UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗർഭഛിദ്ര വിധി: ഇത് കൊല്ലാനുള്ള ലൈസൻസാണ്

Avatar

ഡോ. നെല്‍സണ്‍ ജോസഫ്

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് 1971 ഭേദഗതി ചെയ്യാൻ തീരുമാനിക്കുന്നതിനെക്കുറിച്ച് ഒരു ചെറിയ പോസ്റ്റ് കുറച്ചുനാൾ മുൻപ് ഫേസ്ബുക്കില്‍ ഇടുകയുണ്ടായി. അതേതുടർന്ന് അബോർഷനെക്കുറിച്ചുള്ള ചില പ്രതികരണങ്ങൾ ഒട്ടും അംഗീകരിക്കാൻ സാധിക്കാത്തതായിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിന് ജീവനു ഭീഷണിയാകുന്ന ഗുരുതര വൈകല്യങ്ങളൊന്നുമില്ലെങ്കിലും അമ്മയുടെ ജീവനു ഭീഷണികൾ ഒന്നും തന്നെയില്ലെങ്കിലും അബോർഷനുവേണ്ടി ഡോക്ടറെ സമീപിക്കുന്നവരുണ്ട്. അങ്ങനെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെയാണ് ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് മുന്നോട്ട് വായിക്കുമ്പോള്‍ അതുകൂടി മനസിൽ ഓർമ്മിക്കുക. 

ഭ്രൂണഹത്യ നിയമം മാറണം; സാങ്കേതികവിദ്യയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊപ്പം

സഹിക്കേണ്ട കഷ്ടപ്പാടോളമോ ത്യാഗത്തോളമോ ഉള്ള വിലയില്ല കുഞ്ഞിന്. അതാണ് ഒന്നാമത്തെ വാദഗതി. അതറിയാൻ ഒരു കഥ പറയാം. ഒരു സംഭവകഥ

1980കളിൽ ഒരിക്കൽ എപ്പൊഴോ മദ്യപാനം കൂടി കരൾ രോഗം വന്ന് മരിച്ച ഒരാളുടെ ഭാര്യയായിരുന്നു ഡൊളോറസ് അവീരോ (Dolores Aveiro). ഗർഭിണിയായിരുന്ന ഡൊളോറസിന് ആ കുഞ്ഞിനെ വേണമെന്ന് ആഗ്രഹമില്ലായിരുന്നു. ഒരുപക്ഷേ ഒറ്റയ്ക്ക് കുടുംബം നോക്കുന്നതെങ്ങനെയെന്ന് ആലോചിച്ചിരിക്കാം. ഗർഭഛിദ്രം നടത്തണമെന്ന ആവശ്യവുമായി ഒരു ഡോക്ടറെ സമീപിച്ച അവരെ ഡോക്ടർ കൈവിട്ടു. ചൂടുള്ള ബിയർ കുടിച്ചശേഷം തളർന്നുവീഴും വരെ ഓടിയ ഡൊളോറസിന്റെ അവസാന ശ്രമത്തെയും തോല്പിച്ച് ആ കുഞ്ഞ് 1985 ഫെബ്രുവരി 5 ന് ഭൂമിയിൽ പിറന്നുവീണു.

അവനെ നശിപ്പിക്കാൻ അമ്മ തളർന്നുവീഴും വരെ ഓടിയെങ്കിൽ ഇന്ന് ലോകത്ത് അങ്ങോളമിങ്ങോളമുള്ള പുൽ മൈതാനങ്ങളിൽ അവന്റെ പിന്നാലെ നെട്ടോട്ടമോടി തളർന്ന് വീഴുകയാണ് ഒട്ടുമിക്ക ഡിഫന്റർമാരുടെയും ജോലി. പട്ടിണി പേടിച്ച് നശിപ്പിക്കാൻ തീരുമാനിച്ച ആ കുഞ്ഞ് ആ കുടുംബത്തിന്റെ പട്ടിണി മാറ്റിയെന്ന് മാത്രമല്ല ഇന്ന് ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോളറും കൂടിയാണ്. മൂന്നക്ഷരത്തിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ആ മറ്റാരുമല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ”Cristiano was an unwanted baby but he’s given me so much joy.” (1)

പിറന്ന് വീഴാൻ പോകുന്ന കുഞ്ഞിന്റെ വിലയോ ജാതകമോ മുൻകൂട്ടി നിശ്ചയിക്കാൻ ലോകത്ത് ഒരാൾക്കും സാദ്ധ്യമല്ല. ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തീരുന്നില്ല അബോർഷനിൽ നിന്ന് രക്ഷപ്പെട്ടവരുടെ ലിസ്റ്റ്. ടൈറ്റാനിക്കിലെ പ്രശസ്തമായ ആ പാട്ടിന്റെ (Every night in my dreams) ശബ്ദം സെലിൻ ഡിയോൺ, പട്ടിണി നിറഞ്ഞ കുടുംബത്തിലെ പതിനാലാമത്തെ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കണമെന്ന തീരുമാനം ഒരു പള്ളി വികാരി തടഞ്ഞതുകൊണ്ട് ഭൂമിയിൽ പിറന്നവളാണ്. കരോൾ വോയ്റ്റിവ, പിൽക്കാലത്തെ സെന്‍റ്.ജോൺ പോൾ രണ്ടാമൻ മാർ പാപ്പ, സ്വന്തം ജീവൻ രക്ഷിക്കാൻ ഡോക്ടർ സജസ്റ്റ് ചെയ്ത അബോർഷൻ അമ്മ വേണ്ടെന്ന് വച്ചതിന്റെ ഫലമായിരുന്നു. ഹോളിവുഡ് അഭിനേതാവും ഓസ്കാർ അവാർഡ് ജേതാവുമായ ജാക് നിക്കോൾസൺ അമ്മയെ മുത്തശ്ശി അബോർഷനിൽ നിന്ന് പിന്തിരിപ്പിച്ചതിന്റെ ഫലവും.(2,3,4)

(“I’m very contra my constituency in terms of abortion because I’m positively against it. I don’t have the right to any other view. My only emotion is gratitude, literally, for my life ” – Jack Nicholson)

ഇവരുടെയൊന്നും കഥകൾ അറിഞ്ഞില്ലെങ്കിൽ പോലും മറ്റാരോ ഒരാൾ സ്വന്തം സുഖത്തെക്കുറിച്ച് ഓർക്കാഞ്ഞതിന്റെ, സ്വാർഥമതികളാവാഞ്ഞതിന്റെ, ഫലമാണ് ഞാനും നിങ്ങളുമെല്ലാം. മറ്റൊരാളുടെ ഔദാര്യത്തിൽ പിറന്നുവീണ ഒരാൾക്ക് എങ്ങനെ അതേ അവകാശം ഇനിയൊരാൾക്ക് ഒരു കുഞ്ഞിന് നിഷേധിക്കാൻ കഴിയും?

ഓർക്കുക, നിങ്ങളവസാനിപ്പിക്കുന്നത് ചിലപ്പോൾ ലോകത്തെ തന്നെ മാറ്റി മറിക്കാൻ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം. 

ഗർഭസ്ഥശിശുവിനെ ഒരു വ്യക്തിയായി കാണാൻ സാധിക്കില്ലെന്നും അതുകൊണ്ട് അബോർഷൻ കൊലപാതകമല്ലെന്നും വാദിക്കുന്നവരുണ്ട്. അബോർഷൻ പ്രായപരിധി 24 ആഴ്ച എന്ന് മാറ്റിയെഴുതുമ്പോൾ കൊല്ലപ്പെടുന്നത് ഒരു വ്യക്തിയല്ലെന്ന് വിശ്വസിക്കാൻ എന്തുകൊണ്ടോ, എനിക്ക് കഴിയുന്നില്ല. 21ആം ദിവസം ഹൃദയം മിടിച്ച് തുടങ്ങുന്നു. ശ്വാസോച്ഛ്വാസം 12 ആഴ്ച ആകുമ്പോൾ കാണാൻ കഴിയും. ആദ്യ ആഴ്ചകളിൽ ശ്വാസകോശം ഒരു സോളിഡ് ഓർഗൻ ആണെങ്കിലും ശ്വാസകോശം 28 ആഴ്ചയിൽ വികസിച്ച് തുടങ്ങുകയും ചെയ്യും. 12 ആഴ്ചയോടെ വിഴുങ്ങാനുള്ള കഴിവ് ലഭിക്കുന്നു.16 ആഴ്ചയിൽ നനുത്ത രോമങ്ങൾ (ലാന്യുഗോ ഹെയർ) കണ്ടുതുടങ്ങുന്നു. 12 ആഴ്ചയുടെ അവസാനം വൃക്കകൾ പ്രവർത്തിച്ച് തുടങ്ങും.

പൂർണവളർച്ചയെത്തിയ ഒരു കുഞ്ഞിന് സാധാരണ 2.5 തൊട്ട് 3.5 കിലോഗ്രാം വരെ തൂക്കവും 50 cm നീളവും (Crown Rump Length) ഉണ്ടായിരിക്കും. സാധാരണ 10 ചാന്ദ്രമാസം (280 ദിവസം) ആണു ഗർഭകാലമെങ്കിലും 37 ആഴ്ചകൾക്ക് മുൻപ് പിറക്കുന്ന കുഞ്ഞുങ്ങളെയേ മാസം തികയാതെ പിറന്നു (Preterm) എന്ന കണക്കിൽ ഉൾപ്പെടുത്താറുള്ളൂ. ഗർഭപാത്രത്തിനു പുറത്ത് ജീവിച്ച കുഞ്ഞുങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞത് 21 ആഴ്ച 5 ദിവസം പ്രായമുണ്ടായിരുന്ന കാനഡയിലെ ഒട്ടാവയിൽ ജനിച്ച കുട്ടിക്കാണ്. ഇന്ത്യയിൽ 23 ആഴ്ച പ്രായവും 460 ഗ്രാം തൂക്കവും 30cm നീളവുമുള്ള ബേബി സാക്ഷി മുംബൈയിൽ സുരക്ഷിതമായി ഹോസ്പിറ്റൽ വിടുകയുണ്ടായി.(5)

അപൂർവമായ സംഭവങ്ങളായിരുന്നാൽ തന്നെ 24 ആഴ്ചയ്ക്ക് മുൻപ് ജനിച്ച കുട്ടികൾ ജീവിക്കാറുണ്ടെന്ന് സൂചിപ്പിക്കാൻ വേണ്ടി പറഞ്ഞെന്ന് മാത്രം. Period of Viability ആയി പറയപ്പെടുന്നത് 28 ആഴ്ചകളാണ്. അതായത് 7 മാസം. അപ്പോൾ കുഞ്ഞിന് ഏകദേശം 25 സെ.മീ നീളവും 1100 ഗ്രാം തൂക്കവുമുണ്ടാകും. പിന്നീടുള്ള 12 ആഴ്ചകൾ കൊണ്ട് അത്രത്തോളം തന്നെ തൂക്കം കൂടുകയും ചെയ്യും. ജനിക്കാത്ത ഒരു കുഞ്ഞ് മനുഷ്യനല്ലെന്നും മനുഷ്യാവകാശമില്ലെന്നും വാദിക്കുന്നത് ശരിയാണെന്ന് ഇപ്പൊഴും എനിക്ക് അഭിപ്രായമില്ല. എതിരുള്ളവർ പറഞ്ഞുതന്നാൽ കൊള്ളാം. ജനിച്ച് വീഴുന്നതിനു മുൻപുള്ള കുഞ്ഞിന്റെ മുഖമോ സ്വരമോ അറിയില്ലാത്തതുകൊണ്ട് കൊല്ലാൻ എളുപ്പമുണ്ടാകും. എന്നാൽ 24 ആഴ്ച പ്രായമുള്ള കുഞ്ഞിന്റെ ജീവൻ അവസാനിപ്പിക്കുന്നതിനു പകരം രണ്ടോ മൂന്നോ വയസുള്ള കുഞ്ഞിനെ കൊല്ലാൻ ഒന്ന് പറഞ്ഞ് നോക്കൂ. (6,7,8)

മറ്റൊരു വാദം സ്ത്രീയുടെ ശരീരത്തിനു മേൽ സമ്പൂർണമായ അധികാരം സ്ത്രീയ്ക്കാണെന്നും തീരുമാനം സ്ത്രീയുടേതാണെന്നുമാണ്. രണ്ട് പ്രശ്നങ്ങളുണ്ടിവിടെ. ഒന്ന്, ഈ വാദം തന്നെ തെറ്റാണ്. തീരുമാനമെടുക്കപ്പെടുന്നത് സ്ത്രീയുടെ മാത്രം ശരീരത്തെക്കുറിച്ചല്ല. തീരുമാനത്തിന്റെ പരിധിയിൽ രണ്ടാമത് ഒരു മനുഷ്യജീവൻ കൂടി വരുന്നുണ്ട്. രണ്ടാമതായി, നമ്മുടെ ജീവന്റെ മേൽ പൂർണ അധികാരം നമുക്ക് മാത്രമായിരുന്നെങ്കിൽ ചില ഇടങ്ങളിലെങ്കിലും ആത്മഹത്യയും ആത്മഹത്യാപ്രേരണയും പുകയിലയും മദ്യപാനവും ലഹരി ഉപയോഗവും കുറ്റകരമാകുമായിരുന്നില്ല.

അബോര്‍ഷന്‍: അനുവദിക്കേണ്ടത് ഇളവല്ല, നിയമത്തിന്റെ സംരക്ഷണം

എത്ര ആഴ്ച ആയിരുന്നാലും ജനിക്കാൻ പോകുന്ന കുഞ്ഞും മനുഷ്യനാണ്. മനുഷ്യാവകാശങ്ങളുമുണ്ട്. ഗാസയിലും പലസ്തീനിലും കശ്മീരിലും നിരപരാധികൾക്ക് വേണ്ടി ഗർജിക്കാൻ സിംഹങ്ങളുണ്ട്. 2007ൽ മാത്രം ഈ ഇന്ത്യാ മഹാരാജ്യത്ത് 6.4 മില്യൺ ഭ്രൂണഹത്യ നടന്നിട്ടുണ്ടത്രേ. കശ്മീരും ഗുജറാത്തും വടക്കും തെക്കും ഇൻഡ്യയും കൂട്ടിയെടുത്താൽ അതിന്റെ എത്രയോ മടങ്ങ് നിരപരാധികൾ. ഈ ഭ്രൂണഹത്യകളത്രയും അമ്മയുടെ ജീവന് ഭീഷണിയുള്ളതുകൊണ്ട് നടന്നതാണെന്ന് വിശ്വസിക്കുന്നവർക്ക് നല്ല നമസ്കാരം.

ഒരു ചെറിയ കള്ളം പറഞ്ഞാൽ ആർക്കും ഭ്രൂണഹത്യ നടത്തിക്കിട്ടും. നിയമവിരുദ്ധമായ ഭ്രൂണഹത്യ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്‌ പെൺ ഭ്രൂണഹത്യക്കാണത്രേ. ആരു ജീവിക്കണം ആരു മരിക്കണം എന്ന് തീരുമാനിക്കാൻ ആരാണു നമുക്ക്‌ അധികാരം തന്നത്‌? അതീവഗുരുതരമായ അംഗവൈകല്യമുണ്ടെങ്കിൽ അബോർഷൻ നടത്താമെന്നാണ. മനോരമയിൽ രണ്ട്‌ കൈകളുമില്ലാത്ത ഒരു കുട്ടി മനോഹരമായി ചിത്രം വരയ്ക്കുന്നത്‌ കണ്ടിരുന്നു. ആ കുട്ടിയെ കൊന്നുകളഞ്ഞിരുന്നെങ്കിലോ? സ്റ്റീഫൻ ഹോക്കിങ്ങ്സ്‌ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ? ഹെലൻ കെല്ലർ അന്ധയായപ്പൊ കൊന്നിരുന്നെങ്കിലോ? ബീഥോവൻ ? ജീവിക്കാൻ ആർക്കാണ് അർഹതയെന്ന് തീരുമാനിക്കാൻ നമ്മളാരാണ്?

REFERENCES:
1. Ronaldo (Movie) 2015 ; 1hr 26 minutes : “Mother Courage” – Book
2. http://www.cnsnews.com/news/article/michael-w-chapman/jack-nicholson-abortion-i-m-positively-against-it-i-never-would-have
3. http://www.lifenews.com/2013/10/16/report-pope-john-paul-iis-mother-rejected-doctors-abortion-suggestion/
4. https://www.lifesitenews.com/news/how-abortion-played-a-part-in-celine-dions-devotion-to-her-husband-and-fami
5. http://timesofindia.indiatimes.com/city/mumbai/Born-at-23-weeks-Indias-miracle-preemie-goes-home-healthy/articleshow/48930402.cms
5.Williams Obstetrics 22nd Edition ; Ch 4 
6. Langman’s Medical Embryology 12th Edition ; Ch 8 
7. DC Dutta’s Textbook of obstetrics 8th Edition ; Ch 4

(ഏറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍