UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മാറ്റിവെയ്ക്കപ്പെടുന്ന തീയതികള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് എന്താണ് സംഭവിക്കുന്നത്?

റിലയന്‍സിനെ ഒഴിവാക്കി, പുതിയ ടെണ്ടറിന്റെ കാര്യത്തില്‍ തീരുമാനമായില്ല

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഏര്‍പ്പെടുത്തുമെന്ന പറഞ്ഞ പെന്‍ഷന്‍ പദ്ധതി അനിശ്ചിതമായി വൈകുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരംഭിക്കുമെന്ന് പറഞ്ഞ മെഡിസെപ് പദ്ധതി പിന്നെ ജൂണിലേക്കും ഒടുവില്‍ ഓഗസ്റ്റ് 15 ലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് ടെണ്ടര്‍ നടപടികള്‍ തന്നെ അവസാനിപ്പിച്ചതോടെ പദ്ധതി എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതായിരിക്കയാണ്.

പെന്‍ഷന്‍ പദ്ധതിയ്ക്കായി റിലയന്‍സ് ഇന്‍ഷൂറന്‍സിനെയാണ് നേരത്തെ ടെണ്ടറിലൂടെ തെരഞ്ഞെടുത്തിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ റിലയന്‍സ് തയ്യാറാകാത്തതാണ് ടെണ്ടര്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. സ്‌പെഷ്യലിസ്റ്റ് ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ റിലയന്‍സ് തയ്യാറായില്ലെന്നാണ് സൂചന.

പഴയ ടെണ്ടര്‍ റദ്ദാക്കിയതോടെ, ഇനി എന്താണ് ചെയ്യുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. പുതിയ ടെണ്ടര്‍ വിളിക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുക.

ചികിത്സ നിരക്ക് കുറവാണെന്ന് ആരോപിച്ച് പല ആശുപത്രികളും പദ്ധതിയുടെ ഭാഗമാകാന്‍ വിസമ്മതിച്ചിരുന്നു. ഉള്‍പ്പെടുത്തിയ പല ആശുപത്രികളിലും മികച്ച ചികിത്സ സൗകര്യങ്ങളുമില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം സര്‍വീസ് സംഘടനകളും പെന്‍ഷന്‍കാരുടെ സംഘടനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. അഞ്ചു കമ്പനികളാണ് നേരത്തെയുള്ള ടെണ്ടറില്‍ പങ്കെടുത്തത്. ഒരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് വാഗ്ദാനം ചെയ്തിരുന്നത്. അവയവമാറ്റം ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ ആറുലക്ഷം രൂപയുടെ പരിരക്ഷയാണ് വാഗ്ദാനം ചെയ്തു.

മെഡിസെപ് പദ്ധതിക്കായുള്ള ടെണ്ടറില്‍ പങ്കെടുത്ത മറ്റ് കമ്പനികള്‍ 5000 രൂപയോളം ഒരു അംഗം പ്രീമിയം അടക്കണമെന്ന് നിബന്ധന മുന്നോട്ടുവെച്ചപ്പോള്‍ 2992.48 രൂപയാണ് റിലയന്‍സ് ക്വോട്ട് ചെയ്തത്. അങ്ങനെയാണ് റിലയന്‍സിന് പദ്ധതി നടപ്പിലാക്കാനുള്ള ടെണ്ടര്‍ ലഭിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടുവെച്ച കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ റിലയന്‍സ് തയ്യാറാകാതിരുന്നതാണ് ഇപ്പോള്‍ തടസ്സത്തിന് കാരണമായിരിക്കുന്നത്.

മെഡിസെപ്പിലേക്ക് ആശുപത്രികളെ ചേര്‍ക്കേണ്ട ചുമതല റിലയന്‍സിനായിരുന്നു. എന്നാല്‍ ഇതുവരെ 104 ആശുപത്രികളെ മാത്രമാണ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തന്നെ ചികിത്സ നിരക്ക് ഏകീകരിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തിയിരുന്നു. അതും ആശുപത്രികള്‍ക്ക് സ്വീകാര്യമായിരുന്നില്ല.

അതേസമയം സര്‍ക്കാറിന്റെ ഇന്‍ഷൂറന്‍സ് നീക്കങ്ങളെ അട്ടിമറിക്കാന്‍ മറ്റ് കമ്പനികള്‍ ശ്രമിക്കുകയാണെന്ന ആരോപണവും ഉണ്ട്. ഇപ്പോള്‍ വിവിധ കമ്പനികളില്‍ ഇന്‍ഷുറന്‍സ് ഉള്ള ജീവനക്കാര്‍ പുതിയ പദ്ധതി നിലവില്‍വരുന്നതോടെ പഴയത് ഒഴിവാക്കും. ഇത് ഇന്‍ഷൂറന്‍സ് കമ്പനികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. ഇത് ചെറുക്കാനുള്ള നീക്കങ്ങള്‍ ചില കമ്പനികള്‍ നടത്തുന്നുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്.

പുതിയ ടെണ്ടര്‍ വിളിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കില്‍ അത് ഇനിയും മൂന്ന് മാസമെങ്കിലും സമയം എടുക്കും. അതുമാത്രമല്ല, പുതിയ കമ്പനി ക്വാട്ട് ചെയ്യുന്ന തുകയ്ക്ക് അനുസരിച്ച് ജീവനക്കാര്‍ നല്‍കേണ്ട പ്രീമിയത്തിലും വ്യത്യാസം വരും. ഇക്കാര്യത്തിലൊന്നും വ്യക്തത വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുമില്ല.

ശമ്പള കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. 2017 -18 ബജറ്റ് പ്രസംഗത്തിലായിരുന്നു പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍