UPDATES

മാധ്യമങ്ങള്‍ വേട്ടയാടപ്പെടുന്ന തുര്‍ക്കി

Avatar

മാര്‍ക് ചാംപ്യന്‍
(ബ്ലൂംബര്‍ഗ്)

ഈ ആഴ്ച ബ്രസല്‍സിലെത്തിയ തുര്‍ക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് എര്‍ദോഗന് ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങളാണുള്ളത്; തന്റെ നാട്ടില്‍ നിന്നും യൂറോപ്പിലേക്കൊഴുകുന്ന അഭയാര്‍ത്ഥികള്‍ മുതല്‍ സിറിയന്‍ യുദ്ധത്തിലേക്കുള്ള റഷ്യന്‍ കടന്നുവരവ് വരെ. യൂറോപ്പിനും തുര്‍ക്കിക്കും ഇക്കാര്യത്തില്‍ പരസ്പരം ആവശ്യമുണ്ട്. എന്നാല്‍ അതോടൊപ്പം അല്പം പരുങ്ങലുണ്ടാക്കാവുന്ന ഒരു കാര്യം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ എര്‍ദോഗന് മേല്‍ സമ്മര്‍ദ്ദമുയരും എന്നതാണ്.

ഈ വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ ലോകത്താകെ ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനുള്ള ആവശ്യങ്ങളില്‍ 60 ശതമാനവും ഉന്നയിച്ചത് തുര്‍ക്കിയാണ്. റഷ്യയെക്കാള്‍ 10 മടങ്ങ് കൂടുതല്‍. ഇക്കൊല്ലം ആദ്യത്തെ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ 6,000 വെബ്സൈറ്റുകള്‍ തടയാന്‍ തുര്‍ക്കി ഉത്തരവിട്ടു. ഉടമകളോട് സര്‍ക്കാര്‍ അസംതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമായി. മാധ്യമ പ്രവര്‍ത്തകര്‍ തടവിലാകാന്‍ ഏറ്റവും സാധ്യതയുള്ള രാജ്യം കൂടിയാണ് തുര്‍ക്കി. നവംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സാഹചര്യം കൂടുതല്‍ വഷളാവുകയാണ്.

കഴിഞ്ഞ ആഴ്ചയാണ്, തുര്‍ക്കിയിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നിരീക്ഷകനും ടെലിവിഷനിലെ അറിയപ്പെടുന്ന സാന്നിധ്യവുമായ അഹ്മത് ഹകാനെ (3.6 ദശലക്ഷം പേര്‍ ട്വിറ്ററില്‍ ഹകാനേയെ വായിക്കുന്നു) അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് ഭീകരമായി മര്‍ദിച്ചു. ഇതില്‍ മൂന്നു പേര്‍ ഭരണത്തിലുള്ള എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ടിയില്‍,AKP, പെട്ടവരാണ്.


റിസെപ് തയ്യിപ് എര്‍ദോഗന്‍

അക്രമത്തിന് നിര്‍ദേശം നല്കിയത് എര്‍ദോഗനോ അയാളുടെ കക്ഷിയോ ആണെന്നതിന് തെളിവൊന്നുമില്ല-മാത്രവുമല്ല സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെയും AKP വെള്ളിയാഴ്ച്ച പുറത്താക്കുകയും ചെയ്തു. എങ്കിലും മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതിനുള്ള ഒരു രാഷ്ട്രീയ സാഹചര്യം അവര്‍ സൃഷ്ടിച്ചിരിക്കുന്നു. ഹകാനെ ആക്രമിച്ചതിന് പുറമെ, കഴിഞ്ഞ മാസം അയാളുടെ പത്രം ഹൂറിയത്തിന്റെ കാര്യാലയത്തിന് നേരെയും ആക്രമണം നടന്നിരുന്നു. അതിലൊന്നിന് നേതൃത്വം നല്കിയ AKP നേതാവ് യുവാക്കളുടെ ഒരു സംഘത്തോട് സംസാരിക്കുന്ന ദൃശ്യങ്ങളില്‍ ഹകാനേയും ഹൂറിയത്തിന്റെ മുഖ്യ പത്രാധിപര്‍ സെദാത്ത് എര്‍ഗിനെയും തല്ലാത്തതാണ് ഏക അബദ്ധം സംഭവിച്ചതെന്ന് പറയുന്നുണ്ട്.

ഹകാന്‍ ആക്രമിക്കപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഹൂറിയത് ഉടമകളായ പ്രതിപക്ഷ മാധ്യമ സംഘത്തിന്റെ സ്ഥാപകന്‍ അയ്ദിന്‍ ദോഗനെതിരെ 2002-ല്‍ AKP അധികാരത്തില്‍ വരുംവരെ അയാള്‍ സര്‍ക്കാരുകളെ ദുരുപയോഗിച്ചിരുന്നു എന്ന ആരോപണം ആവര്‍ത്തിച്ച് ഏര്‍ദോഗന്‍ എരിതീയില്‍ എണ്ണയൊഴിച്ചിരുന്നു. ചരിത്രമെടുത്ത് നോക്കിയാല്‍ തുര്‍ക്കിയിലെ മതേതരവാദികള്‍ ഏര്‍ദോഗനെ പോലെയുള്ള ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ വിവേചനം പുലര്‍ത്തിയിരുന്നപ്പോള്‍ ദോര്‍ഗന്‍ സ്വയം  അവകാശപ്പെടുംപോലെ മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്നില്ല. എങ്കിലും ഈ ആരോപണത്തിന്റെ സമയവും സാഹചര്യവും തികച്ചും നിരുത്തരവാദപരമാണ്.

ഏര്‍ദോഗന്റെ മാധ്യമങ്ങളോടുള്ള നിലപാട് അയാളുടേത് മാത്രമല്ല. ശീര്‍നാക് പട്ടണത്തില്‍ കൊല്ലപ്പെട്ട ഒരു കുര്‍ദ് പോരാളിയുടെ മൃതദേഹം തുര്‍ക്കി സുരക്ഷാ സേന, വണ്ടിയില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴക്കുന്ന ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചവര്‍ക്കെതിരെ പ്രധാനമന്ത്രി അഹ്മെത് ദാവുതോഗ്ലൂ തിങ്കളാഴ്ച്ച വിമര്‍ശനമുയര്‍ത്തിയിരുന്നു. “ഈ സംഭവത്തെക്കുറിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്ത്ര മന്ത്രാലയവും സംഭവം അന്വേഷിക്കുന്നു. പക്ഷേ ചിത്രത്തെ കേന്ദ്രീകരിക്കുന്നത് അസംബന്ധവും പലതും വിളിച്ച് പറയുന്നതുമാണ്.

ലോകത്തെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരീക്ഷിക്കുന്ന നിരവധി സംഘങ്ങളില്‍ ഒന്നാണ് Freedom House. തുര്‍ക്കിയിലെ സ്ഥിതി കുറച്ചുവര്‍ഷങ്ങളായി മോശമായി വരികയാണെന്ന് അവര്‍ പറയുന്നു.

ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഏര്‍ദോഗാന്‍ നിര്‍വഹിച്ച ഉദാരവാദ നിലപാട് കണക്കിലെടുക്കുമ്പോള്‍ ഇത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. വളരുന്ന ഒരു സമ്പദ് വ്യവസ്ഥ എന്ന നിലക്ക് തുര്‍ക്കിക്ക് വലിയ സാധ്യതകളുണ്ട്. പക്ഷേ പുതിയ സാങ്കേതിക വളര്‍ത്തുകയും അതിനാവശ്യമായ തുറന്ന പരിസ്ഥിതി ഉണ്ടാവുകയും എന്നുകൂടിയാണ് അതിനര്‍ത്ഥം.

മാധ്യമസ്വാതന്ത്ര്യത്തെയും  മറ്റ് ജനാധിപത്യ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നിടത്തോളം NATO സഖ്യകക്ഷി, യൂറോപ്യന്‍ യൂണിയനില്‍ ചേരാന്നിരിക്കുന്ന രാഷ്ട്രം എന്നൊക്കെയുള്ള തുര്‍ക്കിയുടെ നില ഒട്ടും ശക്തിപ്പെടില്ല. പാശ്ചാത്യ സഖ്യകക്ഷികളുടെ നിബന്ധനകള്‍ക്കെതിരെ കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഏര്‍ദോഗാന്‍ നിലപാടെടുത്തുവെങ്കിലും അതിര്‍ത്തിക്കപ്പുറത്ത് സിറിയയില്‍ തുര്‍ക്കി പിന്തുണക്കുന്നവര്‍ക്കെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ പടിഞ്ഞാറന്‍ സഖ്യകക്ഷികളുടെ വില അംഗീകരിക്കാന്‍ അയാളെ പ്രേരിപ്പിച്ചേക്കും.


അഹ്മത് ഹകാന്‍

കാര്യങ്ങള്‍ ഈ നിലയിലെത്തിയതില്‍ യൂറോപ്യന്‍ യൂണിയനും വിമര്‍ശനമര്‍ഹിക്കുന്നു. 2006-ല്‍ യൂണിയനില്‍ ചേരാനുള്ള ഈ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തിന്റെ ശ്രമത്തെ മരവിപ്പിച്ചുകൊണ്ട് തുര്‍ക്കിക്ക് മേലുള്ള സ്വാധീനം അവര്‍ കളഞ്ഞുകുളിച്ചു. ഏര്‍ദോഗന്‍ അവരുടെ പ്രഭാഷണങ്ങള്‍ക്ക് ചെവി കൊടുത്തതുമില്ല. പക്ഷേ അലോസരമുണ്ടാക്കുന്ന സന്ദേശങ്ങള്‍ നല്കാന്‍ പടിഞ്ഞാറന്‍ നേതാക്കള്‍ മടിക്കേണ്ടതില്ല. കാരണം, തുര്‍ക്കിയില്‍ അവരെ ശ്രദ്ധിക്കുന്ന ഒരു ആഭ്യന്തര സമൂഹം ഇപ്പോഴുണ്ട്.

നവംബര്‍ 1 –ലെ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം കൂടിയാണ് ഈ യൂറോപ്പ് യാത്ര. ജൂണിലെ തെരഞ്ഞെടുപ്പില്‍ AKP-ക്കു അയാള്‍ ആഗ്രഹിച്ച ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ടാണ് ഏര്‍ദോഗാന്‍ ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രസല്‍സിലും സ്ട്രാറ്റ്സ്ബര്‍ഗിലും തുര്‍ക്കി കുടിയേറ്റക്കാര്‍ നിറയുന്ന യോഗങ്ങള്‍ നടത്തി നാട്ടില്‍ അത് പ്രക്ഷേപണം ചെയ്തു മുതലെടുക്കാനാണ് പരിപാടി.

യൂറോപ്പിലെ നേതാക്കള്‍ക്കൊത്തുള്ള ചിത്രങ്ങളും ഗുണം ചെയ്യും. പക്ഷേ ഏര്‍ദോഗന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി യൂറോപ്പിനെ ഉപയോഗിച്ചാല്‍ അയാളുടെ തിരക്കഥക്കൊത്ത് യൂറോപ്പിലെ നേതാക്കള്‍ നീങ്ങിയില്ല എന്നു പരാതി പറയാന്‍ ആകില്ല. പ്രതിപക്ഷ ശബ്ദങ്ങളെയും സ്വതന്ത്ര മാധ്യമങ്ങളെയും അടിച്ചമര്‍ത്തുന്നത് തങ്ങളുടെ ജനാധിപത്യത്തിനും, യൂറോപ്പിലേക്ക് ഉള്‍ച്ചേരണമെന്ന എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കില്‍ അതിനും വിനാശകാരിയാണ് എന്ന്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും തുര്‍ക്കിക്കാര്‍ വീണ്ടും വീണ്ടും കേള്‍ക്കേണ്ടതുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍