UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബുര്‍ഹാന്‍ വാനിയുടെ കൊല മെഹബൂബ മുഫ്തിയുടെ രാഷ്ട്രീയ അടിത്തറ ഇളക്കുമോ?

ടീം അഴിമുഖം 

മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അല്ലായിരുന്നെങ്കില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കശ്മീര്‍ തീവ്രവാദത്തിന്റെ പുതിയ രക്തസാക്ഷി ബുര്‍ഹാന്‍ വാനിയുടെ വീട്ടിലേക്ക് നിശ്ചയമായും സന്ദര്‍ശനം നടത്തിയേനെ. കൊല്ലപ്പെട്ട തീവ്രവാദികളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് പി ഡി പി കെട്ടിപ്പടുക്കാന്‍ ഏറെ യത്‌നിച്ച മെഹബൂബയുടെ പതിവായിരുന്നു. അതിനവര്‍ അന്ന് പറഞ്ഞ ന്യായം: അവര്‍ നമ്മുടെ സ്വന്തം കുട്ടികളാണ്. 

എന്നാല്‍ ബുര്‍ഹാന്റെ കൊലപാതകം മുഖ്യമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ശാന്തസുന്ദരമായ ദാല്‍ തടാകത്തിന്റെ അരികിലുള്ള തന്റെ വീട്ടിലിരിക്കുമ്പോള്‍, തന്റെ അയല്‍ക്കാരനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്തിനെക്കുറിച്ചാണോ ട്വീറ്റ് ചെയ്തത്, അതേ ആസാദി മുദ്രാവാക്യങ്ങള്‍ മെഹബൂബയും കേള്‍ക്കുന്നുണ്ടാകും. 

പള്ളികളില്‍ നിന്നും ഉച്ചഭാഷിണികളിലൂടെ മുഴങ്ങുന്ന ആസാദി മുദ്രാവാക്യങ്ങള്‍ മാത്രമല്ല മെഹബൂബയെ കുഴക്കുന്ന ഏക പ്രശ്‌നം. ബൂര്‍ഹാനിയുടെ മരണത്തെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും അവരെ പ്രതിസന്ധിയിലാക്കുന്നു. മെഹബൂബയുടെ തന്നെ വാക്കുകളില്‍, ‘ഇത് 2010 ലെ കല്ലെറിയല്‍ സമരത്തിന്റെ ആവര്‍ത്തനമാകുമോ?’

തെരുവുകളെ തീപിടിപ്പിച്ച പ്രതിഷേധങ്ങളില്‍ ആ വര്‍ഷം യുവാക്കള്‍ ഒന്നൊന്നായി മരിച്ചുവീണപ്പോള്‍ ഒമര്‍ അബ്ദുള്ള തന്റെ കാര്യാലയത്തില്‍ അടച്ചിരുന്നു. മരിച്ചവരുടെ എണ്ണം നൂറുകവിഞ്ഞു. ആ രാഷ്ട്രീയ ആഘാതത്തില്‍ നിന്നും ചെറുപ്പക്കാരനായ മുഖ്യമന്ത്രി ഒരിക്കലും പുറത്തുകടന്നില്ല. ഇന്നിപ്പോള്‍ കാശ്മീര്‍ ഒരിക്കല്‍ക്കൂടി തിളച്ചുമറിയുമ്പോള്‍ അതിന്റെ പ്രഭവ മേഖല പി ഡി പി ശക്തികേന്ദ്രമായ തെക്കന്‍ കശ്മീരാണ് എന്നത് മെഹബൂബയ്ക്ക് നന്നായറിയാം. 

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒരിക്കലും വൈകാതിരുന്ന കരുത്തയായ രാഷ്ട്രീയക്കാരി ഇപ്പോള്‍ വീണത് തന്റെ മുന്‍ഗാമി വീണ അതേ കെണിയിലാണ്: ഏകയായി, ഒന്നും ചെയ്യാനാകാതെ,’ക്രമസമാധാന’ മൂടുപടത്തിന് പിന്നിലൊളിക്കേണ്ടി വരുന്ന ദുരവസ്ഥ. മെഹബൂബയുടേത് ഒമറിനെക്കാള്‍ മോശമായ അവസ്ഥയാണ്. കാരണം സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണമെന്ന് വാദിക്കുന്ന, താഴ്‌വരയില്‍ ഒട്ടും സ്വീകാര്യരല്ലാത്ത ബിജെപിയുമായാണ് അവര്‍ അധികാരം പങ്കിടുന്നത്. 

മെഹബൂബയുടെ പ്രതിച്ഛായ മാറ്റവും ഒരു മൃദു വിഘടനവാദിയില്‍ നിന്നും തീവ്രദേശീയവാദിയിലേക്ക് അവരുടെ ഈയിടെ വന്ന പ്രസ്താവനകളും അസ്വസ്ഥതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. 

അടുത്തിടെ കശ്മീര്‍ പശ്ചാത്തലത്തില്‍ പൂച്ചകളും പ്രാവുകളുമായാണ് പണ്ഡിറ്റുകളെയും മുസ്ലിങ്ങളെയും മെഹബൂബ ഉപമിച്ചത് (പൂച്ചകള്‍ മുസ്ലീങ്ങളും പ്രാവുകള്‍ പണ്ഡിറ്റുകളും). ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചുള്ള വര്‍ത്തമാനത്തിന് വിഘടനവാദികളെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു. ഒരു സിആര്‍പിഎഫ് വാഹനാവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ‘ഒരു മുസ്ലിമായതില്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്ന പരാമര്‍ശം ചില സുരക്ഷ അധികൃതരെപ്പോലും ആശങ്കപ്പെടുത്തി. അതിര്‍ത്തി കടന്നുവരുന്ന വിദേശ തീവ്രവാദികളെക്കാള്‍ ബുര്‍ഹാനെ പോലുള്ള പ്രാദേശിക തീവ്രവാദികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വാക്കുകള്‍ കുറച്ചുകൂടി സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയെ ഉപദേശിച്ചു. 

ബുര്‍ഹാന്റെ കൊലപാതകം കശ്മീരിലെ പുതുതലമുറ തീവ്രവാദത്തിന് വലിയ ഊര്‍ജമാണ് നല്‍കാന്‍ സാധ്യത. പക്ഷേ അത് ദീര്‍ഘകാലാടിസ്ഥാനത്തിലാണ്. എന്നാല്‍ അടിയന്തരമായി, മെഹബൂബ നേരിടുന്നത് പ്രതിഷേധങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഉയരുന്നു, അമര്‍നാഥ് യാത്ര റദ്ദാക്കുന്നു- 2010നു ശേഷം ഇതുവരെ യാത്ര തടസപ്പെട്ടിരുന്നില്ല-പരീഖകള്‍ നീട്ടിവെക്കുന്നു എന്നിവയൊക്കെയാണ്. കലുഷിതമായ സാഹചര്യങ്ങളാണ് കശ്മീരില്‍ എന്നതിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. 

ഇപ്പോഴത്തെ വലിയ ചോദ്യമിതാണ്: മെഹബൂബ രാഷ്ട്രീയ ലേപനം ശരിയായി ഉപയോഗിക്കുകയും ഭരണകൂടത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നത് തടയുകയും ചെയ്യുമോ? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍