍ ഒരു ദിവസം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകിട്ട് നാലു മണിക്ക് കരാര്‍ തൊഴിലാളികള്‍ പത്ര സ്ഥാപനത്തില്‍ പാടില്ല എന്ന് പ്രസംഗിക്കുകയും നാലരക്ക് കരാര്‍ തൊഴിലാളികളുടെ ഡസ്‌ക് മീറ്റിംഗില്‍ വന്നിരുന്ന് ഇന്നലെ ചെയ്ത പാതകങ്ങളെ കുറിച്ച് വാചാലനാവുകയും ചെയ്ത എന്റെ പ്രിയ എഡിറ്റര്‍ എം പി അച്ച്യുതനാണ് ഈ വീടിന്റെ ഐശ്വര്യം.

വക്കീലന്മാര്‍ക്കെതിരെ സൂക്ഷ്മ ശസ്ത്രക്രിയാക്രമണം നടത്തണമെന്ന് ഇന്ന് പ്രഖ്യാപിച്ച സെബാസ്റ്റ്യന്‍ പോളിന്റെ വാചകങ്ങളെ അനുസ്മരിച്ചുകൊണ്ട്…

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍