UPDATES

കേരളം

കേരള മോഡല്‍ ആരോഗ്യ നയം; തിരിച്ചു പിടിക്കേണ്ട ചില യാഥാര്‍ഥ്യങ്ങള്‍

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും മെഡിക്കല്‍ ഓഡിറ്റ്‌ നടത്തേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു.

വിഖ്യാതമായ കേരള മോഡല്‍ ആരോഗ്യനയം എന്ന് കേട്ടിട്ടില്ലേ? ആരോഗ്യ മേഖലയില്‍ വികസിത രാജ്യങ്ങളെക്കാള്‍ കാര്യക്ഷമത ഉണ്ടായിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. ആ കാലഘട്ടത്തെ ലോകാരോഗ്യ സംഘടന പോലും പ്രശംസിച്ചിരുന്നു. അവിടെനിന്നും ഇന്ന് നമ്മള്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

കാലഘട്ടം അനുസരിച്ച് കേരളത്തിലെ ആരോഗ്യ മേഖലയെ മൂന്നായി തിരിക്കാം. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ത്വരിതഗതിയിലുള്ള വികസനം സാധ്യമല്ലാതിരുന്ന ആദ്യകാലഘട്ടം, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കൂണുകള്‍ പോലെ പൊട്ടിമുളച്ച രണ്ടാം ഘട്ടം, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തിയ മൂന്നാം ഘട്ടം.

ഒന്നാം ഘട്ടം വികസനത്തിന്റെ കാലം (1995 വരെ)
1951 നവംബര്‍ 27 ആം തിയതി ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ടുപോലുമില്ലായിരുന്നു. തിരു-ക്കൊച്ചി മുഖ്യമന്ത്രി സി കേശവന്‍ ആയിരുന്നു അന്നിവിടം ഭരിച്ചിരുന്നത്. സംസ്ഥാന രൂപീകരണത്തിനു ശേഷം 1957 ഓഗസ്റ്റ് അഞ്ചാം തീയതി സംസ്ഥാന ആരോഗ്യമന്ത്രി ഡോ. എ ആര്‍ മേനോന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തു. 1959ല്‍ ബീച്ച് ആശുപത്രിയില്‍ നിന്നും ഒന്നാം വര്‍ഷ പഠന വിഭാഗങ്ങള്‍ പുതുതായി നിര്‍മ്മിച്ച മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. 1962ല്‍ സ്ഥാപിതമായ കോട്ടയം മെഡിക്കല്‍ കോളേജും 1970ല്‍ ജില്ല ആശുപത്രിയില്‍ നിന്നും ഗാന്ധിനഗറില്‍ നിര്‍മ്മിച്ച മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയത്തിലേക്ക് മാറ്റി. 1963ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജും 1981ല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജും സ്ഥാപിതമായി.

കൃത്യമായ ആസൂത്രണത്തിലൂടെയും പടിപടിയായ വികസനത്തിലൂടെയും ഈ മെഡിക്കല്‍ കോളേജുകള്‍ കേരളത്തിലെ ആരോഗ്യമേഖലയുടെ നട്ടെല്ലാകുന്ന കാലമായിരുന്നു അത്. കൂടാതെ പൊതു ആരോഗ്യമേഖലയില്‍ ത്രിതല സംവിധാനങ്ങള്‍ ഒരുക്കിയും ശക്തമായി നടപ്പിലാക്കിയും സാധാരണക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വലിയൊരു ആശ്വാസമായി മാറാന്‍ സര്‍ക്കാര്‍ മേഖലയ്ക്കായി. 1980-കളോടെ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും വികസിപ്പിച്ചു തുടങ്ങി. മികച്ച ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ മികച്ച ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ ‘കേരളാ മോഡല്‍ ആരോഗ്യരംഗം’ ലോക ശ്രദ്ധ നേടിത്തുടങ്ങി. പൊതുവേ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വളരെയധികം അപര്യാപ്തത ഉണ്ടായിരുന്ന ഇന്ത്യയില്‍, മികച്ച ഡോക്ടര്‍മാരുടെ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി കേരളം പല വികസിത രാജ്യങ്ങളുടെയും നിലവാരത്തിലേക്കുയര്‍ന്നു. മെഡിക്കല്‍ കോളേജുകളില്‍ നാലു കട്ടിലുകള്‍ക്ക് ഒരു നേഴ്‌സും തിരക്കിന് ആനുപാതികമായി ഡോക്ടര്‍മാരുടെ എണ്ണവും ക്രമീകരിച്ച 1961-ലെ തസ്തിക നിര്‍ണയം ഈ വളര്‍ച്ചക്ക് വേഗത കൂട്ടി.

കൂടാതെ 1933-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ അന്തസത്തയും നൈതികതയും ഉയര്‍ത്തിപ്പിടിക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസത്തിന്റെ മികവ് ഉയര്‍ത്തുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിച്ചു വന്നിരുന്ന കാലഘട്ടവും ആയിരുന്നു അത്.

രണ്ടാം ഘട്ടം (1995-2011) സ്വകാര്യ മേഖലയുടെ വളര്‍ച്ച
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെയും സഹകരണ വകുപ്പുമന്ത്രി ആയിരുന്ന എം വി രാഘവന്റെയും നേതൃത്വത്തില്‍ 1993-95 കാലത്ത് പരിയാരം മെഡിക്കല്‍ കോളേജും ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 2000ല്‍ കൊച്ചി മെഡിക്കല്‍ കോളേജും സഹകരണ മേഖലയില്‍ ആരംഭിച്ചു. പണം പിടുങ്ങുന്ന സ്ഥാപനങ്ങള്‍ മാത്രമായി സഹകരണ മെഡിക്കല്‍ കോളേജുകള്‍ അധ:പതിക്കും എന്നതിനാല്‍ അവ ആരംഭിക്കുന്നതിനെ ഏറ്റവും ശക്തമായി എതിര്‍ത്തിരുന്ന ഇടതുപക്ഷം അധികാരത്തില്‍ എത്തിയപ്പോള്‍ അവരുടെ കാര്‍മ്മികത്വത്തില്‍ ഒരു മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ ആരംഭിച്ചത് വിരോധാഭാസം എന്നേ വിലയിരുത്താനാകൂ.

പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയി 1998ല്‍ കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജായ അമൃത മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന 2002 മുതല്‍ നിരവധി മത, ജാതി, വ്യവസായ പ്രമുഖര്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കി. ഓരോ മെഡിക്കല്‍ കോളേജുകളിലും പകുതി സീറ്റുകളിലേക്ക് സര്‍ക്കാര്‍ ഫീസ് മാത്രം ഈടാക്കി സര്‍ക്കാര്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്നും മാത്രമേ പ്രവേശനം നടത്തുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇനിമുതല്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് തുല്യമായിരിക്കും എന്നും അദ്ദേഹം അന്ന് പ്രസ്താവിച്ചു. എന്നാല്‍ ഇതിനുവേണ്ടിയുള്ള ശക്തമായ നിയമ നിര്‍മ്മാണം നടത്താന്‍ പോലും ആ സര്‍ക്കാര്‍ തയ്യാറായില്ല എന്ന് പറയാതെ വയ്യ.

ഈ നയങ്ങള്‍ കാരണം 2002ല്‍ പുഷ്പഗിരി, എംഇഎസ്, പെരിന്തല്‍മണ്ണ, കോലഞ്ചേരി, കാരക്കോണം എന്നീ മെഡിക്കല്‍ കോളേജുകളും 2003ല്‍ അമല, ജൂബിലി എന്നീ മെഡിക്കല്‍ കോളേജുകളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റുനിരവധി മെഡിക്കല്‍ കോളേജുകളും സ്ഥാപിതമായി. കാലക്രമേണ സര്‍ക്കാര്‍ ഫീസ്, പകുതി സര്‍ക്കാര്‍ സീറ്റുകള്‍ തുടങ്ങിയ നിബന്ധനകളില്‍ നിന്നും അവര്‍ പിന്മാറി. ജസ്റ്റിസ് കെ ടി തോമസ് കമ്മിറ്റി, ജെയിംസ് കമ്മിറ്റി എന്നിവ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ലക്ഷങ്ങളാക്കി വര്‍ദ്ധിപ്പിച്ച്, അവിടങ്ങളില്‍ സാധാരണക്കാര്‍ക്ക് പഠിക്കാന്‍ ആവില്ല എന്ന അവസ്ഥയില്‍ എത്തിച്ചു.

ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റു ജോലിക്കാരെയും നിയമിക്കാത്തതിനാലും മെഡിക്കല്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ചിരുന്ന രോഗി പരിചരണ അധ്യയന സൗകര്യങ്ങള്‍ സൃഷ്ടിക്കാത്തതിനാലും പല സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെയും അംഗീകാരം നഷ്ടപ്പെട്ടു. ഈ അവസ്ഥ തരണം ചെയ്യാന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനാ സമയത്ത് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ രണ്ടോ മൂന്നോ ദിവസത്തേക്ക് വാടകക്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് കാണിക്കുവാന്‍ ശ്രമിച്ചു. ചില സ്ഥലങ്ങളില്‍ രോഗികളെ പോലും വാടകക്കെടുത്തു.

ഇതേസമയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ തിരക്ക് വര്‍ദ്ധിച്ചുവരികയായിരുന്നു. 1961ലെ തസ്തികാ പുനര്‍നിര്‍ണ്ണയം നടത്താതിരുന്നതിനാല്‍ അവിടെയും ഡോക്ടര്‍മാരുടെ എണ്ണം തികയാതെ വന്നു. അതുകൊണ്ട് അവിടേയും മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന സമയത്തേക്ക് മാത്രം താത്കാലിക സ്ഥലം മാറ്റങ്ങള്‍ ആരംഭിച്ചു. സ്ഥിര നിയമനങ്ങളെ ഇല്ലാതാക്കുന്ന ബോണ്ട് വ്യവസ്ഥയിലൂടെ ഒരു വര്‍ഷത്തേക്ക് താത്കാലിക ഡോക്ടര്‍മാരെ നിയമിക്കുക കൂടി ചെയ്തതോടെ തുടര്‍ചികിത്സ ഇല്ലാതാകുകയും ചെയ്തു. 2009ല്‍ പി ജി വിദ്യാര്‍ത്ഥികളെ മൂന്ന് വര്‍ഷത്തെ താത്കാലിക ജീവനക്കാരായ റസിഡന്റ് ഡോക്ടര്‍മാരായി നിയമിച്ചു. രോഗികള്‍ക്ക് വളരെയധികം പ്രയോജനപ്രദം ആയെങ്കിലും ഓരോ വര്‍ഷവും 10-15 ശതമാനം കണ്ട് വര്‍ദ്ധിച്ചുവരുന്ന രോഗികളെ ചികിത്സിക്കാനാവശ്യമായ അത്ര ഡോക്ടര്‍മാരെ സര്‍ക്കാരിന് ലഭിച്ചില്ല. അതോടൊപ്പം തന്നെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനക്ക് ആനുപാതികമായി പരിചരണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിനായില്ല. അതിന്റെയെല്ലാം ഫലമായി വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ MBBS, PG സീറ്റുകളുടെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെട്ടു തുടങ്ങി.

ഈ അവസരത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിക്കാനായി പല മാനദണ്ഡങ്ങളിലും മെഡിക്കല്‍ കൗണ്‍സില്‍ ഇളവുകള്‍ വരുത്തി. പണം വാങ്ങി സ്വകാര്യ മെഡിക്കല്‍ കോളേജുകളെ സഹായിക്കുന്നു എന്ന ആരോപണം മെഡിക്കല്‍ കൗണ്‍സിലിനു നേരേ ഉയര്‍ന്നു. അതോടൊപ്പം അന്നത്തെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. കേതന്‍ ദേശായിയുടെ പക്കല്‍ നിന്നും കിലോക്കണക്കിന് സ്വര്‍ണ്ണവും പണവും സിബിഐ പിടിച്ചെടുത്തു, അഴിമതിനിരോധനനിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രാഷ്ട്രപതി കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു.

മൂന്നാം ഘട്ടം സര്‍ക്കാര്‍ മേഖലയില്‍ നിരവധി മെഡിക്കല്‍ കോളേജുകള്‍ പോട്ടിമുളക്കുന്നു (2011 മുതല്‍)
2011ല്‍ കേരളത്തില്‍ അധികാരത്തില്‍ കയറിയ ഉമ്മന്‍ ചാണ്ടി നേതൃത്വം കൊടുത്ത സര്‍ക്കാര്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ എന്ന ആശയം മുന്‍പോട്ടുവച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആകെയുള്ള ഡോക്ടര്‍ തസ്തികക്ക് തുല്യമായ അത്ര ഡോക്ടര്‍മാര്‍ ഓരോ വര്‍ഷവും കേരളത്തില്‍ പഠിച്ചിറങ്ങുന്ന കാലമായിരുന്നു അതെങ്കിലും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനാവുമെന്നതിനാല്‍ ഈ നയം സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ 1961 ലെ തസ്തികകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിലൂടെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടേയും കുറവിലേക്ക് നയിച്ച് കേരളത്തിലെ ആരോഗ്യ മേഖലയുടെ നട്ടെല്ലായിരുന്ന പഴയ മെഡിക്കല്‍ കോളേജുകളെ കൂടി മോശമാക്കാനേ ഈ നയം സഹായിച്ചുള്ളൂ.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി 1950 ഡോക്ടര്‍ തസ്തികകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ തന്നെ 350 ഓളം ഒഴിഞ്ഞു കിടക്കുകയുമായിരുന്നു. എന്നിട്ടും ഇവിടങ്ങളില്‍ നിന്നും 250 ഓളം പേരെ ഇടുക്കി, മഞ്ചേരി, കോന്നി, തിരുവനന്തപുരം ജനറല്‍ ആശുപത്രി എന്നിവടങ്ങളിലേക്ക് സ്ഥലം മാറ്റി. അതോടെ പ്രധാന അഞ്ചു മെഡിക്കല്‍ കോളേജുകളിലെ രോഗീപരിചരണവും മെഡിക്കല്‍ വിദ്യാഭ്യാസവും അധഃപതിച്ചു. പുതിയതായി തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അവിടങ്ങളിലേക്ക് സ്ഥലം മാറ്റം ലഭിച്ച വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ അവസരവും ഇല്ലാതായി. ചില മെഡിക്കല്‍ കോളേജുകളില്‍ ഇ സി ജി മെഷീന്‍ പോലും ഇല്ലായിരുന്നു.

സ്ഥിരനിയമിതരായ അധ്യാപകരുടെ കുറവ്, അവരുടെ അനധികൃത സ്ഥാനക്കയറ്റം, പഠന സൗകര്യങ്ങളുടെ കുറവ്, രോഗീ പരിചരണ സൗകര്യങ്ങളുടെ കുറവ്, ഗവേഷണങ്ങളുടെയും ഗവേഷണ / പ്രബന്ധ അവതരണങ്ങളുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ 500ഓളം പി ജി റസിഡന്റ് ഡോക്ടര്‍മാരുടെയും കുറയേറെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെയും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ ആവശ്യമായ യോഗ്യത ഇല്ലാതാവുന്ന അവസ്ഥയുണ്ടായി.

അതെ സമയം പണവും സ്വാധീനവും ഉള്ള സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ പരിശോധന സമയത്ത് ഡോക്ടര്‍മാരെ വാടകക്കെടുത്തും സ്വാധീനം ചെലുത്തിയും അംഗീകാരം കരസ്ഥമാക്കുന്നു. എങ്കിലും സര്‍ക്കാരും ആരോഗ്യ സര്‍വ്വകലാശാലയും നിഷ്‌കര്‍ഷിച്ചിരിക്കുന്ന ശമ്പളം അവര്‍ ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാര്‍ക്കും സര്‍ക്കാരും ഹൈക്കൊടതിയും ഉത്തരവിട്ടിരിക്കുന്ന ശമ്പളം അവര്‍ പി ജി റസിഡന്റ് ഡോക്ടര്‍മാര്‍ക്കും നല്‍കാതെ അവരെയും ചൂഷണം ചെയ്യുന്നു, ചിലയിടങ്ങളില്‍ അവരുടെ തന്നെ വിദ്യാര്‍ത്ഥികളെ ഭീഷിണിപ്പെടുത്തുന്നു, ആക്രമിക്കുന്നു. പണമാണ് വലുതെന്ന ചിന്ത വളര്‍ത്തിയെടുത്തും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവസരം നിഷേധിച്ചും സ്വകാര്യ ഭരണ സമിതികള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നൈതിക നിലവാരം തന്നെ ഇല്ലാതാക്കുന്നു.

ഇതിനൊക്കെ പ്രതിവിധി കാണേണ്ട ആരോഗ്യ സര്‍വ്വകലാശാലയില്‍ ആവശ്യത്തിന് സ്റ്റാഫ് ഇല്ല. പല ദുര്‍ഭരണകര്‍ത്താക്കളും (വകുപ്പ് മേധാവികള്‍) വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അനീതികള്‍ ചെയ്യിക്കുന്നു, ശരിയുടെ പാതയില്‍ നില്‍ക്കുന്ന ചിലരെയെങ്കിലും തോല്‍പ്പിക്കുന്നു.

എന്താണ് ചെയ്യേണ്ടത് ?
സമൂലമായ ഒരു മാറ്റം ആവശ്യമാണ്; ഈ മേഖല മികച്ചതായെങ്കിലേ നാളത്തെ കേരളീയരുടെ ആരോഗ്യം സുരക്ഷിത കരങ്ങളില്‍ എത്തൂ… അതിനാല്‍ തന്നെ, ഈ മേഖല മെച്ചപ്പെടണം… ഹൃദയമാറ്റ/കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ നടത്തി മികച്ച നേട്ടത്തിലേക്ക് കുതിക്കാന്‍ ഈ പോരായ്മകള്‍ക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ മേഖലയ്ക്കാവുന്നുണ്ടെങ്കില്‍, ഈ പോരായ്മകള്‍ നികത്തിയാല്‍ എന്തും നമുക്കാവില്ലേ ?

കേരളത്തില്‍ ഇപ്പോള്‍ 1:700 ആണ് ഡോക്ടര്‍ – ജനസംഖ്യ അനുപാതം. മിക്ക വികസിത രാജ്യങ്ങള്‍ക്കും തുല്യം. കേരളത്തില്‍ ഇപ്പോള്‍ ഹൃദ്രോഗങ്ങളും മറ്റു ജീവിത ശൈലീരോഗങ്ങളും കൂടുതലായി കാണപ്പെടുന്നു. കേരളത്തിലെ പൊതു ആരോഗ്യ മേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്. അതിനു Cardiology, Neurology, Nephrology തുടങ്ങിയ വിഭാഗങ്ങള്‍ക്കൂടി പൊതു ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടുത്തണം. മാനസിക രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും മറ്റും പ്രത്യേകം ക്ലിനിക്കുകള്‍ ആരംഭിക്കണം. ഇപ്പോഴുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഇത്തരം വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളേക്കാള്‍ ജനത്തിന് ഉപകാരപ്പെടും. മാത്രമല്ല, പഠന വിഭാഗങ്ങളുടെ ആവശ്യകത കുറവായതിനാലും മെഡിക്കല്‍ കൌണ്‍സില്‍ നിബന്ധനകള്‍ ഇല്ലാത്തതിനാലും സര്‍ക്കാരിന് നടപ്പിലാക്കുവാനും എളുപ്പമാണ്. മെഡിക്കല്‍ കോളേജുകളുടെ അത്ര മുതല്‍മുടക്കില്ല, അത്ര തസ്തികകള്‍ ആവശ്യമില്ല എന്നതും കണക്കിലെടുക്കണം. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ അല്ല നാടിനാവശ്യം, മറിച്ച് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഉള്ള സര്‍ക്കാരാശുപത്രികളാണ്. അതുകൊണ്ട് തന്നെ ഒന്നാം വര്‍ഷ MBBS വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു തുടങ്ങാത്ത പുതിയ മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളോ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളോ ആക്കി മാറ്റണം. കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനപ്രദമാവണം.

നയങ്ങളില്‍ ഉണ്ടാക്കേണ്ട മാറ്റങ്ങളോടൊപ്പം ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ പണം അനുവദിക്കേണ്ടതുമുണ്ട്. ഇപ്പോള്‍ ആകെ ബജറ്റിന്റെ 2 ശതമാനത്തില്‍ താഴെ മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. പല വികസിത, വികസ്വര രാജ്യങ്ങളിലും ഇത് 10 ശതമാനത്തിനും മുകളിലാണ്. ഇന്ത്യയില്‍ തന്നെ ഡല്‍ഹി സര്‍ക്കാര്‍ 15 ശതമാനം തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആ വിഹിതം മെച്ചപ്പെടുത്തുക തന്നെ വേണം.
ഇതുമാത്രമല്ല, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളുടെയും പഠന നിലവാരത്തിന്റെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അവിടങ്ങളിലെ ഹൌസ് സര്‍ജന്‍ പി ജി ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാരും മെഡിക്കല്‍ കൌണ്‍സിലും ആരോഗ്യ സര്‍വ്വകലാശാലയും നിഷ്കര്‍ഷിച്ചിരിക്കുന്ന ശമ്പള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും മെഡിക്കല്‍ ഓഡിറ്റ്‌ നടത്തേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. മേലധികാരികള്‍ക്ക് മാത്രമല്ല, രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ഉണ്ടാവണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിനേഷ് പി.എസ്

ഡോ. ജിനേഷ് പി.എസ്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് മെഡിസിനില്‍ ലക്ചറര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍