UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

ഓഫ് ഷോട്സ്

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

ഇവിടെ വിഷയം പാപബോധമോ ലജ്ജാഭാരമോ ഒന്നുമല്ല; ക്രൈം മാത്രമാണിത്

“വിവാഹം എന്ന വ്യവസ്ഥാപിത സ്ഥാപനം വഴി നൂറായിരം പൊരുത്തങ്ങളുളള സ്ത്രീയും പരുഷനും തമ്മില്‍ ചെയ്യേണ്ട ഒന്നാണ് സെക്‌സ് എന്ന് നമ്മളതിനെ സംബന്ധിച്ച ഒന്നാം പാഠം ദശാബ്ദങ്ങളായി പഠിക്കുന്നു. അവിടെ ആ പൊരുത്തങ്ങളുടെ പരിധിയില്‍ നില്‍ക്കാത്ത പ്രണയികള്‍ തമ്മിലുള്ള രതിയെ നമ്മള്‍ അവിഹിതവും അശ്ലീലവുമാക്കുന്നു. ”

 വളരെ വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പിനെ കുറെ സാമൂഹിക, സാംസ്‌കാരിക കെട്ടുപാടുകള്‍ കൊണ്ട് ചുറ്റിവരിഞ്ഞിട്ടുണ്ട് ഇവിടെ. കാമശാസ്ത്രം എന്നൊരു ലൈംഗിക ടെക്സ്റ്റ് ബുക്ക് വരെ സ്വന്തമായിട്ടുണ്ടായിട്ടും സെക്‌സ് എന്ന് ഉറക്കെപ്പറഞ്ഞാല്‍ തിട്ടൂരമിറക്കുന്ന നാട്…

 

വിവാഹം എന്ന വ്യവസ്ഥാപിത സ്ഥാപനം വഴി നൂറായിരം പൊരുത്തങ്ങളുളള സ്ത്രീയും പരുഷനും തമ്മില്‍ ചെയ്യേണ്ട ഒന്നാണ് സെക്‌സ് എന്ന് നമ്മളതിനെ സംബന്ധിച്ച ഒന്നാം പാഠം ദശാബ്ദങ്ങളായി പഠിക്കുന്നു. അവിടെ ആ പൊരുത്തങ്ങളുടെ പരിധിയില്‍ നില്‍ക്കാത്ത പ്രണയികള്‍ തമ്മിലുള്ള രതിയെ നമ്മള്‍ അവിഹിതവും അശ്ലീലവുമാക്കുന്നു. അവിടെ പൊരുത്തമില്ലാത്ത സ്ത്രീ പുരുഷന്മാരും സ്വവര്‍ഗ്ഗാനുരാഗികളും ഭിന്നലിംഗക്കാരുമെല്ലാം പാപികളാവും. ഇന്ത്യയിലെ ഈ അവസ്ഥ സാംസ്‌കാരിക ഉയര്‍ച്ച കൂടുതലുള്ള കേരളത്തിലും ഏറിയും കുറഞ്ഞും ബാധകമാണ്.

 

മറുവശത്ത് ലൈംഗികാതിക്രമങ്ങളുടെ ശരാശരിക്കണക്കില്‍ ഇന്ത്യയും കേരളവും മുന്‍പന്തിയിലാണ്. ഗാര്‍ഹിക പീഡനം മുതല്‍ ശിശു പീഡനം വരെ ഇവിടെ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതില്‍ ഏറിയ പങ്കും നേരിടുന്നത് പെണ്‍കുട്ടികളും സ്ത്രീകളുമാണ്. കുപ്രസിദ്ധമായ ഡല്‍ഹി പീഡനക്കേസില്‍ പെണ്‍കുട്ടിയും സുഹൃത്തും രാത്രി പുറത്തിറങ്ങിയതിനെ ഒരേ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്  പ്രതിയും അവരുടെ വക്കീലും. സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങള്‍ക്കുപരിയായി ഇവിടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന മൂല്യം ഒന്നാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. 40 പേരാല്‍ 200-ലേറെ തവണ ബലാല്‍ഭോഗം ചെയ്യപ്പെട്ട സൂര്യനെല്ലിയിലെ ഇരയെ ബാലവേശ്യ എന്ന് വിളിച്ചത് ജസ്റ്റിസ് ബസന്താണ്.

 

ഈ നാട്ടിലേക്കാണ് എട്ട് വയസ്സിലെ ലൈംഗികാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി ‘മെമ്മറീസ് ഓഫ് എ മെഷിന്‍’ എന്ന പേരിലൊരു ചെറു സിനിമ പുറത്തു വന്നത്. ശൈലജയാണ് സംവിധായിക.

 

ഒരു വ്യക്തിയുടെ ലൈംഗികത പൂര്‍ണ്ണമായും ആ വ്യക്തിയുടെ മാത്രം തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമാണ്. ഉഭയസമ്മതത്തോടെ ആര്‍ക്കും ലൈംഗികതയിലേക്ക് എത്താം. ഈ തിരഞ്ഞെടുപ്പിന് പുറത്തെ ആര്‍ക്കും അവിടേക്ക് എത്തിനോക്കാനോ കടന്നു കയറാനോ അവകാശമില്ല. പക്ഷെ എട്ടാം വയസ്സില്‍ സ്‌കൂളിലെ പ്യൂണ്‍ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ആനന്ദവും അതിനെ തുടര്‍ന്ന് സെക്‌സിന്റെ അപാര സാധ്യതയിലേക്ക് ഊളയിട്ടിറങ്ങുന്നതുമൊക്കെ എങ്ങനെയാണ് ലൈംഗിക തിരഞ്ഞെടുപ്പിന്റെ പരിധിയില്‍ വരുന്നത്? ലൈംഗികത എന്തെന്നറിയാത്ത, പൂര്‍ണ ലൈംഗിക വളര്‍ച്ചയെത്താത്ത ശരീരത്തിന്റെ ഉടമയെ ആക്രമിക്കുന്ന ക്രൈമാണ് ഇവിടെ ന്യായീകരിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ വളരെ വിപ്ലവകരം എന്നു തോന്നുന്ന സംഭാഷണങ്ങള്‍, ഫ്രെയിമുകള്‍ എല്ലാം തികച്ചും നിരുത്തരവാദിത്വപരമായ ന്യായങ്ങള്‍ ഉപയോഗിച്ച് ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കുന്നുണ്ട്.

 

 

മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍, സ്ത്രീ ശരീരത്തിന്റെ ഉപയോഗം എല്ലാം നിരന്തരം പ്രശ്‌നവത്കരിക്കപ്പെടാറുണ്ട്. ‘ബലാത്സംഗത്തിന് പകരം ബലാത്സംഗം’ എന്ന യുക്തിയുള്ള ‘നീ വെറും പെണ്ണ്’ എന്ന് ആക്രോശിക്കുന്ന ബോധ്യങ്ങളെ ഒക്കെ നാം ചോദ്യം ചെയ്യുന്നു. തുല്യമായ നിലനില്‍പ്പുള്ള ഒരുവളെ അധിക്ഷേപിക്കുന്നു എന്നതു തന്നെയാണ് കാരണം. സ്വവര്‍ഗ്ഗാനുരാഗികളെയും ഭിന്നലിംഗക്കാരെയും അധിക്ഷേപിച്ചാലും നമ്മുടെ ശബ്ദം ഉയരും. ഇവരെക്കാളുമെല്ലാം ദുര്‍ബലരാണ് കുട്ടികള്‍. തങ്ങള്‍ക്കു സംഭവിക്കുന്നതെന്ത് എന്നുപോലും അറിയാതെയാണ് ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരകളാവുന്നത്. സ്വന്തം വീടുമുതല്‍ അവര്‍ ഇടപെടുന്ന എല്ലായിടത്തും ഇത്തരമനുഭവങ്ങള്‍ നേരിടുന്ന എത്രയോ കുട്ടികളുണ്ട്. അതില്‍ അനുവാദമില്ലാത്ത ഒരു സ്പര്‍ശം മുതല്‍ അതിക്രൂരമായ നിരവധി ആക്രമണങ്ങളുണ്ട്. ഇത്തരം അതിക്രമങ്ങള്‍ മുഴുവന്‍ റദ്ദു ചെയ്താണ് തികച്ചും കൃത്രിമമായ ബുദ്ധിജീവിപ്പട്ടം അണിഞ്ഞ് മെമ്മറീസ് ഓഫ് എ മെഷീന്‍ ഒരു വഷളന്‍ ചിരി തരുന്നത്.

 

ലൈംഗിക തിരഞ്ഞെടുപ്പ് സംബന്ധിച്ച, ലൈംഗിക ഭാവനകള്‍ സംബന്ധിച്ച നൂറായിരം കാല്‍പ്പനിക മറുവാദങ്ങളും ഉയരുന്നുണ്ട്. സിഗ്മണ്ട് ഫ്രോയിഡ് ഉദ്ധരണികള്‍ നിറയുന്നു, ഇതൊക്കെ ആസ്വദിക്കുന്ന കുട്ടികളില്ലേ… നിങ്ങള്‍ക്ക് കുട്ടിക്കാലത്ത് രതി ഭാവനകള്‍ ഉണ്ടായിട്ടില്ലേ എന്നൊക്കെ ചോദിക്കുന്നു. പ്രലോഭിപ്പിച്ചായാലും ആക്രമിച്ചായാലും സ്വയമറിയാതെ ഒരു കുട്ടി ലൈംഗിക ചൂഷണത്തിലേക്ക് എത്തിച്ചേരുന്നതിലേക്കുള്ള എന്തു ന്യായമാണ് ഇത്..?

ശാരീരികമായി സ്വന്തം സുഖത്തിനു വേണ്ടി, പൂര്‍ണ്ണ നിയന്ത്രണം ഉറപ്പായ, തന്റെ പാതി ബലം പോലുമില്ലാത്ത ഒരു ശരീരത്തെ ഉപയോഗിക്കുന്നതില്‍ ഉഭയസമ്മതത്തിന്റെ ന്യായം കണ്ടെത്തുന്ന യുക്തി ഭീകരമാണ്. കാല്പനികമായ നമ്മുടെ വളരെ മുതിര്‍ന്ന ലൈംഗിക കുതൂഹലങ്ങള്‍ക്കും/ കുതൂഹലതകള്‍ക്കും കൗതുകങ്ങള്‍ക്കും ഒന്നുമറിയാത്ത കുട്ടികളെ ഉപയോഗിക്കുന്നത് അവരെ ലൈംഗികമായി ഉപയോഗിക്കുന്നതിലും ക്രൂരമാണ്. ഒരു ജന്മം മുഴുവന്‍ ഇത്തരം കടന്നു കയറ്റങ്ങളുടെ അപമാനത്തില്‍ ജീവിക്കുന്ന കുറെപ്പെരെക്കുറിച്ച് സെക്ഷ്വല്‍ എക്‌സ്‌പ്ലൊറേഷന്‍ നടത്തിയ സഞ്ചാരികള്‍ എന്നൊക്കെ കാവ്യാത്മകമായി അടയാളപ്പെടുത്താന്‍ ഭീകരമായ മനക്കട്ടി വേണം. നീയെത്ര സുഖിച്ചു, ബലമായി കിട്ടിയതാണേലും മധുരമല്ലേ എന്നൊക്കെ ബുദ്ധിജീവി ടോണില്‍ ചോദിക്കുമ്പോള്‍ തോന്നുന്നത് അതാണ്. ഇനി ഈ കാല്‍പ്പനിക ആനന്ദാന്വേഷികള്‍ കുട്ടികളായിരിക്കുമ്പോള്‍ ലൈംഗികാതിക്രമം നേരിട്ട് അത് ആസ്വദിച്ചിരുന്നു എന്നാണ് ന്യായമെങ്കില്‍, അതീ ക്രൈമിനെ ന്യായീകരിക്കാന്‍ എങ്ങനെയാണ് കാരണമാകുന്നത്?

 

അതെ, ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു… ലൈംഗികത വളരെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന പൂര്‍ണ്ണ ബോധ്യവുമുണ്ട്. പക്ഷെ ദുര്‍ബലമായ ശരീരത്തെ ആക്രമിക്കുന്നതിനെ ക്രൈം എന്നാണ് വിളിക്കുക, അതില്‍ ലൈംഗികമായ ഉപയോഗം ഉണ്ടങ്കിലും ഇല്ലെങ്കിലും… റേപ്പും ലൈംഗികാനന്ദവും തമ്മില്‍ യാതൊരു ബന്ധവുമില്ല. റേപ്പിന്റെ ഏറ്റവും ക്രൂരമായ രീതികളില്‍ ഒന്നാണ് കുട്ടികളെ ഉപയോഗിക്കുക എന്നത്.

സിനിമയുടെ മേക്കിങ്ങോ സൗന്ദര്യശാസ്ത്രപരമായ പൂര്‍ണതയോ അഭിനേതാക്കളുടെ ബോള്‍ഡ്‌നസോ ബാഹ്യസൗന്ദര്യമോ എത്ര അധികം പൂര്‍ണതയില്‍ നിന്നാലും നമ്മളില്‍ ചിലര്‍ എത്ര കാല്പനികമായി ന്യായീകരിച്ചാലും എത്ര പഴഞ്ചന്‍ പാരമ്പര്യവാദി എന്ന്, എതിര്‍ക്കുന്നവരെ പരിഹസിച്ചാലും വിഷയം പാപബോധമോ ലജ്ജാഭാരമോ അല്ല, ക്രൈം ആണെന്ന് ഉറപ്പുള്ളിടത്തോളം മെമ്മറീസ് ഓഫ് എ മെഷീനും അതിന്റെ ന്യായീകരണങ്ങളും ഒക്കെ പൊള്ളയായ, അരാഷ്ട്രീയമായ, നിരുത്തരവാദപരമായ മേനി പറച്ചിലുകള്‍ മാത്രമായേ തോന്നു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍