UPDATES

വിദേശം

ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രഥമ വനിത മെലാനിയ വൈറ്റ് ഹൌസിലേക്ക് വരുമോ?

Avatar

ഹെലെന ആന്‍ഡ്ര്യൂസ്-ഡയര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ന്യൂയോര്‍ക്ക് പോസ്റ്റ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പോലെ, താന്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷവും പ്രഥമ വനിത മെലാനിയ ട്രംപും പത്തു വയസുള്ള പുത്രന്‍ ബാരോണും ന്യൂയോര്‍ക്കില്‍ തന്നെ തുടരുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച സ്ഥിരീകരിച്ചു.

താന്‍ ഉടനടി ഔദ്യോഗിക വസതിയിലേക്ക് മാറുമെന്നും മിസിസ്സ് ട്രംപും മാന്‍ഹട്ടന്‍ പ്രീ സ്‌കൂളില്‍ പഠിക്കുന്ന ഏറ്റവും ഇളയ പുത്രനും, ‘വളരെ പെട്ടെന്ന്, അവന്റെ പഠനം പൂര്‍ത്തിയാക്കിയശേഷം,’ വൈറ്റ് ഹൗസില്‍ എത്തുമെന്നും, സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കൂടുമാറ്റത്തെ കുറിച്ചുള്ള കുടുംബത്തിന്റെ പരിപാടിയെ കുറിച്ച് ആരാഞ്ഞപ്പോള്‍, എഴുപതുകാരനായ ട്രംപ് പറഞ്ഞതായി മക്‌ളാച്ചി വൈറ്റ് ഹൗസിന്റെ ലേഖിക അനിത കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരു അധ്യായന വര്‍ഷത്തിന്റെ പകുതിയില്‍ വച്ച് ഒരു പത്തുവയസുകാരനെ സ്‌കൂളില്‍ നിന്നും മാറ്റുന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും,’ എന്ന് ട്രംപിന്റെ കൂടുമാറ്റകാര്യങ്ങളുടെ വക്താവ് ജേസണ്‍ മില്ലര്‍ സമ്മതിച്ചു.

‘പ്രചാരണം ബാരോണിന് കടുത്ത ബുദ്ധിമുട്ടുണ്ടാക്കി, അതുകൊണ്ട് തന്നെ തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു,’ എന്ന് ഞായറാഴ്ച രാവിലെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് ‘ട്രംപിന്റെ കൂടുമാറ്റ സംഘത്തോട് അടുത്തുനില്‍ക്കുന്നു,’ ‘പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത,’ ഒരു വ്യക്തി പറഞ്ഞു.

തല്‍ക്കാലത്തേങ്കിലും വൈറ്റ് ഹൗസിലേക്ക് താമസം മാറേണ്ടതില്ലെന്ന് മെലാനിയ ട്രംപിന്റെ തീരുമാനത്തിന് മുന്‍ ഉദാഹരണങ്ങളില്ല. മിക്കവാറും എല്ലാ പ്രഥമ വനിതകളും അവിടെ പാര്‍പ്പുറപ്പിച്ചവരാണ്. വൈറ്റ് ഹൗസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ജോര്‍ജ്ജ് വാഷിംഗ്ടണും അദ്ദേഹത്തിന്റെ ഭാര്യ മാര്‍ത്ത വാഷിംഗ്ടണും അവിടെ പാര്‍ത്തിരുന്നില്ലെന്ന് വൈറ്റ് ഹൗസ് ചരിത്ര അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. യുഎസിന്റെ ഒമ്പതാം പ്രസിഡന്റായിരുന്ന വില്യം ഹെന്‍ട്രി ഹാരിസണിന്റെ ഭാര്യ അന്ന ഹാരിസണും അവിടെ പാര്‍ത്തിരുന്നില്ല. സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ള ഭര്‍ത്താവ് മരിച്ചതിനാലാണ് അന്ന വൈറ്റ് ഹൗസില്‍ താമസിക്കാന്‍ എത്താതിരുന്നത്.

ട്രംപ് കുട്ടികളില്‍ ഏറ്റവും ഇളയവനായ ബാരോണിന്റെ അമ്മ എന്നതാണ് തന്റെ അടിസ്ഥാന കര്‍മ്മമെന്നും അല്ലാതെ പ്രാചരകയോ രാഷ്ട്രീയ പ്രവര്‍ത്തകയോ എന്ന നിലയിലല്ലെന്നും 46 കാരിയായ മെലാനിയ ട്രംപ് 2015 സെപ്തംബറില്‍ പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവ് ആദ്യവട്ടം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ‘മുഖ്യമായും അമ്മ’ എന്ന് മിഷേല്‍ ഒബാമ സ്വയം വിശേഷിപ്പച്ചിതിന് തതുല്യമായിരുന്നു മെലാനിയയുടെ വികാരവും.

‘എന്റെ ഭര്‍ത്താവ് എപ്പോഴും യാത്ര ചെയ്യുന്ന ആളാണ്,’ മെലാനിയ ട്രംപ് പറഞ്ഞു. ‘ബാരോണിന് രക്ഷകര്‍ത്താവെന്ന നിലയില്‍ ആരുടെയെങ്കിലും സാന്നിധ്യം അനിവാര്യമാണെന്നതിനാല്‍, ഞാന്‍ എപ്പോഴും അവനോടൊപ്പം ചിലവഴിക്കുന്നു.’

പ്രചാരകോഹലങ്ങളിലെ ഒരു അപൂര്‍വ വ്യക്തിത്വമായിരുന്ന മെലാനിയ ട്രംപ്, ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും ഒരു ദുരൂഹതയായി തുടരുന്നു. ‘നല്ല മനസ്സുള്ളവനും’ ‘നല്ല മദ്ധ്യസ്ഥനുമാണ്’ തന്റെ ഭര്‍ത്താവെന്ന് അവര്‍ വിശ്വസിക്കുന്നതായും പ്രഥമ വനിതയെന്ന നിലയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ പദ്ധതിയിടുന്നതായും തന്റെ ഭര്‍ത്താവിന്റെ തിരഞ്ഞെടുപ്പ് വിജയ ദിനത്തില്‍ അവര്‍ ധരിച്ചിരുന്ന വെളുത്ത കുപ്പായം രൂപകല്‍പന ചെയ്തത് റാല്‍ഫ് ലൗറേന്‍ ആണെന്നും നമുക്കറിയാം. പക്ഷെ അതിനപ്പുറമൊന്നും നമുക്കറിയില്ല.

ഭര്‍ത്താവിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അവര്‍ വാഷിംഗ്ടണിലേക്ക് താമസം മാറുമോ എന്ന ചോദ്യം കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നു. മാന്‍ഹട്ടനിലെ ട്രംപ് ടവറിലുള്ള ദമ്പതിമാരുടെ ടോണി പെന്റ്ഹൗസിലും ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള തന്റെ സ്വകാര്യ മാര്‍-എ-ലാഗോ ക്ലബ്ബിലുമായി പരമാവധി സമയം ചിലവഴിക്കാനാണ് ട്രംപ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍