UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ന്യൂസ് അപ്ഡേറ്റ്സ്

അഭിഭാഷകര്‍ തെരുവ് ഗുണ്ടകള്‍ ആകരുത്

ക്രിമിനല്‍ കേസുകളുടെ വക്കാലത്തേറ്റെടുക്കുന്നതുപോലെയല്ല, അഭിഭാഷകര്‍ സ്വയം ക്രിമിനലായി മാറുന്നത്‌. അഭിഭാഷക സമൂഹത്തിനൊന്നാകെ കളങ്കമാകുമെന്നതിനപ്പുറം പൊതുസമൂഹത്തിന്‌ അതു തെറ്റായ സന്ദേശമാണ്‌ നല്‍കുന്നത്‌. തെരുവുഗുണ്ടകളുടെ നിലവാരത്തിലേക്ക്‌ അഭിഭാഷകര്‍ അധഃപതിക്കുന്നത്‌ അവര്‍ക്കുമാത്രമല്ല, നീതിന്യായ സംവിധാനത്തിനൊന്നാകെ പേരുദോഷമാണ്‌ സമ്മാനിക്കുന്നത്‌.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ ഇനിയും തിരിച്ചറിയേണ്ട പ്രധാന വസ്‌തുത ഇതാണ്‌. അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും തല്ലി തീര്‍ക്കുന്നതാണ്‌ ഉചിതമെങ്കില്‍ നമ്മുടെ നാട്ടില്‍ അഭിഭാഷകരെന്തിനാണ്‌? പരമോന്നതമാ നിയമസംഹിത എന്തിനാണ്‌? ആക്രമണത്തെ ന്യായീകരിക്കുകയും അതാണ്‌ ശരിയായ മാര്‍ഗ്ഗമെന്നും വിശ്വസിക്കുന്ന അഭിഭാഷകര്‍ ഏതു ധാര്‍മ്മികതയുടെ പേരിലാണ്‌ ഇനി കോടതികളില്‍ ഹാജരാവുക? ഇങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ ഉയരുന്ന ഓരോ ചോദ്യങ്ങള്‍ക്കും അഭിഭാഷകര്‍ ഉത്തരം പറയേണ്ടി വരും. മാധ്യമ പ്രവര്‍ത്തകരെ അടിച്ചൊതുക്കി വാര്‍ത്തകളെ ഇല്ലാതാക്കാമെന്നു കരുതുന്ന മൗഢ്യം എങ്ങനെയാണ്‌ അഭിഭാഷകരെ പിടികൂടിയതെന്ന്‌ ചിന്തിക്കുമ്പോള്‍ അത്‌ഭുതം തോന്നുന്നു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ട്‌ ഇപ്പോഴും തുടരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ ജൂലായ്‌ പതിനാലിന്‌ വൈകിട്ട്‌ ഏഴരയോടെ ഒരു യുവതിയെ നടുറോഡില്‍ വച്ചു കയറിപ്പിടിച്ചുവെന്ന കേസിലാണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കം. യുവതിയുടെ പരാതിയില്‍ പൊലീസ്‌ നടപടിയെടുത്തതോടെ അന്നേ ദിവസം തന്നെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു. അടുത്ത ദിവസം ഈ അഭിഭാഷകനാണോ ആക്രമിച്ചതെന്ന്‌ അറിയില്ലെന്നു വ്യക്തമാക്കി യുവതി മജിസ്ട്രേറ്റ്‌ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതോടെ അഭിഭാഷകനു ജാമ്യം ലഭിച്ചു. നിയമപരമായി നീങ്ങിയ ഈ നടപടിയെ പെട്ടെന്ന്‌ സംഘര്‍ഷ ഭരിതമാക്കിയത്‌ കേരള ഹൈക്കോര്‍ട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്റെ
ഇടപെടലാണ്‌. ധനേഷിനെതിരെ കേസെടുത്ത സെന്‍ട്രല്‍ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ അസോസിയേഷന്‍ തീരുമാനിക്കുകയും പിന്നീട്‌ ഇതു വേണ്ടെന്നു വെക്കുകയും ചെയ്‌തു. അസോസിയേഷന്റെ യോഗത്തില്‍ മാര്‍ച്ച്‌ നടത്താനുള്ള തീരുമാനം ഏകസ്വരത്തിലായിരുന്നില്ലെന്ന്‌ ഒരു ഇംഗ്‌ളീഷ്‌ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്തത്‌ അസോസിയേഷനെയും അഭിഭാഷകരെയും ചൊടിപ്പിച്ചു. ഈ ദിനപത്രത്തിന്റെ ലേഖകന്‍ ഇക്കാര്യത്തില്‍ തെറ്റുപറ്റിയതു ചൂണ്ടിക്കാട്ടി അടുത്ത ദിവസം തിരുത്തു നല്‍കാമെന്ന്‌ അസോസിയേഷന്‍ ഭാരവാഹികളെ അറിയിക്കുകയും അസോസിയേഷന്റെ യോഗത്തില്‍ ഭാരവാഹികള്‍ തന്നെ ഇതു പറയുകയും ചെയ്‌തു.

സ്വാഭാവികമായും ഈ പ്രശ്‌നം അവിടെ അവസാനിക്കേണ്ടതാണ്‌. എന്നാല്‍ മാര്‍ച്ചു നടത്തേണ്ടതില്ലെന്ന അസോസിയേഷന്റെ തീരുമാനത്തിനു പിന്നാലെ കേസ്‌ റദ്ദാക്കാന്‍ ധനേഷ്‌ മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച്‌ സ്റ്റേ അനുവദിച്ചില്ല. പ്രതിക്ക്‌ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കേസന്വേഷണം നടക്കട്ടെയെന്നു വ്യക്തമാക്കിയ ജഡ്‌ജി ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ അറിയിക്കാനും നിര്‍ദ്ദേശിച്ചു. ഈ കോടതി നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്ന ഇംഗ്‌ളീഷ്‌ ദിനപത്രത്തിന്റെ ലേഖകനോടു കോടതി മുറിക്കുള്ളില്‍ വച്ചു തന്നെ അഭിഭാഷകരില്‍ ചിലര്‍ അസഭ്യം പറഞ്ഞു. കോടതി മുറിക്കുള്ളില്‍ നിന്ന്‌ പുറത്തേക്കിറങ്ങിയ പത്രപ്രവര്‍ത്തകനെ അഭിഭാഷകരില്‍ ചിലര്‍ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തു. വിവരമറിഞ്ഞ്‌ ഹൈക്കോടതിയുടെ പലഭാഗങ്ങളിലായി വിവിധ കേസുകളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലെ താഴേ നിലയിലുള്ള മീഡിയ റൂമില്‍ ഒത്തുചേര്‍ന്നു. മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത അഭിഭാഷകരുടെ നടപടി ആക്‌ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിവിടെ വെച്ചാണ്.

ഇതിനിടെ ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ കേസില്‍ അഭിഭാഷക അസോസിയേഷന്റെ നിലപാടു വ്യക്തമാക്കാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനം വിളിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തിട്ട്‌ അഭിഭാഷകര്‍ നടത്തുന്ന പത്രസമ്മേളനത്തിന്‌ ഇരുന്നു തരാന്‍ തങ്ങളില്ലെന്ന നിലപാടാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്‌. ഇതറിഞ്ഞ്‌ അസോസിയേഷന്റെ ഭാരവാഹികള്‍ മീഡിയ റൂമിലെത്തി നടന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. പത്രസമ്മേളനത്തില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. ധനേഷ്‌ മാത്യു മാഞ്ഞൂരാന്റെ കേസില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്ക്‌ പോയതുപോലെ മാധ്യമങ്ങളും എതിരായാല്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ കോടതി ലേഖകരുടെ പ്രശ്‌നം കേരള പത്രപ്രവര്‍ത്തക യൂണിയന്റെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ടു ചെയ്‌തതിനാല്‍ തങ്ങളുടെ യൂണിയന്റെ നിലപാടു കൂടി ഇക്കാര്യത്തില്‍ അറിയണമെന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ മറുപടി നല്‍കി. ഇതുകേട്ട്‌ ഭാരവാഹികള്‍ മടങ്ങിയതിനു പിന്നാലെ ഒരു സംഘം അഭിഭാഷകര്‍ വീണ്ടും രംഗത്തെത്തി. നേരത്തെ ആക്രമിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനു നേരെ വീണ്ടും വെല്ലുവിളി ഉയര്‍ത്തി. ഇതിനെ ചോദ്യം ചെയ്‌ത മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അഭിഭാഷകനെ ചാടിത്തൊഴിക്കാനും കരണത്തടിക്കാനും ഈ
സംഘത്തിലെ ചിലര്‍ ശ്രമിച്ചു. ഈ ദൃശ്യങ്ങളെല്ലാം ഹൈക്കോടതിയിലെ മീഡിയ റൂമിനു മുന്നിലെ സി.സി. ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. വസ്‌തുതകള്‍ പരിശോധിച്ച്‌ മനസിലാക്കാന്‍ കഴിയാവുന്നതേയുള്ളൂ. വീണ്ടും അക്രമത്തിന്റെ പാതയിലേക്ക്‌ അഭിഭാഷകര്‍ മാറിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആക്‌ടിംഗ്‌ ചീഫ്‌ ജസ്റ്റിസിനും ഹൈക്കോടതി രജിസ്‌ട്രാര്‍ക്കും പരാതി നല്‍കി. എന്നാല്‍ തുടര്‍ന്നങ്ങോട്ട്‌ മാധ്യമ പ്രവര്‍ത്തകരോട്‌ ഒരു പ്രകോപനവുമില്ലാതെ അസഭ്യം പറഞ്ഞു പിന്തുടരുന്ന സമീപനമാണ്‌ ചില അഭിഭാഷകര്‍ സ്വീകരിച്ചത്‌. സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ്‌ മറ്റു ഗത്യന്തരമില്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തിയത്‌. ഇങ്ങനെ സമരം ചെയ്‌ത മാധ്യമ പ്രവര്‍ത്തകരെ തെരുവില്‍ നേരിട്ടും അക്രമിച്ചും അഭിഭാഷകര്‍ കൂട്ടത്തോടെ രംഗത്തു വന്ന ദൃശ്യങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്‌.

ഇതിനിടെ ഹൈക്കോടതിയിലെ മീഡിയ റൂമിലെ ഇരിപ്പ്‌ അവസാനിപ്പിക്കുമെന്നും മീഡിയ റൂം അടച്ചു പൂട്ടണമെന്നുമുള്ള നിലപാട്‌ അഭിഭാഷകരില്‍ ചിലര്‍ സ്വീകരിച്ചു. എന്തിനാണ്‌ മീഡിയ റൂമിനു നേരെ അഭിഭാഷകര്‍ തിരിയുന്നതെന്ന്‌ ഈ സാഹചര്യത്തില്‍ വേണം ചിന്തിക്കാന്‍. കേരള ഹൈക്കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിരിക്കാന്‍ ഒരു മുറി. അതാണ്‌ മീഡിയ റൂം. കഴിഞ്ഞ ദിവസം ഇതിന്റെ വാതില്‍ അടിച്ചു തകര്‍ക്കാനും മീഡിയ റൂം താഴിട്ടു പൂട്ടാനും മിടുക്കു കാണിച്ച പുതിയ തലമുറയിലെ അഭിഭാഷകര്‍ എങ്ങനെയാണ്‌ അവിടെയൊരു മീഡിയ റൂം ഉണ്ടായതെന്ന്‌ കൂടി അറിയണം.

കേരള ഹൈക്കോടതി പഴയ റാം മോഹന്‍ ബംഗ്‌ളാവില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒരു മുറിയുണ്ടായിരുന്നു. പഴയ ഹൈക്കോടതിയിലെ റെക്കോര്‍ഡ്‌ റൂമിനോടു ചേര്‍ന്ന്‌ ഒരു സ്‌ക്രീന്‍ വച്ചു മറച്ച്‌ അന്ന്‌ മീഡിയ റൂം ഒരുക്കിത്തന്നത്‌ അഭിഭാഷകരല്ല, ഹൈക്കോടതിയുടെ അഡ്‌മിനിസ്ട്രേറ്റീവ് അധികൃതര്‍ തന്നെയാണ്‌. പുതിയ ഹൈക്കോടതി കെട്ടിടം വന്നപ്പോള്‍ ഹൈക്കോര്‍ട്ട്‌ രജിസ്റ്ററില്‍ ഒപ്പു വച്ചാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ താക്കോല്‍ ഏറ്റുവാങ്ങിയത്‌. അഡ്വക്കേറ്റ്‌ ജനറലായിരുന്ന രത്‌നസിംഗ്‌ സാറാണ്‌ അതിനുള്ളില്‍ ഇന്നു കാണുന്ന മേശയും കസേരകളും വാങ്ങിത്തന്നത്‌. ഇവയല്ലാതെ മാരകായുധങ്ങളൊന്നും അവിടെയില്ല. അഭിഭാഷകരുടെ ഔദാര്യം കൊണ്ടുണ്ടായതല്ല, മീഡിയ റൂം. പക്ഷേ, കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ദ്രോഹിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുമ്പോഴൊക്കെ മീഡിയ റൂം അടച്ചു പൂട്ടണം. എന്തിനാണ്‌ മാധ്യമങ്ങള്‍ക്ക്‌ ഇങ്ങനെയൊരു മുറി? എന്ന തരത്തിലാണ്‌ വിവാദങ്ങള്‍ തല പൊക്കുന്നത്‌. കേരള ഹൈക്കോടതിക്കു പിന്നില്‍ കാണുന്ന മംഗളവനം വെട്ടിത്തെളിച്ച്‌ ഹൈക്കോടതിക്ക്‌ പാര്‍ക്കിംഗ്‌ സൗകര്യമൊരുക്കാന്‍ നടത്തിയ നീക്കത്തെ ഒരു കാലത്ത്‌ മാധ്യമ പ്രവര്‍ത്തകര്‍ ചെറുത്തിരുന്നു. ഇതിനുള്ള പകപോക്കാനും അന്നു ചിലര്‍ മീഡിയ റൂം അടച്ചു പൂട്ടണമെന്ന വാദമാണ്‌ ഉയര്‍ത്തിയത്‌. ഇന്നിപ്പോള്‍ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മീഡിയ റൂം അടച്ചു പൂട്ടുന്നവര്‍ നാളെ അനുകൂലമായ വിധി നല്‍കിയില്ലെന്ന പേരില്‍ ബഹുമാന്യരായ ഹൈക്കോടതി ജഡ്‌ജിമാരുടെ ചേംബര്‍ മുറികള്‍ അടച്ചു പൂട്ടുമോ? കോടതികളില്‍ അഭിഭാഷകരും ജഡ്‌ജിമാരും കോടതി ജീവനക്കാരും മാത്രം മതിയെന്നാണോ ഇവര്‍ ധരിച്ചു വച്ചിരിക്കുന്നത്‌.

ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഒരുവിഭാഗം അതിക്രമം നടത്തുമ്പോഴും തങ്ങള്‍ക്കിതില്‍ പങ്കില്ലെന്നും ഈ കാണിക്കുന്നത്‌ നീതികേടാണെന്നും വിളിച്ചു പറഞ്ഞും ലേഖനങ്ങളെഴുതിയും മാധ്യമങ്ങളെ പിന്തുണച്ച അഭിഭാഷകരുള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയിലുണ്ടെന്നത്‌ ഇക്കൂട്ടത്തില്‍ വിസ്‌മരിക്കുന്നില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വന്തം കസേരകളില്‍ ഉല്ലസിച്ചിരുന്നു വാര്‍ത്ത പടച്ചു വിടുന്നവരാണെന്ന്‌ ചിലരെങ്കിലും ധരിച്ചു വച്ചിട്ടുണ്ട്‌. സത്യമതല്ല, കോടതി മുറിക്കുള്ളിലും പുറത്തും മണിക്കൂറുകളോളം ഒരേ നില്‍പു നിന്നും സംഭവ സ്‌ഥലങ്ങളിലേക്ക്‌ ഓടിയെത്തിയുമാണ്‌ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ ലിഫ്‌റ്റില്‍ കയറിയാല്‍ ചവിട്ടി പുറത്താക്കുമെന്ന്‌ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക എ. എം പ്രീതിയെന്ന വ്യക്തിയെ അറിയണം. ഒരപകടത്തില്‍ കാലു മുറിച്ചു മാറ്റേണ്ടി വന്ന അവര്‍ കൃത്രിമ കാല്‍ ഘടിപ്പിച്ചാണ്‌ നടക്കുന്നത്‌. അവരെയാണ്‌ ലിഫ്‌റ്റില്‍ നിന്ന്‌ ചവിട്ടി പുറത്താക്കുമെന്ന്‌ അഭിഭാഷകര്‍ ആക്രോശിച്ചത്‌. അഭിഭാഷകര്‍ക്ക്‌ അവരുടെ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കും തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം പരമ പ്രധാനമാണ്‌. ഇന്നലെകളില്‍ പലരും പല സംഘടനകളും ഇത്തരം ഭീഷണിയിലൂടെ വാര്‍ത്തകളെ ഇല്ലാതാക്കാനും സ്വന്തം സാമ്രാജ്യം സുരക്ഷിതമാക്കാനും പഠിച്ചപണി പതിനെട്ടും നോക്കിയിട്ടുണ്ട്‌. അവര്‍ക്കൊക്കെ എന്തു സംഭവിച്ചുവെന്ന്‌ ചരിത്രം പഠിച്ചാല്‍ മനസിലാകും.

വാര്‍ത്തകള്‍ അറിയാനുള്ള പൊതുജനത്തിന്റെ അവകാശം ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ പേരില്‍ എങ്ങനെയാണ്‌ നിഷേധിക്കാനാവുക? എന്നിട്ടും കഴിഞ്ഞ ദിവസം ഹൈക്കോടതിക്കു മുന്നില്‍ തൊഴില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്‌ത മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നാണയത്തുട്ടുകള്‍ വലിച്ചെറിഞ്ഞു നല്‍കിയും മാധ്യമ വേശ്യകള്‍ എന്നു വിളിച്ചും (പ്രസ്റ്റിറ്റിയൂട്ട്‌) അപമാനിക്കാനാണ്‌ അഭിഭാഷകര്‍ ശ്രമിച്ചത്‌. കോടതി വാര്‍ത്തകള്‍ നല്‍കുമ്പോള്‍ തങ്ങളുടെ പേരു കൂടി വാര്‍ത്തയ്‌ക്കൊപ്പം നല്‍കണമെന്ന്‌ ഒളിഞ്ഞും തെളിഞ്ഞും വന്നു പറഞ്ഞ എത്രയോ അഭിഭാഷകര്‍ കേരള ഹൈക്കോടതിയിലുണ്ട്‌. എന്റെ പേരൂടെ നല്‍കണേ, പേരു വെട്ടിക്കളയല്ലേ പ്‌ളീസ്‌, ഡെസ്‌കിലൊന്നു പറഞ്ഞേക്കണേ എന്നു ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കാര്യം സാധിച്ചവരില്‍ ചിലര്‍ പിന്നീട്‌ മാധ്യമ വേശ്യകളെന്ന്‌ മാധ്യമ പ്രവര്‍ത്തകരെ വിളിക്കുമ്പോള്‍, ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും പേരിനു വേണ്ടി കെഞ്ചി മാധ്യമങ്ങളില്‍ പേരച്ചടിപ്പിച്ചു സായൂജ്യമടഞ്ഞ നിങ്ങളെ തിരിച്ചെന്താണ്‌ വിളിക്കേണ്ടത്‌…..!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍