UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ 1,20,000 കോടി രൂപയുടെ ചോദ്യത്തിന് മറുപടി മോദി പറയുമോ?

Avatar

ടീം അഴിമുഖം

ഒന്നിന് 700 കോടി രൂപ വെച്ചാണ് വില. ഒരെണ്ണത്തിന്റെ വിലയെന്നാല്‍, ആയിരക്കണക്കിന് വിദ്യാലയങ്ങള്‍, അല്ലെങ്കില്‍ ലക്ഷക്കണക്കിനു ശൌചാലയങ്ങള്‍, അതുമല്ലെങ്കില്‍ നിരവധി ഗ്രാമങ്ങളില്‍ നിന്നും എന്നെന്നേക്കുമായി പട്ടിണി തുടച്ചുമാറ്റല്‍ എന്നിവക്കെല്ലാം മതിയാകും. 

അങ്ങനെ 126 എണ്ണം, അതിന്റെ അറ്റകുറ്റപണികള്‍ക്കുള്ള യന്ത്രഭാഗങ്ങള്‍ക്കൊപ്പം, വാങ്ങാന്‍ രാജ്യം 1,20,000 കോടി രൂപയിലേറെയാണ് ചെലവാക്കുന്നത് (ഏതാണ്ട് 20 ബില്ല്യണ്‍ ഡോളര്‍). ലോകത്തിലെ ഏറ്റവും വലിയ തുകയുടെ തുറന്ന ദര്‍ഘാസ്. ഇന്ത്യയുടെ ഇന്നോളമുള്ള ഏറ്റവും ചെലവേറിയ സൈനിക കരാറും. MMRCA എന്നറിയപ്പെടുന്ന ഈ ഇടത്തരം ബഹുമുഖ പോര്‍വിമാനം പണിപ്പുരയിലായിട്ടു നിരവധി വര്‍ഷങ്ങളായി. ഇന്നിപ്പോള്‍ അത് നിര്‍ണായകമായൊരു നാഴികക്കല്ലാവുകയാണ്. സൈനിക ആധുനികവതകരണത്തിനും, സൈനിക കരാറുകളിലെ സുതാര്യതയ്ക്കും, ഇന്ത്യയുടെ ഭാവി യുദ്ധതന്ത്രങ്ങള്‍ക്കുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ അളവുകോല്‍ കൂടിയാകും  മിക്ക വിദഗ്ദ്ധരും ഇതിനെ കണക്കാക്കുക.

നിലവിലെ സ്ഥിതി
നിരവധി വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമാണ് ഫ്രഞ്ച് സൈനിക-വ്യോമയാന സംരഭമായ ദസൌള്‍ടിന്റെ പോര്‍വിമാനം റഫേലിനെ 2012 ജനുവരിയില്‍ വ്യോമസേന തെരഞ്ഞെടുത്തത്. നിലവില്‍, വ്യോമസേനയും, പ്രതിരോധ മന്ത്രാലയവും ദസൌള്‍ടുമായി കരാറിനായി വിലപേശല്‍ ചര്‍ച്ച നടത്തുകയാണ്.

ഈ വിലപേശല്‍ ചര്‍ച്ചകളെ ശ്രദ്ധേയമാക്കുന്നത് അതിലുള്‍പ്പെട്ട വമ്പന്‍ മീനുകളാണ്. ദസൌള്‍ടിനു മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി ധാരണാപത്രമുണ്ട് . MMRCA കരാറുമായി ഇതിന് ബന്ധമൊന്നുമില്ലെങ്കിലും കരാറിനുമേല്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ കച്ചവടക്കാരന്റെ നിഴല്‍ പതിഞ്ഞത് നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴിതെളിക്കുന്നു.

മറുവശത്ത് നഷ്ടം വന്നവരും നിസ്സാരക്കാരല്ല: റഷ്യയുടെ മിഗ് കോര്‍പ്പറേഷന്‍, അമേരിക്കയുടെ ബോയിംഗും, ലോക്ഹീഡ് മാര്‍ടിനും, യൂറോപ്യന്‍ രാഷ്ടങ്ങളുടെ കൂട്ടുസംരഭമായ യൂറോഫൈറ്റര്‍. ഇവയെല്ലാം ശക്തമായ സ്വാധീനമുള്ള കമ്പനികളും രാജ്യങ്ങളുമാണ്. മത്സരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തുന്നുമുണ്ട്.

ചരിത്രം
വ്യോമസേനയുടെ അനുവദനീയമായ ഏറ്റവും കുറഞ്ഞ ശേഷി പോര്‍വിമാനങ്ങളുടെ 39.5 സ്ക്വാഡ്രണുകളാണ്. 1989 പകുതിയോടെ മിറാഷ് 2000, മിഗ് 29, ജാഗ്വാര്‍ എന്നിവയെല്ലാം തങ്ങളുടെ ശേഷിയിലേക്ക് മുതല്‍ക്കൂട്ടിയതോടെയാണ് ഇന്ത്യന്‍ വ്യോമസേന ഈ നില കൈവരിച്ചത്. എന്നാല്‍ പിന്നീടിങ്ങോട്ട് പോര്‍വിമാനങ്ങളുടെ സ്ക്വാഡ്രണുകളുടെ എണ്ണം കുറഞ്ഞുവന്നു. 1990കളില്‍ പല പോര്‍വിമാനങ്ങളും പഴഞ്ചരക്കായതോടെ അവക്ക് പകരം പുതിയതെത്തിയില്ല. പല കാരണങ്ങള്‍കൊണ്ടും ഇന്ത്യന്‍ സായുധസേനയുടെ ആധുനികവത്കരണം ഏതാണ്ട് മുഴുവനായും നിലച്ച പാഴായിപ്പോയ  ഒരു പതിറ്റാണ്ടായിരുന്നു അത്- ഇന്ത്യയുടെ ഏറ്റവും വലിയ സൈനിക സാമഗ്രി ദാതാക്കളായിരുന്ന സോവിയറ്റ് യൂണിയന്‍ ശിഥിലമായി, സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിച്ചുതുടങ്ങാത്തതിനാല്‍ രാജ്യത്തെ സമ്പ്ദ് രംഗം  ഞെരുക്കത്തിലും. 1999-ല്‍ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് സേനയുടെ ആധുനികവത്കരണ പ്രക്രിയയുടെ ചക്രങ്ങള്‍ വീണ്ടും ഉരുണ്ടുതുടങ്ങിയത്.

ഇന്നിപ്പോള്‍, വ്യോമസേനക്ക് വെറും 30 പോര്‍വിമാന സ്ക്വാഡ്രണുകള്‍ മാത്രമാണുള്ളത്. നിശ്ചിതസമയത്തിനുള്ളില്‍ MMRCA വാങ്ങിയാലും  ഇന്ത്യന്‍ വ്യോമസേന 2017-നു മുമ്പ് അതിന്റെ  കുറഞ്ഞ ശേഷിയില്‍ എത്തില്ല.

യുക്തിസഹമായ തീരുമാനമോ?
ഒരു നാലാം തലമുറ പോര്‍വിമാനത്തിന്നായുള്ള MMRCA കരാറില്‍ വിലപേശല്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വികസിത രാഷ്ട്രങ്ങള്‍ അവരുടെ അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ വികസിപ്പിച്ചെടുക്കുകയോ അല്ലെങ്കില്‍ വികസിപ്പിക്കുകയോ ചെയ്തിരിക്കുന്നു. സുഖോയ് മാതൃകയില്‍ ഒരു അഞ്ചാം തലമുറ പോര്‍വിമാനം വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യക്കിപ്പോള്‍ത്തന്നെ ഒരു പദ്ധതി നിലവിലുണ്ട്. അതിലേറെ പ്രധാനമായി, വ്യോമാക്രമണം ആളില്ലാവിമാനങ്ങളുടെ ദൌത്യമായി മാറുന്ന ഒരു പോര്‍മുഖത്തിലേക്കാണ് വികസിതരാഷ്ട്രങ്ങള്‍ നീങ്ങുന്നതെന്നാണ്. ആളില്ലാ പോര്‍വിമാനങ്ങള്‍ ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും, ഇറാഖിലുമൊക്കെ ഇവ മാരകമായ കൃത്യതയോടെയാണ് പ്രഹരമേല്‍പ്പിക്കുന്നത്.

അമേരിക്കയിലിരിക്കുന്ന ഒരാള്‍ കീബോഡില്‍ വിരലമര്‍ത്തി പാകിസ്ഥാന്  മേല്‍ ഒരു ആളില്ലാ പോര്‍വിമാനം നിയന്ത്രിക്കുന്ന വഴികളെക്കുറിച്ച് , ബോംബിടുന്നതിനെക്കുറിച്ച് ചോദ്യങ്ങളുണ്ടാകാം. ബോംബിടുന്ന പ്രവര്‍ത്തിയില്‍നിന്നും അയാള്‍ക്കുള്ള ശാരീരികവും മാനസികവുമായ അകലം, ലക്ഷ്യസ്ഥലത്ത് നിസ്സഹായരായ നിരവധി സാധാരണക്കാരുടെ മരണത്തിനിടയാക്കുന്നു എന്നും പലരും വാദിക്കാം. ആ വാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍, ലോകം ആളില്ലാ യുദ്ധവിമാനങ്ങളുടെ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നിസ്സംശയം പറയാം.

അപ്പോള്‍, അടുത്ത ഏതാനും ദശകങ്ങള്‍ നമുക്കുപയോഗിക്കേണ്ട പോര്‍വിമാനങ്ങളുടെ ശ്രേണിയില്‍പ്പെട്ടവ വാങ്ങാന്‍ ഇന്ത്യ ഈ 1,20,000 കോടി രൂപ മുടക്കണമോ?അതോ ഭീമമായ ഈ തുക അടുത്ത തലമുറ പോര്‍വിമാനങ്ങളും, ആളില്ലാ പോര്‍വിമാനങ്ങളും വികസിപ്പിക്കാനായി  ചെലവിടണമോ?  ഇനിയിപ്പോള്‍ മോദി സര്‍ക്കാര്‍ അത്തരമൊരു പദ്ധതിക്ക് പണം വകയിരുത്തിയാല്‍ തന്നെ ഇന്ത്യയിലെ സൈനിക ശാസ്ത്രജ്ഞര്‍ക്കു അത്തരം അതിനൂതന പോര്‍വിമാനം വികസിപ്പിക്കാനുള്ള ശേഷിയുണ്ടോ? അവ നിര്‍മ്മിക്കാനുള്ള വ്യാവസായിക ശേഷി ഇന്ത്യക്കുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍