UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

പള്ളീല്‍ പോകാത്ത അപ്പാപ്പനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും

അഞ്ചുപത്തു കൊല്ലം മുമ്പാണ് അത് സംഭവിച്ചത്. കൂണുകള്‍ മാതിരിയുള്ള സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ മുള പൊട്ടല്‍.

മുഴുവന്‍ മോശമാണെന്ന് തീര്‍ച്ചയായും പറയാന്‍ പറ്റില്ല. സര്‍ക്കാര്‍ മാത്രം കെട്ടിപ്പിടിച്ചുകൊണ്ടിരുന്ന മേഖലകളെല്ലാം പുഴുകുത്തി, ചിതലരിച്ച് നാശകോശമാകുന്ന കാഴ്ചയാണ് വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലാപങ്കാളിത്തമില്ലാതെ വിദ്യാഭ്യാസമടക്കമുള്ള ഒരു സേവനമേഖലയും സ്ഥായിയായി നന്നാവും എന്നു വിശ്വസിക്കാന്‍ ചരിത്രം അനുവദിക്കുന്നില്ല.

മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഒരു സംഭവമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. ഡോക്ടര്‍മാര്‍ തെരഞ്ഞെടുത്ത ഡോക്ടര്‍ പ്രതിനിധികളും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത കുറേ ഡോക്ടര്‍മാരും ചേര്‍ന്നതാണ് ഇത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് ഉണ്ടായതാണ് ഈ കൗണ്‍സില്‍. അതായത്, നല്ലവരായ ഇന്ത്യയിലെ ജനങ്ങള്‍, തങ്ങളുടെ ഡോക്ടര്‍മാരുടെ നന്മയിലും ഉത്തരവാദിത്തബോധത്തിലും അന്ധമായി വിശ്വസിച്ച് ഏല്‍പ്പിച്ചുതന്ന അധികാരങ്ങളാണ് കൗണ്‍സിലിന്റെ പക്കല്‍. മെഡിക്കല്‍ വിദ്യാഭ്യാസമേഖലയെ ഏതാണ്ട് ഭരിക്കുന്നതിനു പുറമെ, ഇന്ത്യയിലെ മെഡിക്കല്‍ ഡോക്ടര്‍മാരുടെ അഴിമതി രഹിത, കളങ്കമറ്റ സേവനം ഉറപ്പാക്കാന്‍ ഏതൊരു ഡോക്ടര്‍ക്കെതിരെയും കര്‍ശന ശിക്ഷണ നടപടികളെടുക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ട്. രജിസ്റ്ററില്‍ നിന്ന് പേര് വെട്ടിയാല്‍ പിന്നെ പ്രാക്ടീസ് ചെയ്യാന്‍ പറ്റില്ല. പ്രൊഫഷണല്‍ വധശിക്ഷ! വിപുലമായ അധികാരം.

ഈ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഇടയ്ക്കിടെ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന ഉണ്ടാവും. എന്റെ ഒരു സുഹൃത്തായ ഗോപീകൃഷ്ണന്‍ എം.ഡി. കഴിഞ്ഞ് നില്‍ക്കുന്ന സമയം. സ്ഥിരം മാറിമാറി ഓരോ ഇന്‍സ്‌പെക്ഷന് പല പല മെഡിക്കല്‍ കോളേജില്‍ പോകുന്നതായിരുന്നു ഒരു പ്രധാന വരുമാന മാര്‍ഗ്ഗം. കൗണ്‍സില്‍ ഇന്‍സ്‌പെക്ടര്‍ വരുമ്പോള്‍ അദ്ധ്യാപകരെയെല്ലാം വരിവരിയായി നിര്‍ത്തണം. ഫോട്ടോ, ഐഡന്റിറ്റി കാര്‍ഡ്, യോഗ്യതകള്‍ എല്ലാം പരിശോധിക്കും. കോളേജ് അധികൃതര്‍ നമുക്ക് ഒരു തുകയും തരും. ഒന്നു രണ്ടു മാസത്തെ ശമ്പളത്തിന് തുല്യം. പ്രൊഫസര്‍ക്കൊക്കെ കൂടുതലും കിട്ടും. കാസര്‍ഗോഡ് ഒരു കോളേജില്‍ പോയി വന്നപ്പോഴാണ് കളിയിക്കാവിളയിലെ മറ്റൊരു കോളേജിലേക്ക് ക്ഷണം കിട്ടിയത്. കാസര്‍ഗോഡ് വന്ന അതേ ഇന്‍സ്‌പെക്ടറും സംഘവുമാണ് കളിയിക്കാവിളയിലും വരുന്നത്. എങ്ങനെ പോകും?

ഗോപീകൃഷ്ണന്‍ താടിയും മീശയും വളര്‍ത്തിത്തുടങ്ങി. ഒരു മൂന്നു മാസം കഴിഞ്ഞാണ് ഇന്‍സ്‌പെക്ഷന്‍. ആ സമയം കൊണ്ട് താടിമീശ നീണ്ട് ഉഷാറായി. ഫോട്ടോയും, എടുത്തു. വിവരഫോറത്തില്‍ ഒട്ടിച്ചു.

എല്ലാ അധ്യാപകരും പ്രിന്‍സിപ്പല്‍ ഓഫീസില്‍ വരിവരിയായി നിന്നും. തിരിച്ചറിയല്‍ പരേഡിലെന്നതു പോലെ. ഇന്‍സ്‌പെക്ടര്‍ നടപ്പു തുടങ്ങി. ഗോപിയുടെ അടുത്തു വന്നപ്പോള്‍ തന്നെ മുഖത്തേക്കു നോക്കി.

”ജനറല്‍ മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്?”

”അതേ സാര്‍.”

”എത്ര നാളായി ഇവിടെ ജോലി ചെയ്യുന്നു?”

”രണ്ടു വര്‍ഷമായി സാര്‍.”

”എവിടെയാണ് ഈ ആസ്പത്രിയിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡ്?”

ഗോപി സ്തംഭിച്ചു നിന്നു. പ്രിന്‍സിപ്പാളിനെ പാളി നോക്കി. പ്രിന്‍സിപ്പല്‍ മേല്‌പോട്ട് കണ്ണുകളുയര്‍ത്തി.

ഗോപിക്ക് ആംഗ്യത്തിന്റെ അര്‍ത്ഥം മനസ്സിലായി. മുകളിലത്തെ നിലയില്‍. ഗോപി ആത്മവിശ്വാസം ഭാവിച്ച് ഞെളിഞ്ഞു നടന്നു. പ്രിന്‍സിപ്പലും മറ്റു സാറന്‍മാരും ഇന്‍സ്‌പെക്ടറും പിന്നാലെ. മൂലയിലെവിടെയോ കോണിപ്പടി കണ്ട ഓര്‍മ്മയുണ്ട്. പടികള്‍ പടപടാ കയറി. എല്ലാവരും പുറകേ ഓടി. അടഞ്ഞുകിടന്ന വാതില്‍ തള്ളുത്തുറന്ന് എന്റെ സുഹൃത്ത് മുകള്‍ നിലയിലേക്ക് കടന്നു. ഇന്‍സ്‌പെക്ടര്‍ പിന്നാലെ.

ഭയങ്കര വെളിച്ചം. എല്ലാവരും പ്രകാശതീവ്രത മൂലം കണ്ണുകള്‍ ചൂളിച്ച് മേല്‍പോട്ട് നോക്കി. പറയത്തക്ക സംഭവമൊന്നുമില്ല. വെയിലാണ്. ഉച്ചസൂര്യന്‍ ഉച്ചിക്കും മുകളില്‍ നില്‍ക്കുന്നു. ടെറസിലാണ് എത്തപ്പെട്ടത്.

ഇളിഞ്ഞുനില്‍ക്കുന്ന ഗോപികൃഷ്ണനോട് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു: ”ഡോകടറുടെ താടിമീശ ബഹുകേമം. പാരമ്പര്യമായിട്ടുള്ളതാണല്ലേ, ഇത്ര വേഗത്തിലുള്ള താടിവളര്‍ച്ച?”

ഈശ്വരഭക്തനായ പ്രിന്‍സിപ്പാള്‍ മുകളിലേക്ക് നോക്കി ദൈവത്തെ വിളിച്ചതാണ് എന്റെ സുഹൃത്ത് ഗോപി ആംഗ്യമായി തെറ്റിദ്ധരിച്ചത്.  മാത്രമല്ല, ഐഡന്റിറ്റി കാര്‍ഡില്‍ മീശ ഉണ്ടായിരുന്നില്ല. 

”അപ്പോള്‍, അംഗീകാരം കിട്ടിയിട്ടുണ്ടാവില്ല, അല്ലേ?” ഞാന്‍ ഈ കഥ പറഞ്ഞ ഗോപികൃഷ്ണനോട് ചോദിച്ചു.

”ഏയ്. അതൊക്കെ കിട്ടി. ഗംഭീര സ്യൂട്ട്‌കേസാണ് അവര്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൊടുത്തത്.”

അദ്ധ്യാപകരില്ലെങ്കിലും, രോഗികളില്ലെങ്കിലും സ്യൂട്ട്‌കേസ് നിറഞ്ഞിരുന്നാല്‍ അക്കാലത്ത് അത് മതി എന്നാണ് പാണന്‍മാര്‍ പാടിനടക്കുന്നത്. എനിക്കറിയില്ല കേട്ടോ. ഞാന്‍ ഈ നാട്ടുകാരനല്ല.

അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ആകെ മൊത്തം ടോട്ടല്‍ കക്കൂസ് പരുവമായപ്പോഴാണ് സര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചുവിട്ടത്. ഈ അടുത്തയിടയ്ക്ക് അത് വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു.

ഈ ഈസ്റ്റര്‍ കാലത്ത് എനിക്ക് താല്‍പര്യം തോന്നുന്ന ഒരു വിഷയമാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പോലെ ശുഭാപ്തി നല്‍കുന്നതാണോ ഇത്?

ഈയടുത്ത് മെഡിക്കല്‍ കൗണ്‍സില്‍ വന്ന് നമ്മുടെ സര്‍ക്കാര്‍ ചറപറാ പൊക്കിക്കെട്ടിയ മെഡിക്കല്‍ കോളേജുകളെല്ലാം എടങ്ങേറിലാക്കി. 

പണ്ടത്തെ നമ്പറുകളൊക്കെ സര്‍ക്കാര്‍ പയറ്റിയെങ്കിലും ഒന്നും ഏശിയില്ല.

കുറേ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുത്തു. കൈക്കൂലി വാങ്ങിയവര്‍, പല കോളേജുകളില്‍ അദ്ധ്യാപകരായി ചമഞ്ഞവര്‍, രോഗിയെ റഫര്‍ ചെയ്യാന്‍ കാശ് വാങ്ങിയവര്‍, ഇവരൊക്കെ ഇക്കൂട്ടത്തിലുണ്ട്. കൊള്ളാം, എന്നാലും എന്റെ ചെറുപ്പകാലത്ത് കേട്ട ഒരു സംഭാഷണശകലം തികട്ടിതികട്ടി വരുന്നു.

എന്റെ ഒരു സുഹൃത്തിന്റെ അപ്പാപ്പന്‍ നിരീശ്വരനായിരുന്നു. പെരുന്നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. ”ഡാ, അപ്പാപ്പന്‍ പള്ളീ വന്നില്ലേഷ്ടാ?”

”പിന്നേ, മാര്‍പാപ്പ വന്നിട്ട് അപ്പാപ്പന്‍ പള്ളീ പോയിട്ടില്ല. പിന്നല്ലേ ഒണക്ക ബിഷപ്പ് വരണ പെരുന്നാളിന്.”

ഇതിനപ്പുറമുള്ള വൃത്തികേടുകള്‍ പണ്ടു നടന്നിട്ട് തിരിഞ്ഞുനോക്കാതെ നോട്ടെണ്ണിക്കൊണ്ടിരുന്നു എന്നു പറയപ്പെടുന്ന കൗണ്‍സില്‍ നന്നായി എന്നു പറയണമെങ്കില്‍ ഒരു പെരുനാളിന് പോയാല്‍ പോര. സ്ഥിരമായി പള്ളിയില്‍ പോയി നാട്ടുകാര്‍ക്ക് ബോധ്യം വരണം.

നിയമങ്ങള്‍ ലളിതവല്‍ക്കരിക്കണം. സാമൂഹ്യപ്രതിബദ്ധത വേണം. പാവങ്ങളുടെ മക്കള്‍ക്കും ഡോക്ടര്‍മാരാവാന്‍ പറ്റണം. മിടുക്കന്‍മാര്‍ പിന്തള്ളപ്പെടരുത്. സ്വകാര്യമേഖലയെ ശരിയായ രീതിയില്‍ പ്രോത്സാഹിപ്പിക്കുകയും വേണം.

എളുപ്പമല്ല. അഴിമതി രഹിതമായ ആര്‍ജ്ജവം അനര്‍ഗ്ഗളനിര്‍ഗ്ഗളമായി ഒഴുകണം. ഇതൊക്കെ നടക്കുമോ? കാത്തിരുന്നു കാണാം. എനിക്കു പ്രതീക്ഷയുണ്ട്.

പക്ഷേ ഇതിനു മുമ്പത്തെ പ്രതിസന്ധിക്ക് കാരണക്കാരായ ഇത്തിക്കരപക്കി, കായംകുളം കൊച്ചുണ്ണി, വെള്ളായണി പരമു, ചതിയന്‍ ചന്തു, ചേതന്‍ ഗോസായി മുതലായ പലരും ചവിട്ടിത്താഴ്ത്തിയ കുഴികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു വരുമോ? വന്നു കഴിഞ്ഞു എന്നു ചിലര്‍ പറയുന്നു. അവസാനം മോഹന്‍ലാല്‍ പറഞ്ഞതു പോലെ പറയേണ്ടി വരുമോ:  

”എന്താടോ നന്നാവാത്തേ?”

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍