UPDATES

വിദേശം

തുടരുന്ന കുടിയേറ്റം; നിസ്സഹായരായി ലിബിയന്‍ തീര സംരക്ഷണ സേന

Avatar

കെവിന്‍ സീഫ് 
(വാഷിങ്ടണ്‍ പോസ്റ്റ്‌)

ലിബിയന്‍ തീര സുരക്ഷാ സേനയുടെ ചെറിയൊരു ബോട്ട് സൈനികോദ്യോഗസ്ഥരുമായി മെഡിറ്ററേനിയന്‍ കടലിലൂടെ നീങ്ങുകയാണ്. അഭയാര്‍ത്ഥികളെ കടത്തിക്കൊണ്ടു വരുന്ന ബോട്ടുകള്‍ പിടിച്ചെടുത്ത് ഇതുവഴി യൂറോപ്പിലേക്ക് അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്നത് തടയുകയാണ് ഇവരുടെ കര്‍ത്തവ്യം. വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളെ കടത്തിക്കൊണ്ടു പോകുന്ന മനുഷ്യക്കടത്തു സംഘങ്ങള്‍ കുറച്ചു കാലമായി ലിബിയയിലൂടെയുള്ള ഇടവഴിയാണ് ഉപയോഗിച്ചു വരുന്നത്. അഭയാര്‍ത്ഥി ബോട്ടിന് സമാനമായെന്തെങ്കിലും കണ്ണില്‍പ്പെടുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുകയാണ് ബോട്ടിലുള്ള ആറ് ഉദ്യോഗസ്ഥരും. അവര്‍ക്കു പിന്നിലായി തീരത്ത് ഇവര്‍ പിടിച്ചെടുത്ത ബോട്ടുകളുടെ അവശിഷ്ടങ്ങളും മുങ്ങി മരിച്ച ആളുകളുടെ വസ്ത്രങ്ങളുമെല്ലാം ചിന്നിച്ചിതറിക്കിടക്കുതു കാണാം.

മെഡിറ്ററേനിയന്‍ കടലിലൂടെ നീങ്ങുന്ന സൈനിക ബോട്ടില്‍ വലിയ തിരകള്‍ വന്നിടിക്കുമ്പോള്‍ അത് ചെറുതായി ഇളകുന്നുണ്ട്. ബോട്ടോടിച്ചു കൊണ്ടിരിക്കുകയായിരുന്ന ആ യൂണിറ്റിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ അസം തോര്‍ മാത്രം ഇടയ്‌ക്കെപ്പോഴൊക്കെയോ ഞങ്ങളോട് സംസാരിച്ചു.”മനുഷ്യക്കടത്തു സംഘങ്ങള്‍ക്കു പോലും ഞങ്ങളുടേതിനേക്കാള്‍ വലിയ ബോട്ടുകളുണ്ട്”.

തീര സുരക്ഷാ സേനയുടെ പരിമിതികള്‍ അദ്ദേഹത്തിന്റെ വാക്കുകളിലും ആ ചെറിയ ബോട്ടിലും വളരെ പ്രകടമായിരുന്നു.

“സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം മാത്രമേ ലോകം കാര്യമായി ശ്രദ്ധിക്കുന്നുള്ളു. പക്ഷേ ആഫ്രിക്കന്‍, ഉപ സഹാറന്‍ പ്രദേശങ്ങളില്‍ നിന്നും യൂറോപ്പ് ലക്ഷ്യമാക്കി വന്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്താനായി ഞാനീ വര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള ഗംബിയയിലൂടെയും നൈജീരിയയിലൂടെയും ലിബിയയിലൂടെയും ഒക്കെ സഞ്ചരിച്ചിരുന്നു പുരുഷന്മാരും സ്ത്രീകളുമായി ഒരു ലക്ഷത്തിലേറെ അഭയാര്‍ത്ഥികളാണ് ആഫ്രിക്കയില്‍ നിന്നും ഈ വര്‍ഷം യൂറോപ്പിലേക്ക് പലായനം ചെയ്തിരിക്കുന്നത്. ഇവരെ കടത്തിക്കൊണ്ടു വരുന്ന മനുഷ്യക്കടത്ത് സംഘം മരണക്കയമെന്നു വിശേഷിപ്പിക്കാവുന്ന ഈ മെഡിറ്ററേനിയന്‍ പാതയാണ് ഉപയോഗിക്കുന്നതും”, തോര്‍ പറയുന്നു.

അഭയാര്‍ത്ഥി പ്രവാഹം തടയാനായി യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ്. ജീവനല്ലാതെ കാര്യമായി ഒന്നും നഷ്ടപ്പെടാനില്ലാത്ത അഭയാര്‍ത്ഥികള്‍ എന്തും നേരിടാന്‍ തീരുമാനിച്ചുറച്ചാണ് ഇറങ്ങിപ്പുറപ്പെടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ഭരണകൂടങ്ങള്‍ തകര്‍ത്ത അല്ലെങ്കില്‍ തീര്‍ത്തും ദുര്‍ബലമായ പ്രദേശങ്ങളിലൂടെയാണ് ഇവര്‍ പലായനം നടത്തുന്നതും. ഇവിടങ്ങളിലെ നിയമ പാലകര്‍ അഭയാര്‍ത്ഥികളെ തടയുന്നതില്‍ അലംഭാവം കാട്ടുകയോ, അല്ലെങ്കില്‍ അഭയാര്‍ത്ഥി സംഘത്തില്‍ നിന്നും നല്ലൊരു തുക കൈമടക്ക് വാങ്ങി കടന്നു പോകാന്‍ അനുമതി നല്‍കുകയോ ചെയ്യുന്നു. പലായനം ചെയ്യുന്ന തങ്ങളുടെ പൗരന്മാരെ ആകര്‍ഷിച്ചു സ്വന്തം നാട്ടില്‍ തന്നെ നിര്‍ത്താനുള്ള കാര്യങ്ങള്‍ അവിടങ്ങളിലെ നേതാക്കന്‍ന്മാരും ചെയ്യുന്നില്ല. അഭയാര്‍ത്ഥി പ്രശ്‌നത്തെ യൂറോപ്പ് നേരിടുന്നൊരു പ്രശ്‌നം എന്നതില്‍ കവിഞ്ഞ് അഭയാര്‍ത്ഥികളുടെ സ്വന്തം നാടിന്റെ പ്രശ്‌നമായി ആരും കാണുന്നില്ല.

യുവജനങ്ങള്‍ ഒന്നായി വിട്ടൊഴിഞ്ഞു പോയ ഗ്രാമങ്ങളെയാണ് ഗാംബിയയില്‍ എനിക്കു കാണാന്‍ സാധിച്ചത്. കൃഷി മെച്ചപ്പെടുത്തുമെന്ന തരത്തിലുള്ള അവിടുത്തെ സേച്ഛാധിപത്യ ഭരണകുടത്തിന്റെ ദുര്‍ബലമായ പ്രചാരണങ്ങളൊന്നും യുവജനതയെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമല്ല. സാമ്പത്തികം പാടെ തകര്‍ന്ന നൈജീരിയയിലെ അഗാഡസില്‍ കള്ളക്കടത്തില്‍ നിന്ന് മാത്രമേ എന്തെങ്കിലും വരുമാനം ഉണ്ടാക്കാന്‍ കഴിയൂ എന്ന അവസ്ഥയിലാണ് ജനങ്ങള്‍. പലായനം ചെയ്യുന്നവരില്‍ നിന്നും വന്‍ തുകയാണ് കൈക്കൂലിയായി പോലീസ് വാങ്ങിയെടുക്കുന്നത്.”അഭയാര്‍ത്ഥികളുടെ സാധനങ്ങളും ഇവര്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നുണ്ട്,” തോറിന്റെ അനുഭവ സാക്ഷ്യം.

പരിഹാസ്യമായ രീതിയിലാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമൊക്കെ ഗാംബിയയില്‍ കുടിയേറ്റ വിരുദ്ധ പ്രചാരണ പരിപാടികള്‍ നടത്തിയത്. കുടിയേറ്റ വിരുദ്ധ സന്ദേശങ്ങളടങ്ങിയ സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയാണ് അവരവിടെ ചെയ്തത്. പക്ഷേ പലായനം ചെയ്യുന്ന വഴികളിലിവരെ തടുക്കാന്‍ ആരും മെനക്കെടാറില്ല. അവിടുത്തെ ആളുകള്‍ക്ക് കൈയില്‍ കുറച്ചു കാശും കിട്ടുമ്പോള്‍ നല്ലൊരു ഭാവിയും സ്വപ്നം കണ്ടു പോകുന്ന കുടിയേറ്റക്കാരെ തടുക്കേണ്ട കാര്യമെന്തിരിക്കുന്നു?

മുഅമ്മര്‍ ഗദ്ധാഫിയെ പുറത്താക്കിയത് മുതല്‍ ലിബിയയില്‍ മനുഷ്യക്കടത്തു സംഘങ്ങള്‍ക്കും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും മുതലെടുപ്പിനുള്ള നല്ല അവസരമൊരുങ്ങിയിരിക്കുകയാണ്. കുടിയേറ്റക്കാരെ തടയാനുള്ള പഴയ മികച്ച തീരസുരക്ഷാ സംവിധാനങ്ങളൊക്കെ പാടെ നശിച്ചു. “ഇതു പോലുള്ള ചെറിയ ബോട്ടുകള്‍ മാത്രമാണിപ്പോള്‍ പട്രോളിംഗിനായി സുരക്ഷാ സേനയുടെ പക്കലുള്ളത്,” കമാന്‍ഡര്‍ അവസ്ഥ വ്യക്തമാക്കി.

മികച്ച സുരക്ഷ സംവിധാനങ്ങളോടു കൂടിയ 90 വലിയ ബോട്ടുകള്‍ കൈവശമുണ്ടായിരുന്ന തീര സുരക്ഷ സേനയുടെ ആ സുവര്‍ണ്ണ കാലം അസം തോര്‍ ഓര്‍ത്തെടുത്തു. അന്ന് ഗദ്ധാഫി ഇറ്റലിയുമായി ആകര്‍ഷകമായൊരു കരാറിലെത്തിയിരുന്നു. കുടിയേറ്റം താന്‍ നിര്‍ത്തലാക്കാം. അതിനു പകരമായി 40 ലക്ഷം ഡോളര്‍ ലിബിയ്ക്ക് സഹായ ധനമായി നല്‍കണമെതായിരുന്നു കരാറിലെ വ്യവസ്ഥ. വ്യവസ്ഥ അനുസരിച്ച് കാര്യങ്ങള്‍ നല്ല നിലയ്ക്കു തന്നെ മുന്നോട്ടു നീങ്ങി. മനുഷ്യക്കടത്ത് ഏതാണ്ടില്ലാതായി എന്നു തന്നെ പറയാം. പക്ഷേ സ്വന്തം അതിര്‍ത്തിയിലെ സുരക്ഷ ഒരുക്കുന്നതിനായി ഗദ്ധാഫിക്ക് വലിയ തോതില്‍ പണം നല്‍കുന്നതിന്റെ യുക്തിയെ അന്നു പലരും ചോദ്യം ചെയ്തിരുന്നു.

2012-ല്‍ ഗദ്ധാഫിയെ അനൂകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം നടക്കുന്ന സമയത്ത് നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ബോട്ടുകളത്രയും തകര്‍ന്നത്. യൂറോപ്യന്‍ രാജ്യങ്ങളോട് തകര്‍ന്ന ബോട്ടുകള്‍ക്ക് പകരം മാറ്റി നല്‍കാന്‍ ലിബിയന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും ആരുമത് ചെവിക്കൊണ്ടില്ല.

ലിബിയയുടെ തെക്ക് പടിഞ്ഞാറുള്ള തുറമുഖ നഗരമായ സുവാറയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബാസന്‍ ദഹാം അന്ന് ഇറ്റലിയന്‍ അംബാസിഡറെ കണ്ടും രാജ്യത്തെ തീര രക്ഷാ സേനയ്ക്കു വേണ്ടി സഹായമഭ്യര്‍ത്ഥിച്ചിരുന്നു. കുടിയേറ്റക്കാരെ തടയാന്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സേനയ്ക്കു കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പല ഭാഗങ്ങളായി വിഭജിക്കപ്പെട്ട് കിടക്കുന്ന, വിഘടനവാദികളേറെയുള്ള രണ്ട് അധികാര കേന്ദ്രങ്ങള്‍ നിരന്തരം പോരടിച്ചു കൊണ്ടിരിക്കുന്ന ലിബിയയെ സഹായിക്കാന്‍ ഇറ്റലി ഒരുക്കമായിരുന്നില്ല.

കുടിയേറ്റക്കാരെ തടയേണ്ട ചുമതലയുള്ള ഈ യൂണിറ്റിന്റെ കമാന്‍ഡറായ അസം തോര്‍ പക്ഷേ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നും സന്തുഷ്ടനല്ല. സുരക്ഷ സേനയുടെ പരാധീനതകള്‍ക്കുപരിയായി അദ്ദേഹത്തെ അലട്ടുന്നത് മറ്റൊരു ചിന്തയാണ്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്ന അഭയാര്‍ത്ഥികളുടെ അവസ്ഥ അദ്ദേഹത്തിനു മനസ്സിലാവും. സ്വയമൊരു കുടിയേറ്റക്കാരനായി മനുഷ്യക്കടത്തുകാര്‍ക്ക് പണം നല്‍കി അവരുടെ ബോട്ടില്‍ യാത്ര ചെയ്ത പൂര്‍വ്വ ചരിത്രവും അസം തോറിനുണ്ട്. അതു കൊണ്ടു തന്നെ കുടിയേറ്റക്കാരെ തല്ലിയോടിക്കാനുള്ള തീരുമാനത്തെക്കാള്‍ വ്യക്തിപരമായി അദ്ദേഹം പിന്തുണയ്ക്കുന്നത് അഭയാര്‍ത്ഥികളുടെ കുടിയേറാനുള്ള തീരുമാനത്തെയാണ്.

“2011-ല്‍ അറബ് വസന്തം പരക്കാന്‍ തുടങ്ങിയ കാലത്ത്, ഗദ്ധാഫി വിമതരെ പിന്തുണയ്ക്കാനായി ഞാന്‍ സൈന്യത്തില്‍ നിന്നു രാജി വച്ചിരുന്നു. പക്ഷേ പിന്നീട് പ്രദേശത്തെ സൈന്യം സുവാറഹ് പിടിച്ചെടുത്തപ്പോള്‍ ഞാനും പിടിക്കപ്പെടുമെന്ന് എനിക്ക് ഏറെക്കുറേ ഉറപ്പായി. ഭാര്യയേയും മക്കളേയും 40 മൈല്‍ അകലെയുള്ള ട്യുണീസില്‍ എത്തിക്കണമായിരുന്നു.  ഒരു കുടിയേറ്റ ബോട്ടില്‍ ആളൊന്നിന് 500 ഡോളര്‍ വീതം നല്‍കി ഞാനും ഒരു അഭയാര്‍ത്ഥിയായി യാത്ര ചെയ്തു. യുദ്ധം നടക്കുെന്നാരു രാജ്യത്തിലെ അവസ്ഥ എന്താണ്, എന്തുകൊണ്ടാണ് അവിടുത്തെ ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരുന്നതെന്നതൊക്കെ എനിക്ക് നന്നായയറിയാം. പക്ഷേ ഒരു തീര സുരക്ഷ ജീവനക്കാരനായിരിക്കുമ്പോള്‍ എനിക്കെന്റെ ജോലി ചെയ്‌തേ മതിയാകു. പക്ഷേ അഭയാര്‍ത്ഥികള്‍ക്കെല്ലാം യൂറോപ്പിലേക്ക് പോകാന്‍ കഴിയട്ടെ എന്ന് തന്നെയാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്,” തോര്‍ വികാരധീനനായി.

അസം തോര്‍ ബോട്ട് തീരത്തേക്ക് അടുപ്പിച്ചപ്പോള്‍ പിടിച്ചെടുത്ത കുടിയേറ്റ ബോട്ടുകളുടെ ദൃശ്യം കൂടുതല്‍ വ്യക്തമായി. ബോട്ടുകളെന്ന് പറഞ്ഞു കൂടാ. ബോട്ടുകളുടെ കുറേ അവശിഷ്ടങ്ങളാണ് ബാക്കിയുള്ളത്. അവയിലുണ്ടായിരു യാത്രക്കാരില്‍ പലരും നീന്തി കരക്കടിഞ്ഞു. ബാക്കിയുള്ളവരുടെ ദുരിതം കടല്‍ അവസാനിപ്പിച്ചു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍