UPDATES

ന്യൂസ് അപ്ഡേറ്റ്സ്

76-കാരി മീനാക്ഷി ഗുരുക്കള്‍; കടത്തനാടിന്റെ പുത്തന്‍ ഉണ്ണിയാര്‍ച്ച

Avatar

സഫിയ ഒ സി

“പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല
 ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?
 ആയിരം വന്നാലും കാര്യമില്ല
 പുത്തൂരം വീട്ടിലെ പെണ്ണുങ്ങളും
 ആണുങ്ങളെ കൊല്ലിച്ച കേട്ടിട്ടുണ്ടോ?”

കടത്തനാടിന്റെ വീരവനിത ഉണ്ണിയാര്‍ച്ചയാണ് ഈ പാട്ടിലെ നായിക. അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ പോകും വഴി നാദാപുരത്ത് വച്ച് ജോനകന്‍മാര്‍ വളഞ്ഞു. പേടിത്തൊണ്ടനായ ഭര്‍ത്താവ് കുഞ്ഞിരാമന്‍ ആലില പോലെ നിന്നു വിറച്ചു. പക്ഷേ ഉണ്ണിയാര്‍ച്ച കുലുങ്ങിയില്ല. അവളുടെ വാള്‍മുനയിലും ചുരികത്തുമ്പിലും ജോനകന്‍മാര്‍ നിന്നു പിടഞ്ഞു. ഒടുവില്‍ പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ച ആണെന്നറിഞ്ഞില്ലേ എന്നു നിലവിളിച്ചു ജോനകന്‍മാര്‍ ഓടിയൊളിച്ചു. 

ഇത് കടത്തനാടാകെ പാടി നടന്ന വീരചരിതം, പുരാവൃത്തം. ഇപ്പോള്‍ കടത്തനാട് എന്ന് അറിയപ്പെടുന്ന ഇന്നത്തെ വടകരയ്ക്ക് പറയാനുള്ളത് മറ്റൊരു ഉണ്ണിയാര്‍ച്ചയുടെ കഥയാണ്. മീനാക്ഷി അമ്മയുടെ. 

നാട്ടുകാര്‍ മീനാക്ഷിയമ്മ എന്ന് വിളിക്കുന്ന മീനാക്ഷി ഗുരുക്കള്‍ എഴുപത്തിയാറാം വയസ്സിലും പതിനേഴിന്‍റെ ചുറുചുറുക്കോടെ കളരിയില്‍ അംഗം വെട്ടുന്നത് ഒരു വിസ്മയക്കാഴ്ച്ച തന്നെയാണ്. വാര്‍ധക്യം മീനാക്ഷിയമ്മയ്ക്ക് വിശ്രമിക്കാനുള്ള സമയമല്ല. സ്വന്തം കളരി സംഘമായ ‘കടത്തനാടന്‍ കളരി’യില്‍ ശിഷ്യഗണങ്ങളെ കളരി പരിശീലിപ്പിക്കുന്നതിന്റെയും ഗോവയിലും ബംഗ്ലൂരിലുമൊക്കെയായി കളരി അഭ്യാസ പരിപാടികള്‍ അവതരിപ്പിക്കുന്നതിന്റെയും തിരക്കിലാണ് ഈ ജീവിത സായാഹ്നത്തിലും അവര്‍.

വടകര പുതുപ്പണം ഗ്രാമത്തിലെ കരിമ്പനപ്പാലത്തെ കളരിയില്‍ വെച്ച് മീനാക്ഷി അമ്മയെ കാണുമ്പോള്‍ അവരുടെ മുഖത്ത് വലതു കണ്ണിന് താഴെ ചെറുതായൊന്ന് രക്തം കല്ലിച്ചു കിടക്കുന്നുണ്ടായിരുന്നു. ഇതെന്തുപറ്റി എന്ന ചോദ്യത്തിന് അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. “നൂറ തന്ന സമ്മാനാം… ഗോവയില്‍ വെച്ച്”

ആരാ ഈ നൂറാ എന്നല്ലേ. മീനാക്ഷി അമ്മയുടെ അടുത്ത് കളരി അഭ്യസിക്കാന്‍ എത്തിയ ഫ്രഞ്ചുകാരി. ആ പെണ്‍കുട്ടി അഭ്യാസങ്ങള്‍ ശരിയാംവണ്ണം പഠിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. 

“അവള്‍ പഠിക്കാന്‍ തുടങ്ങീട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. അവളുടെ ടൈമിംഗ് തെറ്റിപ്പോയി. സാരമില്ല.. എന്തായാലും കണ്ണിലാവാഞ്ഞത് ഭാഗ്യം..”

മീനാക്ഷി അമ്മയും അവരുടെ ‘കടത്തനാടന്‍ കളരി’യും കരിമ്പനപ്പാലം എന്ന കൊച്ചു പ്രദേശത്ത്  മാത്രം ഒതുങ്ങുന്നതല്ല. ആ കളരിയും ജീവിതവും കേരളത്തിന്‍റെ തനത് ആയോധന കലാ ചരിത്രത്തിന്‍റെ ഭാഗവും കൂടിയാണ്. കേരളത്തില്‍ ഇന്ന് കളരി പരിശീലിപ്പിക്കുന്ന അപൂര്‍വ്വം സ്ത്രീ ഗുരുക്കളില്‍ ഒരാള്‍ എന്ന് മാത്രമല്ല കഴിഞ്ഞ അറുപത്തിയേഴ് വര്‍ഷത്തിലധികമായി കളരിയെ ഉപാസിച്ച് ജീവിക്കുന്ന ഈ എഴുപത്തിയാറുകാരി മെയ് വഴക്കം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. 

കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലത്തെ മീനക്ഷിയമ്മയുടെ ജീവിതം ഈ കളരിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഏഴാം വയസ്സില്‍ അച്ഛന്‍ ദാമുവിന്റെ കൈ പിടിച്ചാണ് കൊച്ചു മീനാക്ഷി കളരി പരിശീലനത്തിന് എത്തുന്നത്. അഞ്ചു വയസ്സു മുതല്‍ നന്നായി ഡാന്‍സ് ചെയ്യുമായിരുന്ന മീനാക്ഷിയമ്മയെ കൂടുതല്‍ മെയ് വഴക്കത്തിന് വേണ്ടിയാണ് കളരിയിലേക്ക് വിടുന്നത്. അക്കാലത്തൊക്കെ ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ ബാല്യത്തില്‍ തന്നെ കളരിയില്‍ ചേര്‍ത്ത് മെയ്യഭ്യാസം പരിശീലിപ്പിക്കുന്ന രീതി വടക്കന്‍ കേരളത്തിന്റെ പല പ്രദേശങ്ങളിലുമുണ്ടായിരുന്നു.

“അന്ന് പെണ്‍കുട്ടികള്‍ ഉണ്ട്, പക്ഷെ ഇന്നത്തെ മാതിരി ഇല്ല. പലരും കല്യാണത്തോടെ നിര്‍ത്താറാണ് പതിവ്. അന്ന് പതിനാലോ പതിനേഴോ വയസ്സ് വരെ മാത്രേ പെണ്‍കുട്ടികള്‍ വരാറുള്ളു. കല്യാണം കഴിഞ്ഞാല്‍ അന്ന് പെണ്‍കുട്ടികളെ പഠനത്തിനൊന്നും വിട്ടിരുന്നില്ല. ഞാന്‍ രാഘവന്‍ മാഷെ (ഗുരുക്കളെ ) കല്യാണം കഴിച്ചതുകൊണ്ട് ഇവിടെ തന്നെ ആയി. അതുകൊണ്ടാണ് കളരിയില്‍ തുടരാന്‍ കഴിഞ്ഞത്. ഇന്നത്തെ കാലത്ത് എല്ലാ പ്രായത്തിലുള്ള പെണ്‍കുട്ടികളും അമ്മമാരും ഒക്കെ വരുന്നുണ്ട്”.

അക്കാലത്ത് കളരി പരിശീലനത്തില്‍ ജാതി വ്യത്യാസം ഉണ്ടായിരുന്നു. മീനാക്ഷിമ്മയ്ക്ക് പ്രത്യക്ഷ അനുഭവങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍ ഭര്‍ത്താവ് രാഘവന്‍ ഗുരുക്കള്‍ അത്തരം വിവേചനം അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പഠനകാലത്ത്‌ കളരി ഉന്നതജാതികാര്‍ക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞു ഓടിച്ചുവിട്ടിട്ടുണ്ടെന്നും അതിന്‍റെ വാശിയിലാണ് രാഘവന്‍ ഗുരുക്കള്‍ രാത്രിക്ക് രാത്രി കളരി കുഴിച്ചതെന്നും മീനാക്ഷിയമ്മ പറയുന്നു. മീനാക്ഷിയമ്മയുടെ കളരി, കുഴിക്കളരിയാണ്. വയനാടന്‍ കാടുകളില്‍ നിന്ന് പുറ്റ് മണ്ണ് കൊണ്ടുവന്ന്‍ വിഷാംശം നീക്കി ശുദ്ധീകരിച്ചാണ് കുഴിക്കളരിയില്‍ തറ ഒരുക്കിയിരിക്കുന്നത്. കുഴിക്കളരി ഇന്ന് അപൂര്‍വ്വമാണ്.

ആദ്യകാലത്ത് കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടു തരം കളരികളാണ് ഉണ്ടായിരുന്നത്. കുഴിക്കളരി കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ്. അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി. പൊതുസ്ഥലത്ത് താല്കാലികമായി നിർമ്മിക്കപ്പെടുന്ന അങ്കത്തട്ടില്‍ വെച്ചാണ് തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള അങ്കം വെട്ടിയിരുന്നത്. മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ഇരുകക്ഷികളുടേയും പോരാളികൾ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു . അങ്കത്തിൽ ജയിച്ച പോരാളിയുടെ കക്ഷി ജയിച്ചതായി പ്രഖ്യാപിക്കുന്നു. ജീവഹാനി സാധാരണയായതിനാൽ അങ്കംവെട്ടുന്നവർക്ക് വൻതുക പ്രതിഫലം നല്‍കിയിരുന്നു.

ഏറെ ശ്രദ്ധയും ഏകാഗ്രതയും വേണ്ട ആയോധന കലയാണ്‌ കളരിപ്പയറ്റ്. എതിരാളിക്ക് ഒന്ന് പിഴച്ചാല്‍ അപകടം ഉറപ്പാണ്. കളരിപ്പയറ്റ് മനസ്സിന് ഏകാഗ്രതയും ശരീരത്തിനു ഉന്മേഷവും നല്‍കുന്നു. നിരന്തരമായ കളരി അഭ്യാസം ശരീരത്തിലെ ദുർമേദസ്സ് നീക്കി ശരീരത്തിന് ആരോഗ്യവും രൂപവും നൽകാന്‍ സഹായിക്കുന്നു. ഈ എഴുപത്തിയാറാം വയസ്സിലും മീനാക്ഷിയമ്മ ഒരു കൌമാരക്കാരിയുടെ മെയ് വഴക്കത്തോടെ കളരിയില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്നത് ഒരത്ഭുതത്തോടെയെ നോക്കി നില്‍ക്കാനേ കഴിയൂ. തന്നെക്കാള്‍ മൂന്നിലൊന്നു പ്രായമുള്ളവരോട് പോലും മീനാക്ഷിയമ്മ ഏറ്റുമുട്ടും. ചിട്ടയായ ജീവിതക്രമത്തിലൂടെയും നിരന്തരമായ പരിശീലനത്തിലൂടെയുമാണ് മീനാക്ഷിയമ്മ അവരുടെ ആരോഗ്യവും യൌവനം ഇപ്പോഴും നിലനിര്‍ത്തുന്നത്. 

പതിനാലു വയസ്സ് വരെ നൃത്തവും കളരിയും മീനാക്ഷിയമ്മ ഒന്നിച്ചാണ് കൊണ്ടുപോയത്. ആദ്യ കാലത്ത് നിരവധി വേദികളില്‍ അവര്‍ നൃത്തവും കളരിയും അവതരിപ്പിച്ചിട്ടുണ്ട്.

“രണ്ടും അടുത്തടുത്ത സമയങ്ങളിലായിരിക്കും. മേക്കപ്പ് ചെയ്തിട്ട് കളരി ചെയ്യാന്‍ പറ്റില്ല. വിയര്‍ക്കും. രണ്ടും കൂടെ ബുദ്ധിമുട്ടായിരുന്നു. മാഷ്ക്ക് കളരി തന്നെയായിരുന്നു കൂടുതല്‍ ഇഷ്ടം. അപ്പൊ ഒന്ന് മാത്രം മതിയെന്ന് വെച്ചു”. നൃത്തം പാതിവഴിയില്‍ ഉപേക്ഷിച്ചതിനെ കുറിച്ചു മീനാക്ഷിയമ്മ പറയുന്നു.

പതിനേഴാം വയസ്സില്‍ രാഘവന്‍ ഗുരുക്കള്‍ മീനാക്ഷിയമ്മയെ താലികെട്ടി ജീവിതത്തിലേക്ക് കൂടെകൂട്ടി. അന്നുതൊട്ട് മീനാക്ഷിയ്ക്ക് കളരി വിട്ടൊരു ജീവിതം ഇല്ലെന്നായി.

“ഞാന്‍ ഇവിടെ തന്നെ ഉണ്ടാവണമെന്ന് മാഷ്‌ തീവ്രമായി ആഗ്രഹിച്ചതുകൊണ്ടാണ് ഞാന്‍ മാഷെ കല്യാണം കഴിച്ചത്. അല്ലാതെ എല്ലാവരും പറയുന്നപോലെ  മാഷെ ഞാന്‍ പ്രണയിച്ചതൊന്നുമല്ല. അതൊരു കഥ. മാഷ് എന്നെ വിട്ടില്ല.” പുഞ്ചിരിയോടെ അവര്‍ പറഞ്ഞു. 

മീനാക്ഷിയമ്മ കളരിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോയി. സ്കൂള്‍ അധ്യാപകനായിരുന്ന രാഘവന്‍ ഗുരുക്കള്‍ ഒരു നാട്ടുമുഖ്യന്‍ കൂടിയായിരുന്നു. നാട്ടിലെ പല പ്രശ്നങ്ങള്‍ക്കും ഗുരുക്കള്‍ മധ്യസ്ഥനായിരുന്നു. വിപ്ലവ വീര്യമുള്ള വടകരയുടെ മണ്ണില്‍ കൊടിപിടിച്ചു നടന്നില്ലെങ്കിലും മാഷ്ക്ക് കൃത്യമായ രാഷ്ട്രീയവുമുണ്ടായിരുന്നു. ഏഴു വര്‍ഷമായി മാഷ് വിടപറഞ്ഞിട്ട്‌. മാഷില്ലാത്ത കളരിയെ കുറിച്ചു ചിന്തിക്കാന്‍ പോലും മീനാക്ഷിയമ്മയ്ക്ക് ആകുമായിരുന്നില്ല. എന്നിട്ടും ഇത് നിലനില്‍ക്കണം എന്ന മാഷുടെ ആഗ്രഹം നിറവേറ്റാന്‍ മീനാക്ഷിയമ്മ ഇന്നും പതിവ് തെറ്റാതെ കളരിയില്‍ വരുന്നു. മാഷ്‌ ഇവിടെ തന്നെയുണ്ടെന്ന് വിശ്വസിക്കുന്നു.

“അറുപതാം വാര്‍ഷികത്തിന് ഞാനും മാഷും ഒരുമിച്ചു കളിക്കണം എന്ന് തീരുമാനിച്ചതാണ്; അത് നടന്നില്ല. അതിനു മുന്നേ മാഷ്‌ പോയി. മാഷില്ലാതെ ഇവിടെ വരുമ്പോള്‍ കുറെ ഓര്‍മ്മകള്‍ വരും. എന്നാലും ഇത് മാഷിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അത് അങ്ങനെ തന്നെ നിലനില്‍ക്കണം എന്ന് തന്നെയാണ് ആഗ്രഹം. പറ്റാവുന്നിടത്തോളം ഇത് ഇങ്ങനെ തന്നെ കൊണ്ട് പോണം. വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനായിരുന്നു മാഷ്‌. കര്‍ക്കശക്കാരനായിരുന്നെങ്കിലും ഭയങ്കര സ്നേഹമുള്ള ആളുമായിരുന്നു. മാഷ്ക്ക് ഫോട്ടോ എടുക്കുന്നതും പബ്ലിസിറ്റിയും ഒന്നും ഇഷ്ടമല്ല. ഇപ്പോഴാണ് പിന്നെയും പുറത്തൊക്കെ വാര്‍ത്ത വരുന്നത്. കളരിയെ കുറിച്ച് ആര് ചോദിച്ചാലും ഒന്നുമറിയില്ല എന്ന് പറഞ്ഞ് ഒഴിവാക്കലാണ്.”. മീനാക്ഷിയമ്മ ഓര്‍ക്കുന്നു.

മീനാക്ഷിയമ്മയുടെ നാലുമക്കളും കളരി അഭ്യസിച്ചിട്ടുണ്ട്. മകനും മകന്‍റെ മകളും ഇപ്പോള്‍ കളരിയില്‍ കൂടെയുണ്ട്. കൂടാതെ രാഘവന്‍ ഗുരുക്കളുടെയും മീനാക്ഷിയമ്മയുടെയും പ്രിയ ശിഷ്യന്‍ സജില്‍ ഗുരുക്കളുമുണ്ട്.

കളരി അഭ്യാസത്തോട് ബന്ധപ്പെട്ടു കിടക്കുന്നതാണ് കളരി ചികിത്സ. ആയുര്‍വേദത്തിന്റെ പ്രമാണങ്ങളെ ആധാരമാക്കിയുള്ളതാണ് ചികിത്സാരീതി എങ്കിലും കളരി ചികിത്സയ്ക്ക് അതിന്റേതായ ഒരടിത്തറയുണ്ട്. പൂര്‍വ്വികരായ കളരി ഗുരുനാഥന്മാര്‍ ചിട്ടപ്പെടുത്തിയെടുത്തതാണ് ഈ പാരമ്പര്യ ചികിത്സാ രീതി. മര്‍മ്മ ചികിത്സ, തിരുമ്മല്‍, വ്യായാമ ചികിത്സ തുടങ്ങി കളരിചികിത്സയില്‍ വ്യത്യസ്ത ശാഖകളുണ്ട്. കളരിചികിത്സയിലെ മര്‍മ്മചികിത്സ രഹസ്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നവീകരണത്തിന് കളരിയുഴിച്ചില്‍ വളരെയധികം സഹായിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രചാരത്തോടെ കളരി ചികിത്സയ്ക്ക് മങ്ങലേറ്റിരുന്നെങ്കിലും ഈ അടുത്തകാലത്തു കളരി ചികിത്സയ്ക്ക് വീണ്ടും പ്രചാരം ഉണ്ടായിട്ടുണ്ട്. 

മീനാക്ഷിയമ്മയുടെ കടത്തനാടന്‍ കളരിയോട് ചേര്‍ന്ന് കളരി ചികിത്സയുണ്ട്. ഒടിവും ചതവും ഒക്കെയായി നിരവധി പേര്‍ ഇപ്പോഴും അവിടെ ചികിത്സയ്ക്ക് വരുന്നുണ്ട്. കഷായവും തൈലവും ഒക്കെ അവിടെ തന്നെയാണ് ഉണ്ടാക്കുന്നത്‌. കഷായക്കൂട്ടുകള്‍ എല്ലാം വളരെ കൃത്യമായും കണിശമായും ചേര്‍ക്കണമെന്നു ഗുരുക്കള്‍ക്ക് വലിയ നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. ഇപ്പോള്‍ ഗുരുക്കളുടെ ശിഷ്യന്‍ സജില്‍ ഗുരുക്കളാണ് ഇക്കാര്യങ്ങളൊക്കെ നോക്കുന്നത്. ഗുരുവിനെപോലെ തന്നെ കൃത്യമായ നിഷ്ടകളോടെയാണ് മരുന്നുകള്‍ തയ്യാറാക്കുന്നത്. പണ്ട് രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പരിക്കേറ്റ് നിരവധി പേര്‍ വരാറുണ്ടായിരുന്നെന്നു സജില്‍ ഗുരുക്കള്‍ പറയുന്നു. ഇപ്പോഴും ചികിത്സയ്ക്കായി ആളുകള്‍ വരുന്നുണ്ട്. (അതിനിടയില്‍ കാലിന് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ഒരാളെ നോക്കാന്‍ വേണ്ടി സജില്‍ ഗുരുക്കള്‍ അങ്ങോട്ടേക്ക് നീങ്ങി)

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് കളരി പഠനത്തിന്‍റെ കാലാവധി. പഠനം തുടങ്ങുമ്പോഴും കോഴ്സ് പൂര്‍ത്തിയായി കഴിഞ്ഞ് സമാപന ദിവസവും നല്‍കുന്ന ദക്ഷിണയല്ലാതെ പഠിപ്പിക്കുന്നതിനു ഫീസ്‌ ഒന്നും വാങ്ങാറില്ല. ജാതി, മത ഭേദമന്യേ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ കടത്തനാടന്‍ കളരിയില്‍ പരിശീലിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്സുകളൊന്നും ഇവിടെ ഇല്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയാണ് ഇവിടെ പഠിപ്പിക്കുന്നത്.

“ഞാന്‍ പഠിക്കുന്ന കാലത്തും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നാണ് പരിശീലനം നടത്തിയിരുന്നത്. ഇവിടെ പരിശീലിപ്പിക്കുന്നതും അതുപോലെ തന്നെയാണ്. ആണ്‍, പെണ്‍ ഭേദമൊന്നും ഇല്ല. ഒരു പ്രത്യേക വിഭാഗത്തിലുള്ള കുട്ടികള്‍ മാത്രമൊന്നുമല്ല ഇവിടെ പഠിക്കുന്നത്. ഹിന്ദു, മുസ്ലിം എല്ലാ വിഭാഗത്തിലെയും കുട്ടികള്‍ ഉണ്ട്.”

മെയ്യ്പ്പയറ്റ്, വടിപ്പയറ്റ്, വാള്‍പ്പയറ്റ്, വെറും കൈ പ്രയോഗം എന്നിങ്ങനെ വിവിധ അഭ്യാസമുറകള്‍ കളരിപ്പയറ്റിലുണ്ട്. 

കേരളത്തിനകത്തും പുറത്തുമൊക്കെയായി നിരവധി ശിഷ്യരുണ്ട് മീനാക്ഷിയമ്മയ്ക്ക്. കൂടാതെ സ്പെയിനില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെയുള്ളവര്‍ അവരുടെ ശിഷ്യഗണത്തിലുണ്ട്. നിരവധി വേദികളില്‍ മീനാക്ഷിയമ്മയും ശിഷ്യരും കളരി അഭ്യാസം നടത്തിക്കഴിഞ്ഞു. വര്‍ഷത്തില്‍ അറുപതോളം പരിപാടികള്‍ അവര്‍ ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ കളരി പഠിക്കുന്നത് നല്ലതാണെന്ന് മീനാക്ഷിയമ്മ പറയുന്നു.

“കളരി പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ധൈര്യവും ഉണ്ട്. അത് എല്ലാ മക്കളും പറയുന്നുണ്ട്. ഒറ്റയ്ക്ക് നടക്കനൊക്കെ കഴിയുന്നുണ്ട്. പെണ്‍കുട്ടികള്‍ കളരി പഠിച്ചാല്‍ നല്ലതാണെന്ന ഒരു ബോധ്യം ഇപ്പോള്‍ വന്നിട്ടുണ്ട്. അന്നൊക്കെ എണ്ണയും എടുത്തു ഞങ്ങള്‍ പോന്നെനും പറഞ്ഞു ഇങ്ങു പോരലാണ്. ആരും കൊണ്ട് വിടാറൊന്നും ഇല്ല. ഇന്നങ്ങനെയല്ല. കൊണ്ട് വിടാനും കൂട്ടിക്കൊണ്ട് പോകാനും ആളുകള്‍ വേണം. ഇന്നത്തെ സാഹചര്യം അതാണ്‌”.

മീനാക്ഷിയമ്മയെ എന്തും നേരിടാനുള്ള കരുത്തുള്ള സ്ത്രീയാക്കി മാറ്റിയത് വര്‍ഷങ്ങളായുള്ള കളരി പരിശീലനം തന്നെയാണ്. നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തുടക്കം മുതല്‍ നല്ല സഹകരണമാണ് മീനാക്ഷിമ്മയ്ക്ക് കിട്ടിയത്. മക്കളുടെ സഹകരണമാണ് തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും ഈ പ്രായത്തിലും ആരോഗ്യത്തോടെ ഇരിക്കാന്‍ കഴിയുന്നത്‌ ദൈവത്തിന്റെ കാരുണ്യം കൊണ്ടാണെന്നും ഇനിയും കുറെ കുട്ടികളെ പരിശീലിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറയുന്നു.   

ഈ വയോജന ദിനത്തില്‍ കടത്തനാടിന്റെ മീനാക്ഷി ഗുരുക്കള്‍ക്ക് എല്ലാ ആശംസകളും. 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍