കെ എ ആന്‍റണി
ഇന്നലെ കൊച്ചിയില്‍ കേരള ഹൈക്കോടതി സമുച്ചയത്തിലെ മീഡിയ റൂമിലും പുറത്തും അരങ്ങേറിയ രംഗങ്ങള്‍ അത്യന്തം അപലപനീയമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വനിത മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെക്കുക, മീഡിയ മുറി ഏതോ ഒരു കടമുറി എന്നവണ്ണം പൂട്ടുക, ഇതില്‍ പ്രതിഷേധിച്ച മാധ്യമ പുരുക്ഷപ്രജകളെ അവിടെ വച്ച് തന്നെ കൈകാര്യം ചെയ്യുക, ഇക്കാര്യങ്ങള്‍ ഒക്കെ അറിഞ്ഞ് കോടതി വളപ്പിലേക്ക് മാര്‍ച്ച് ചെയ്ത മാധ്യമപ്രവര്‍ത്തകരെ തെക്കനും വടക്കനും കലര്‍ന്ന കളരിമുറിയില്‍ എതിരിടുക, ഇത് തടയാനെത്തിയ പോലീസിന് നേരെ കല്ലെറിയുക ഇങ്ങനെ പോകുന്നു വാര്‍ത്തകള്‍.
പ്രിയ വക്കീല്‍ സാറുമാര്‍ അറിയാന്‍ കുറിക്കുന്ന ചില കാര്യങ്ങള്‍ എങ്കിലും മനസ്സിരുത്തി വായിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളും ഞങ്ങളും ജനാധിപത്യത്തിന്‍റെ കാവല്‍ തൂണുകളില്‍പ്പെട്ടത് കൊണ്ടുകൂടിയാണ് ഈ അഭ്യര്‍ത്ഥന.
ആദ്യത്തെ കാര്യം നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് കേരളം നാടാടെ കണ്ട ഈ ഗുണ്ടായിസത്തിന് ഇറങ്ങി പുറപ്പെട്ടത് എന്നത് തന്നെ. നിങ്ങളില്‍ ഒരാളായ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ ഒരു സ്ത്രീ പരാതി നല്‍കുന്നു. നിങ്ങളില്‍ ചിലര്‍ അവരില്‍ നിന്നും ഒരു വ്യാജ സത്യവാങ്മൂലം സംഘടിപ്പിക്കുന്നു. ഇതിനെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാവുന്നു. അവര്‍ തന്നെ മുന്‍കൈയെടുത്ത് പ്രസ്തുത പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുന്നു. മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുന്നു. ഇത്രയൊക്കെയാണ് സത്യത്തില്‍ സംഭവിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെ ജോലി കിട്ടിയ വാര്‍ത്തകള്‍ യഥാവിധി റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. പ്രതി എന്ന് ആരോപിക്കപ്പെടുന്ന മിസ്റ്റര്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ അയാളോ അയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളോ നല്‍കിയിരുന്നു എങ്കില്‍ അതും മാധ്യമങ്ങളിലൂടെ പുറത്ത് വരുമായിരുന്നു.
ശരിയാണ് പ്രതിയെന്ന് പറയപ്പെടുന്ന വക്കീല്‍ ഒരുപക്ഷേ നിരപരാധി ആയിരിക്കാം. അയാള്‍ക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെങ്കില്‍ അയാളുടെ നിരപരാധിത്വം തെളിയിക്കാന്‍ നിങ്ങള്‍ക്കും മാധ്യമങ്ങളെ സമീപിക്കാം. പത്രസമ്മേളനങ്ങള്‍ വിളിച്ച് കൂട്ടാം. ആരും നിങ്ങളെ അതില്‍ നിന്നും വിലക്കീട്ടില്ലല്ലോ. അതുമല്ലെങ്കില്‍ കൈയും കാലും വീശി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൈയാംകളിക്ക് ഇറങ്ങിയ നിങ്ങള്‍ക്ക് അയാളുടെ വക്കാലത്ത് ഫ്രീയായി ഏറ്റെടുത്ത് കോടതിയില്‍ നിരപരാധിത്വം തെളിയിക്കാം.
ഇതിനൊന്നും കൂട്ടാക്കാതെ വെറും ഗുണ്ടകളായി വന്ന് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എറിഞ്ഞ ചില്ലിക്കാശുകള്‍ നിങ്ങള്‍ക്ക് തന്നെയായിരുന്നു ഉപകരിക്കുക. സീനിയര്‍ വക്കീലന്മാര്‍ എറിഞ്ഞ് തരുന്ന ചില്ലിക്കാശ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് എറിയുമ്പോള്‍ ഒരു കാര്യം ആലോചിക്കേണ്ടതുണ്ടായിരുന്നു. സത്യത്തില്‍ താങ്കളും പട്ടിണി അല്ലെ. അല്ലെങ്കില്‍ ഒരു കറുത്ത കോട്ടിന്‍റെ ബലത്തില്‍ വലിയ ഒരു സമ്പത്ത് ഉണ്ടാക്കിയിരിക്കാം. അതുമല്ലെങ്കില്‍ നക്കാപിച്ച തരുന്ന സീനിയറിനോടുള്ള വിദ്വേഷം കൂടി അതില്‍ ഉണ്ടാവാം.
ഇനി മുന്‍ സൂചിപ്പിച്ച മറ്റൊരു കാര്യത്തിലേക്ക് കൂടി. ഒരാളുടെ നിരപരാധിത്വം തെളിയിക്കാന്‍ പൂര്‍ണ വൈഭവം നിങ്ങളില്‍ എത്രപേര്‍ക്ക് ഉണ്ടെന്ന സ്വയം വിമര്‍ശനം നടത്തിയിട്ട് പോരെ ആര്‍ക്കോ വേണ്ടിയുള്ള ഈ അഭ്യാസ പ്രകടനങ്ങള്‍.
കോടതി മുറിയില്‍ ബബബ്ബ പറയുന്ന നിങ്ങളില്‍പ്പെട്ട പലരേയും ഇതെഴുതുന്ന ആളും കണ്ടിട്ടുണ്ട്. കോടതി മുറികളില്‍ പോലീസിനെതിരെ ഞാന്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഇംഗ്ലീഷില്‍ ഒരു കോപ്പി തയ്യാറാക്കല്‍ തന്നെയായിരുന്നു കേസില്‍ ന്നിന്ന് ഊരാനുള്ള ഏക വഴി. ഇംഗ്ലീഷ് കോപ്പി കാണാതെ പഠിച്ച് അല്‍പ്പം ഉച്ചത്തില്‍ പറഞ്ഞാല്‍ ഏത് മജിസ്ട്രേറ്റും സമ്മതിക്കും എന്നതാണ് നിങ്ങളില്‍ പലരുടേയും അറിവ്. അതുവെച്ച് തന്നെയായിരുന്നു എന്‍റെയും കേസുകള്‍. എല്ലാം രക്ഷപ്പെട്ട് കിട്ടി. ഇംഗ്ലീഷ് ഭാക്ഷയെ സ്തുതിക്കുക. ഇംഗ്ലീഷ് എഴുതാന്‍ അറിയാത്ത വക്കീല്‍ നന്നായി ഒന്ന് ഉച്ചരിക്കാന്‍ ആവാത്ത വക്കീല്‍ മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചിന് നേരെ ഊക്കോടെ ചാടി ചവുട്ടുന്നത് ചാനലില്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നു.
നിങ്ങളില്‍ പലരും ഞങ്ങള്‍ക്കൊപ്പം പഠിച്ചവരും അതില്‍ താഴെ പഠിച്ചവരും അല്ലെ. മന്ദബുദ്ധികളുടെ ഒരു സംസ്കാരം ഈ ജൂനിയര്‍ വക്കീലന്മാര്‍ എന്തിനാണ് പേറുന്നത് എന്ന് പണ്ടുതന്നെ മനസ്സിലായതാണ്. അക്കാര്യം ഒരിക്കല്‍ കൂടി അടിവരയിട്ട് പറയുന്നതായി ഇന്നലത്തെ ഹൈക്കോടതി സമുച്ചയത്തിലെ സംഭവങ്ങള്‍.
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)