UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

മഴ തൊട്ടോടിയ കാലം

നിലമ്പൂരിലെ പാട്ടുത്സവത്തിനാണ് അവളെ വീണ്ടും കണ്ടത്. വര്‍ഷങ്ങള്‍ക്കു ശേഷം ഉത്സവ പറമ്പിലൂടെ നടക്കാന്‍ തോന്നിയത് ആ കണ്ടുമുട്ടലിനു വേണ്ടിയാവണം. എവിടെ നിന്നോ വരുന്ന ഒരുപാടാളുകളുടെ ഇടയിലൂടെ, വഴിവാണിഭക്കാരുടെ മുമ്പില്‍ നിരത്തി വെച്ചിരിക്കുന്ന വില്‍പന വസ്തുക്കളുടെ വിസ്മയ കാഴ്ച്ചയിലലിഞ്ഞ് അനിയത്തിയോടൊപ്പം നടക്കുന്നതിനിടയിലാണ് അവള്‍ എന്റെ മുന്‍പില്‍ വന്നു പെട്ടത്. എന്നെ കണ്ടതും അവള്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞു കണ്ട സന്തോഷത്തില്‍ ഞാനവളെ മുറുകെ കെട്ടിപിടിച്ചപ്പോള്‍ ആദ്യം അവളമ്പരന്നു പോയി. മേലാകെ വിയര്‍പ്പാണ് എന്ന് നാണത്തോടെ പറഞ്ഞവള്‍ ഒഴിഞ്ഞു മാറിയെങ്കിലും എന്റെ കയ്യില്‍ നിന്നുള്ള പിടി വിട്ടിരുന്നില്ല.

ഒരു പാടു കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടായിരുന്നു എനിക്ക്. എന്റെയും അനിയത്തിയുടേയും പ്രിയ കൂട്ടുകാരിയായിരുന്നു അവള്‍. ഭൂതക്കാലത്തിലേ ഓര്‍ക്കാനിഷ്ടപ്പെടുന്ന നിമിഷങ്ങളുടെ വളപ്പൊട്ടുകളാണന്നവള്‍ കുടഞ്ഞിട്ടത്. വൈകിയുറങ്ങിയുമുണര്‍ന്നും ആദിവാസി കുട്ടികള്‍ക്കൊപ്പം തിമിര്‍ത്തു കളിച്ച നിറമാര്‍ന്ന ബാല്യത്തിന്റെ ചിത്രം ഇന്നും മിഴിവാര്‍ന്നു കിടക്കുന്നുണ്ട് മനസില്‍. അക്കാലത്ത് ഞാനേറെ ഭയപ്പെട്ടിരുന്നത് നിറഞ്ഞു കവിഞ്ഞ ചാലിയാറിലൂടെയുള്ള തോണിയാത്രയായിരുന്നു. അന്ന് നിലമ്പൂരില്‍ നിന്ന് റോഡ് സൗകര്യമോ ചാലിയാര്‍ പുഴക്ക് കുറുകെ പാലമോ ഇല്ലായിരുന്നു. പുഴക്കക്കരെ കാത്തു നില്ക്കുന്ന ട്രാക്ടറില്‍ വേണം അവിടുന്നു മുന്നോട്ട് പോവാന്‍. ഭീതിയും കൗതുകവും നിറഞ്ഞ ആ യാത്രക്കൊടുവില്‍ ഞങ്ങളുടെ വരവും കാത്തിരിക്കുന്ന കൂട്ടുകാരുടെ രൂപമായിരുന്നു ആ പേടിയെ ഊതിക്കെടുത്തിയിരുന്നത്.

സ്‌കൂളിനും പുസ്തകങ്ങള്‍ക്കും ട്യൂഷനും പരീക്ഷകള്‍ക്കും നാട്ടിലെ കൂട്ടുകാര്‍ക്കും അവധികൊടുത്ത് പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള തോട്ടവും കൃഷിയും പണിക്കാരുമുള്ള വീട്ടിലേക്ക് ഞങ്ങള്‍ ചെല്ലുന്നതും കാത്തുനിന്നിരുന്ന കളിക്കൂട്ടുകാരായിരുന്നു അവര്‍. ഞങ്ങളുടെ അവധി ദിവസങ്ങളൊന്നും അവര്‍ക്കറിയില്ലായിരുന്നു. സ്‌കൂള്‍ തുറന്ന് തിരിച്ചു പോന്ന് അധികം കഴിയുന്നതിനു മുന്‍പ് തന്നെ മിക്ക ദിവസങ്ങളിലും വന്ന് പാടത്തെയും തൊടികളിലേയും പണികളുടെ മേല്‍നോട്ടം വഹിച്ചിരുന്ന നായരമ്മാവനോട് കുട്ടികള്‍ വരാനായോ എന്ന് ചോദിച്ച് ഞങ്ങളുടെ വരവും കാത്തിരുന്നിരുന്നു അവര്‍.

അയിത്തം പാരമ്പര്യമായി ജീവിതത്തിന്റെ ഭാഗമായ അവരുടെ അച്ഛനമ്മമാര്‍ ഞങ്ങളുടെ പാടത്തും തൊടിയിലും പണിയെടുക്കുന്നവരായിരുന്നു. നാട്ടില്‍ നിന്ന് മലകയറി വരുന്നവരെല്ലാം തങ്ങളെക്കാള്‍ താഴ്ന്നവരാണെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും അന്യരെ തങ്ങളുടെ വീടുകള്‍ സ്പര്‍ശിക്കാന്‍ പോലും അവര്‍ അനുവദിക്കില്ലെന്നുമൊക്കെ നായരമ്മാവന്‍ പറഞ്ഞു കേട്ടിരുന്നു. മലമുത്തന്മാര്‍ എന്നായിരുന്നു അവരെ വിളിച്ചിരുന്നത്. പക്ഷേ ഞങ്ങള്‍, കുട്ടികള്‍ക്ക് അതൊന്നും ബാധകമല്ലായിരുന്നു. അവരുടെ കൂടെ കളിച്ച് തിമര്‍ത്ത് വെയില്‍ കൊണ്ട് കരിമാടിക്കുട്ടന്മാരായാണ് അവധിക്കാലം കഴിഞ്ഞ് തിരിച്ചു പോയിരുന്നത്.

പാവാട തുമ്പ് മടക്കിക്കുത്തി കായ്കനികള്‍ ശേഖരിച്ചും മീന്‍ പിടിച്ചും കാട്ടില്‍ നിന്ന് പറിച്ചെടുത്ത കാന്താരി മുളക് അരച്ചു പുരട്ടിയ മീന്‍ മത്തനിലയില്‍ പൊതിഞ്ഞ് അവര്‍ ചുട്ടുതിന്നുമ്പോള്‍ അതില്‍ നിന്നല്‍പ്പമെടുത്ത് രുചിച്ചു നോക്കിയും തൊടിയിലൂടെ ചുറ്റി നടന്ന് , തൊട്ടാവാടി മുള്ളുരസി ചോരവാര്‍ന്ന കാലടികളുമായി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കണ്ണുരുട്ടുന്ന ഉമ്മയെ കാണുമ്പോള്‍ ഓടി ഒളിച്ചിരുന്ന കാലം.

കൂപ്പിലേക്ക് പോവുന്ന ബാപ്പയോടൊപ്പം പോവാന്‍ സമ്മതം വാങ്ങിയാല്‍ തലേദിവസം വാരിക്കുഴിയില്‍ വീണ ആനയെ കയറ്റുന്നത് കാണാനാവുമെന്ന് പറഞ്ഞു തന്നത് അവരായിരുന്നു. അന്ന് ബാപ്പയുടെ സമ്മതം കിട്ടാന്‍ ഒരു പാട് ബുദ്ധിമുട്ടി. ചങ്ങാതിയെ രക്ഷിക്കാന്‍ കൂട്ടുകാരായ മറ്റു ആനകള്‍ വരാനിടയുണ്ടെന്നും അപ്പോള്‍ കുത്തനെയുള്ള ഇറക്കം ഓടി ഇറങ്ങണമെന്നും അവര്‍ ഉപദേശിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് തിരിച്ചു പോവണമെന്ന് പറഞ്ഞു ഞാന്‍ കരച്ചിലായി. പിന്നീട് കുറേ ദിവസത്തേക്ക് പറഞ്ഞു ചിരിക്കാന്‍ എല്ലാവര്‍ക്കും ഒരു കഥ കിട്ടിയ സന്തോഷമായിരുന്നു.

അകലെ നിന്ന് പെയ്‌തോടി വരുന്ന മഴക്കു മുന്‍പ് ഓടി ആദ്യം മഴ തൊടുന്നതാരെയെന്ന് മത്സരിച്ച്, മഴക്കൊപ്പം വഴി നടക്കാന്‍ പഠിപ്പിച്ച കൂട്ടുകാര്‍. അലസമായി മലര്‍ന്നു കിടന്ന് ആകാശക്കാഴ്ച്ചകള്‍ കാണുന്നതിനിടെ വായിച്ച പുസ്തകങ്ങളിലെ കഥകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ മേഘങ്ങളില്‍ കണ്ടരൂപങ്ങളില്‍ രാജകുമാരന്റേയും രാജകുമാരിയുടേയും രൂപങ്ങള്‍ സങ്കല്‍പ്പിച്ച് കഥ മെനയാന്‍ പഠിപ്പിച്ചത് എന്റെ ആ കൂട്ടുകാരായിരുന്നു.

ജോലിക്കിടെ കാലില്‍ വെട്ടുകത്തി കൊണ്ട് റെസ്റ്റ് ആയതിനാല്‍ ജോലി ചെയ്യാനാവാത്തതിനാല്‍ കുട്ടികളായ ഞങ്ങളെ ശ്രദ്ധിക്കുന്ന ഡ്യൂട്ടിയുണ്ടായിരുന്ന അവരുടെ വലിയച്ഛന്‍ രാമന്‍ പാമ്പുകടിയേറ്റ് മരിച്ചത് ആയിടെയാണ്. രാമനെ അടക്കിയിരുന്നത് വീടിനു കുറച്ചകലെയുള്ള കശുവണ്ടിതോട്ടത്തിലായിരുന്നു. അവരുടെ വിശ്വാസപ്രകാരം മരിച്ചു പോയ ആള്‍ക്ക് അടക്കം ചെയ്ത കുഴിയിലേക്ക് ഇറക്കി വെച്ച ഒരു മുളങ്കുഴലിലൂടെ കുറച്ചു ദിവസത്തേക്ക് കഞ്ഞി ഒഴിച്ചു കൊടുക്കണം. വലിയവരാരെങ്കിലുമാണ് അതു ചെയ്യുക. എന്തോ കാരണത്താല്‍ കൂട്ടത്തില്‍ ഇത്തിരി പെടി തൊണ്ടിയായ കര്‍ത്തയ്ക്കായിരുന്നു അന്ന് ഡ്യൂട്ടി. അവളുടെ പേടി കണ്ടപ്പോള്‍ എല്ലാവരും കൂടി പോവാമെന്നായി പ്ലാന്‍. നായരമ്മാവനും ഉമ്മയും അടുക്കളയിലെ ജോലിക്കാരുമൊന്നുമറിയാതെ സംഘമായാണ് പോയത്.

പകല്‍ ചൂട് ആറിക്കഴിഞ്ഞ് തോട്ടങ്ങളിലെല്ലാം കുറേശ്ശേ കുറേശേയായി ഇരുട്ട് വീണുതുടങ്ങിയ നേരത്താണ് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ഞങ്ങള്‍ക്ക് പോവാനായത്. അവിടെ എത്തിയതും ആദ്യം തിരിഞ്ഞോടിയത് കര്‍ത്തയായിരുന്നു. അനിയത്തിയും ജ്യേഷ്ഠനും മറ്റുള്ളവരും പിറകെ കുതിച്ചു. കുറച്ചുനേരം പകച്ചു നിന്നുപോയ ഞാന്‍ തിരിഞ്ഞതും ഒരു കുഴിയിലേക്ക് വീണു പോയി. പിന്നെ എല്ലാവരും കൂടി വന്നു വലിച്ചു കയറ്റിയപ്പോള്‍ സാരമില്ല എന്നൊക്കെ പറഞ്ഞ് സമാശ്വസിപ്പിക്കാതെ വഴക്കു പറഞ്ഞതായിരുന്നു എന്നെ സങ്കടപ്പെടുത്തിയത്. ഉണക്കി വെച്ച കാട്ടിറച്ചിയും കാട്ടില്‍ നിന്ന് ശേഖരിക്കുന്ന മുട്ടകളും കാട്ടിലെ തന്നെ ഏലക്കായയും കാപ്പിപൊടിയുമിട്ട് തിളപ്പിച്ച കട്ടന്‍ കാപ്പിയും കാട്ടുതേനുമെല്ലാം സുലഭമായിരുന്നു അന്നവരുടെ വീടുകളില്‍. ഞാനന്ന് ഓര്‍ത്തിരുന്നത് കാടെല്ലാം അവരുടേതാണെന്നായിരുന്നു. അന്നവര്‍ ഞങ്ങളേക്കാള്‍ ആരോഗ്യമുള്ളവരുമായിരുന്നു.

പിന്നീട് വലുതായി കോളേജില്‍ എത്തിയ ദിവസങ്ങളില്‍ ഏപ്രില്‍ മാസത്തെ ഉച്ചച്ചൂടില്‍ ഓര്‍ഗാനിക്ക് കെമിസ്ട്രിയുടെ താളുകളില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോള്‍ അടുത്തുവന്നിരുന്ന് വിശേഷങ്ങള്‍ പറഞ്ഞിരുന്ന കര്‍ത്തയോട് അഭിലാഷങ്ങളും നോവുകളും സ്വപ്നങ്ങളും പങ്കു വെച്ചത് അതവളാരോടും പറയില്ലെന്ന് അത്രക്കുറപ്പുണ്ടായിരുന്നത് കൊണ്ടായിരുന്നു. ചണ്ണ,കര്‍ത്ത, മാത എന്നൊക്കെ പേരുണ്ടായിരുന്ന അവരൊന്നും ഇപ്പോഴവിടെയില്ല. എവിടെപ്പോയെന്ന് ഞാനിടക്കൊക്കെ ആലോചിക്കാറുണ്ടായിരുന്നു. ആദിവാസികുട്ടികളുടെ കൂടെ കളിച്ചു നടന്ന് അവരുടെ ഭക്ഷണവും കഴിച്ച് നടന്നത് കൊണ്ടാവും മമ്മക്ക് ഈ സ്വഭാവം വന്നതെന്ന് മക്കള്‍ എപ്പോഴും കളിയാക്കാറുണ്ട്. കാടിനോടും പ്രകൃതിയോടും മഴയോടുമൊക്കെയുള്ള സ്‌നേഹം ഉള്ളില്‍ നിറച്ചതും സ്വപ്നങ്ങള്‍ വറ്റാത്ത ഒരു മനസു തന്നതും എന്റെ പ്രിയപ്പെട്ട ആ കൂട്ടുകാരാവണമെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

ക്രിസ്ത്യന്‍ മിഷണറിമാര്‍ വന്ന ശേഷം പേരെല്ലാം മാറ്റിയെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ് അന്ന് പ്രിയ കൂട്ടുകാരി യാത്ര പറഞ്ഞുപോയപ്പോള്‍ നന്മയിലേക്കും സ്‌നേഹത്തിലേക്കും ചേര്‍ത്തുനിര്‍ത്തിയ എന്റെ പ്രിയകൂട്ടുകാരുമൊത്തുള്ള ആ നാളുകള്‍ ഓര്‍ത്തെടുക്കുകയായിരുന്നു എന്റെ മനസ്സ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍