UPDATES

സിനിമ

അലിഗഢിന്റെ കഥയ്ക്ക് പ്രചോദനമായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍

Avatar

അഴിമുഖം പ്രതിനിധി

ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ന്യൂദല്‍ഹിയില്‍ റിപ്പോര്‍ട്ടറായിരുന്ന ദീപു സെബാസ്റ്റ്യന്‍ എഡ്മണ്ടിന് 2010 ഏപ്രിലില്‍ ഒരു ദിവസം എഡിറ്ററുടെ വക ശകാരം കിട്ടി. ദീപു പിന്തുടര്‍ന്നിരുന്ന ഒരു സംഭവത്തിലെ പുതിയൊരു വാര്‍ത്ത മിസ്സായതിനായിരുന്നു അത്.

റിക്ഷ വലിക്കുന്ന ഒരു യുവാവുമായി ഉഭയസമ്മതപ്രകാരം വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശ്രീനിവാസ് രാമചന്ദ്ര സിറാസിനെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിയെ അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്ത വാര്‍ത്ത ദീപുവിന് ലഭിച്ചില്ല. ഇതാണ് എഡിറ്ററെ പ്രകോപിപ്പിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ അലഹബാദ് എഡിഷനാണ് ഈ വാര്‍ത്ത ആദ്യം അച്ചടിക്കുന്നത്. സര്‍വകലാശാലയില്‍ മറാത്തി പ്രൊഫസറായിരുന്നു അദ്ദേഹം. നേരത്തെ നിരവധി വാര്‍ത്തകള്‍ ഈ വിഷയത്തില്‍ ദീപു എഴുതിയിരുന്നു.

2009 ജൂലൈയില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കി കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെയാണ് ശ്രീനിവാസിന്റെ സംഭവം പുറത്തു വരുന്നത്. സ്വവര്‍ഗലൈംഗികതയോട് ആഭിമുഖ്യമുണ്ടായിരുന്നതിനാല്‍ അതിന്റെ പേരില്‍ അദ്ദേഹം ഏറെ വേട്ടയാടപ്പെട്ടിരുന്നു.

എഡിറ്ററുടെ ശകാരം ലഭിച്ചയുടന്‍ തന്നെ ദീപു, ശ്രീനിവാസിനെ ഫോണില്‍ വിളിച്ചു. ദീര്‍ഘനാളായി ഈ കേസ് പിന്തുടരുന്നതിനാല്‍ ഇരുവരും തമ്മില്‍ ഒരു സൗഹൃദം ഉടലെടുത്തിരുന്നു. സര്‍, നിങ്ങളിത് എന്നോട് പറയണമായിരുന്നു, ദീപു അദ്ദേഹത്തോടു പറഞ്ഞു. എന്നാല്‍ താനല്ല ആ വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം ദീപുവിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു.

നല്ല മൂഡിലാണെങ്കില്‍ അദ്ദേഹം ധാരാളം സംസാരിക്കും, ഇപ്പോള്‍ ചെന്നൈയില്‍ ദ ഹിന്ദുവില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായ ദീപു ‘ഹഫിംഗ്ടണ്‍ പോസ്റ്റി’നോട് പറഞ്ഞു.

വാര്‍ത്ത കൊടുക്കേണ്ട സമയം ആയതിനാല്‍ ദീപു അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഓക്കേ, വെരി ഗുഡ്, താങ്ക് യു തുടങ്ങിയ തിടുക്കത്തിന്റെ സൂചനകള്‍ നല്‍കി. ഒടുവില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ അദ്ദേഹം തിരിച്ചെത്തുന്ന ദിവസം ദീപുവിനെ അവിടെ വച്ച് കാണാമെന്ന് വാക്കു പറഞ്ഞാണ് സംഭാഷണം അവസാനിച്ചത്.

അടുത്തദിവസം രാവിലെ ദീപു യാത്ര തിരിച്ച് പതിനൊന്ന് മണിയോടെ അലിഗഢിലെത്തി. എന്നിട്ട് പ്രൊഫസറെ ഫോണില്‍ ബന്ധപ്പെട്ടു. പക്ഷേ, ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സാധാരണ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫാക്കാറില്ല. അടുത്ത രണ്ടു ദിവസം ദീപു നഗരത്തിന്റെ മുക്കിലും മൂലയിലും ശ്രീനിവാസിനെ തേടി നടന്നു. എന്നാല്‍ അദ്ദേഹം എവിടെയാണ് താമസിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പ്രൊഫസര്‍ക്ക് പുതിയ വീട് കണ്ടെത്താന്‍ സഹായിച്ച ആളാകട്ടെ ദീപുവിനോട് എന്തെങ്കിലും പറയാന്‍ മടിക്കുകയും ചെയ്തു.

ഒരു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ദീപു ശ്രീനിവാസ് വസിച്ചിരുന്ന ഇടം കണ്ടെത്തി. ശ്രീനിവാസിന്റെ മൃതദേഹവും ചുറ്റിലും കൂടി നില്‍ക്കുന്ന പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും മാധ്യമ പ്രവര്‍ത്തകരും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ശ്രീനിവാസനെ ആദ്യമായും അവസാനമായും ദീപു കാണുന്നത് അപ്പോഴാണ്. ശ്രീനിവാസ്‌ വിഷം കഴിച്ചു ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഇന്ന് റിലീസ് ചെയ്ത ഹന്‍സല്‍ മേത്തയുടെ സിനിമയായ അലിഗഢിന് പ്രചോദനമായത് ശ്രീനിവാസിന്റെ ജീവിതവും ദീപുവിന്റെ വാര്‍ത്തകളുമാണ്. ശ്രീനിവാസായി മനോജ് വാജ്‌പേയിയും ദീപുവായി രാജ് കുമാര്‍ റാവുവും ആണ് അഭിനയിക്കുന്നത്.

കൊല്ലം ജില്ലക്കാരനായ ദീപു ചെന്നൈ ലയോള കോളേജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്നും പിജിയും എടുത്തിട്ടുണ്ട്. ഇതുരണ്ടും ശ്രീനിവാസുമായി ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ ദീപുവിനെ സഹായിച്ചു.

ഞങ്ങളുടേത് ഒരു തരത്തില്‍ ഗുരു-ശിഷ്യ ബന്ധമായിരുന്നു. ഞാന്‍ ചില പരിധികള്‍ ലംഘിച്ചിരുന്നില്ല. ചോദ്യങ്ങള്‍ക്ക് അദ്ദേഹം വളച്ചുകെട്ടിയേ മറുപടി പറയാറുമുള്ളൂ. കവിത, സാഹിത്യം എന്നിവയെ കുറിച്ചു പറഞ്ഞു കൊണ്ടാകും അദ്ദേഹം സംസാരിച്ചു തുടങ്ങുക, ദീപു ഓര്‍മ്മിക്കുന്നു. കവിത പോലെ നിയന്ത്രിക്കാനാകാത്ത വികാരമായിട്ടാണ് ശ്രീനിവാസ് സ്വവര്‍ഗ ലൈംഗികതയെ ഒരിക്കല്‍ ദീപുമായുള്ള സംഭാഷണത്തില്‍ വിശദീകരിച്ചത്.

തന്റെ ലൈംഗികതയെക്കുറിച്ചോ ബന്ധങ്ങളെ കുറിച്ചോ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഒരു ആക്ടിവിസ്റ്റാകാനും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നില്ല. ആ റിക്ഷാക്കാരനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. റിക്ഷാക്കാരന്‍ ഒരു മുസ്ലിമും സമൂഹത്തിന്റെ താഴേ തട്ടില്‍ നിന്നും വരുന്ന ആളുമായതിനാല്‍ നഷ്ടപ്പെടുവാന്‍ ഏറെയുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

ശ്രീനിവാസിന്റെ ജീവിതത്തെ കുറിച്ച് സിനിമ ചെയ്യാമെന്ന ആശയം ഉദിച്ചപ്പോള്‍ ഇഷാനി ബാനര്‍ജി ദീപുമായി ബന്ധപ്പെട്ടിരുന്നു. കൈയിലുണ്ടായിരുന്ന എഡിറ്റ് ചെയ്യാത്ത വാര്‍ത്തകള്‍ ദീപു അവര്‍ക്ക് അയച്ചു കൊടുത്തു. ചെറിയൊരു ഡോക്യുമെന്ററി ചെയ്യുന്നുവെന്നാണ് ദീപും ആദ്യം കരുതിയത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുശേഷം വ്യക്തമായി ഇതൊരു വലിയ പദ്ധതിയാണ്. വാജ്‌പേയി ശ്രീനിവാസിനെ പോലെയല്ലെങ്കിലും അദ്ദേഹത്തിന് പ്രൊഫസറുടെ യഥാര്‍ത്ഥ മനസ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ദീപു പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍