UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും; എന്തുകൊണ്ട് ഈ വേര്‍തിരിവ് അനിവാര്യം?

Avatar

ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷനല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, അക്കാദമിക്‌സ് ആന്‍ഡ് മാനേജ്‌മെന്റ് 2015 സ്വീകരിച്ച് എന്‍ഡിടിവി സഹ സ്ഥാപകനും സഹ ചെയര്‍മാനുമായ ഡോ. പ്രണോയ് റോയ് നടത്തിയ പ്രസംഗം.

അത്യധികം അഭിമാനകരമായ ഈ അവാര്‍ഡ് ലഭിച്ചതിലൂടെ ഞാന്‍ ബഹുമാനിതനായിരിക്കുന്നു. വളരെ, വളരെ നന്ദി. എന്‍ഡിടിവിയിലെ എല്ലാവരുടെയും ഇന്ത്യയിലെ മാധ്യമങ്ങളുടെയും പേരില്‍ ഇവിടെ നില്‍ക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലോകത്ത് ഏറ്റവും പ്രസരിപ്പേറിയതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും ഭയരഹിതവുമായ മാധ്യമങ്ങളാണ് ഇന്ത്യയിലേത്. നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണിത്. ആഗോളതലത്തില്‍, ജനഹൃദയങ്ങള്‍ കീഴടക്കുന്നതിന് തോക്കുകളും ആയുധങ്ങളുമല്ല, മൃദുശക്തികളാണ് പ്രധാനമെന്നു വരുന്ന ദിവസം, ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിനുവേണ്ടി വളരെ വലിയ പങ്ക് നിറവേറ്റാനാകും.

ഈ അവാര്‍ഡ് ലഭിച്ചതിലൂടെ ഞാന്‍ കൂടുതല്‍ വിനീതനാകുന്നു. കാരണം വളരെ ശ്രേഷ്ഠമായ മനസുകള്‍ നിറഞ്ഞ ഒരു ഫൗണ്ടേഷനാണ് ഇതു നല്‍കുന്നത്. ഇത് രാഷ്ട്രീയ അവാര്‍ഡല്ലെന്ന് അവര്‍ എന്നോടു വ്യക്തമാക്കി. അത് ഏതു ജേണലിസ്റ്റിന്റെയും സ്വാതന്ത്ര്യത്തിന് വളരെ പ്രധാനമാണ്. കാരണം രാഷ്ട്രീയക്കാരും മാധ്യപ്രവര്‍ത്തകരും തമ്മിലുള്ള പൂര്‍ണ വേര്‍തിരിവില്‍ ഞാന്‍ വിശ്വസിക്കുന്നു. ജുഡീഷ്യറിയും സര്‍ക്കാരും തമ്മിലെന്ന പോലെ.

മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള അടുപ്പം ഈ തൊഴിലില്‍ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ്. രാഷ്ട്രീയക്കാര്‍ സ്വാഭാവികമായും ആകര്‍ഷണീയത ഉള്ളവരാണ്. ഈ ആകര്‍ഷണീയതയ്ക്കും അധികാരത്തിനും വശംവദരാകരുതെന്നാണ് ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കപ്പെട്ടിട്ടുള്ള മുന്നറിയിപ്പ്. കാരണം ഈ അടുപ്പം മാധ്യമപ്രവര്‍ത്തകരുടെ ജോലി- വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിങ് – കൂടുതല്‍ കഠിനമാക്കും.

വേര്‍തിരിവിനെപ്പറ്റി വിശാലമായി ചിന്തിക്കുമ്പോള്‍, കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ സര്‍ക്കാരും ടെലിവിഷനും തമ്മിലുള്ള ബന്ധം പ്രധാനപ്പെട്ട മൂന്നു മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഇവ മൂന്നില്‍ നിന്നും എന്‍ഡിടിവി പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും വളര്‍ച്ച നേടുകയും ചെയ്തു. ഞങ്ങളുടെ ചരിത്രം ഈ മൂന്നുഘട്ടങ്ങളുമായി കെട്ടുപിണഞ്ഞതാണ്.

ഒന്നാമത്തേത്, മുപ്പതുവര്‍ഷം മുന്‍പ് ‘ഒഴിവാക്കലിലൂടെയുള്ള നിയന്ത്രണ’ത്തിന്റെ കാലമായിരുന്നു. സര്‍ക്കാര്‍ മാധ്യമങ്ങളുടെ ഭാഗമല്ലാത്ത ടിവി ജേണലിസ്റ്റുകള്‍ രാജ്യത്ത് എവിടെയും ഒഴിവാക്കപ്പെട്ടു. സ്വന്തം രാജ്യത്ത് ഇന്ത്യയെപ്പറ്റിയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനോ തൊഴിലെടുക്കാനോ പറ്റാത്ത അവസ്ഥ. ഈ ഘട്ടത്തിലാണ് ഈ മറ തള്ളിനീക്കി വാര്‍ത്ത സംപ്രേഷണം ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ ഇതര സ്ഥാപനമാകാന്‍ എന്‍ഡിടിവി ശ്രമിച്ചത്. രാജ്യാന്തര വാര്‍ത്തയ്ക്കു മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ഇന്ത്യയെപ്പറ്റി ഒന്നും പാടില്ല. അങ്ങനെ ഞങ്ങള്‍ ‘ദ് വേള്‍ഡ് ദിസ് വീക്ക്’ ആരംഭിച്ചു. ചുവടുറപ്പിച്ചശേഷം പ്രേക്ഷകരുടെ പിന്തുണയോടെ ഇന്ത്യയെപ്പറ്റിയുള്ള വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ ഇതര മാധ്യമസ്ഥാപനമായി ഞങ്ങള്‍ മാറി. പിന്നീട് ഇന്ത്യയില്‍ 24 മണിക്കൂര്‍ വാര്‍ത്താചാനല്‍ തുടങ്ങുന്ന ആദ്യ മാധ്യമസ്ഥാപനവുമായി.

ഒഴിവാക്കലിലൂടെയുള്ള നിയന്ത്രണത്തിന്റെ ഘട്ടം കഴിഞ്ഞു. രണ്ടാംഘട്ടം ‘ ഭയപ്പെടുത്തലിലൂടെയുള്ള നിയന്ത്രണ’ത്തിന്റേതായിരുന്നു. ഈ ഘട്ടത്തില്‍ രാഷ്ട്രീയക്കാര്‍ ഫോണിലൂടെ ഞങ്ങളെ വിരട്ടി. പല കാര്യങ്ങളും മാറ്റിയില്ലെങ്കില്‍ തിക്തഫലങ്ങളുണ്ടാകും എന്നു മുന്നറിയിപ്പു തന്നു. ഇന്ത്യയിലെ ജേണലിസ്റ്റുകള്‍ക്ക് അഭിമാനിക്കാവുന്ന കാര്യം, യഥാര്‍ത്ഥത്തില്‍ ആരുംതന്നെ ഈ ഭീഷണികള്‍ക്കു വഴങ്ങിയില്ല എന്നതാണ്. കേള്‍ക്കുക, ഒന്നും ചെയ്യാതിരിക്കുക, കെട്ടടങ്ങാന്‍ അനുവദിക്കുക എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ തന്ത്രപരമായ സമീപനം. ഒരു ഭീഷണി ഫോണ്‍ കോള്‍ ഞാന്‍ ഓര്‍മിക്കുന്നു. അത് ഇങ്ങനെയായിരുന്നു:’ ഞാന്‍ നിങ്ങളെ പിന്തുണയ്ക്കുന്നയാളാണ്. എന്നാല്‍ നിങ്ങള്‍ ഇങ്ങനെയാണു പോകുന്നതെങ്കില്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല. നിങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മറ്റുള്ളവര്‍ എന്നെ നിര്‍ബന്ധിതനാക്കും. നിങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ ദയവായി നിര്‍ത്തുക.’

എപ്പോഴുമെന്നതുപോലെ ഈ ഫോണ്‍കോളിലും ഞാന്‍ ഒന്നും ചെയ്തില്ല. ഫോണ്‍ കോളിനെപ്പറ്റിയോ ഭീഷണിയെപ്പറ്റിയോ ഫീല്‍ഡിലുള്ള ജേണലിസ്റ്റുകള്‍ അറിയാതിരിക്കാന്‍ മാത്രം ശ്രദ്ധിച്ചു. റിപ്പോര്‍ട്ടിങ്ങില്‍ ഒരു മാറ്റവും വന്നില്ല.  ഏതാനും മണിക്കൂറുകള്‍ക്കുശേഷം അതേ രാഷ്ട്രീയക്കാരനില്‍ നിന്ന് വീണ്ടും വിളി വന്നു: ‘ റിപ്പോര്‍ട്ടിങ് മാറ്റിയതിന് വളരെ നന്ദി.’ ഞാന്‍ ഒന്നും പറഞ്ഞില്ല. ഈ ഘട്ടം ഏതാണ്ട് 10 വര്‍ഷത്തോളം തുടര്‍ന്നു. പിന്നീട് രാഷ്ട്രീയക്കാര്‍ ശ്രമം നിര്‍ത്തി. ഫോണ്‍ വിളികളുണ്ടായില്ല. ആ ഫോണ്‍വിളികള്‍ ഇല്ലാതായത് ഞങ്ങള്‍ക്കു വിഷമമുണ്ടാക്കുന്നുമില്ല.

എന്നാല്‍ പത്തുവര്‍ഷം മുന്‍പ് പുതിയൊരു ഘട്ടം തുടങ്ങി. ഇതില്‍ നിയന്ത്രണമാര്‍ഗങ്ങള്‍ ഫോണ്‍വിളികളെക്കാള്‍ നിഗൂഢവും ഹാനികരവുമായിരുന്നു. ‘ മക്കാര്‍ത്തിയിസത്തിന്റെ വിദ്യകള്‍ ഉപയോഗിച്ചുള്ള നിയന്ത്രണ’ മായിരുന്നു മൂന്നാമത്തെ ഈ ഘട്ടം. അമേരിക്കയുടെ സമീപകാല ചരിത്രത്തില്‍ ഏറ്റവും ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്ന ഒന്നാണ് മക്കാര്‍ത്തിയിസം.  ഈ കാലഘട്ടത്തില്‍ എഫ്ബിഐ, നികുതി വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയപ്പെടുന്ന മിക്ക മാധ്യമപ്രവര്‍ത്തകരുടെയും ഹോളിവുഡിലെ സ്വാധീനമുള്ള നൂറുകണക്കിനു നേതാക്കളുടെയും പേരില്‍ വ്യാജക്കേസുകള്‍ എടുത്തു. അമേരിക്ക ‘ഓരോ കട്ടിലിനുമടിയില്‍ ചുവപ്പ്’ കണ്ട കാലഘട്ടമായിരുന്നു അത്.  10 വര്‍ഷം മുന്‍പ് തുടങ്ങിയ ഈ പ്രവണത ഇന്ന് ഇന്ത്യയില്‍ ഓരോ പരവതാനിക്കുമടിയില്‍ രാജ്യദ്രോഹ, ദേശവിരോധ മൂട്ടയെ സങ്കല്‍പിക്കുകയാണ്.

മറ്റുഘട്ടങ്ങളെപ്പോലെ മൂന്നാംഘട്ടവും നമ്മെ കടന്നുപോകും. അതുവരെ, രാജ്യമെമ്പാടും ഭയപ്പെടുത്തപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ഭയരഹിതമായ റിപ്പോര്‍ട്ടിങ് അല്ലാതെ കുറ്റമൊന്നും ചെയ്യാതെ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ എല്ലാ പിന്തുണയും സഹാനുഭൂതിയും. ഈ ഘട്ടവും നാമാവശേഷമാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. കാരണം ഇന്ത്യയിലെ മാധ്യമങ്ങള്‍ നിരന്തരം സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെ പോരാടിയവരാണ്. ഓരോ തവണയും മുന്‍പത്തെക്കാള്‍ കൂടുതല്‍ സ്വതന്ത്രരും ശക്തരുമായാണ് അവര്‍ പുറത്തുവന്നിട്ടുള്ളത്.

എല്ലാ രാഷ്ട്രീയകക്ഷികളോടും എല്ലാ സര്‍ക്കാരുകളോടും എനിക്ക് പറയാനുള്ളത് ഇതാണ്: ഇന്ത്യയിലെ മാധ്യമങ്ങളെ പരിപോഷിപ്പിക്കുക. അവയുടെ കഴുത്ത് ഞെരിക്കാതിരിക്കുക. കാരണം ഈ രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും മഹത്തായ സ്വത്തുക്കളിലൊന്നാണ് മാധ്യമങ്ങള്‍.

യഥാര്‍ത്ഥത്തില്‍ സജീവവും നിഷ്പക്ഷവുമായ സംവാദം എങ്ങനെയാണെന്ന് അധികം വൈകാതെ ഒരു ദിവസം സിഎന്‍എന്നിനെയും ബിബിസിയെയും ഇന്ത്യയിലെ മാധ്യമങ്ങള്‍ കാണിച്ചുകൊടുക്കും – അവരുടെ ഭിത്തിമറയുള്ള ഉദ്യാനങ്ങളില്ലാതെ. ഈ ഇടത്തെ, ഇന്ത്യയിലെ മാധ്യമങ്ങളെ, നിരീക്ഷിച്ചുകൊണ്ടിരിക്കുക, ഇതുവരെ നിങ്ങള്‍ കണ്ടതൊന്നും ഒന്നുമല്ല. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍