UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രീ ഇഡിയറ്റ്‌സിലെ അമീര്‍ ഖാന്‍ കഥാപാത്രം റാഞ്ചോ മറ്റാരുമല്ല, അത് സോനം വാങ്ചുക്കാണ്

Avatar

അഴിമുഖം പ്രതിനിധി

ഒരു ഹിന്ദി സിനിമയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നതല്ല ഇപ്പോള്‍ മികച്ച സംരംഭകത്വത്തിനുള്ള റോളക്‌സ് പുരസ്‌കാരം നേടിയ സോനം വാങ്ചുക്കിന്റെ ജീവിതം. ലഡാക്കിനെ മാറ്റിമറിച്ച സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ അദ്ദേഹത്തിന്റെ ജീവിതമാണ് അമീര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ പുന്‍ഷുക് വാങ്ഡു എന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായതെങ്കിലും. ഉന്നത മലയിടുക്കുകളുടെ ഭൂമികയായ ലഡാക്കിന്റെ സാമുഹീക പരിവര്‍ത്തനത്തില്‍ അത്രയേറെ സംഭാവനകള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. അദ്ദേഹത്തിന്റെ പ്രസ്ഥാനം ഒരു സമാന്തര, പ്രായോഗിക വിദ്യാഭ്യാസ പദ്ധതി മുന്നോട്ട് വച്ചതോടെ സ്‌കൂളില്‍ നിന്നും കുട്ടികള്‍ കൊഴിഞ്ഞു പോകുന്നത് ഗണ്യമായി കൊഴിഞ്ഞു. തണുത്ത മരുഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശ ജലക്ഷാമം പരിഹരിക്കുന്നതിന് ഐസ് സ്തൂപങ്ങള്‍ നിര്‍മ്മിച്ച് ലോകശ്രദ്ധ നേടാനും വാങ്ചുക്കിനായി.

ലേയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ അഞ്ച് കുടുംബങ്ങള്‍ താമസിച്ചിരുന്ന ഒരു വിദൂരസ്ഥ ഗ്രാമത്തില്‍ പിറന്ന വാങ്ചുക്കിന്റെ ഒമ്പത് വയസുവരെ വളരെ സാധാരണ ജീവിതമായിരുന്നു. സമഗ്രവും സൗഹാര്‍ദപരവുമായ ഒരു വിദ്യാഭ്യാസമാണ് തനിക്ക് അക്കാലത്ത് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗ്രാമത്തില്‍ സ്‌കൂളുകളൊന്നും ഇല്ലാതിരുന്നതിനാല്‍, അമ്മയില്‍ നിന്നും എഴുത്തും വായനയും വശമാക്കി. വയലില്‍ കളിക്കുകയും വിത്ത് പാകുകയും വളര്‍ത്തുമൃഗങ്ങളെ പോറ്റുകളും നദിയില്‍ നീന്തുകയും ചെയ്യുമ്പോഴും വിലപ്പെട്ട മറ്റ് ചില പാഠങ്ങള്‍ അദ്ദേഹം വശത്താക്കുന്നുണ്ടായിരുന്നു. ഇത്തരം പഠനം അദ്ദേഹത്തിന്റെ വൈദഗ്ധ്യം വര്‍ത്തിപ്പിച്ചതിനാലാകാം ഒമ്പതാം വയസില്‍ സ്‌കൂളില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് ക്ലാസുകയറ്റം ഒറ്റയടിക്ക് ലഭിച്ചത്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ ട്യൂഷനെടുത്താണ് വരുമാനമുണ്ടാക്കിയിരുന്നത്. ആ സമയത്താണ് പ്രദേശത്തെ വിദ്യാഭ്യാസം എത്ര പിന്നോക്കമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്‌സിന്റെ കണക്കു പ്രകാരം 1996 വരെ ബോര്‍ഡ് പരീക്ഷകള്‍ എഴുതിയിരുന്ന 95 ശതമാനം വിദ്യാര്‍ത്ഥികളും തോല്‍ക്കുമായിരുന്നു. എന്നാല്‍ വാങ്ചുക് പ്രദേശത്ത് സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതോടെ കഴിഞ്ഞ രണ്ടു ദശകം കൊണ്ട് ഇത് 25 ശതമാനമായി കുറഞ്ഞു.

എന്നാല്‍ തോറ്റ വിദ്യാര്‍ത്ഥികളെ വെറുതെ വിടാന്‍ വാങ്ചുക് തയ്യാറായിരുന്നില്ല. അവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി ലേയില്‍ നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ അകെ സ്റ്റുഡന്‍സ് എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക് എന്ന സ്ഥാപനത്തിന് അദ്ദേഹം രൂപം നല്‍കി. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍പരിചയത്തിനുള്ള സൗകര്യങ്ങളും നല്‍കുന്ന രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. 

മഞ്ഞ് സ്തൂപങ്ങള്‍ സ്ഥാപിച്ച് ജലക്ഷാമം പരിഹരിക്കുക എന്ന ആശയം പുതുതായിരുന്നില്ല. മുമ്പും ചിലര്‍ ഇത് ശ്രമിച്ചെങ്കിലും അവര്‍ ഭൂമിക്ക് സമാന്തരമായാണ് സ്തൂപങ്ങള്‍ നിര്‍മ്മിച്ചത്. ഇത് എളുപ്പം ഉരുകിപ്പോകുന്നു എന്ന് മനസിലാക്കിയ സോനം സ്തൂപങ്ങള്‍ ലംബമായി നിര്‍മ്മിക്കാന്‍ തുടങ്ങി. പിന്നീട് വസന്തകാലത്ത് മഞ്ഞുരുകി തുടങ്ങുമ്പോള്‍ ജലം പൈപ്പുകളിലൂടെ ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ എത്തിക്കുന്നു.

നിസാരമെന്ന് തോന്നാമെങ്കിലും പ്രതിഭാസ്ഫുരണമുള്ള ഇടപെടലുകള്‍ക്കാണ് കഴിഞ്ഞ മാസം റോളക്‌സ് പുരസ്‌ക്കാരം അദ്ദേഹത്തിന്റെ പ്രഖ്യാപിച്ചത്. സമ്മാനമായി ലഭിക്കുന്ന ഒരു കോടി രൂപ തന്റെ സ്വപ്‌ന പദ്ധതിയായ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവിസ് വികസിപ്പിക്കാനായി ചിലവഴിക്കാനാണ് ഈ 50 കാരന്‍ ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥ സര്‍കലാശാലകളാണ് ഇനി ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ തങ്ങള്‍ ലഡാക്കില്‍ വികസിപ്പിക്കാനുദ്ദേശിക്കുന്ന മാതൃക വിജയപ്രദമായാല്‍ അതിന്റെ അനുരണനങ്ങള്‍ ന്യൂഡല്‍ഹി മുതല്‍ ന്യൂയോര്‍ക്ക് വരെ അലയടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍