UPDATES

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം

അഴിമുഖം പ്രതിനിധി

ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിംഗ് കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു. ഇതു സംബന്ധിച്ച് തീരദേശ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. എന്നാല്‍ ഇതിനകം തന്നെ നല്‍കിയിരിക്കുന്ന അനുമതികള്‍ റദ്ദാക്കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു. 

ട്രോളിംഗ് നിരോധനം 47 ദിവസത്തില്‍ നിന്നും 61 ദിവസമായി ഉയര്‍ത്തണമെന്ന സെയ്ദ് റാവു സമിതി റിപ്പോര്‍ട്ടിന്റെ കാര്യത്തിലും അന്തിമ തീരമാനം എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വിവാദമായ മീനാകുമാരി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്ര മഹാജന്റെ നിര്‍ദ്ദേശപ്രകാരമാണ് എംപിമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. 

ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ദോഷകരമായ മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നടപ്പാക്കിത്തുടങ്ങിയത്. വിദേശ ട്രോളറുകള്‍ക്കടക്കം ഇന്ത്യയുടെ തീരമേഖലയില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കി. യുപിഎ നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുന്ന സമീപനമാണ് മോഡി സര്‍ക്കാര്‍ സ്വീകരിച്ചത്.200മുതല്‍ 500 മീറ്റര്‍വരെ ആഴത്തില്‍ മത്സ്യബന്ധനം നിരോധിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ബഫര്‍ സോണായി പ്രഖ്യാപിച്ചിട്ടുള്ള ഈ മേഖലയിലാണ് ചെറുകിട മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍