UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പിരിച്ചുവിടുന്നു; പകരം വരുന്നത് മറ്റൊരു വെള്ളാനയാകരുത്

Avatar

അഴിമുഖം പ്രതിനിധി

ഉയര്‍ന്ന മൂല്യ നിലവാരം ഉറപ്പാക്കിക്കൊണ്ടും ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടും ഉയര്‍ന്ന യോഗ്യതയുള്ള വൈദ്യശാസ്ത്ര വിദഗ്ദ്ധരെ ലഭ്യമാക്കാന്‍ സാധിക്കുന്ന തരത്തില്‍ ലോകോത്തര മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി പുതിയ ബില്‍ വരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിയമം, 1956-നു പകരം അവതരിപ്പിക്കുന്ന പുതിയ ബില്‍ പൊതുജനാഭിപ്രായത്തിനായി നല്‍കിക്കഴിഞ്ഞു. ഇതോടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ) ചരിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്. 

മെഡിക്കല്‍ കൌണ്‍സില്‍ നിയമം പരിഷ്കരിക്കുന്നതിനുള്ള സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാല്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ഇനി മുതല്‍ ‘ലാഭത്തിന് വേണ്ടിയുള്ള’ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാം. പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്, ആരോഗ്യ വകുപ്പ് മുന്‍ സെക്രട്ടറി ബി പി ശര്‍മ എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, 2016-നുള്ള ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

മെഡിക്കല്‍ കൌണ്‍സിലിന് പകരം കുറെക്കൂടി സുതാര്യമായ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (NMC) രൂപവത്കരിക്കുന്നതിനെക്കുറിച്ചാണ് നീതി ആയോഗ് പൊതുജനാഭിപ്രായം തേടിയിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിയമം, 1956 പരിഷ്കരിക്കുന്നതിനുള്ള നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗാരിയ അദ്ധ്യക്ഷനായ സമിതി ആഗസ്ത് 31-നകം അഭിപ്രായങ്ങള്‍ അറിയിക്കാനാണ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം അന്തിമരൂപത്തിലാക്കിയ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സഭയുടെ മേശപ്പുറത്ത് വെക്കും.

നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പങ്കാളിത്തമുള്ള ഒന്നായിരിക്കും മെഡിക്കല്‍ ഉപദേശക സമിതി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ദേശീയ അജണ്ട നിശ്ചയിക്കുക ഈ സമിതിയായിരിക്കും.മെഡിക്കല്‍ വിദ്യാഭ്യാസനയം ഉണ്ടാക്കേണ്ട ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (NMC), മെഡിക്കല്‍ വിദ്യാഭ്യാസത്തിനും മൂല്യനിലവാര നിര്‍ണയത്തിനുമുള്ള നാല് സ്വയം ഭരണ സമിതികള്‍ എന്നിവയും ഇതിന്റെ കീഴിലായിരിക്കും. സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ഫീസ് ഘടന നിയന്ത്രിക്കുന്നതില്‍ നിന്നും ഇത് NMC-യെ ഒഴിവാക്കുന്നു. ട്രസ്റ്റുകള്‍ക്കും ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും എന്നതിന് പകരം ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ കോളേജ് നടത്താമെന്നും ശുപാര്‍ശയിലുണ്ട്.

വര്‍ഷങ്ങളായി എം സി ഐ വിവാദങ്ങളിലാണ്. ആരോഗ്യ ക്ഷേമ പാര്‍ലമെന്ററി സ്റ്റാന്റിംഗ്  കമ്മറ്റിയുടെ 92-മത് റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും മൂല്യനിലവാരത്തിന്റെയും നിയന്ത്രണ സ്ഥാപനമെന്ന നിലയില്‍ മെഡിക്കല്‍ കൌണ്‍സില്‍ അമ്പേ പരാജയപ്പെട്ടു എന്നു കുറ്റപ്പെടുത്തിയിരുന്നു. എം സി ഐയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മെയ് 2016-നു ഒരു വിധിയിലൂടെ സുപ്രീം കോടതി ഒരു ഇടക്കാല സമിതിയെ നിയോഗിച്ചു. എം സി ഐയുടെ അഴിമതിക്ക് ശേഷം ഒരു പുതിയ മാറ്റവുമായാണ്  NMC വരുന്നതെന്ന് കരട് തയ്യാറാക്കിയ സമിതിക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ എം സി ഐ ജോലിക്കാരില്‍ നിന്നും ആരെയും അതിന്റെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു വിശാല തെരഞ്ഞെടുപ്പ് സമിതിയായിരിക്കും അതിന്റെ അദ്ധ്യക്ഷന്‍, ഒമ്പത് അനൌദ്യോഗിക അംഗങ്ങള്‍, 10 ഭാഗികസമയ അംഗങ്ങള്‍ എന്നിവരെ കണ്ടെത്തുക.

മെഡിക്കല്‍ കോളേജുകളിലെ ബിരുദ, ബിരുദാനന്തര പ്രവേശനത്തിനായി പൊതു പ്രവേശന പരീക്ഷയ്ക്ക് നിയമാനുസൃതമായ അടിത്തറ ഉണ്ടാക്കണമെന്നും, NEET-നെക്കുറിച്ച് പറയവെ  സമിതി നിര്‍ദേശിക്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ആരോഗ്യരക്ഷ നല്‍കാനാവശ്യമായ കഴിവും അറിവും ഡോക്ടര്‍മാര്‍ക്കുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമെങ്കില്‍ ചികിത്സിക്കാനുള്ള അനുമതി ലഭിക്കുന്നതിനുള്ള പരീക്ഷകളും നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് ആവശ്യപ്പെടാം എന്നും റിപ്പോര്‍ട്ട് പറയുന്നു. മറ്റ് പല രാജ്യങ്ങളിലും ഉള്ളപോലെ 10 കൊല്ലം കൂടുമ്പോള്‍ ചിത്സിക്കാനുള്ള അനുമതി പുതുക്കാനുള്ള പരീക്ഷ നടത്താവുന്നതാണെന്ന് പറയുന്ന സമിതി എന്നാലിത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതെങ്കിലും ഇപ്പോള്‍ ഇത്തരം സമൂലമായ മാറ്റം നടപ്പാക്കാന്‍ ആശാസ്യമായ സമയമല്ലെന്നും സമിതി സൂചിപ്പിക്കുന്നുണ്ട്.

“ആരോഗ്യമേഖലയിലെ ഭരണപരിഷ്കാരം NMC വഴിയാണെങ്കിലും മറ്റേത് സംവിധാനം വഴിയാണെങ്കിലും ആവശ്യമാണ്. സാധാരണ ചികിത്സ, സാധാരണ നിരക്കില്‍ എന്ന ലക്ഷ്യം കൈവരിക്കാനാകുമോ എന്നാണ് സര്‍ക്കാരും അധികൃതരും നോക്കേണ്ടത്,” മുന്‍ ആരോഗ്യ സെക്രട്ടറി പി കെ ഹോട പറഞ്ഞു. സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മില്‍ ചെലവും ഉത്തരവാദിത്തവും പങ്കുവെക്കുന്നത് നല്ലതാണെങ്കിലും ഭൂരിഭാഗം വരുന്ന, വേണ്ടത്ര അംഗീകാരം കിട്ടാത്ത MBBS ഡോക്ടര്‍മാരെ ഉപയോഗിക്കാനായിരിക്കണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയുടെ മിക്ക ഭാഗത്തും MBBS ഡോക്ടര്‍മാരെ സഹായികളായി വിദഗ്ധ ചികിത്സക്കുള്ള ആശുപത്രികള്‍ റാഞ്ചുന്നത് അവസാനിപ്പിക്കണം. ബില്ലിന്റെ അന്തിമരൂപം തയ്യാറാക്കുമ്പോള്‍ മെഡിക്കല്‍ സേവനങ്ങളുടെ ചെലവും ഗുണനിലവാരവും കൂടി കണക്കിലെടുക്കണം- അല്ലെങ്കില്‍ അതും മറ്റൊരു എം സി ഐ ആകും- ഒരു വെള്ളാന,” ഹോട കൂട്ടിച്ചേര്‍ത്തു.

ബില്‍ നിയമമായാല്‍ ഏറെ വിമര്‍ശിക്കപ്പെട്ട പരിശോധന രാജ് അവസാനിക്കും; മെഡിക്കല്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും വലിയ മാറ്റങ്ങളും കൊണ്ടുവരും. വിദ്യാഭ്യാസമേഖലയിലെ മറ്റ് രണ്ടു നിയന്ത്രണ സംവിധാനങ്ങളുടെ പരിഷ്കരണത്തിനും- സര്‍വകലാശാല ധനസഹായ കമ്മീഷന്‍ (യു ജി സി), സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ദേശീയ സമിതി (AICTE)- ഹോമിയോപ്പതി, ആയുര്‍വേദ വിദ്യാഭ്യാസ ബോര്‍ഡുകളുടെ പരിഷ്കരണത്തിനും മാര്‍ഗരേഖ തയ്യാറാക്കാന്‍ നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയോട് പ്രധാനമന്ത്രി കാര്യാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍