UPDATES

സിനിമ

ഒരു ലൈംഗികാതിക്രമിയുടെ ചിന്താവൈകല്യത്തിന് വളമിടുന്നു എന്നതുതന്നെയാണ് പ്രശ്നം

Avatar

ഗായത്രി നാരായണന്‍

കുട്ടിക്കാലത്തെ ലൈംഗികാനുഭവങ്ങള്‍ തുറന്നു പറയുന്ന ‘മെമ്മറീസ് ഓഫ് എ മെഷീന്‍’ എന്ന ഹ്രസ്വചിത്രമാണല്ലോ ഇപ്പോഴത്തെ വിവാദ വിഷയങ്ങളില്‍ ഒന്ന്. സിനിമയിലെ നായിക തന്റെ ആദ്യ ലൈംഗികാനുഭവം പങ്കാളിയോട് വിശദീകരിക്കുന്നതാണ് സന്ദര്‍ഭം.

ഈ അവസരത്തില്‍ ലൈംഗിക താത്പര്യങ്ങള്‍ ഒരു വ്യക്തി, പ്രത്യേകിച്ചും സ്ത്രീകഥാപാത്രം തുറന്നു പറയുന്നതിലെ ധീരതയെ പ്രകീര്‍ത്തിക്കാന്‍ കഴിയില്ല. അതിനു കാരണം പരാമര്‍ശവിഷയത്തിന്റെ വിവിധ തലങ്ങളാണ്.

ആ കഥാപാത്രം പങ്കുവയ്ക്കുന്നത് എട്ടു വയസ്സുള്ളപ്പോള്‍ സ്‌കൂളിലെ പ്യൂണ്‍ തന്നെ ലൈംഗികമായി ഉപയോഗിച്ച അനുഭവം ആണ്. ആദ്യം പേടിയോടെയും പിന്നെ കൗതുകത്തോടെയും സന്ദര്‍ഭത്തോടു പ്രതികരിക്കുന്ന താന്‍, തുടര്‍ന്നത് ആസ്വദിച്ചുവെന്ന് കഥാപാത്രം ഓര്‍ത്തെടുക്കുന്നു. ഈ സന്ദര്‍ഭം പിന്നീടെങ്ങനെ ലൈംഗികാനന്ദം സ്വയം കണ്ടെത്താന്‍ തന്നെ സഹായിച്ചു എന്നൊക്കെയാണ് കഥാപാത്രത്തിന്റെ തുടര്‍സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ലൈംഗികതയുടെ ശൈശവാനുഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ അസ്വസ്ഥതപെടുത്തുന്ന നിരവധി ചോദ്യങ്ങളാണ് ഈ ചിത്രം കാഴ്ചക്കാര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. ശക്തമായി എതിര്‍ക്കേണ്ടി വരുമ്പോഴും ഈ ചിത്രം അവഗണിക്കാനാവാത്തത് ഇതുകൊണ്ട് തന്നെയാണ്.

വിയോജിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാഴ്ചാശീലമാണ് സിനിമ നമുക്ക് സമ്മാനിച്ചത്. കാമുകന്‍ കാമുകിയെ പിന്നാലെ നടന്നു ശല്യപെടുത്തി ദ്രോഹിക്കുന്നത് പ്രണയമാണെന്ന് പറഞ്ഞു തന്ന സിനിമ സങ്കല്‍പ്പമാണ് ഇവിടെ കാലാകാലങ്ങളായി ഉള്ളത്. ഈ കാഴ്ചാശീലങ്ങള്‍ എങ്ങനെയാണ് പൊതു കാഴ്ചപാടുകള്‍ രൂപപെടുത്തുന്നു എന്നതിന്റെ ഉദാഹരങ്ങള്‍ സ്വന്തം ജീവിതത്തില്‍ തന്നെ ഓരോരുത്തര്‍ക്കും ഉണ്ടാവും. അത്തരം വികലമായ ‘പൂവാലമഹത്വവത്കരണത്തിന്റെ’ അതിതീവ്രരൂപമാണ് ഈ സിനിമയില്‍.

ഈ ചിത്രത്തില്‍ തനിക്കെതിരേ നടന്ന അതിക്രമം വിവരിക്കുമ്പോള്‍ സ്വകാര്യഭാഗങ്ങളിലെ സ്പര്‍ശനം താന്‍ ആസ്വദിച്ചിരുന്നു എന്നും ഓര്‍ഗാസ്മിക് ആനന്ദം അതേത്തുടര്‍ന്ന് അനുഭവിച്ചിരുന്നു എന്നും കഥാപാത്രത്തിന്റെ ‘ഓര്‍മ്മിച്ചെടുക്കല്‍’ സാക്ഷ്യപ്പെടുത്തുന്നു. ഈ ‘ഓര്‍മ്മിച്ചെടുക്കല്‍’ ചിന്താവൈകല്യമുള്ള ലൈംഗികരോഗിയെ എങ്ങനെ സ്വാധീനിക്കും എന്ന ആശങ്കയാണ് ഈ ചിത്രത്തോട് ഒരു തരത്തിലും യോജിക്കാന്‍ വ്യക്തിപരമായി എന്നെ അനുവദിക്കാത്തത്.

കാരണം ലൈംഗികാതിക്രമികളില്‍ പൊതുവേ കാണുന്ന ഒരു ‘സ്വയം വിശ്വസിപ്പിക്കല്‍’ മെക്കാനിസം ഉണ്ട്. തന്റെ അതിക്രമം ഇര ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്ന ചിന്താവൈകല്യം ആണത്. ഈ ചിന്താവൈകല്യത്തിന്റെ കൂടിയ അവസ്ഥയാണ് ‘കോഗ്‌നറ്റിവ് ഡിസൊണന്‍സ്’- ഈ ചിന്ത തെറ്റാണെന്ന് എത്ര തെളിവുകള്‍ നിരത്തി മറ്റുള്ളവര്‍ വാദിച്ചാലും അത് അംഗീകരിക്കാന്‍ അവരുടെ മനോനിലയ്ക്ക് കഴിയില്ല.

 

ഈ ചിന്താവൈകല്യത്തിന് വളമിടുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ന്യൂനത.

സിനിമയിലെ നായികയെപ്പോലെ ‘തന്റെ ഇരയും ഇപ്പോള്‍ പേടിയോടെയും നിശബ്ദതയോടെയും സഹിച്ചാലും പിന്നീട് ഈ അതിക്രമം ആസ്വദിച്ചോളുമെന്നും തന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിക്കൊള്ളു’മെന്നുമൊക്കെയുള്ള ഭീതിതമായ ന്യായീകരണങ്ങളിലേക്കാണ് ഓരോ ലൈംഗികാതിക്രമിയേയും ഉന്തിന്റെ കൂടൊരു തള്ളും നല്‍കി സിനിമ നയിക്കുന്നത്.

പിഡോഫീലിയക്കാരു കേള്‍ക്കണ്ട
തനിക്കെതിരെയുള്ള അതിക്രമം ആസ്വദിച്ചിരുന്നു എന്ന് നായിക പറയുമ്പോള്‍ പിഡോഫീലിയക്കാര് കേള്‍ക്കേണ്ട എന്നാണ് പങ്കാളി പ്രതികരിക്കുന്നത്. ഈ പ്രതികരണത്തിലെ ലാഘവം അനവധി ദുസ്സൂചനകള്‍ പങ്കുവയ്ക്കുന്നുണ്ട്.

കുട്ടികളോട് ലൈംഗികാഭിനിവേശം തോന്നുന്ന മനോരോഗമായാണ് പീഡോഫീലിയയെ മന:ശാസ്ത്രം നിര്‍വചിച്ചിരിക്കുന്നത്. ലൈംഗികവ്യതിരിക്തര്‍ (Sexual deviant) ആയി മാത്രമാണ് പീഡോഫിലിയ ബാധിതരെ മന:ശാസ്ത്രം കാണുന്നത് അല്ലാതെ ലൈംഗിക അതിക്രമികള്‍ ആയിട്ടല്ല.

കുട്ടികളില്‍ അതിക്രമം ലൈംഗികമായി നടത്തുമ്പോള്‍ മാത്രമാണ് അവര്‍ ലൈംഗിക അതിക്രമികള്‍ ആകുന്നത്. അതുകൊണ്ട് പീഡോഫീലിയക്കാരെല്ലാം കുട്ടികളോട് ലൈംഗിക അതിക്രമം കാണിക്കുന്നവര്‍ ആണെന്ന് അര്‍ത്ഥമില്ല. കുട്ടികളോട് ലൈംഗിക അതിക്രമം കാണിക്കുന്നവര്‍ക്കെല്ലാം പിഡോഫീലിയ ആണെന്നും ഇതിനര്‍ഥമില്ല. കുട്ടികളെ ലൈംഗികമായി അതിക്രമിക്കുന്നവരില്‍ പത്തില്‍ ഒരാള്‍ മാത്രമാണ് പിഡോഫീലിയാക് ആകാനുള്ള സാധ്യത എന്ന് പഠനക്കണക്കുകള്‍ പറയുന്നു. അതുകൊണ്ട് തന്നെ പിഡോഫീലിയയില്‍ ഒതുക്കേണ്ടതല്ല കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികചൂഷണം.

പലപ്പോഴും കുട്ടികളെ ലൈംഗികമായി ചൂക്ഷണം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവരെ എളുപ്പത്തില്‍ ഇരയാക്കാന്‍ കഴിയും എന്നാ വേട്ടയാടലിന്റെ മനഃശാസ്ത്രം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ഏങ്ങികരയുന്നവര്‍ മാത്രമല്ല ഇരകള്‍
കുട്ടിക്കാലത്ത് ലൈംഗികാതിക്രമം അതിജീവിച്ച ഇരകള്‍ കണ്ണിരിലൂടെയും നാണക്കേടിലൂടെയും മാത്രമേ ആ ഓര്‍മകള്‍ ജീവിതത്തില്‍ രേഖപ്പെടുത്തുകയുള്ളൂ എന്ന പൊതുബോധത്തിന് എന്തെങ്കിലും ആഘാതം ഏല്‍പ്പിക്കാന്‍ ആയിട്ടുണ്ടെങ്കിലത് ഈ സിനിമയുടെ നേട്ടമായി കരുതാം.

കാരണം കണ്ണീരിലും നാണക്കേടിലും ഒതുങ്ങി നില്‍ക്കുന്നതല്ല ഇതിന്റെ പ്രത്യാഘാതം. പല കുട്ടികളിലും പല തരത്തില്‍ ഈ അനുഭവം സ്വാധീനിക്കപ്പെടാം.

ചിലര്‍ തന്നിലേക്ക് ഉള്‍വലിയാം, സ്വയം കുറ്റപ്പെടുത്തി ജീവിതകാലം മുഴുവന്‍ ഇത് ഒരു കളങ്കമായൊക്കെ കരുതി നീറി ഒടുങ്ങാം. മനോരോഗത്തിലേക്ക് പോലും ഇത് വഴിവയ്ക്കാം.

എന്നാല്‍ ഏങ്ങികരയുന്നവര്‍ മാത്രമല്ല ഇരകള്‍, ചിലര്‍ക്ക് സെക്‌സില്‍ അമിതമായ ആസക്തിയും ചിലര്‍ക്ക് ലൈംഗിക വിരക്തിയും വരാം, ബാധിക്കപ്പെടുന്നതിന്റെ അളവ് പലര്‍ക്കും പല തോതില്‍ ആയിരിക്കും.

ചിലര്‍ക്കു വൈകാരികമായി ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വരാം. അവയവാധിഷ്ഠിതമായ ആനന്ദങ്ങളില്‍ മാത്രം ലൈംഗികാനുഭവം ഒതുങ്ങിപ്പോകാം. മൊത്തത്തില്‍ വൈകാരിക വിരക്തി അനുഭവിക്കുന്നവര്‍ ഉണ്ടാവാം. സ്‌നേഹബന്ധങ്ങള്‍ പോലും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ചിലര്‍ എത്തിപെടാം. ഇര പിന്നീട് അതിക്രമിയായി പരിണമിക്കുന്ന അവസ്ഥയും ചിലരുടെ കാര്യത്തില്‍ ഉണ്ടാകാം.

ഈ സിനിമയിലും പ്രത്യക്ഷത്തില്‍ നായിക ആദ്യലൈംഗികബന്ധം ആസ്വദിക്കുന്നു എന്ന് തോന്നല്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും പിന്നീടു വിശദീകരിക്കുന്ന അനുഭവങ്ങള്‍ അതല്ല കാണിക്കുന്നത്.

ഈ അനുഭവം സ്വയം ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമിതസ്വയംഭോഗത്തിന്റെ ആവര്‍ത്തനങ്ങളില്‍ പെട്ടുപോകുന്നുണ്ട് അവള്‍. പിന്നീട് പത്താംക്ലാസ്സില്‍ മാത്രം ഉണ്ടായിരുന്ന ഒരു കാമുകനെ ശാരീരിക അടുപ്പത്തിലൂടെ മാത്രമാണ് നായിക ഓര്‍ത്തെടുക്കുന്നത്. മറ്റു പ്രണയങ്ങള്‍ ഉണ്ടായിട്ടില്ലേ എന്ന ചോദ്യത്തിന് സ്വയം ആനന്ദിപ്പിക്കാന്‍ എനിക്കറിയാമല്ലോ എന്ന ഉത്തരത്തിലേക്കാണവള്‍ എത്തിചേരുന്നത്. സന്ദര്‍ഭവശാല്‍ സ്വയംഭോഗം കണ്ടു ചകിതരായ മാതാപിതാക്കള്‍ അതിനു പരിഹാരമെന്ന നിലയില്‍ നിര്‍ദേശിച്ച ആളെയാണ് അവള്‍ കല്യാണം കഴിക്കുന്നത് പോലും. ഇതൊന്നും തെറ്റാണെന്നല്ല, എന്നാല്‍ ഇതില്‍ ഒതുങ്ങിപ്പോകേണ്ടി വരുന്നു നായികയ്ക്ക് എന്ന വസ്തുത അവഗണിക്കാനാവില്ല.

കാരണം ഇതുപോലെ ചില സന്ദര്‍ഭങ്ങളില്‍ കുരുങ്ങി അവിടെ കുടുങ്ങി പോകുന്ന അനവധി ഇരകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍, കരയാത്തതു കൊണ്ടോ ചിരിക്കുന്നത് കൊണ്ടോ ഒന്നും ഈ അതിക്രമങ്ങള്‍ അവരുടെ ജീവിതത്തില്‍ ഏല്‍പ്പിച്ച ആഘാതത്തെ തള്ളിക്കളയാന്‍ ആവില്ല.

ഇരയുടെ ആസ്വാദനം
എട്ടുവയസ്സുകാരിക്കുമുണ്ടാവുമോ ലൈംഗികാനന്ദം?

ഈ ചോദ്യത്തിന് നേര്‍രേഖയില്‍ ഒരുത്തരം കിട്ടുന്നത് പ്രായോഗികമല്ല.

സിനിമയുടെ അടിസ്ഥാനത്തില്‍ സംസാരിച്ചാല്‍ അത് ഒരിക്കലും ഒരു എട്ടുവയസുകാരിയുടെ നേര്‍ അനുഭവവിവരണമല്ല, പകരം അത് ഒരു സാങ്കല്പിക കഥാപാത്രത്തിന്റെ ‘ഓര്‍മ്മിച്ചെടുക്കല്‍’ മാത്രമാണ്. യന്ത്രത്തിന്റെ ഓര്‍മ എന്നൊക്കെയാണ് ചിത്രത്തിന്റെ പേരെങ്കിലും മനുഷ്യന്റെ ഓര്‍മ്മയ്ക്ക് യന്ത്രങ്ങളുടെ കൃത്യത ഉണ്ടാവില്ല. പല ഘടകങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയാണ് ഓര്‍മ്മയുടെ കണങ്ങള്‍ സഞ്ചരിക്കുന്നത്.

ഇതൊക്കെക്കൊണ്ട് തന്നെ ഓര്‍മകളെ മാത്രം അടിസ്ഥാനപെടുത്തി കുട്ടിക്കാലത്ത് ഉണ്ടായിരുന്ന വികാരങ്ങളെ വിലയിരുത്താന്‍ കഴിയില്ല. മാത്രമല്ല തനിക്കെതിരെ നടക്കുന്ന ലൈംഗികഅതിക്രമം അതിന്റെ വ്യാപ്തിയില്‍ തിരിച്ചറിയാനുള്ള ബുദ്ധിവികാസമോ അനുഭവപരിചയമോ കുഞ്ഞു മനസ്സുകള്‍ക്ക് ഉണ്ടാവില്ല. പൊതുവില്‍ ഒരു കുട്ടി രണ്ടു സാഹചര്യങ്ങളിലാണ് തനിക്കെതിരെ പീഡനം നടന്നതായി തിരിച്ചറിയുന്നത്, ഒന്ന് ശരീരം വേദനിക്കുന്ന സന്ദര്‍ഭങ്ങളില്‍ അല്ലെങ്കില്‍ പ്രായത്തിനനുസരിച്ചുള്ള ലൈംഗികവിദ്യാഭ്യാസം കുട്ടിക്ക് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍. ഗുഡ് ടച്ച്, ബാഡ് ടച്ച്. കുട്ടി തിരിച്ചറിഞ്ഞോ ഇല്ലയോ എന്ന ഘടകമല്ല, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതിനു മാനദണ്ഡവും.

വ്യക്തിപരമായ തലത്തില്‍ നിന്നും ഡെവലപ്‌മെന്റ്റ് സൈക്കോളജിയുടെ പൊതുബോധത്തിലൂടെ അവലോകനം നടത്തുമ്പോള്‍, വിഷയം സെക്‌സ് ആയതുകൊണ്ട് ഫ്രോയിഡില്‍ തന്നെ തുടങ്ങാം. സൈക്കോസെക്ഷ്വല്‍ ഘട്ടങ്ങള്‍ വിവരിക്കുന്ന അവസരത്തില്‍, മൂന്നു മുതല്‍ ആറു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫാലിക് ഘട്ടം’ ജനനേന്ദ്രിയ കേന്ദ്രീകൃതമായ ഉല്ലാസങ്ങളില്‍ ശ്രദ്ധ വ്യാപരിക്കുമെന്നു ഫ്രോയിഡ് പറയുന്നുണ്ട്. എന്നാല്‍ അത് ചിത്രത്തില്‍ നായിക അവകാശപ്പെടുന്ന ഓര്‍ഗാസ്മിക് ആനന്ദം എന്ന കാഴ്ചപ്പാടിലേക്ക് കൊണ്ടുവരേണ്ട ഒന്നല്ല. അത്തരത്തില്‍ അല്ല ഫ്രോയിഡ് അതിനെ വിശദീകരിച്ചിരിക്കുന്നത്. ശേഷം ആറു മുതല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ‘ലാറ്റന്‍സി ഘട്ടം’ ലൈംഗികചിന്തകളുടെ അഭാവത്തിലൂടെയാണ് കടന്നുപോകുന്നത്.

കുട്ടിക്കാലത്ത് നേരിട്ടിട്ടുള്ള സെക്ഷ്വല്‍ ട്രോമയുടെ ആഘാതം പ്രായപൂര്‍ത്തിയാകുമ്പോഴേക്കും പരിഹരിച്ചില്ലെങ്കില്‍ അത് ലൈംഗികവൈകല്യങ്ങളിലേക്ക് നയിച്ചേക്കാം എന്ന് തന്നെയാണ് ഫ്രോയിഡും അഭിപ്രായപ്പെടുന്നത്.

ചേര്‍ത്ത് വായിക്കേണ്ടത് കുട്ടികളോടുള്ള ലൈംഗിക അതിക്രമം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പലരും ഈ ചിത്രത്തെ എതിര്‍ത്തത്. പ്രബുദ്ധത കൂടി കൂടി ചിലര്‍ ഈ ചിത്രത്തില്‍ നായികാവേഷം കൈകാര്യം ചെയ്ത നടിയുടെ ഫേസ്ബുക്ക് പേജില്‍ അസഭ്യം പറയുന്നത് വരെ എത്തി കാര്യങ്ങള്‍.

കുട്ടികളുടെ ആയാലും മുതിര്‍ന്നവരുടെയായാലും വ്യക്തിഗത ഇടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. ഒരു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നവര്‍ ചെയ്തത് അവരുടെ ജോലിയാണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യയുക്തിയില്ലാത്തവരാണ് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിക്കൊണ്ട് പടയൊരുക്കം നടത്തുന്നത്.

അതിക്രമിക്കലുകളുടെ രാഷ്ട്രീയത്തില്‍ കുട്ടികളുടെ ഉടലതിരുകള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്, തൊഴില്‍ ചെയ്തു ജീവിക്കാനുള്ള ഒരു അഭിനേതാവിന്റെ അവകാശവും പീഡോഫീലിയയെ അനുകൂലിച്ചു കൊണ്ടുള്ള ഒരാളുടെ ആശയസ്വാതന്ത്ര്യവും ഒക്കെ ഇതില്‍ ഉള്‍പ്പെടും.

കുട്ടികള്‍ക്ക് ലൈംഗികചൂഷണത്തിനെതിരെ ശബ്ദിക്കാനുള്ള ധൈര്യം കൊടുക്കുമ്പോള്‍ തന്നെ കലാരൂപത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യവും അതിന്റെ സാമൂഹികസ്വാധീനവും ചര്‍ച്ച ചെയ്യപ്പെടണം. ഒപ്പം ലൈംഗികവൈകല്യം ഉള്‍പ്പെടെയുള്ള മനോരോഗമുള്ളവരെ സഹാനുഭൂതിയോടെ സമീപിക്കാനുള്ള മാനസ്സികാരോഗ്യം പൊതുസമൂഹത്തിന് ഉണ്ടാവുകയും വേണം. കാരണം അങ്ങനെയുള്ള സമൂഹത്തിലെ കുട്ടികള്‍ സുരക്ഷിതരായും സ്വതന്ത്രരായും ആത്മവിശ്വാസമുള്ളവരായും വളരൂ.

(കൗണ്‍സിലിംഗ് സൈക്കോതെറാപ്പിസ്റ്റും ഡല്‍ഹിയില്‍ സൈക്കോളജി ഗവേഷകയുമാണ് ലേഖിക )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍