ക്രിസ് സിലിസ
(വാഷിംഗ്ടന്‍ പോസ്റ്റ്)
ഡൊണാള്‍ഡ് ട്രംപ് സ്വയം അഭിമാനിക്കുന്നത് താന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത, അപ്പപ്പോള്‍ തോന്നുന്ന സാഹസങ്ങളുടെ ആളാണെന്നാണ്. ജീവിതത്തിലും രാഷ്ട്രീയത്തിലും സാധാരണക്കാരെ അത്ഭുതപ്പെടുത്തുകയും വ്യത്യസ്ഥത കാണിക്കുകയും ചെയ്ത് അതിനെ നല്ലതെന്നു കരുതുന്ന ആളാണ് അദ്ദേഹം.
പ്രവചനാത്മകമല്ലാത്ത ഇത്തരം രീതികള്‍ ഇതുവരെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹത്തെ സഹായിച്ചിട്ടേയുള്ളൂ. ഇതുകൊണ്ട് റിപ്പബ്ലിക്കന്‍ പ്രൈമറി എതിരാളികളുടെ വരെ അടി തെറ്റി. സ്ഥിരം രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും വേണമെന്നു കരുതുന്ന വോട്ടര്‍മാര്‍ക്കും ട്രംപിന്‍റെ പ്രവര്‍ത്തികള്‍ രസിച്ചു.
കാര്യങ്ങള്‍ പതിവു രീതികളില്‍ നിന്ന് പാടെ മാറ്റി ചെയ്യുമ്പോള്‍ അതിന്‍റെ അസുഖകരമായ മറുവശം കൂടെ ഓര്‍ക്കേണ്ടതുണ്ട്. ട്രംപിന്‍റെ കാര്യത്തില്‍ അത് തിങ്കളാഴ്ച രാത്രി വൈകി വ്യക്തമായി. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിലെ മെലാനിയ ട്രംപിന്‍റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ മിഷേല്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ നിന്ന് എടുത്തവയാണ്.
ട്രംപ് വിഭാഗം ഇതിനെ കുറിച്ചു പറയുന്നത് ഏതാനും വാക്കുകളും വാചകങ്ങളും മാത്രം കടമെടുത്തു എന്ന രീതിയിലാണ്. (ക്രിസ് ക്രിസ്റ്റി പറഞ്ഞത് പ്രസംഗത്തിന്‍റെ 93 ശതമാനവും മെലാനിയയുടെ സ്വന്തമാണെന്നാണ്.) മറ്റൊരു ശക്തയായ വനിതയെ അപകീര്‍ത്തിപ്പെടുത്താന്‍ ഹിലരി കിന്‍റന്‍റെ കാമ്പെയ്ന്‍ നടത്തുന്ന ശ്രമമാണെന്നും അവര്‍ വാദമുന്നയിക്കുന്നു.
കോപ്പിയടി (Plagiarism) എന്നാല്‍ നിങ്ങളുടേതല്ലാത്ത വാക്കുകള്‍ കടമെടുക്കുക എന്നര്‍ത്ഥം. അത് ഒരു ശതമാനമാണോ 99 ശതമാനമാണോ എന്നതില്‍ കാര്യമില്ല. “ഇന്നയാളുടെ വാക്കുകളില്‍ പറഞ്ഞാല്‍” എന്ന് എടുത്തു പറയാതെ നിങ്ങള്‍ക്ക് മറ്റൊരാളുടെ വാക്കുകള്‍ ഉപയോഗിക്കാന്‍ സാധ്യമല്ലതന്നെ.
നിങ്ങള്‍ സ്വയം ചോദിച്ചു നോക്കൂ: കുറച്ചു കൂടെ വലിയൊരു റിപ്പോര്‍ട്ടില്‍ ഞാന്‍ രണ്ടുമൂന്ന് പാരഗ്രാഫുകള്‍ മറ്റാരുടെയെങ്കിലും മോഷ്ടിച്ചെന്നു കണ്ടാല്‍ നിങ്ങള്‍ ക്ഷമിക്കുമോ? എന്‍റെ ബോസുമാര്‍ ക്ഷമിക്കും എന്നു തോന്നുന്നുണ്ടോ? അപ്പോള്‍, അതാണു കാര്യം.
ട്രംപ് പക്ഷക്കാര്‍ ന്യായങ്ങള്‍ പറഞ്ഞ് മറയ്ക്കാന്‍ ശ്രമിക്കുന്ന കാര്യം ഇതാണ്: മെലേനിയ ട്രംപിന്‍റെ പ്രസംഗം അവര്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് ആരെങ്കിലും സൂക്ഷ്മമായി പരിശോധിക്കേണ്ടതായിരുന്നു. ഒരു തവണ കഴിഞ്ഞാല്‍ വീണ്ടുമൊരു തവണ കൂടി ചെയ്യണമായിരുന്നു. ഓരോ വാചകവും ഗൂഗിള്‍ ചെയ്തിട്ടു എന്തൊക്കെയാണ് വരുന്നതെന്ന് നോക്കണം . അത്ര പ്രയാസമുള്ള കാര്യമല്ല; ഇന്‍റര്‍നെറ്റ് ഉണ്ടല്ലോ. അതുപയോഗിക്കൂ.
പക്ഷേ ഇങ്ങനെയൊരു കാര്യം എങ്ങനെ സംഭവിച്ചു? ട്രംപ് ആദ്യം മുതലേ തോന്നുന്ന പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. അന്നൊന്നും തിരിച്ചടികള്‍ ഉണ്ടായിട്ടില്ല. മറ്റ് കാമ്പെയ്നുകള്‍ കാലങ്ങളായി വയ്ക്കുന്ന അത്രയും സ്റ്റാഫിനെ ആവശ്യമില്ലെന്നും അതിലും ലളിതമായി, എന്നാല്‍ അവരേക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്യാമെന്നുമാണ് ട്രംപ് കരുതുന്നത്.
തിങ്കളാഴ്ച രാത്രി ഉണ്ടായതു പോലെയുള്ള സംഭവങ്ങളാണ് ആ രീതിയുടെ പ്രശ്നം. സ്ഥാനാര്‍ത്ഥിയുടെ പങ്കാളി, ആ കണ്‍വെന്‍ഷനിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മൂന്നോ നാലോ പ്രസംഗങ്ങളിലൊന്ന് നടത്തുമ്പോള്‍ വരികള്‍ മോഷ്ടിച്ചതിന് പഴി കേട്ടു. അതൊരു വളരെ വലിയ നാണക്കേടാണ്; ട്രംപിനും അക്കാര്യത്തില്‍ വല്ലായ്മയുണ്ടാകും; സംഭവത്തിന് ഉത്തരവാദിയായി ഒരു ബലിയാടിനെ അദ്ദേഹവും തിരയുന്നുണ്ടാവണം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ട്രംപ് തന്നെയാണ് ഈ കാര്യത്തില്‍ കുറ്റക്കാരന്‍. തനിക്കു വേണ്ട രീതിയില്‍ അദ്ദേഹം അഭിമാനപൂര്‍വ്വം നയിച്ചു വന്ന ഒരു കാമ്പെയ്ന്‍ ആണ് ഇത്. മറ്റുള്ളവരുടെ വഴിയില്‍ നിന്ന് വിപരീതമായി നടക്കുന്നതു നല്ലതാണ്; വഴി തെറ്റുന്നതു വരെ. പ്രവചിക്കാനാവാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക എന്നത് ശരിയായ ഒരു തന്ത്രമല്ല, ട്രംപ് അത് തിങ്കളാഴ്ച രാത്രി മനസിലാക്കി.