UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനി സംസാരിക്കുന്നു

Avatar

അഭിമുഖം- കനി കെ.ആര്‍ ധന്യ

 

ഷൈലജ പദിന്ദല സംവിധാനം ചെയ്ത 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘മെമ്മറീസ് ഓഫ് എ മിഷീന്‍’ എന്ന ഷോര്‍ട്ട് ഫിലിം വിവാദമായിരിക്കുകയാണ്. ഒരു പെണ്‍കുട്ടി തന്റെ സെക്ഷ്വല്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന സിനിമ പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ മുഖ്യ വാദം. വിവാദങ്ങളുടെ പരിസരത്തില്‍ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച കനി, കെ.ആര്‍ ധന്യയോട് സംസാരിക്കുന്നു.

 

ധന്യ: കനി ഇപ്പോള്‍ വിവാദ നായികയാണ്. വിവാദങ്ങളെ എങ്ങനെ കാണുന്നു?

കനി:  മെമ്മറീസ് ഓഫ് എ മിഷീന്‍ പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞാണ് വിവാദങ്ങള്‍. പക്ഷെ ആ സിനിമ പീഡോഫീലിയയേയോ ഏതെങ്കിലും തരത്തിലുള്ള അബ്യൂസുകളേയോ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു സ്ത്രീ തന്റെ സെക്ഷ്വല്‍ അനുഭവങ്ങള്‍ പങ്കാളിയോട് പങ്കുവയ്ക്കുന്നതാണ് ചിത്രം. ചൈല്‍ഡ് അബ്യൂസ് മാത്രമല്ല, ഒരു തരത്തിലുള്ള അബ്യൂസുകളെയും ഇഷ്ടപ്പെടുന്നവരല്ല നമ്മള്‍. ആ സിനിമ സംസാരിക്കുന്നത് അതുമല്ല. സിനിമയെ ഒരു രീതിയില്‍ മാത്രം കാണുന്നവരാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. സെക്ഷ്വല്‍ അനുഭവങ്ങളെക്കുറിച്ച്, അത് ഒരാളുടെ അനുഭവം മാത്രമാണെങ്കില്‍ അതും പറയേണ്ടത് തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. എന്താണ് ഇതിലൊക്കെ ഇത്രമാത്രം പറയാനുള്ളതെന്ന് ചോദിക്കുന്നവരുമുണ്ട്. പറയാനുള്ളത് ഒരാള്‍ക്കാണെങ്കിലും അത് പറയണമെന്നുണ്ടെങ്കില്‍ പറയുക തന്നെ വേണം. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് മാത്രമല്ല അതിനെ സപ്പോര്‍ട്ട് ചെയ്യുന്നത്. വേറൊരു നടിയായിരുന്നു ഇത് ചെയ്തിരുന്നതെങ്കിലും എന്റെ അഭിപ്രായത്തില്‍ മാറ്റമുണ്ടാവില്ല. ഇത്തരം സിനിമകളും ഉണ്ടാവേണ്ടത് തന്നെയാണ്.

പിന്നെ മറ്റൊരു കാര്യം ഈ സിനിമയിലെ കഥാപാത്രങ്ങള്‍ ഐഡിയല്‍ പുരുഷനോ സ്ത്രീയോ അല്ല. സാധാരണ രീതിയില്‍ പെണ്ണുകണ്ട് കല്യാണം കഴിച്ചവരാണവര്‍. ഒരുപക്ഷേ ആ ഭര്‍ത്താവ് ഒരു നല്ല മനുഷ്യനേ ആയിരിക്കണമെന്നില്ല. പക്ഷെ അവര്‍ തമ്മിലുള്ള സെക്‌സ് അവര്‍ ഇഷ്ടപ്പെടുന്നുണ്ട്. അതില്‍ നിന്നുണ്ടാവുന്ന ചില പങ്കുവയ്ക്കലുകള്‍ മാത്രമാണത്. ആ പെണ്‍കുട്ടി തന്റെ തന്റെ കുട്ടിക്കാലത്തെ അനുഭവം പറയുമ്പോള്‍ അതില്‍ വിഷമം അനുഭവിക്കുന്നില്ല. കാരണം അതവളെ തന്റെ ശരീരത്തെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. ചില ഇന്‍സിഡന്റ്‌സ് സംഭവിക്കുമ്പോള്‍ മാത്രമാണ് നമുക്ക് ദേഷ്യവും എതിര്‍പ്പും വരുന്നത്, ചിലപ്പോള്‍ കാലങ്ങള്‍ കഴിയുമ്പോള്‍ അതവരെ ബുദ്ധിമുട്ടിക്കാതെയാവും.
അത്തരം അനുഭവം ഉണ്ടായിക്കൂടെന്നുണ്ടോ? അതൊരാള്‍ക്ക് തുറന്ന് പറയാനുമുള്ള സ്വാതന്ത്ര്യമില്ലേ? സിനിമയില്‍ പെണ്‍കുട്ടി തന്റെ അനുഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഭര്‍ത്താവായ പുരുഷന്റെ കയ്യില്‍ നിന്നും ക്യാമറ താഴെ പോവുന്നുണ്ട്. അതും അപ്പോഴുള്ള ‘ഫക്ക്’ എന്ന അയാളുടെ പ്രതികരണവും മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണ്. കാരണം പെണ്‍കുട്ടിയുടെ പറച്ചില്‍ കേള്‍ക്കുന്ന സാധാരണക്കാര്‍ക്ക് ചിലപ്പോ ‘അയ്യേ നാണമില്ലേ ഈ പെണ്ണിന്?’ എന്ന് തോന്നാം. അതയാള്‍ക്കും തോന്നി എന്നതാണ് ആ പ്രതികരണത്തിലൂടെ മനസ്സിലാക്കേണ്ടത്. പക്ഷെ ഇതെല്ലാം ഒരു സിനിമയുടെ ഡയറക്ടറോ നടിയോ വിശദീകരിച്ച് മനസ്സിലാക്കിക്കേണ്ടതല്ല. പത്ത് മിനിറ്റ് സിനിമയ്ക്കകത്ത് കൂടുതല്‍ വിശദീകരണങ്ങള്‍ക്കും സ്‌കോപ്പ് ഇല്ല. അത് കാഴ്ചക്കാരുടെ റോളാണ്. അത് മനസ്സിലാക്കാതെ ചൈല്‍ഡ് അബ്യൂസിനെ സെലിബ്രേറ്റ് ചെയ്യുന്നു എന്ന വാദമുന്നയിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

 

ധന്യ: അനുകൂലിക്കുന്നവര്‍ ന്യൂനപക്ഷമാണ്. അതില്‍ നിരാശയുണ്ടോ? അതോ അത് പ്രതീക്ഷിച്ചിരുന്നോ?

കനി: ഇല്ല. ഇത്രത്തോളം നെഗറ്റീവ് ആയ, ഏകപക്ഷീയമായ വിമര്‍ശനങ്ങളും എതിര്‍പ്പുകളുമുണ്ടാവുമെന്ന് ഒരു ഘട്ടത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ ഇത്ര സെന്‍സിറ്റീവ് ആയ ഒരു പ്രമേയമാകുമ്പോള്‍ സിനിമയ്ക്ക് പലതരം വായനകളും വിമര്‍ശനങ്ങളും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ ഗ്രേ എരിയ എന്നൊന്നില്ല എന്നത് നിഷേധിക്കാന്‍ കഴിയില്ല. അതാകട്ടെ ഇവിടെ കാണാന്‍ ശ്രമിച്ചിട്ടുമില്ല എന്നു തോന്നുന്നു. 60-65 ശതമാനം പേര്‍ എതിര്‍പ്പുമായി എത്തിയേക്കാം, ബാക്കിയുള്ളവര്‍ അനുകൂലിക്കുകയോ, സിനിമയെക്കുറിച്ച് ജനാധിപത്യപരമായ സംവാദങ്ങള്‍ ഉയര്‍ത്തുകയോ ചെയ്യും എന്നാണ് പ്രതീക്ഷിച്ചത്. ഇത് ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുക്കപ്പെട്ട സിനിമയാണ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞയുടന്‍ തന്നെ ഡയറക്ടര്‍ ഷൈലജ അത് സ്വകാര്യ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് അതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പലരും വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. തുടര്‍ന്ന് വിബ്ജിയോര്‍ അടക്കമുള്ള ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ന് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പലരും, എനിക്കറിയാവുന്നവരുള്‍പ്പെടെ ഇതൊരു നിരോധിക്കപ്പെടേണ്ട സിനിമയാണെന്നോ, ഇത് പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നോ ഒന്നും പറഞ്ഞിരുന്നില്ല. സത്യത്തില്‍ എന്റെ മറ്റ് വര്‍ക്കുകള്‍ക്കിടയില്‍ ഞാന്‍ ഈ സിനിമയെക്കുറിച്ചു പോലും മറന്നിരിക്കുകയായിരുന്നു. അതിനിടയ്ക്ക് ഇത് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്ന കാര്യം ശൈലജയോട് സംസാരിച്ചിരുന്നു. ചെയ്യുന്നുണ്ട് എന്നവര്‍ പറയുകയും ചെയ്തു. നേരത്തെ പറഞ്ഞത് പോലെ, ഇത്രയും സെന്‍സിറ്റീവ് ആയ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ അതുവഴിയുണ്ടാകുന്ന ചര്‍ച്ചകളിലും സംവാദങ്ങളില്‍ നിന്നും എനിക്കും മറ്റുള്ളവര്‍ക്കുമൊക്കെ ചില വ്യക്തതയും വ്യക്തതയില്ലായ്മയും ഉണ്ടാകുമെന്നും അതിനെ തുടര്‍ന്നുണ്ടാകുന്ന വരും ചര്‍ച്ചകളുമെല്ലാം പ്രധാനമാണ് ഇങ്ങനെയൊരു വിഷയത്തില്‍ എന്നെനിക്ക് തോന്നി. പക്ഷേ അങ്ങനെയല്ല പിന്നീടുണ്ടായ കാര്യങ്ങള്‍. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നടന്നു. അടുത്ത സുഹൃത്തുക്കളില്‍ ചിലരൊക്കെ മൗനം പാലിച്ചു. പക്ഷെ സിനിമ, സീരിയല്‍ ഫീല്‍ഡിലുള്ള ചിലര്‍ ഈ സിനിമയെ വളരെ പോസിറ്റീവായാണ് സ്വീകരിച്ചത്. എന്റെ കണ്‍സര്‍വേറ്റീവായ ചില ബന്ധുക്കള്‍ പോലും അതിനെ സ്വീകരിച്ചത് വ്യത്യസ്തമായാണ്.

 

 

ധന്യ: സെക്ഷ്വാലിറ്റി പ്രമേയമാക്കിയ സിനിമകള്‍ ഫിലിം ഫെസ്റ്റിവലുകളിലും മറ്റും പ്രദര്‍ശിപ്പിക്കുമ്പോള്‍ സെലബ്രേറ്റ് ചെയ്യുകയും കയ്യടിച്ച് പ്രോത്സാഹിക്കുകയും ചെയ്യുന്നവരാണ് പലരും. വിദേശത്തു നിന്നു വരുമ്പോള്‍ സ്വീകരിക്കുകയും ഇവിടെയത് സംഭവിക്കുമ്പോള്‍ അശ്ലീലം, പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്നത് എന്നെല്ലാം പറഞ്ഞ് തള്ളിക്കളയുന്നത് എന്തുകൊണ്ടായിരിക്കും?

കനി: അത്തരത്തില്‍ താരതമ്യം ചെയ്യാമോ എന്നെനിക്കറിയില്ല. എന്നാലും എനിക്ക് തോന്നുന്നത് സിനിമയിലെ ക്രാഫ്റ്റിന്റെ കുറവായിരിക്കും അതിന് കാരണമെന്നാണ്. കൊമേഴ്‌സ്യല്‍ സിനിമകളാവട്ടെ, പാരലല്‍ സിനിമകളാവട്ടെ ഇവിടെ അത് എടുക്കുമ്പോള്‍ ക്രാഫ്റ്റിന്റെ പോരായ്മ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു മോശം ഹോളിവുഡ് സിനിമ കണ്ടാലും ചിലപ്പോള്‍ നമുക്ക് അയ്യേ എന്ന് പറയാന്‍ തോന്നാറില്ല. ക്രാഫ്റ്റിന്റെ മികവ് അതിനുള്ളത് കൊണ്ടാവാം. ക്രാഫ്റ്റില്‍ കലര്‍പ്പില്ലാത്തതുകൊണ്ട് യു.എസില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ വരുന്ന സിനിമകള്‍ക്ക് കുറച്ചു കൂടി നന്നായി കണ്‍വേ ചെയ്യാന്‍ സാധിക്കാറുണ്ട്. അവര്‍ ഏത് സബ്ജക്ട് പറഞ്ഞാലും അയ്യേ ഇതെന്താ ഇങ്ങനെ എന്ന് തോന്നിയിട്ടില്ല. പക്ഷെ ഇന്ത്യന്‍ സിനിമകള്‍, പ്രത്യേകിച്ചും വളരെ സെന്‍സിറ്റീവായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ വേണ്ട രീതിയില്‍ കണ്‍വേ ചെയ്യപ്പെടാതെ പോവുന്നത് ക്രാഫ്റ്റില്ലാത്തതുകൊണ്ടാണ്. ഒരു ഇന്ത്യന്‍ സിനിമയും നന്നായി എടുത്തു എന്ന് എനിക്കിതേവരെ തോന്നിയിട്ടില്ല. അതിനുള്ള സാഹചര്യം ഇവിടെയുണ്ടായിട്ടില്ലാത്തതാവാം കാരണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പലര്‍ക്കും അതില്‍ തര്‍ക്കമുണ്ടാവാം.

 

ധന്യ: മറ്റേതെങ്കിലും ഭാഷയില്‍ ഈ സിനിമയെടുത്തിരുന്നെങ്കില്‍ കാര്യങ്ങിളില്‍ കുറച്ചെങ്കിലും മാറ്റമുണ്ടാവുമായിരുന്നെന്ന് കരുതുന്നുണ്ടോ?

കനി: ചിലപ്പോള്‍ അങ്ങനെ സംഭവിച്ചേക്കാം. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നുമില്ല. ഷൈലജ കന്നഡക്കാരിയാണ്. കന്നഡയിലാണ് ഈ സിനിമ എടുക്കാന്‍ തീരുമാനിച്ചത്. ഞാന്‍ കുറേയൊക്കെ കന്നഡ പഠിച്ചതുമാണ്. പക്ഷെ അതിനിടയില്‍ ഒരു ടെക്‌നീഷ്യന് ഡേറ്റ് പ്രശ്‌നമായി വന്നപ്പോള്‍ എനിക്കും, പുരുഷ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നയാള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ മലയാളത്തില്‍ സിനിമയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മിഴിവോടെ സിനിമയെടുത്താല്‍ ഏത് ഭാഷയിലാണെങ്കിലും സ്വീകരിക്കപ്പെടും എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം.

 

ധന്യ: മെമ്മറീസ് ഓഫ് എ മിഷീന്‍ സംഭവിച്ചതെങ്ങനെയാണ്?

കനി: ഷൈലജ എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. അവര്‍ക്ക് ഒരു ഫീച്ചര്‍ ഫിലം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിന് പ്രൊഡ്യുസര്‍മാരെ കിട്ടാന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്ത് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് ഈ പ്രോജക്ടിലേക്ക് വരുന്നത്. അവര്‍ എന്നോട് ഇക്കാര്യം സംസാരിച്ചു. ഞാന്‍ അത്ര നല്ല നടിയൊന്നുമല്ല, വേണമെങ്കില്‍ മറ്റാരെയെങ്കിലും സജസ്റ്റ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവര്‍ക്ക് ഞാന്‍ തന്നെ ആ കഥാപാത്രത്തെ ചെയ്യുന്നതായിരുന്നു താത്പര്യം. അവരുമായി കുറേനേരം സംസാരിച്ചപ്പോള്‍ ഒരടുപ്പം തോന്നി. പലപ്പോഴായി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പല ഫോട്ടോകളും കാണിച്ച്, എനിക്ക് ഇത്തരം ഭാവമാണ് വേണ്ടത് എന്നൊക്കെ പറഞ്ഞ് എന്നെ ആ കഥാപാത്രമാക്കുകയായിരുന്നു. എന്റെ ഡയലോഗ് പ്രസന്റേഷന്‍ പോലും ഷൈലജ പറഞ്ഞതനുസരിച്ചായിരുന്നു.

 

ധന്യ: കനി തന്റെ സെക്ഷ്വല്‍ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന സിനിമ എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എഴുതിയത്.

കനി: അതെ. അങ്ങനെ കരുതുന്നവരുമുണ്ട്. അങ്ങനെ തോന്നിപ്പിക്കുന്ന ഡോഗ്മ സ്‌റ്റൈല്‍ ഷൈലജയുടെ ബോധപൂര്‍വ്വമുള്ള തീരുമാനമായിരുന്നു. അതുകൊണ്ടായിരിക്കാം ചിലരെങ്കിലും അങ്ങനെ വിശ്വസിക്കുന്നത്. സ്വാഭാവികമായി മിണ്ടാനാണ് സിനിമ ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. ഷൈലജ വളരെ പ്ലാന്‍ ചെയ്ത് തന്നെയാണ് എല്ലാം ചെയ്തത്. ഒരു ഭാഗത്തും ശ്രദ്ധക്കുറവുണ്ടാകാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു. സ്വകാര്യമായ ഒരിടത്തെ സംഭാഷണമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആണുങ്ങളുടെ ക്യാമറയിലൂടെ പെണ്ണുങ്ങള്‍ അനുഭവം പറയുമ്പോഴുണ്ടാവുന്ന രീതി തന്നെയാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. പെണ്‍കുട്ടി തന്റെ അനുഭവങ്ങള്‍ പറയുമ്പോള്‍ ക്യാമറ ചിലപ്പോഴൊക്കെ അവളുടെ മുഖത്തു നിന്ന് മാറി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്നത് സിനിമയില്‍ കാണാം. 

 

വീഡിയോ നിരോധിക്കാന്‍ നടക്കുന്നതിന് മുമ്പ് സ്വന്തം സമൂഹത്തിലേക്ക് കൂടിയൊന്ന് നോക്ക്

ഒരു ലൈംഗികാതിക്രമിയുടെ ചിന്താവൈകല്യത്തിന് വളമിടുന്നു എന്നതുതന്നെയാണ് പ്രശ്നം

നമുക്ക് വൈറലാവാന്‍ ഇപ്പോഴും ഇത്തിരി സെക്‌സും ഒളിഞ്ഞു നോട്ടവും മതി

ആ കുഞ്ഞുങ്ങള്‍ ഉറങ്ങാതെ വെളുപ്പിച്ചെടുത്ത രാത്രികളെക്കുറിച്ച് കൂടി നിങ്ങള്‍ ഓര്‍ക്കണം

 

ധന്യ: സിനിമയില്‍ ഒരു ഭാഗത്ത് കഥാപാത്രം തന്റെ അടിവസ്ത്രം അഴിച്ച് കളഞ്ഞ് ‘ഹോ, ഇപ്പോ എന്തൊരു സമാധാനം’ എന്ന് പറയുന്നുണ്ട്. മിക്ക സ്ത്രീകളും ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് സന്തോഷത്തോടെയല്ല. അഭിമാന ഭയം കൊണ്ടാണ്. അടിവസ്ത്രങ്ങള്‍ ഒളിച്ചുകൊണ്ട് പോകേണ്ടതാണെന്ന് വിശ്വസിക്കുന്നവരാണ് സാധാരണ മലയാളി സ്ത്രീ. ആ സാഹചര്യത്തില്‍ ഇതും ഒരും ബോധപൂര്‍വ്വമായ തീരുമാനമായിരുന്നോ?

കനി: അങ്ങനെയല്ല. അത് സ്‌ക്രിപ്റ്റിലില്ലായിരുന്നു. ഒരുച്ചമയക്കം കഴിഞ്ഞുള്ള രംഗം എന്ന രീതിയിലാണ് പ്ലാന്‍ ചെയ്തത്. ഒറ്റ ഷോട്ടിലാണ് സിനിമയെടുത്തിരിക്കുന്നതും. വളരെ സ്പീഡിലാണ് ഡയലോഗ് പറയുന്നത്. എനിക്ക് സ്പീഡില്‍ സംസാരിക്കുമ്പോള്‍ ശ്വാസം മുട്ടും. അപ്പോള്‍ ഇറുകിയ അടിവസ്ത്രമിട്ടിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും വലിയ ബുദ്ധിമുട്ടാണ്. അങ്ങനെ ഒരു റിഹേഴ്സലിനിടെ ഇറുകിയ അടിവസ്ത്രമിട്ട് ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടായി വന്നപ്പോള്‍ ഞാന്‍ അത് അഴിച്ച് മാറ്റുകയായിരുന്നു. എന്റെ നാച്വറലായുള്ള ആ പ്രതികരണം ശരിക്കും സിനിമയിലും വന്നാല്‍ കൊള്ളാമെന്ന് ഷൈലജയ്ക്കുണ്ടായിരുന്നു. മനപ്പൂര്‍വ്വം ചെയ്യില്ലെന്നും ഡയലോഗ് പറയുന്നതിനിടയ്ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ മാത്രം അത് തന്നെ ചെയ്യുമെന്നും ഞാന്‍ ഉറപ്പ് നല്‍കി. ഓക്കേ ആയ ടേക്കില്‍ ഈ ഒരു ആക്ഷന്‍ കൂടി ഉള്‍പ്പെട്ടിരുന്നു എന്നു മാത്രം. 

 

ധന്യ: സെക്ഷ്വല്‍ അനുഭവങ്ങള്‍, മൊളെസ്റ്റേഷന്‍ അനുഭവങ്ങള്‍ ഉള്‍പ്പെടെ തുറന്ന് പറയാനുള്ള സാഹചര്യം ഒരുക്കിയെടുക്കേണ്ടതല്ലേ?

കനി: തീര്‍ച്ചയായും അത്തരത്തിലൊരു അന്തരീക്ഷം വളര്‍ത്തിയെടുക്കണം. ഞാനെന്റെ കാര്യം തന്നെ പറയാം. ഒരഞ്ചു വയസുള്ളപ്പോള്‍ അമ്മയും അച്ഛനും (ഡോ. ജയശ്രീ, മൈത്രേയന്‍) എന്നെ ഒരു മെഡിക്കല്‍ എക്സിബിഷന് കൊണ്ടുപോയിരുന്നു. അവിടെ വച്ച് മനുഷ്യരുടെ ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഒരു കുട്ടി ഉണ്ടാകുന്നതെങ്ങനെ, ആര്‍ത്തവ കാര്യങ്ങള്‍ ഒക്കെ വിശദമായി എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. 

 

കുറെ ആളുകള്‍ കൂട്ടമായുള്ള സ്ഥലത്തുവച്ച്, ആരെങ്കിലുമൊക്കെ ഉമ്മ തരികയോ എടുക്കുകയോ ഒക്കെ ചെയ്യുകയാണെങ്കില്‍, നിനക്കത് ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ തന്നെ നീ അതവരോട് പറയണം എന്ന് അച്ഛനും അമ്മയും പറഞ്ഞു തന്നിട്ടുണ്ട്. ഇഷ്ടമില്ലാത്ത ആ കാര്യം ചെയ്യേണ്ടതില്ല എന്നു തന്നെ നീ അവരോടു പറയണം, അത് എന്റെ അച്ഛനോ അമ്മയോ ആയാലും എന്നു തന്നെയാണ് ആ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. എന്നാല്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു സാഹചര്യം വ്യത്യസ്തമാണ്, അത് വീട്ടിലോ പുറത്തോ ആവാം. അങ്ങനെയുള്ള സമയത്ത് ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ എന്തു സംഭവിക്കും എന്നും പറഞ്ഞിട്ടുണ്ട്. അതായത്, ആ സമയത്ത് എനിക്കിഷ്ടമില്ലാത്ത ഒരു കാര്യമാണ് എന്നോട് ഒരാള്‍ ചെയ്യുന്നതെങ്കില്‍ കൊച്ചുകുട്ടിയായ എനിക്കതിനെ പ്രതിരോധിക്കുക എളുപ്പമല്ല. അത് ജീവന്‍ തന്നെ അപകടത്തില്‍പ്പെടുത്തിയേക്കാം. അപ്പോള്‍ അങ്ങനെയുള്ള അതിക്രമങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഞങ്ങളോട് വന്നു പറയുകയും അതിനു നമുക്ക് ഒരുമിച്ച് ഒരു പരിഹാരം കാണുകയും ചെയ്യാം എന്നാണ് അവര്‍ പറഞ്ഞു തന്നിട്ടുള്ളത്. കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കുമൊന്നും ഇത് ഉള്‍ക്കൊള്ളണമെന്നില്ല. എന്നാല്‍ ജീവിതത്തില്‍ പലപ്പോഴും ഇത്തരം അവസ്ഥകളില്‍ നിന്ന് എഴുന്നേറ്റ് വരാന്‍ ഇതൊക്കെ സഹായകരമായിട്ടുണ്ട്.


ഒരു വ്യക്തിയുടെ ജീവിതകാലയളവില്‍ ഏതാണ് ഇഷ്ടം, ഇഷ്ടമില്ലാത്തത് എന്ന് എത്രയും നേരത്തെ തിരിച്ചറിയാനുള്ള പ്രാപ്തി അവര്‍ക്ക് ഉണ്ടാവുകയാണ് ഏറ്റവും പ്രധാനം എന്നു ഞാന്‍ കരുതുന്നു. ആ തിരിച്ചറിവുകള്‍ക്ക് കാലക്രമേണ മാറ്റങ്ങളും ഉണ്ടായേക്കാം. 

 

സിനിമാ ജീവിതത്തിലും പുറത്തും പലരില്‍ നിന്നും ഇഷ്ടമില്ലാത്തതും പരസ്പരബഹുമാനമില്ലാത്തതുമായ സംസാരങ്ങളും പ്രവൃത്തികളുമൊക്കെയുണ്ടാവാറുണ്ട്. അപ്പോള്‍ അവരെ ജീവിതത്തില്‍ നിന്ന്‍ പൂര്‍ണമായി ഒഴിവാക്കി നിര്‍ത്തുന്നതിനേക്കാള്‍ അവരോട് അക്കാര്യം സംസാരിക്കാനും ആ സംസാരത്തില്‍ നിന്ന് പരസ്പര ബഹുമാനം ഉടലെടുത്തു വരണമെന്നും ആഗ്രഹമുള്ള ആളാണ് ഞാന്‍.

 

 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍