UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്നര പുറത്തില്‍ എഴുതിത്തീരില്ല ഈ ജീവിതം

ചരിത്രത്തില്‍ ഇടം നേടിയ ഒരു പാട് പെണ്‍ ജീവിതങ്ങള്‍  നമുക്കറിയാം. അവരെ കുറിച്ചല്ല സുഹൃത്തേ ഞാന്‍ പറയുന്നത്.. നമ്മുടെ ഇടയില്‍ ജീവിച്ച, നാം പലപ്പോഴും ആദരിക്കാനോ ഓര്‍മിക്കാനോ അത്രയൊന്നും മെനെക്കെടാത്ത ചിലര്‍.. നിനക്ക് വല്ലതും മനസിലാകുന്നുണ്ടോ? എന്താ എങ്ങനെ കൂമന്‍ മൂളണ പോലെ ഊം ഊം ന്നു മാത്രം പറയണേ? അവള്‍ കുറച്ചു അമര്‍ഷത്തോടെ ചോദിച്ചു.

എനിക്ക് മനസിലാകുന്നുണ്ട്.. അതല്ല പ്രശ്നം.. ആരും പറയാത്ത എഴുതാത്ത ജീവിതംന്നൊക്കെ പറയുമ്പോ എവ്ട്ന്നാ നമുക്ക് വിവരങ്ങള്‍ കിട്ട്വാ? ഒന്നും ഇല്ലാതെ എന്ത് വച്ച് നമ്മള്‍ തുടങ്ങും? അവനും അസ്വസ്ഥനായി. 

എന്‍റെ അമ്മമ്മയെ പറ്റി പറയെട്ടെ ഞാന്‍?? എന്‍റെ നിഷേധത്തരോം നിന്‍റെ ഭാഷേല് കടുംപിടുത്തോം എല്ലാം എനിക്ക് കിട്ടീത് എവ്ട്ന്നാന്ന് അറിയോ? അതൊക്കെ എന്‍റെ അമ്മമ്മേടെ ജീവിതം ആണ്.

ആദ്യം നമുക്ക് ക്യാമറ എന്റെ ഗ്രാമത്തിലേക്ക് കൊണ്ടൂവാം. തൃശൂര്‍ ജില്ലയുടെ തെക്കേ അറ്റത്തുള്ള കൊരട്ടി എന്ന  ഈ ഗ്രാമം അന്നും ഇന്നും വലിയ വാര്‍ത്തകളൊന്നും സൃഷ്ടിക്കത്തക്ക വിധം പ്രശസ്തം അല്ല. വളരെ ശാന്തം. ഇവിടെയാണ്‌ അന്ന് ദേശാധികാരം ഉണ്ടായിരുന്ന കൊരട്ടിസ്വരൂപമെന്ന   ജന്മികുടുംബത്തിന്റെ സ്ഥാനം. ഇവിടെ തത്തമത്ത് മഠത്തില്‍ ആണ് താര എന്ന് പേരിട്ടു അമ്മു എന്നുവിളിച്ച ആ പെണ്‍കുട്ടിയുടെ ജനനം. കാലം 1926 ഒക്ടോബര്‍. അമ്മമ്മയുടെ അച്ഛന്‍ ശിവോള്ളി ദാമോദരന്‍ നമ്പൂതിരി(കവിയും വൈദ്യനും) അമ്മ കൊച്ചു തമ്പുരാട്ടി.

പഠിക്കാന്‍ വളരെ താല്പര്യം ഉള്ള അമ്മുവിന് കണക്കും സയന്‍സും ഒന്നും വഴങ്ങിയില്ലെങ്കിലും ഭാഷാ സ്വാധീനം നല്ലപോലെ ഉണ്ടായിരുന്നു. എഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വന്ന ഒരു അസുഖത്തെ തുടര്‍ന്ന് ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞു. പിന്നീട് വീട്ടിലിരുന്നു പഠിച്ചു. കവിയായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്ന് വൈദ്യവും കവിതയും  കൂടെ കൂട്ടി. തന്‍റെ ഏകാന്തതകളില്‍ ഈ കവിതയും വായനയും തനിക്ക് കൂട്ടായിരുന്നു എന്ന് പിന്നീടു അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. വായനയോടൊപ്പം എഴുത്തും. ശ്ലോകങ്ങള്‍ ആയിരുന്നു തുടക്കം.


ശ്രാമ്പി മഠം-അമ്മമ്മയുടെ വീട്

ഇരുപതു വയസ്സില്‍ വിവാഹം.  ഒരു നമ്പൂതിരി  വൈദ്യന്‍ ആയിരുന്നു വരന്‍. അന്നത്തെ ഒരു സാധാരണ പുരുഷനെപോലെത്തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഒന്നും ഇല്ലാതെ അദ്ദേഹം തന്‍റെ പീടിക മുറി വൈദ്യശാലയും ഇല്ലവും ആയി കഴിഞ്ഞു കൂടി. വലിയ വരുമാനം ഒന്നും ഇല്ല. പറമ്പിലെ കരിയില വിറ്റാല്‍ ജീവിക്കാം എന്ന പഴയ പ്രതാപം മങ്ങിത്തുടങ്ങിയ കാലം. തന്‍റെ അഞ്ചു മക്കള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം കൊടുക്കാന്‍ പച്ചക്കറിയും  നെല്ലും സ്വയം കൃഷി ചെയ്യുക എന്ന മാര്‍ഗം അവര്‍ സ്വീകരിച്ചു. പണത്തിനു നല്ല ഞെരുക്കം ഉണ്ടായ കാലത്ത് പശുവിനെയും ആടിനെയും കോഴിയെയും വളര്‍ത്താന്‍ വരെ അവര്‍ തയ്യാറായി. ആ കാലത്ത് ഒരു തമ്പുരാട്ടി സ്ത്രീ ചെയ്തിരുന്ന കാര്യങ്ങള്‍ അല്ല ഇവയൊന്നും. ഓരോ ജോലിക്കും അതിന്‍റെതായ മഹത്വം ഉണ്ടെന്നു അവര്‍ വിശ്വസിച്ചു.

കൃഷി ചെയ്തിരുന്ന കാലത്ത് അമ്മമ്മ ചക്കിയമ്മയോടും, മറിയം കുട്ടിയോടും ഒപ്പം ഞാറുനട്ടു, കൊയ്തു. സ്ത്രീകള്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം എന്ന് അമ്മമ്മക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു . പണിക്കു വരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് സാക്ഷരതാ ക്ലാസ്സുകള്‍ നടത്തി. പി എന്‍ പണിക്കരുടെ സാക്ഷരത ക്ലാസുകള്‍ വരുന്നതിനു മുന്‍പേ തന്നെ ഞങ്ങള്‍ടെ ഉരപ്പുര ഇത്തരം സംരംഭങ്ങള്‍ക്ക്‌ വേദി ആയിരുന്നു. സ്ത്രീകള്‍ സ്വയം ജോലിചെയ്തു പണം സമ്പാദിച്ചാലേ അഭിമാനം ഉള്ളവരാകൂ എന്നവര്‍ വിശ്വസിച്ചു. തന്‍റെ പെണ്‍കുട്ടികള്‍ക്ക് ജോലി നേടാനുള്ള പഠിപ്പ് ലഭിക്കുന്നു എന്നവര്‍ ഉറപ്പു വരുത്തി. കൊച്ചുമകള്‍ ആയ ഞാന്‍ കിട്ടിയ ജോലി ഉപേക്ഷിച്ചപ്പോള്‍ സങ്കടപ്പെട്ടു.

ആദ്യകാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക ആയിരുന്നു അമ്മമ്മ. അന്ന് സ്ത്രീകള്‍ അങ്ങനെ സമൂഹ്യപ്രവര്‍ത്തനത്തിന് പോകുന്നത് ആരും അത്ര പ്രോത്സാഹിപ്പിച്ചിരുന്നില്ല. യാഥാസ്ഥിതികനായ ഭര്‍ത്താവ്  ഇതൊക്കെ എതിര്‍ത്തിരുന്നു എന്ന് അമ്മമ്മ പറഞ്ഞിട്ടുണ്ട്. അമ്മമ്മയാകട്ടെ സ്വതന്ത്രബുദ്ധിയും. താന്‍ ചെയുന്നത് ശരി ആണെന്ന് തോന്നിയാല്‍ പിന്നെ അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിടിയരി ശേഖരണം, മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇവര്‍ നെഹ്‌റു കോണ്‍ഗ്രസ്സ് മാറി  “കരുണാകരന്‍റെ കോണ്‍ഗ്രസ്” വയ്യ എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ് അനുഭാവിയായി മാറി. അപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ മകളും, മരുമകനും ഇതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.

അന്ധമായ ഒന്നിനോടും അവര്‍ പ്രതിപത്തി കാണിച്ചില്ല. അങ്ങനെ അന്ധമായി ചെയ്യുന്നതൊന്നും അവര്‍ പിന്തുടര്‍ന്നില്ല. എന്‍റെ വീട്ടില്‍ വൈകുന്നേരം വിളക്ക് വയ്ക്കുക എന്ന ഏര്‍പാടുപോലും ഉണ്ടായിരുന്നില്ല. സന്ധ്യക്ക്‌ നാമം ജപിക്കാനോ, അമ്പലത്തില്‍ പോകാനോ ആരും പറയുകയോ, ആരും ചെയ്യുകയോ ഉണ്ടായിട്ടില്ല. അഷ്ടമികാലത്ത്, ഗ്രാമം മുഴുവന്‍ അമ്പലത്തിലേക്കൊഴുകുമ്പോള്‍ അമ്മമ്മ ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്നു വായിക്കും. മുറുക്കും, ഞങ്ങള്‍ക്ക് ശ്ലോകങ്ങള്‍ പറഞ്ഞു തരും. “കര്‍മ്മം ചെയ്യലാണ് ഈശ്വര സേവ, അതാണ്‌ എല്ലാ മതങ്ങളും പറയുന്നതും. എന്‍റെ കുഞ്ഞുങ്ങളെ നോക്കുന്നതും, സാമൂഹ്യസേവനം ചെയ്യുന്നതും ആണ് എന്‍റെ കര്‍മ്മം. അത് ഞാന്‍ ചെയ്യും. ഇതൊന്നും ചെയ്യാതെ അമ്പലത്തില്‍ കുത്തിയിരിക്കുന്നത് അല്ല ഈശ്വരസേവ. ” വിമര്‍ശകരോട് അമ്മമ്മ പറഞ്ഞു. തെറ്റിനെ തെറ്റ് എന്നും ശരിയെ ശരി എന്നും അമ്മമ്മ തുറഞ്ഞു പറഞ്ഞു. ഭംഗിവാക്ക് പറയുക എന്നത് അവരുടെ ശീലമേ അല്ലായിരുന്നു. അനുരഞ്ജനം ആത്മവഞ്ചന ആണെന്ന് അവര്‍ കരുതി.

അന്നൊക്കെ തൊട്ടുകൂടായ്മ നിലനിന്നിരുന്ന കാലത്ത് സ്വന്തം സഹോദരന്റെ കുഞ്ഞുങ്ങള്‍ (നായര്‍ സ്ത്രീകളില്‍ ജനിക്കുന്ന) ആണെങ്കില്‍ പോലും വീടിനകത്തേക്ക് അവര്‍ക്ക് പ്രവേശനം ഇല്ല. എന്നാല്‍  ഞങ്ങളുടെ അടുക്കള ഒരു തുറന്ന സ്ഥലം ആയിരുന്നു. ജാതിയോ മതമോ അവിടെ ഒരു വിഷയമേ ആകുന്നില്ല. കുടുംബത്തിലെ മറ്റു പല വീട്ടിലും വിവേചനങ്ങള്‍ നിലനിന്നപ്പോഴും അവര്‍ അതിനെതിരെ പൊരുതി അത് കാണിച്ചു കൊടുത്തു.

പക്ഷെ അമ്മമ്മ അങ്ങനെ തീര്‍ത്തും വിവേചനം കാണിച്ചില്ല എന്ന് പറഞ്ഞു കൂടാ. സാഹിത്യാഭിരുചി, പരന്ന വായന, കവിതാപ്രേമം ഇതൊക്കെ ഉണ്ടെങ്കില്‍ അമ്മമ്മയുടെ പ്രിയപ്പെട്ട ആളുകളുടെ ലിസ്റ്റില്‍ ഇടം നേടാം. ഇല്ലെങ്കില്‍ അമ്മമ്മ അവരെ അത്ര തന്നെ വിലവയ്ക്കാറില്ല. രാഷ്രീയബോധം, സാമൂഹിക ബോധം ഇവ ഒരു മനുഷ്യന് അത്യാവശ്യം വേണ്ട ഗുണങ്ങള്‍ ആണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. തന്‍റെ 83-ആം വയസിലും അവര്‍ വോട്ടു ചെയ്തു. ഒരു പൌര എന്ന നിലയില്‍ അത് തന്‍റെ കര്‍ത്തവ്യം ആണെന്ന് വിശ്വസിച്ചു.

നാടകപ്രവര്‍ത്തക, അക്ഷരശ്ലോക വിദഗ്ധ, വിഷവൈദ്യ, ഇതൊക്കെ ഒരേസമയം അവര്‍ സ്വന്തം കടമപോലെ നിറവേറ്റി. ആധുനിക ചികിത്സാ രീതികള്‍ പ്രചാരത്തില്‍ വന്നതിനു ശേഷം വിഷ ചികിത്സ നടത്താന്‍ താന്‍ തുനിയാറില്ല എന്ന് അമ്മമ്മ പറഞ്ഞിട്ടുണ്ട്. എങ്കിലും വിഷമുണ്ടോ എന്ന് ഉറപ്പിക്കാനായി എന്നും ആളുകള്‍ വീട്ടിലെത്തിയിരുന്നു. നാട്ടറിവുകളുടെ ഒരു നിഘണ്ടു ആയിരുന്നു അമ്മമ്മ എന്ന് പലരും പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്.

തത്വങ്ങള്‍ പ്രസംഗിക്കുകയും അത് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മടിക്കുന്നവരെയും അവര്‍ വിമര്‍ശിച്ചിരുന്നു. സ്വന്തം കൊച്ചുമക്കളുടെ വധൂവരന്മാരെ ജാതിയോ മതമോ നോക്കാതെ അവര്‍ സ്വീകരിച്ചു. നൂതനമായ ആശയങ്ങളെ അവര്‍ സ്വാഗതം ചെയ്തു. പുതിയതെന്തും ആവേശത്തോടെ പഠിക്കാന്‍ ആഗ്രഹിച്ചു. മാര്‍ക്സിയന്‍ ഫെമിനിസം അറിയാതെ ആണെങ്കിലും, പൊതു അടുക്കളയെ കുറിച്ചും, അതുണ്ടാക്കുന്ന ജോലി ലാഭത്തെ കുറിച്ചും അമ്മമ്മ ആവേശത്തോടെ പറഞ്ഞു.


അമ്മമ്മ സുഹൃത്തുമൊന്നിച്ച്

കാലത്തിന്നപ്പുറത്തേക്ക് ജീവിച്ച ഒരാളായിരുന്നു അമ്മമ്മ. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ അമ്മ (കെ രമ) സ്വന്തം ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവിശ്യപെട്ടപ്പോഴും, പിന്നീടു താന്‍ പ്രണയിച്ച വ്യക്തിയോടൊപ്പം ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയപ്പോഴും , സ്വന്തം കുടുംബാംഗങ്ങളോടും നാട്ടുകാരോടും, സമൂഹത്തിനോടും അവര്‍ മകള്‍ക്ക് വേണ്ടി വാദിച്ചു, അല്ല; പൊരുതി. മകളെ സ്വീകരിക്കാത്ത ഒന്നും തനിക്കും വേണ്ട എന്നവര്‍ ധീരമായി പറഞ്ഞു. ദുര്‍ഘടഘട്ടത്തിലൂടെ പോയ മകള്‍ക്ക് താങ്ങായത് അവര്‍ മാത്രം. നേരത്തെ പറഞ്ഞപോലെ ശരിയെന്നു താന്‍ വിശ്വസിക്കുന്ന കാര്യം നടപ്പിലാക്കാന്‍ അവര്‍ ആരെയും വകവച്ചില്ല.

പക്ഷെ കാലത്തിന്റെ ഘടികാരം മുന്നോട്ടെ നടക്കൂ… എണ്‍പത്തിനാലാം വയസ്സില്‍ സ്മൃതിനാശം വന്നു മരണത്തിലേക്ക് നടന്നു നീങ്ങി അവര്‍. മരണശേഷം തനിക്ക് മതപരമായ ചടങ്ങുകള്‍ ഒന്നും ചെയ്യരുത് എന്നും, മൃതദേഹം മെഡിക്കല്‍ കോളെജിനു നല്‍കണം എന്നും അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. സ്വാഭാവികമായും പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന സമൂഹം അതൊന്നും അനുവദിച്ചില്ല.  അവര്‍ക്ക് ചിതയൊരുക്കി. മക്കള്‍ ബലിയൂട്ടി. മരണശേഷം നാം അവരെ “വകവെക്കണ്ടല്ലോ”. 

ഇത് ഒരു വ്യക്തിയുടെ മാത്രം കഥയാണ്‌. വി ടി പറഞ്ഞപോലെ ഒന്നര പുറത്തില്‍ കവിയാത്ത ചരിതം എഴുതാന്‍ ജീവിതം ബാക്കിവയ്കാത്തവരില്‍ നിന്നും വ്യത്യസ്തമായ ഒരു കഥ. ഇനിയും ഉണ്ട് ആ ഗ്രാമത്തില്‍ എഴുത്പെടാതെ പോയ ജീവിതങ്ങള്‍, എന്നാല്‍ എഴുതപ്പെടണമായിരുന്ന ജീവിതങ്ങള്‍. ഇങ്ങനെ നമ്മുടെ ഓരോ ഗ്രാമത്തിലും എത്ര കഥകള്‍ കാണും? എത്ര ജീവിതങ്ങള്‍ കാണും? ഇതൊക്കെ ആരാണ് എഴുതുക പറയുക?

വാല്‍കഷ്ണം:
നീ എന്താ ആലോചിക്കണേ? അവള്‍ ചോദിച്ചു. 
അല്ലാ… അപ്പൊ നീ വെറുതെ അല്ല ഇങ്ങനെ ആയത്.. ഇഷ്ടല്ലാത്തത് പറഞ്ഞാല്‍ കടുവേടെ സ്വഭാവാ… അമ്മമ്മേടെ ജീന്‍ ആണല്ലേ?
ആണോ?
അതെ. അവളെ ചേര്‍ത്ത് പിടിച്ചു അവന്‍ പറഞ്ഞു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍