UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രുവിനെ മായ്ച് കളയാന്‍ ശ്രമിച്ച് മോദി; മറക്കില്ലെന്ന് ആഫ്രിക്കന്‍ നേതാക്കള്‍

Avatar

ടീം അഴിമുഖം

അല്പം സംസ്കാര സമ്പന്നനാകുക എന്നത് എല്ലാവര്‍ക്കും ഒരു ഗുണമാണ്. രാഷ്ട്രീയക്കാര്‍ക്കും അങ്ങനെതന്നെ, പ്രത്യേകിച്ചും പ്രധാനമന്ത്രിക്ക്. അടുത്തിടെ കഴിഞ്ഞ ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയില്‍ പ്രഥമ പ്രധാനമന്ത്രിയും ആഫ്രോ-ഏഷ്യന്‍ ഐക്യത്തിന്റെ ശക്തനായ വക്താവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന് അര്‍ഹിക്കുന്ന ഓര്‍മ്മ നല്കാതിരിക്കാനും  ചരിത്രപരമായ പങ്ക് വിസ്മരിക്കാനും ഇന്ത്യന്‍ സര്‍ക്കാരും പ്രധാനമന്ത്രിയും ബോധപൂര്‍വം ശ്രമിച്ചിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്രുവിനെക്കുറിച്ച് ബോധപൂര്‍വം നിശബ്ദത പുലര്‍ത്തിയെങ്കിലും വ്യാഴാഴ്ച്ച ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍  നിരവധി ആഫ്രിക്കന്‍ നേതാക്കള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ ആദരപൂര്‍വം ഓര്‍ത്തു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ ന്യൂ ഡല്‍ഹി നടത്തിയ ഏറ്റവും വലിയ നയതന്ത്ര ഉച്ചകോടി ഉയര്‍ത്താന്‍ ശ്രമിച്ച പാരമ്പര്യത്തെക്കുറിച്ച് ഇരുകൂട്ടരും പുലര്‍ത്തിയ ധാരണകളിലെ അന്തരത്തെയാണ് ഇത് വെളിപ്പെടുത്തിയത്.

രണ്ടു രാജാക്കന്മാര്‍, 6 പ്രധാനമന്ത്രിമാര്‍, 26 പ്രസിഡണ്ടുമാര്‍, 6 വൈസ് പ്രസിഡണ്ടുമാര്‍, ആഫ്രിക്കന്‍ യൂണിയന്‍ അദ്ധ്യക്ഷന്‍ എന്നിവരുടെ പ്രസംഗങ്ങള്‍ക്കിടയില്‍ നടത്തിയ തന്റെ രണ്ടു പ്രസംഗങ്ങളില്‍ മോദി, പരമ്പഗതമായ ബന്ധങ്ങളെ സൂചിപ്പിക്കാന്‍ മഹാത്മാ ഗാന്ധിയെയും ആഫ്രിക്കയില്‍ നിന്നുള്ള അഞ്ച് നോബല്‍ സമ്മാന ജേതാക്കളെയും പരാമര്‍ശിച്ചു.

നെഹ്രുവിനെയോ ആഫ്രിക്കന്‍ പങ്കാളികളുമൊത്ത്  അദ്ദേഹം മുന്‍കൈ എടുത്തു തുടങ്ങിയ, ഇന്ത്യ ഔദ്യോഗികമായി പ്രതിബദ്ധത പ്രഖ്യാപിക്കുന്ന, രണ്ടു വികസ്വര രാഷ്ട്ര കൂട്ടായ്മകളേയോ കുറിച്ച്- ആഫ്രോ-ഏഷ്യന്‍ ഐക്യത്തിന്റെ ബാന്ദുങ് (ഇന്തോനേഷ്യ) ഉച്ചകോടി, ചേരി ചേരാ പ്രസ്ഥാനം (NAM)- മോദി പരാമര്‍ശിച്ചതേയില്ല.

ഉച്ചകോടിയില്‍ കൊളോണിയല്‍ കാലഘട്ടത്തിന് ശേഷമുള്ള ആഫ്രിക്കയുമായി ഇന്ത്യയുടെ ആധുനിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നെഹ്രു വഹിച്ച പങ്കിനെ അംഗീകരിക്കാനുള്ള മോദി സര്‍ക്കാരിന്റെ വിമ്മിട്ടത്തിനോടുള്ള പ്രതികരണമെന്നോണം വിദേശ രാഷ്ട്രതലവന്‍മാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്കരിച്ചു.

പക്ഷേ മോദിക്ക് ശേഷം സംസാരിച്ച ആഫ്രിക്കന്‍ നേതാക്കള്‍ ഓരോരുത്തരും നെഹ്രുവിന്റെ സംഭാവനകളെ പ്രശംസിച്ചു. ഇതെല്ലാം കേട്ടു കസേരയില്‍ ചാഞ്ഞും ചെരിഞ്ഞുമിരുന്ന പ്രധാനമന്ത്രി, ഉച്ചകോടിയുടെ ഇടയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പോയി.

ഇത്തരം ഓര്‍മ്മകളും പ്രശംസകളും നെഹ്റുവില്‍ അവസാനിച്ചില്ല. സിംബാബ്വേ പ്രസിഡണ്ട് റോബര്‍ട് മുഗാബയെ പോലുള്ള പല ആഫ്രിക്കന്‍ നേതാക്കളും കോണ്‍ഗ്രസിനെയും പ്രശംസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ‘തുടച്ചു നീക്കണമെന്ന്’ മോദി ആവശ്യപ്പെട്ട അതേ കോണ്‍ഗ്രസ്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമയെ പോലുള്ള ചിലര്‍ നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും വലിയ കാഴ്ച്ചപ്പാടുണ്ടായിരുന്ന പ്രധാനമന്ത്രിമാരായി വിലയിരുത്തി.

മൊറോക്കോ രാജാവ് മൊഹമ്മദ്, ഈജിപ്ത് പ്രസിഡണ്ട് അബ്ദെല്‍ ഫത്താ അല്‍-സിസി, ഘാന പ്രസിഡണ്ട് ജോണ്‍ ദ്രമാനി മഹാമ, മൌറീഷ്യസ് പ്രധാനമന്ത്രി അനേറൂദ് ജൂഗ്നൌത് എന്നിവരും നെഹ്രുവിനെ പ്രശംസിച്ചു.

2008-ല്‍ തുടങ്ങിയ ഉച്ചകോടിയുടെ മൂന്നാമത് സമ്മേളനത്തില്‍ ഇതാദ്യമായി മോദി സര്‍ക്കാര്‍, 54 ആഫ്രിക്കന്‍ രാഷ്ട്രതലവന്‍മാരെ ക്ഷണിച്ചിരുന്നു. ഇതില്‍ 40 രാഷ്ടങ്ങളെ പ്രതിനിധീകരിച്ച് രാജാക്കന്മാര്‍, പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍, പ്രധാനമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചേരി-ചേരാ സമ്മേളനത്തിനും 1983-ലെ കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കും ശേഷം ഇത്രയേറെ ലോകനേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്നത് ഇതാദ്യമായാണ്.

ഉഭയകക്ഷി സംഭാഷണങ്ങള്‍ക്കൊടുവില്‍ സമാപന സമ്മേളനത്തിനെ അഭിസംബോധന ചെയ്യവേ “നിങ്ങള്‍ പറഞ്ഞത് ശ്രദ്ധിക്കവേ ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം സ്വാഭാവികമാണെന്ന എന്റെ വിശ്വാസം ഒന്നുകൂടി ഉറച്ചു,” എന്നാണ് മോദി പറഞ്ഞത്. “കാരണം നമ്മുടെ വിധി പരസ്പരം ഏറെ അടുത്തിരിക്കുകയും അഭിലാഷങ്ങളും വെല്ലുവിളികളും ഏറെ സമാനത പുലര്‍ത്തുകയും ചെയ്യുന്നു.”

പക്ഷേ അദ്ദേഹത്തിന്റെ പല അതിഥികളും ചൂണ്ടിക്കാണിച്ചപോലെ നിലവിലെ ബന്ധങ്ങളിലേക്കുള്ള  നിര്‍ണായക കണ്ണി ഭൂതകാലമാണ്-മോദി ഭരണകൂടം തീര്‍ത്തും അവഗണിച്ച കണ്ണി.

വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് തന്റെ പ്രസംഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഒരുതവണ ബാന്ദുംഗ് സമ്മേളനത്തെ പരാമര്‍ശിച്ചതൊഴിച്ച് നെഹ്രുവിനെ പരാമര്‍ശിച്ചതേയില്ല.

അതിഥികള്‍ക്കായുള്ള അവതരണങ്ങളിലും രണ്ടു സെക്കണ്ട് നേരത്തേക്കുള്ള ഒരു ദൃശ്യത്തില്‍ നെഹ്രുവും മുന്‍ ഈജിപ്ത് ഭരണാധികാരി ഗമാല്‍ അബ്ദുള്‍ നാസറും മിന്നിമറഞ്ഞതൊഴിച്ചാല്‍ ആദ്യ പ്രധാനമന്ത്രി എവിടെയുമുണ്ടായിരുന്നില്ല.

നേതാക്കളുടെ ചര്‍ച്ചകള്‍ക്ക് ശേഷമിറക്കിയ പ്രഖ്യാപനങ്ങളിലും നെഹ്രുവോ, ബാന്ദുംഗ് സമ്മേളനമോ, ചേരി ചേരാ പ്രസ്ഥാനമോ പരാമര്‍ശിക്കപ്പെട്ടില്ല.

എന്നാല്‍ ആഫ്രിക്കന്‍ നേതാക്കള്‍ പലപ്പോഴും നെഹ്രുവിനെ ഓര്‍ത്തു.

“ഇന്ത്യക്ക് മാത്രമല്ല, ആഫ്രിക്കയ്ക്കും ആദ്യകാല പ്രചോദനമായിരുന്നു,” എന്നു 91-കാരനായ റോബര്‍ട് മുഗാബെ പറഞ്ഞു. “അഹിംസ മാര്‍ഗത്തിലൂടെയുള്ള ചെറുത്തുനില്‍പ്പ് കാണിച്ചുതന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ” പ്രശംസിക്കുന്നതിനൊപ്പമായിരുന്നു അത്.

“ഞങ്ങളും ദക്ഷിണാഫ്രിക്കയിലും പഠിച്ച പാഠമായിരുന്നു അത്,” എന്നു മുഗാബേ കൂട്ടിച്ചേര്‍ത്തു. (മഹാത്മാ ഗാന്ധിയെന്നതിന് ഇന്ദിര ഗാന്ധിയെന്ന് തെറ്റിപ്പറഞ്ഞ മുഗാബെ തിരുത്തുകയും ചെയ്തു)

മൊഹമ്മദ് രാജാവ് ആറാമന്‍ “തന്റെ മുത്തച്ഛനും മഹാനായ ജവഹര്‍ലാല്‍ നെഹ്രുവും തമ്മിലുള്ള ബന്ധത്തെ”പരാമര്‍ശിച്ചു.

നെഹ്രുവും നാസറും തമ്മിലുള്ള സഹകരണത്തെ ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏറ്റവും വിജയകരമാകുന്നതിനുള്ള ഉദാഹരണങ്ങളിലൊന്നായാണ് സിസി ചൂണ്ടിക്കാണിച്ചത്.

നെഹ്രുവും മറ്റ് ചേരി ചേരാ നേതാക്കളും വിതച്ച വിത്തിന്റെ ഉല്‍പ്പന്നമാണ് ആഫ്രിക്ക ഉച്ചകോടിയെന്ന് ജൂഗ്നൌത് പറഞ്ഞു. എങ്ങനെയാണ് സംസ്കാരസമ്പന്നരാകേണ്ടതെന്ന് ആഫ്രിക്കന്‍ നേതാക്കള്‍ക്കറിയാം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍