UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഹബൂബ മുഫ്തി ജമ്മുകശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകാന്‍ സാധ്യത

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്ത് മുഫ്തി മുഹമ്മദ് സെയ്ദിന്റെ പിന്‍ഗാമിയായി മെഹബൂബ മുഫ്തി ചുമതലയേല്‍ക്കാന്‍ സാധ്യത. മുഫ്തിയുടെ മകളാണ് മെഹബൂബ. ഐകകണ്‌ഠേന പിഡിപി മെഹബൂബയെ തെരഞ്ഞെടുക്കാനാണ് സാധ്യത. മുതിര്‍ന്ന പിഡിപി നേതാവും ലോക്‌സഭാ അംഗവുമായ മുസഫര്‍ ഹുസൈന്‍ ബെയ്ഗ് മെഹബൂബയാണ് പിഡിപി മുഖ്യമന്ത്രി സ്ഥാനത്ത് മുഫ്തിയുടെ പിന്‍ഗാമിയെന്ന് വ്യക്തമാക്കി കഴിഞ്ഞു.

എന്നിരുന്നാലും ഭരണത്തില്‍ പിഡിപിയുടെ സഖ്യകക്ഷിയായ ബിജെപിയുടെ അനുവാദം ഇക്കാര്യത്തില്‍ വേണ്ടി വരും. ഇതുവരെ ആരും എതിര്‍പ്പ് ഉയര്‍ത്തിയിട്ടില്ലെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28 സീറ്റും ബിജെപിക്ക് 25 സീറ്റും ഉണ്ട്. പ്രതിപക്ഷ കക്ഷികളായ നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം സീറ്റുകളുണ്ട്.

കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിഡിപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകിയെങ്കിലും ഇത്തവണ തീരുമാനം അതിവേഗത്തില്‍ എടുക്കേണ്ടതുണ്ട്. ജനുവരി 18-ന് ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ ഇരിക്കുകയാണ്.

1996-ല്‍ പിതാവ് മുഫ്തിയോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു കൊണ്ടാണ് മെഹബൂബയെന്ന തീപ്പൊരി നേതാവ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

രണ്ട് കുട്ടികളുടെ അമ്മയായ ഈ 56 വയസ്സുകാരി നിലവില്‍ പിഡിപിയുടെ പ്രസിഡന്റാണ്. ബിജ്‌ബെഹരയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് അവര്‍ ആദ്യം നിയമസഭയില്‍ എത്തുന്നത്.

1999-ലാണ് മുഫ്തിയും കൂട്ടരും കോണ്‍ഗ്രസ് പിളര്‍ത്തി പ്യൂപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെന്ന പിഡിപി രൂപീകരിക്കുന്നത്. 2002-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഡിപി 16 സീറ്റുകളില്‍ വിജയിക്കുകയും കോണ്‍ഗ്രസിന്റേയും സ്വതന്ത്ര എംഎല്‍എമാരുടേയും പിന്തുണയോടെ ഭരണത്തിലേറുകുയം ചെയ്തു.

2004-ല്‍ സൗത്ത് കശ്മീരില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് വിജയിക്കുകയും ചെയ്തിട്ടുണ്ട് മെഹബൂബ. 2008-ല്‍ സൗത്ത് കശ്മീരിലെ ഷോപിയാനിലെ വാച്ചിയില്‍ നിന്ന് എംഎല്‍എയായി അവര്‍ വിജയിച്ചു. ആ തെരഞ്ഞെടുപ്പില്‍ പിഡിപി 21 സീറ്റുകള്‍ നേടിയെങ്കിലും എന്‍സി-കോണ്‍ഗ്രസ് സഖ്യത്തോട് പരാജയപ്പെട്ടു. 2014-ല്‍ മെഹബൂബ സൗത്ത് കശ്മീരില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. 2014-ല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഡിപിക്ക് 28 സീറ്റുകളില്‍ വിജയിക്കാനായി. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത നിയമസഭയില്‍ പിഡിപിയും ബിജെപിയും ചേര്‍ന്ന് അധികാരത്തിലെത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍