UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോളയെ കെട്ടുകെട്ടിച്ച് ഉത്തര്‍പ്രദേശിലെ പ്ലാച്ചിമട

Avatar

പി.കെ

ഉത്തര്‍പ്രദേശിലും ഒരു പ്ലാച്ചിമട! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നുള്ള ഈ വാര്‍ത്തയ്ക്ക് മാധ്യമങ്ങളൊന്നും വലിയ പ്രാധാന്യം നല്‍കിയിട്ടില്ല. യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിനെ തുടര്‍ന്ന്, മെഹ്ദിഗഞ്ചിലെ കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയതാണ് സംഭവം. പ്ലാച്ചിമടയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ വലിയൊരു ജനകീയപ്രക്ഷോഭത്തിന്റെ വിജയം കൂടിയാണ് ഇത്. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ഉത്പ്പാദനം നടത്തിയതടക്കം ഒട്ടേറെ വ്യവസ്ഥകള്‍ കോളക്കമ്പനി ലംഘിച്ചെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

ജൂണ്‍ ആറിന് കമ്പനി അടച്ചു പൂട്ടാന്‍ ബോര്‍ഡ് ഉത്തരവിട്ടു. 1999ലാണ് കോള പ്ലാന്റ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. അതുവരെ മെഹ്ദിഗഞ്ചിലെ ഭൂഗര്‍ഭജല നിരപ്പ് സുരക്ഷിതസ്ഥാനത്തായിരുന്നു. എന്നാല്‍, കോളക്കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഭൂഗര്‍ഭ ജലനിരപ്പില്‍ മാറ്റം വന്നു തുടങ്ങി. എന്നാല്‍, പത്തു കൊല്ലത്തിനുള്ളില്‍ ഭൂഗര്‍ഭജലനിരപ്പ് അപകടകരമായ അളവില്‍ കുറഞ്ഞതായി 2009ല്‍ കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റി കണ്ടെത്തി. ഇതോടെ, സമീപപ്രദേശങ്ങളില്‍ കര്‍ഷകരും താമസക്കാരുമൊക്കെ ഭൂഗര്‍ഭജലം ഉപയോഗിച്ചിരുന്നതിന് വിലക്കു വരാന്‍ തുടങ്ങി. ജനങ്ങളുടെ കുടിവെള്ളം പോലും മുട്ടിയപ്പോഴും കപ്പലില്‍ തന്നെയുള്ള കള്ളനെ ആരും തിരിച്ചറിഞ്ഞില്ല. 

വാരാണസിയിലെ ലോക്‌സമിതിയുടെ നേതൃത്വത്തില്‍ ജനകീയപ്രക്ഷോഭം ആരംഭിച്ചതോടെ സംഭവം പുറം ലോകമറിയാന്‍ തുടങ്ങി. ഗ്രാമവാസികളുടെ കുടിവെള്ളം മുടക്കുന്ന കോളക്കമ്പനി പൂട്ടണമെന്ന് സമിതി ആവശ്യപ്പെട്ടു. 15 ഗ്രാമക്കാര്‍ സമരത്തെ പിന്തുണച്ചു. 2013 ഏപ്രില്‍ 13ന് കേന്ദ്രസര്‍ക്കാരിന് കത്തയയ്ക്കുകയും ചെയ്തു. ഒരു ദിവസം 20,000 കെയ്‌സ് ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമാണ് കോളക്ക് അനുമതിയുള്ളത്. എന്നാല്‍, കമ്പനി ചട്ടം ലംഘിച്ച് 36,000 കെയ്‌സുകളുണ്ടാക്കി വിറ്റു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്ക് അപേക്ഷിക്കാന്‍ പോലും കമ്പനി മുതിര്‍ന്നില്ല. വ്യവസായ മാലിന്യത്തെക്കുറിച്ചുള്ള കണക്കിലും ക്രമക്കേടു കാണിച്ച് ബോര്‍ഡിനെ തെറ്റിധരിപ്പിച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പിന്നീട് മലിനീകരണ ബോര്‍ഡ് കണ്ടെത്തി. ഇതിനെല്ലാം പുറമെ നിലവിലുള്ള പ്ലാന്റ് ശേഷി കൂട്ടാന്‍ കോള സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. 2020 ഓടെ അഞ്ചു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനും കമ്പനി പദ്ധതിയിട്ടു. 

കമ്പനിയുടെ കള്ളത്തരങ്ങള്‍ കണ്ടുപിടിച്ച മലിനീകരണ ബോര്‍ഡ് കമ്പനി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. കോള ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു. മൂന്നു തവണ വാദമുണ്ടായെങ്കിലും കോളക്ക് അനുമതി നല്‍കാന്‍ ട്രിബ്യൂണല്‍ തയ്യാറായില്ല. ഒടുവില്‍, ജൂണ്‍ ആറിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അന്തിമ ഉത്തരവെത്തി. നിയമവിരുദ്ധമായാണ് കമ്പനി പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ഏറ്റെടുത്ത ഭൂമി വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കാന്‍ നിയമപരമായി അനുവാദമുള്ളതല്ല. കോളക്കമ്പനി സ്ഥലമൊഴിയണമെന്ന് 2013 ഡിസംബറില്‍ പ്രാദേശികഭരണകൂടം ഉത്തരവിട്ടു. കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവു വാങ്ങി കമ്പനി ഈ ഉത്തരവിനെ മറി കടന്നു.

ചൂഷണത്തിന് എല്ലാ നിയമവ്യവസ്ഥകളും അട്ടിമറിക്കാനും മറികടക്കാനും കോളക്കു മടിയില്ലെന്ന് തെളിയിക്കുന്നതാണ് മെഹ്ദിഗഞ്ചിലെ ചെയ്തികള്‍. എന്നാല്‍, ബഹുരാഷ്ട്രഭീമനെ മൂക്കുകയറിട്ട് ഒരു പ്രാദേശിക ബോര്‍ഡ് വീണ്ടും മാതൃക കാട്ടിയിരിക്കുന്നു. പ്ലാച്ചിമടയില്‍ കോളക്ക് അനുമതി നിഷേധിച്ചത് പഞ്ചായത്തായിരുന്നു. ഒരു ജനകീയസമരത്തിനുള്ള തിരിനാളമായിരുന്നു ഈ നടപടി. ഏതു ഭരണവും കൈയ്യിലെടുക്കാന്‍ തന്ത്രങ്ങളുള്ള കോളക്കമ്പനി ഒരു പക്ഷെ, വാരാണസിയില്‍ ഇനിയും പ്രവര്‍ത്തിച്ചേയ്ക്കാം. പക്ഷെ, ഒരു പ്രക്ഷോഭവിജയത്തിന്റെ മാതൃകയാണ് മെഹ്ദിഗഞ്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍