UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസ്റ്റുകള്‍ക്ക് പി ആര്‍ പണി ചെയ്യുന്നവര്‍

Avatar

റിബിന്‍ കരീം

പ്രശസ്ത കവയത്രി സുഗതകുമാരിയോട് ലേഖകന് ഏറ്റവും അധികം വിയോജിപ്പ്‌ തോന്നിയത് മീന കന്തസാമിയുടെ പുസ്തക പ്രകാശനത്തിൽ നിന്നു വിട്ടു നിന്ന അവസരത്തിലാണ്. മഹാത്മാഗാന്ധിയെ മോശമായ വാക്കുകള്‍കൊണ്ട് വിമര്‍ശിക്കുന്നു എന്ന ആരോപണം നേരിട്ട കവിതയടങ്ങിയ ‘സ്പര്‍ശം’ എന്ന പുസ്തകമായിരുന്നു പ്രകാശനത്തിന്‌ ഒരുക്കിയിരുന്നത്‌. മീനയുടെ കവിതകളിലെ രാഷ്ട്രീയത്തെ വിമര്‍ശിക്കാം. പക്ഷെ അവർ ഉയർത്തുന്ന വിഷയങ്ങളുടെ സാമൂഹ്യ പ്രസക്തിയെ അവഗണിക്കാൻ ആവില്ല, ഗാന്ധിജിയെക്കുറിച്ച് ഒരു ദളിത് എഴുത്തുകാരിക്ക് നടത്താവുന്ന ഏറ്റവും മാന്യമായ വിമര്‍ശനം മാത്രമേ മീന നടത്തിയിട്ടുള്ളൂ. മീന കന്തസാമിക്ക് ഒരു ആമുഖം ആവശ്യമില്ല. പറഞ്ഞു വന്നത് ദലിത് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മീന കന്തസാമിയുടെ പല നിലപാടുകളോടും ഐക്യപ്പെടുന്നുണ്ട്. പക്ഷെ ഡിസംബര്‍ 19, 20 തീയ്യതികളില്‍ ഏറണാകുളത്തുവെച്ച്‌ നടക്കുന്ന മനുഷ്യ സംഗമത്തെക്കുറിച്ച്‌ മീന കന്തസാമി നടത്തിയ പ്രസ്‌താവന പൂർണമായും തള്ളിക്കളയുന്നു. 

ഞാൻ മനസ്സിലാക്കിയിടത്തോളം ഇന്ത്യയില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കും മത – വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകള്‍ക്കും എതിരെ കേരളത്തിലെ മതേതര ജനാധിപത്യ, പരിസ്ഥിതി, രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് “മനുഷ്യ സംഗമം”. ഒരു ഫാസിസ്റ്റ് വിരുദ്ധ ചേരിയാണ് അതെന്ന് വ്യക്തം. അവിടെ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുക വഴി ഫാസിസ്റ്റുകൾക്ക് ഉള്ള പി ആർ ഒ പണി ആണ് ചിലര്‍ ചെയ്യുന്നത്.

നമ്മുടെ സമൂഹത്തില്‍ ഇന്ന് ഏതെങ്കിലും തരത്തില്‍ സ്വാതന്ത്ര്യവും അവകാശങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സമൂഹത്തിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ്. ജനാധിപത്യ ബോധവും മനുഷ്യാവകാശങ്ങളും രൂപമെടുത്തത് ശൂന്യതയില്‍ നിന്നായിരുന്നില്ല. മറിച്ച്, തീക്ഷ്ണമായ അവകാശ സമരങ്ങളുടെ ഫലമായിട്ടായിരുന്നു. മനുഷ്യരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ് നീതിയുക്തമായ ഒരു സമൂഹത്തിന്റെ സാധ്യതയും നിലനില്‍ക്കുന്നത്. ശുഭാപ്തി വിശ്വാസമാണ് മനുഷ്യനെ മയക്കുന്ന ഏറ്റവും വലിയ കറുപ്പെന്ന മിലന്‍ കുന്ദേരയുടെ പ്രശസ്തമായ ഫലിതം ആ അര്‍ഥത്തില്‍ വളരെ ശരിയാണ്. 

മീനയുടെ ലേഖനത്തിലെ ഏറ്റവും അപകടകരമായ ഭാഗം “എന്തുകൊണ്ടാണ് ഫാസിസത്തിനെതിരായ സംഗമത്തില്‍ മുസ്ലിം ലീഗ്, സോളിഡാരിറ്റി, എസ് ഡി പി ഐ, പി ഡി പി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ പങ്കെടുപ്പിക്കുന്നില്ല” എന്നതാണ്. പ്രതിനിധീകരിക്കുന്നത് ഒരേ സമുദായത്തെ ആണെങ്കിലും വിവിധ ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന സംഘടനകൾ ആണിവ. ഉദാഹരണത്തിന് ചുംബന സമരം എന്ന ആശയത്തോട് പൊതുവിൽ മേൽപറഞ്ഞ സംഘടനകൾക്കെല്ലാം ഒരേ നിലപാട് ആയിരുന്നു. അത് അങ്ങേയറ്റം പ്രതിലോമകരവും. ഒരു സമര വേദിയിലേക്ക് പോത്തിനെയും തെളിച്ച് കൊണ്ട് വരുന്ന ഒരു സംഘടനയെ ഫാസിസ്റ്റ് വിരുദ്ധ ചേരിയിൽ എങ്ങനെ പ്രതിഷ്ഠിക്കും? 

ഇനി അധ്യാപകന്റെ കൈ വെട്ടിയ കേസുമായി ബന്ധപ്പെട്ടു എസ് ഡി പി ഐയുടെ നിലപാടല്ല മുസ്ലിം ലീഗിന്, ഇവരുടെ രണ്ടു പേരുടെയും നിലപാടല്ല ജമാഅത്തെ ഇസ്ലാമിക്ക്. മുസ്ലിം സമുദായത്തെ സാമുദായിക സംഘടനകളിൽ നിന്ന് വേർതിരിച്ചറിയുന്നത് പോലെ തന്നെ പ്രധാനമാണ് ഈ സംഘടനകളെ പരസ്പരം വേർതിരിച്ചറിയുന്നതും.

ആധുനിക മതേതര ജനാധിപത്യ രാഷ്ട്രസങ്കല്പം ഇസ്ലാമിനെതിരാണെന്നും ജനങ്ങള്‍ക്ക് പരമാധികാരം നല്‍കുന്ന ഭരണസംവിധാനത്തിന്റെ സ്ഥാനത്ത് ദൈവത്തിന് പരമാധികാരമുള്ള മതഭരണം കൂടിയേതീരൂ എന്നും സിദ്ധാന്തിച്ച ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങളെ മീനയ്ക്ക് സ്വീകാര്യം ആകുന്നതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മതപക്ഷത്തു നിന്നുകൊണ്ടുമാത്രം വിശകലനംചെയ്യേണ്ട ഒന്നല്ല മത സംഘടനകൾ. മറിച്ച്, അവരുടെ ചരിത്രം, ആശയങ്ങള്‍, ഹിഡണ്‍ അജണ്ട നടപ്പാക്കുവാന്‍ അവര്‍ പിന്‍തുടരുന്ന വഴികള്‍ എന്നിവ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.

ഒരു മത വര്‍ഗീയതയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മറ്റു മത വര്‍ഗീയതകള്‍ വളരുന്നത്. ആ അര്‍ത്ഥത്തില്‍ മതവര്‍ഗീയ ശക്തികള്‍ പരസ്പരം സഹായം ചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് സംഘപരിവാർ ഫാഷിസത്തിന്റെ ഇസ്ലാം മത വിശ്വാസികളായ ഇരകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് സമുദായം അനുഭവിക്കുന്ന ന്യൂനപക്ഷ പീഡനങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്ത് സമൂഹത്തിൽ വ്യാപകമായി തെറ്റിധാരണ പരത്തുകയും മറു ഭാഗത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഒടുക്കത്തെ അത്താണിയാണ് എന്ന് മേനി പറയലും അല്ലാതെ ഫലത്തിൽ ഇവരെ കൊണ്ട് മുസ്ലിം ജനവിഭാഗത്തിന് വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല താനും. ഈ സ്ഥിതി വിശേഷത്തിൽ ഇവര്‍ എങ്ങനെയാണ് രാജ്യത്തെ ഫാസിസ്റ്റ് ശക്തികൾക്കെതിരെ അടരാനിറങ്ങുന്നത്?

ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായ പുരോഗമന ചിന്താഗതിയുള്ള, വിദ്യാഭ്യാസം ഉള്ള ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. അതുകൊണ്ടു തന്നെ ശക്തമായ ഒരു മതേതര പാരമ്പര്യവും നമുക്കുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇടപെടലുകൾ ആണ് അതിൽ പ്രധാനം. കേന്ദ്രത്തിൽ അടക്കം എന്നും ഭരണം കയ്യാളുന്ന മുസ്ലിം ലീഗിന് പോലും അതിൽ വലിയ പങ്കില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ ഈ  സ്ഥിതി വിശേഷത്തിനു വലിയ കേടുപാടുകളൊന്നും കൂടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭരണകൂടം എന്നും രണ്ടാം തരക്കാർ ആയി പരിഗണിക്കുന്ന ഒരു ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നും പുരോഗമന പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലും മീനയുടെ വാക്കുകള്‍ക്ക് കേരളത്തിലെയും തമിഴ്നാട്ടിലെയും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ പങ്കുണ്ട്. ഇത്രയും അബദ്ധ ജടിലം ആയ നിലപാടിലേക്ക് മീനയെ പോലുള്ളവർ ചെന്നെത്തുമ്പോൾ അതിന്റെ ആഫ്ടർ ഇഫക്റ്റ് വളരെ വലുതായിരിക്കും. ഒരാള്‍ എന്ത് ചെയ്യുന്നു എന്നത് മാത്രമല്ല അയാളുടെ ചെയ്തികള്‍ എന്ത് ചെയ്യുന്നു എന്നതും (What, what one does, does എന്ന് ഫൂക്കോ) ചരിത്രത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സംഗതിയാണ്.

മീന തന്റെ ലേഖനത്തിൽ ട്രോട്സ്കിയെ ക്വോട്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് ട്രോട്സ്കിയുടെ തന്നെ ഒരു വാചകത്തോടെ ഈ കുറിപ്പ് ഞാന്‍ അവസാനിപ്പിക്കുന്നു.

Religions are illogical primitive ignorance. There is nothing as ridiculous and tragic as a religious government.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍