UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചന്ദ്രബോസ് വധം: പ്രതി നിഷാം കാരുണ്യവാന്‍, വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊതുയോഗം

യാദൃശ്ചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചുവെന്ന് നോട്ടീസ്‌

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജന്മനാടായ തൃശൂര്‍ മുറ്റിച്ചൂരില്‍ പൊതുയോഗം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

നിഷാം പൊതുകാര്യ ധനസഹായിയും, കാരുണ്യ ധര്‍മ്മ സ്‌നേഹിയും കായിക സംരഭ പ്രവര്‍ത്തകനുമാണെന്നാണ് ഇതു സംബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന നോട്ടീസില്‍ വിശേഷിപ്പിക്കുന്നത്. അര്‍ദ്ധരാത്രി ദീര്‍ഘയാത്ര കഴിഞ്ഞ് വരുമ്പോള്‍ തികച്ചും യാദൃശ്ചികമായി പ്രകോപനങ്ങളില്‍ ഉരിത്തിരിഞ്ഞ നിര്‍ഭാഗ്യകരമായ സംഭവമാണ് ഇതെന്നും നോട്ടീസ് അവകാശപ്പെടുന്നു.

നിഷാമിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം തുലാസിലാടുകയാണെന്നും നിഷാമിന്റെ ജയില്‍ മോചനത്തിലൂടെ അവര്‍ രക്ഷപ്പെടുമെന്നുമാണ് പറയുന്നത്. നാടിന്റെ വിവിധ വിഷയങ്ങളില്‍ നിര്‍ലോഭം സഹായം നല്‍കിയിരുന്ന അദ്ദേഹത്തിന്റെ അസാന്നിധ്യം തങ്ങളെ ഏറെ വേദനിപ്പിക്കുന്നു.

കേസില്‍ മാധ്യമങ്ങളെയും നോട്ടീസില്‍ കുറ്റം പറയുന്നുണ്ട്. മാധ്യമങ്ങള്‍ കാണാമറയത്തെ കാര്യങ്ങള്‍ പെരുപ്പിച്ച് കൊടുംഭീകര കുറ്റവാളിയായാണ് നിഷാമിനെ ചിത്രീകരിക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍. സത്യമറിയാവുന്ന നമ്മള്‍ നാട്ടുകാര്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല എന്ന സത്യം ഇവിടെ നിഴലിച്ചു നില്‍ക്കുന്നു. അതിനാല്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അപേക്ഷിച്ചാണ് നോട്ടീസ് അവസാനിക്കുന്നത്. മുറ്റിച്ചൂര്‍ സെന്റര്‍ മന്‍ഹല്‍ പാലസിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

എന്നാല്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ നേതൃത്വത്തിലല്ല യോഗമെന്നാണ് രാഷ്ട്രീയ നേതാക്കളും പൗരപ്രമുഖരും പറയുന്നത്. നേരത്തെ ജയിലില്‍ കിടന്നും നിഷാം തന്നെ ഭീഷണിപ്പെടുത്തുന്നതായി ബിസിനസ് പാര്‍ട്ണര്‍ പിബി ബഷീര്‍ അലി പരാതി നല്‍കിയിരുന്നു. തന്നെയും കുടുംബത്തെയും കൊന്നുകളയുമെന്നാണ് ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതി പോലീസ് പരിഗണനയിലിരിക്കെയാണ് പുതിയ നീക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍