എല്ലാ വ്യവസ്ഥിതികളും പക്ഷേ നമ്മള്‍ ഈച്ചക്കോപ്പി ചെയ്യണമെന്നില്ല
ഡോക്ടര്‍ രാമകൃഷ്ണന്‍ ഇന്ത്യയിലാണ് പഠിച്ചതെല്ലാം. എം.എസും ട്രെയിനിംഗും എല്ലാം കഴിഞ്ഞ് നല്ല ഒരു സര്‍ജനായി അദ്ദേഹം. മൈക്രോസര്‍ജറി, ഹാന്‍ഡ് സര്‍ജറി ഇതൊക്കെ പഠിക്കാനാണ് വിദേശത്തൊന്നു കറങ്ങിയത്. പിന്നെ ഒന്നു രണ്ടു കൊല്ലം ഇംഗ്ലണ്ടില്‍ ജോലി ചെയ്ത ശേഷം അമേരിക്കയിലെ ഒരു സെന്ററില്‍ ട്രെയിനിയായി പണി തുടങ്ങി.
ആദ്യകാലങ്ങളാണ്. ഒരാള്‍ ഒ.പി.യില്‍ വന്നു. കൈവിരലിന്റെ അറ്റത്ത് ചെറിയ വേദനയുണ്ടത്രേ. ഒന്നു രണ്ടു ദിവസമേ ആയുള്ളു. വേദന കൂടുന്നതുമില്ല.
”ഒരാഴ്ച വേദന സംഹാരി കഴിച്ചിട്ട് നോക്കാം. മുഴുവന്‍ മാറിയെങ്കില്‍ പിന്നീട് ഒന്നും ചെയ്യേണ്ടല്ലോ. ഇല്ലെങ്കില്‍ പിന്നെ ടെസ്റ്റെന്തെങ്കിലും ചെയ്താല്‍ പോരേ,” എന്നായി രാമകൃഷ്ണന്‍. വിശദമായി പരിശോധിച്ചിട്ടും ഒരു കുഴപ്പവും കാണാത്തതു കൊണ്ടാണദ്ദേഹം അങ്ങനെ പറഞ്ഞത്.
ഒന്നാലോചിച്ചിട്ട് രാമകൃഷ്ണന്‍ പറഞ്ഞു: ”ഒരു എക്‌സ്‌റേ എന്തായാലും എടുത്തേക്കാം”.
അമേരിക്ക ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. പലതിനും ഒരു രീതിയൊക്കെയുണ്ട്.
എക്‌സറേ നോര്‍മല്‍. ആളെ പറഞ്ഞു വിടാനൊരുങ്ങവേയാണ് അമേരിക്കക്കാരന്‍ സീനിയര്‍ ഡോക്ടര്‍ വന്നത്. അദ്ദേഹം കാര്യമാരാഞ്ഞു. രാമകൃഷ്ണന്‍ വിശദീകരിച്ചു.
”രണ്ടാഴ്ച കഴിഞ്ഞ് വരാന്‍ പറയാമല്ലേ?” എന്നു ചോദിക്കയും ചെയ്തു.
”ഏതു കോത്താഴത്തു നിന്നാണ് താന്‍ വരുന്നത്?”
അപ്രതീക്ഷിതമായിരുന്നു അമേരിക്കന്‍ ഡോക്ടറുടെ പൊട്ടിത്തെറി.
”ട്രെയിനിംഗ് തീരെ പോര; ഡോക്ടര്‍. താങ്കള്‍ എങ്ങനെ ഇവിടെവരെയെത്തി”.
മൗനമാണല്ലോ നല്ലത്. നമ്മുടെ ഇന്ത്യന്‍ വാമൂടി നിന്നു.
”ഒരു എം.ആര്‍.ഐ. സ്‌കാന്‍ – വിരലിന്റെ ഉടന്‍ എടുക്കണം”. സീനിയര്‍ ഡോക്ടര്‍ പറഞ്ഞു.
എം.ആര്‍.ഐ. സ്‌കാനില്‍ ഒന്നുമില്ല. ഒരു തകരാറും കാണാനില്ല. അതില്‍ അദ്ദേഹത്തിന് അപാര കുണ്ഠിതം ഉള്ളതായി തോന്നി.
”എങ്കില്‍ അടുത്തത് ഒരു ടെക്‌നീഷ്യം ബോണ്‍ സ്‌കാന്‍ ആവട്ടെ” എന്നായി അദ്ദേഹം.
ഇതൊക്കെ നമ്മുടെയിവിടെ വലിയ ടെസ്റ്റാണ്. എം.ആര്‍.ഐ. തന്നെ ചുരുക്കം ആശുപത്രികളിലേ ഉള്ളു. മറ്റവന്‍ ഇന്ത്യയിലൊന്നും മിക്ക സ്ഥലത്തും ഇല്ല.
ചെറിയ തോതില്‍ അന്തം വിട്ടാണ് നമ്മുടെ സുഹൃത്ത് രാമകൃഷ്ണന്‍ നില്‍ക്കുന്നത്. ഈ സ്‌കാനില്‍ എന്തെങ്കിലും കാണുമോ എന്ന ജിജ്ഞാസയുമുണ്ട്. ആരോഗ്യപരിപാലനരംഗത്ത് ഉത്തുംഗശൃംഗങ്ങള്‍ കരേറിയ സ്ഥലമാണ് അമേരിക്ക. എന്തോ ഒരു ഭയങ്കര രോഗ നിര്‍ണയത്തിന്റെ നിഗൂഢ വഴികള്‍ ഒരു ഡിറ്റക്ടീവിനെപ്പോലെ മണത്തു കയറുകയാണ് അമേരിക്കന്‍ സായിപ്പ് എന്നാണയാള്‍ കരുതിയത്.
ടെക്‌നീഷ്യം ബോണ്‍ സ്‌കാനും നോര്‍മലായി വന്നപ്പോള്‍ സായിപ്പ് മൊഴിഞ്ഞു: ”ഒരാഴ്ച പാരസറ്റമോള്‍ കഴിച്ചിട്ട് നോക്കാം. ഇപ്പോള്‍ പൊയ്‌ക്കോളൂ”.
ആദ്യം വിട്ട അന്തം തിരക്കിട്ടു കുടിച്ച സ്മാളുപോലെ ഇതിനകം ഇറങ്ങിയതിനാല്‍ ഡോക്ടര്‍ രാമകൃഷ്ണന് നാവിന്റെ ഉപയോഗം തിരിച്ചുകിട്ടി.
”എന്തിനായിരുന്നു സര്‍, ഈ ടെസ്റ്റുകളുടെ ആവശ്യം? താങ്കള്‍ എന്ത് അസുഖമാണ് സംശയിച്ചത്?”
സായിപ്പ് തുറിച്ച് നോക്കി.
”ചിലവ് കൂടുതലാണെന്നു മാത്രമല്ല; ആവശ്യമില്ലാതെ കുറെ റേഡിയേഷന്‍ ബോണ്‍ സ്‌കാനിലൂടെ രോഗിക്ക് ഏല്‍ക്കുകയും ചെയ്തു”. കംപ്ലീറ്റ് കെട്ടെറങ്ങിയ രാമകൃഷ്ണന്‍ വിടാന്‍ ഭാവമില്ല.
സായിപ്പൊന്നയഞ്ഞു: ”മോനേ, രാമകൃഷ്ണാ ഇതമേരിക്കയാണ്. നിനക്ക് ചികിത്സയറിയാം; ഞാന്‍ സമ്മതിച്ചു. പക്ഷേ അതുമാത്രമറിഞ്ഞു കൊണ്ടിരുന്നാല്‍ നിനക്കിവിടെ ഗതിപിടിക്കില്ല”.
രാമകൃഷ്ണന്‍ ശ്രദ്ധിച്ചു നിന്നു.
”ഇപ്പോള്‍ തന്നെ എങ്ങനെ റിപ്പോര്‍ട്ടെഴുതണം, ഇന്‍ഷ്വറന്‍സ് ഫോമുകള്‍ എങ്ങനെ സംശയലേശമെന്യേ പൂരിപ്പിക്കണം, കേസുവരാത്ത രീതിയില്‍ കേസ് നോട്ടെഴുതണം എന്നീ പല കാര്യങ്ങളിലും പുതിയ ആള്‍ക്കാരായ നിങ്ങള്‍ക്ക് ട്രെയിനിംഗ് ഉണ്ടല്ലോ, അല്ലേ?”
ശരിയാണ്. രാമകൃഷ്ണന്‍ ആലോചിച്ചു. ചികിത്സയുമായി പുലബന്ധം പോലുമില്ലാത്ത ഒരു നൂറായിരം കാര്യങ്ങള്‍ക്കായി ഇവിടെ ട്രെയിനിംഗ് ഉണ്ട്. അതിനു മാത്രമേ ഉള്ളൂ. കാര്യമായി ഒന്നും ചെയ്തില്ലെങ്കിലും എന്തു ചെയ്തു, എന്ത് ചെയ്തില്ല, എന്തിനു ചെയ്തു, എന്തുകൊണ്ട് ചെയ്തില്ല എന്നത് പേര്‍ത്തും പേര്‍ത്തും എഴുതി കൈ കഴക്കും. പേനയും കമ്പ്യൂട്ടര്‍ കീ ബോര്‍ഡുമുപയോഗിച്ചാണ് പ്രധാന ചികിത്സ. സ്റ്റെതസ്‌കോപ്പും കൈയ്യും കണ്ണുമെല്ലാം പിന്നയേ വരൂ.
”ഇവനോട് ഒരാഴ്ച കഴിഞ്ഞ് വരാന്‍ നീ പറയുന്നു. അവന്‍ വരുന്നില്ല. വേറൊരുത്തന്‍ അടുത്തു പോകുന്നു. അയാള്‍ എം.ആര്‍.ഐ. എടുക്കുന്നു. അതില്‍ എന്തെങ്കിലും കാണുന്നു”. സായിപ്പ് തുടര്‍ന്നു.
”അപ്പോള്‍?”
”അപ്പോള്‍ അയാള്‍ കേസിനു പോകുന്നു. ലക്ഷക്കണക്കിന് നഷ്ടപരിഹാരം വിധിക്കുന്നു. എന്റെ ട്രൗസറ് കീറുന്നു. (എനിക്ക് ഇന്‍ഷുറന്‍സ് ഉണ്ട് – നഷ്ടപരിഹാരം അവര്‍ കൊടുത്തോളും, എന്നാലും ഞാന്‍ കൊടുക്കേണ്ട പ്രീമിയം കൂടുന്നു. അപ്പോള്‍ എനിക്ക് ഫീസും കൂട്ടേണ്ടി വരും).
”എല്ലാ ടെസ്റ്റും ചെയ്ത് പണ്ടാരമടങ്ങിക്കഴിഞ്ഞാല്‍ എല്ലാവരും ഹാപ്പി.
”ഇന്‍ഷുറന്‍സ് കമ്പനിയാണ് കാശു കൊടുക്കുന്നത് എന്നതുകൊണ്ട് രോഗി ഹാപ്പി (പോരട്ടേ, പോരട്ടേ – ടെസ്റ്റുകളും ഓപ്പറേഷനും എല്ലാം പോരട്ടെ – പ്രീമിയം പതുക്കെ കൂടുന്നതും ആരോഗ്യപരിപാലനത്തിന് മൊത്തം ചികിത്സ പതിന്മടങ്ങായി പായുന്നതും രോഗി മനസിലാക്കുന്നില്ല).
ഞാന്‍ ഹാപ്പി. സേഫായി കളിച്ചാല്‍ കാലങ്ങളോളം കളിക്കാം. ടെസ്റ്റിനും മറ്റും കമ്മീഷനും വരുമാനവും കിട്ടുകയും ചെയ്യും.
ആശുപത്രി ഹാപ്പി..
രാക്ഷസീയ രൂപം പൂണ്ട ആരോഗ്യവ്യവസ്ഥയും പെരുത്ത ഹാപ്പി. കോടികള്‍ വിഴുങ്ങി ആ ഭയങ്കരന്‍ അതാ വിടുന്നു ഏമ്പക്കം…
”ഏംംം………….!”
ആധുനിക വൈദ്യം ഒരു ശാസ്ത്രമാണ്. പ്രധാനമായും പടിഞ്ഞാറു നിന്നു വന്ന, ഇന്ന് ലോകമാകമാനം അംഗീകരിച്ച് എല്ലാ ഭൂനിവാസികള്‍ക്കും പ്രയോജനം ചെയ്യുന്ന ഒരു ശാസ്ത്രം.
എല്ലാ വ്യവസ്ഥിതികളും പക്ഷേ നമ്മള്‍ ഈച്ചക്കോപ്പി ചെയ്യണമെന്നില്ല. കൊണം മാത്രമെടുത്ത് മറ്റു കൊണാന്‍ട്രിഫിക്കേഷനുകള്‍ എങ്ങനെ ഒഴിവാക്കാം ഇതാണ് നാം ആരായേണ്ടത്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക