UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്ഭവനെ ‘യംഗ് ലേഡീസ് ക്ലബ്’ ആക്കിയെന്ന് ജീവനക്കാര്‍; മേഘാലയ ഗവര്‍ണര്‍ രാജി വച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 80ലധികം വരുന്ന രാജ്ഭവന്‍ ജീവനക്കാര്‍ ഗവര്‍ണര്‍ക്കെതിരെ പരാതിക്കത്ത് നല്‍കിയതിന് പിന്നാലെയാണ് രാജി. രാജ്ഭവനെ ഗവര്‍ണര്‍ ഒരു യംഗ് ലേഡീസ് ക്ലബ് ആക്കി മാറ്റിയെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖാനന്ദന്‍ രാജി വച്ചു. രാജ് ഭവനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ അഭിമുഖത്തിന് വന്ന യുവതിയെ ഗവര്‍ണര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് രാജ് ഭവന്‍ ജീവനക്കാരുടെ പരാതി. കഴിഞ്ഞ മാസമാണ് സംഭവം. 80ലധികം വരുന്ന രാജ്ഭവന്‍ ജീവനക്കാര്‍ ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതിക്കത്ത് നല്‍കിയതിന് പിന്നാലെയാണ് രാജി. രാജ്ഭവനിലെ വനിതാ ജീവനക്കാരോട് വളരെ മോശം പെരുമാറ്റമാണ് ഗവര്‍ണറുടേതെന്ന് പരാതിയില്‍ ആരോപിക്കുന്നു. രാജ്ഭവനെ ഗവര്‍ണര്‍ ഒരു യംഗ് ലേഡീസ് ക്ലബ് ആക്കി മാറ്റിയെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

ആര്‍എസ്എസ് പ്രചാരകനായിരുന്ന ഷണ്‍മുഖാനന്ദനെ 2015 മേയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മേഘാലയ ഗവര്‍ണറായി നിയമിക്കുന്നത്. അരുണാചല്‍ പ്രദേശിന്റെ അധിക ചുമതലയും ഷണ്‍മുഖാനന്ദന്‍ വഹിച്ചിരുന്നു. ഡിസംബര്‍ എട്ടിന് വൈകീട്ട് ഏഴ് മണിക്കാണ് യുവതിയെ ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചത്. നേരത്തെ ഫുള്‍ ബോഡ് ഇന്റര്‍വ്യൂ കഴിഞ്ഞിരുന്നു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു. നിലവില്‍ യുവതി പൊലീസിലോ വനിതാ കമ്മീഷനിലോ ഗവര്‍ണര്‍ക്കെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടോ അപമര്യാദയായ പെരുമാറ്റം സംബന്ധിച്ചോ പരാതി നല്‍കിയിട്ടില്ല. മാദ്ധ്യമപ്രവര്‍ത്തക സുഹൃത്തിന് അയച്ച ടെക്സ്റ്റ് മെസേജിലാണ് യുവതി ഗവര്‍ണറുടെ പെരുമാറ്റം സംബന്ധിച്ച് പറയുന്നത്.

നിന്നെ കാണാന്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ പോലെയുണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ തന്നെ കടന്നുപിടിച്ചെന്നും കവിളില്‍ ചുംബിച്ചെന്നുമാണ് യുവതി പറയുന്നത്. അപ്രതീക്ഷിത സംഭവത്തില്‍ തനിക്ക് വലിയ ആഘാതവും വേദനയുമുണ്ടാക്കിയെന്ന് യുവതി പറയുന്നു. സംഭവം മേഘാലയയിലെ പ്രാദേശിക പത്രങ്ങള്‍ അറിയുകയും വലിയ വാര്‍ത്തയാക്കുകയും ചെയ്തു. ഇന്ത്യന്‍ എക്‌സപ്രസ് അടക്കമുള്ള പത്രങ്ങളും ഗവര്‍ണറുടെ പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്തു. ഗവര്‍ണര്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കാണിച്ച് രാജ്ഭവന്‍ ജീവനക്കാരുടെ കത്ത് കൂടിയായതോടെ രാജി വയ്ക്കുകയായിരുന്നു.

പ്രധാനമന്ത്രിയ്ക്കയച്ച കത്തിന്റെ കോപ്പികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മേഘാലയ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. ജീവനക്കാര്‍ മാനസിക പീഡനത്തിന് ഇരയാക്കപ്പെടുന്നുണ്ട് എന്ന് കത്തില്‍ പറയുന്നു. വനിതാ ജീവനക്കാര്‍ക്ക് ഗവര്‍ണറുടെ പെരുമാറ്റത്തില്‍ വലിയ പരാതിയുണ്ട്. രാജ് ഭവനില്‍ നിലവിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറമെ നൈറ്റ് ഡ്യൂട്ടിക്കായി രണ്ട് നഴ്‌സുമാരെ കൂടി നിയോഗിച്ച് ലൈംഗിക ചൂഷണം നടത്തുന്നുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. ഗവര്‍ണറുടെ പെരുമാറ്റങ്ങളും നടപടികളുമായി ബന്ധപ്പെട്ട പരാതികള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഗവര്‍ണറെ പുറത്താക്കി രാജ്ഭവന്റെ അന്തസ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ രാജി.

അതേസമയം ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ഗവര്‍ണറുടെ ആരോപണം. മേഖാലയയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്‍എക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ബിജെപിയുടെ വാദം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണമുള്ളത് ജൂലിയസ് ഡോര്‍ഫാംഗ് എന്ന എംഎല്‍എയ്‌ക്കെതിരെയാണ്. മുന്‍ തീവ്രവാദി നേതാവായ ജൂലിയസ് ഡോര്‍ഫാംഗ് 2007ലാണ് സര്‍ക്കാരിന് കീഴടങ്ങിയത്. ആഭ്യന്തര മന്ത്രി എച്ച്ഡിആര്‍ ലിങ്‌ദോയുടെ മകന്റെ ഗസ്റ്റ് ഹൗസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലിങ്‌ദോ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വനിതാ സംഘടനകള്‍ പ്രക്ഷോഭരംഗത്തുണ്ടായിരുന്നു. എന്നാല്‍ രാജ്ഭവന്‍ ജീവനക്കാര്‍ ഒന്നടങ്കം ഗവര്‍ണറുടെ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തെ കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് ഗവര്‍ണറെ പ്രതിരോധത്തിലാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍