UPDATES

ട്രെന്‍ഡിങ്ങ്

പ്രത്യേക അവകാശങ്ങളെ ചൊല്ലി കശ്മിരിലെ പാര്‍ട്ടികള്‍ കേന്ദ്രവുമായി ഇടയുന്നു, കശ്മീരിനായുള്ള വകുപ്പുകള്‍ റദ്ദാക്കിയാല്‍ ഇന്ത്യയുടെ ഭാഗമായി തുടരണമോ എന്ന് ആലോചിക്കുമെന്ന് മെഹ്ബൂബ മുഫ്തി

കശ്മീരിന് ഭരണഘടനപരമായി നല്‍കിയ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയണമെന്നതാണ് ബിജെപിയുടെ നിലപാട്

കശ്മീരിനുള്ള പ്രത്യേക അവകാശങ്ങളുമായി ബന്ധപ്പെട്ട ധനമന്ത്രി അരുണ്‍ ജെയ്റ്റിലുടെ പുതിയ പ്രസ്താവന വലിയ വിവാദത്തിലേക്ക്. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 35 (A) വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്തവനയാണ് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായത്.

35(A) വകുപ്പ് ഭരണഘടനയില്‍ രഹസ്യമായി ചേര്‍ത്തതാണെന്നും അത് സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നുവെന്നുമായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. നെഹ്‌റുവിന്റെ കാലത്ത് ചെയ്ത അബന്ധങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടോ എന്നും പുതിയ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനങ്ങളല്ലേ ഉണ്ടാകേണ്ടതെന്നും അദ്ദേഹം Rule of law and state of Jammu and Kashmir എന്ന പേരില്‍ എഴുതിയ ബ്ലോഗില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പൊതുതാല്‍പര്യം കശ്മീരിനും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് പിപ്പീള്‍സ് ഡെമോക്രാറ്റിക്ക് പാര്‍്ട്ടിയും നാഷണല്‍ കോണ്‍ഫറന്‍സും രംഗത്തുവന്നത്.

പ്രത്യേക അവകാശങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതെന്നും അത് മാറ്റിയാല്‍ ഇന്ത്യയില്‍ തുടരണമോ എന്നതിനെകുറിച്ച് പുനരാലോചിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും പിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്ത്തി പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ ഏത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് മല്‍സരിക്കുന്നതെന്ന് കശ്മീരിലെ സ്ഥാനാര്‍ത്ഥികള്‍ ആലോചിക്കണം. അത് ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരമാണ്. ഈ ബന്ധം എടുത്തുകളയുകയാണെങ്കില്‍ ഇന്ത്യന്‍ ഭരണഘടനതൊട്ട് എങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും അവര്‍ ഒരു പൊതു യോഗത്തില്‍ ചോദിച്ചു.

പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞാല്‍ കശ്മീരിന്റെ ഇന്ത്യയുമായുളള ബന്ധം പുതിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പുതുക്കി പണിയേണ്ടിവരും. ഇന്ത്യയില്‍ തുടരണമോ എന്ന കാര്യം ആലോചിക്കേണ്ടിവരും. ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്തോട് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ഭാഗമാണെന്ന് ഇന്ത്യ പറയുകയെന്നും അവര്‍ പൊതുയോഗത്തില്‍ ചോദിച്ചു. ഭരണഘടനയുടെ 370-ാം വകുപ്പ് നീക്കം ചെയ്യുകയാണെങ്കില്‍ കശ്മീരുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് അര്‍ത്ഥം എന്നും അവര്‍ പറഞ്ഞു.
ഭരണഘടനയുടെ 35(A) വകുപ്പാണ് കാശ്മീരിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന തെറ്റായ ധാരണ പരത്താനാണ് അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത് പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാര്‍ ആരാണെന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന വ്യവസ്ഥയാണ് 35(A). പൊതുമേഖല സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും ജോലിയ്ക്കും ഭൂമി വാങ്ങാനുമുളള അവകാശവും സ്ഥ്ിരം താമസക്കാര്‍ക്കായിരിക്കും.

1954 ലാണ് ഈ വ്യവസ്ഥ ഭരണഘടനയുടെ ഭാഗമായത്. പാര്‍ലമെന്റിലൂടെയല്ലാതെ പ്രസിഡന്റിന്റെ ഉത്തരവ് വഴിയാണ് ഈ വ്യവസ്ഥ ഭരണഘടനയുടെ ഭാഗമായത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും കശ്മീര്‍ പ്രധാനമന്ത്രി ഷെയ്ക്ക് അബ്ദുള്ളയും ഏര്‍പ്പെട്ട 1952 ലെ ഡല്‍ഹി കരാറിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഈ വ്യവസ്ഥ ഭരണഘടനയുടെ ഭാഗമായത്.
കശ്മീരിന് നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കുമെതിരായിരുന്നു എക്കാലവും ബിജെപിയുടെ നിലപാട്. മറ്റ് നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതില്‍നിന്ന് വ്യത്യസതമായ രീതികളിലൂടെയാണ് കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കിയതെന്ന കാര്യം ബിജെപിയും സംഘപരിവാറും അംഗീകരിക്കുന്നില്ല. ജവഹര്‍ നെഹ്‌റുവിന്റെ നയപരമായ പരാജയമാണ് ഇത്തരം വ്യവസ്ഥകള്‍ ഭരണഘടനയുടെ ഭാഗമായതെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ കശ്മീരിലെ പ്രബലാരായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ നിലപാടിനെ തള്ളികളയുന്നവരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍