UPDATES

സിനിമ

ചാര്‍ക്കോളിന്‍റെ കരകരപ്പില്‍ കേട്ട ഓര്‍മ്മകളുടെ ഒച്ചയനക്കങ്ങള്‍

Avatar

പി.കെ.സുധി

ഒരു കരകരത്ത ശബ്ദമാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വെളുത്ത തിരശ്ശീലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. കഥാനായകനായ അറാം ഇസ്താംബൂളിലെ വസതിയില്‍ കാമുകിയായ ലെയിലയുടെ ചിത്രം വരയ്ക്കുന്നു. കാലം ആയിരത്തിതൊള്ളായിരത്തി നാല്പത്തി മൂന്ന്.

ചാര്‍ക്കോള്‍ കടലാസിലുരയുന്ന ഈ ശബ്ദം ചിത്രത്തില്‍ ആദ്യാവസാനം ആവര്‍ത്തിക്കുന്നു. അസ്വസ്ഥതയുടെ ഓര്‍മ്മകള്‍ മാത്രം വിതറുന്ന ആ ഓരോ കരകരപ്പും കറുത്തചിത്രങ്ങളുടെ പിറവിയില്‍ അവസാനിക്കുന്നു. നോട്ടുബുക്കില്‍ തെളിയുന്നത് യുദ്ധങ്ങളുടെ പരിണിതിയായ പലായനങ്ങള്‍, അഭയാര്‍ത്ഥികളെ കാത്തിരിക്കുന്ന തിക്താനുഭവങ്ങളുമാണ്. അങ്ങനെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപതാം ലക്കത്തില്‍ നിന്നും ലോകയുദ്ധത്തിന്റെ തിക്തതകളുടെ ഒരു ചിത്രം കൂടി മനസ്സിലേയ്ക്ക് കയറി. അതിനുപരി ‘കാറ്റിന്റെ ഓര്‍മ്മകള്‍’ എന്ന ഈ ചിത്രം റഷ്യന്‍ അനുഭവങ്ങളുടെ വാര്‍ഷിക വലയമാണ് മനസ്സിലുണ്ടാക്കിയത്.

മെമ്മറീസ് ഓഫ് ദ വിന്റ് എന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ഓസ്‌കാന്‍ അല്‍പെര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

ഒന്നാം ലോകയുദ്ധത്തിന്റെ ക്രൂരതയുടെ അനുഭവങ്ങളുമായി ഇസ്താംബൂളില്‍ ചിത്രരചന, വിവര്‍ത്തനം, കാവ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി കഴിഞ്ഞിരുന്ന യുവാവാണ് ആറാം. അയാള്‍ കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിലുമേര്‍പ്പെടുന്നു. യുദ്ധം തേരോട്ടം നടത്തുന്ന നാസി തുര്‍ക്കിയില്‍ തുടരാന്‍ കഴിയാതെ അയാള്‍ കരിങ്കടല്‍ പ്രദേശത്തെ ഒരു കാട്ടില്‍ ഒളിവു ജീവിതം നയിക്കാനെത്തുന്നു. അനുകൂലമായ കാലാവസ്ഥയില്‍ ജോര്‍ജ്ജിയന്‍ അതിര്‍ത്തി കടന്ന് റഷ്യയിലെത്തുകയാണ് ഉദ്ദേശ്യം. സഖാക്കളായ റാസിഹ്, മിഹായേല്‍ എന്നിവര്‍ അയാളെ ഈ ഉദ്യമത്തില്‍ സഹായിക്കുന്നു. അതിര്‍ത്തി പ്രദേശത്ത് മിഹാലേയിനൊപ്പം താമസിക്കുമ്പോള്‍ അയാളുടെ യുവതിയായ ഭാര്യ മെറിയം അറാമിന്റെ ജീവിതത്തിലേയ്ക്ക് വര്‍ണ്ണങ്ങളുമായി എത്തുന്നു. അയാള്‍ എഴുതി കൊണ്ടിരിക്കുന്ന കറുത്തചരിത്രത്തെ മറ്റൊരു തരത്തില്‍ അവള്‍ മാറ്റി വരയ്ക്കുന്നു.

നമുക്ക് അപരിചിതമായ ഒരു ജീവിതം ഇതള്‍ വിരിയുന്നതിനൊപ്പം ഈ ചലച്ചിത്രാഖ്യാനം ചരിത്രത്തിലേയ്ക്കുള്ള ജാലകം കൂടിയായി മാറുന്നു. രണ്ടു മണിക്കൂര്‍ നേരം കൊണ്ട് ഇതുവരെ ആര്‍ജ്ജിച്ച സോവിയറ്റ് അനുഭവങ്ങളുമായി മെമ്മറീസ് ഓഫ് ദ വിന്റ് കൂടിച്ചേരുന്നു. കാറ്റ് പറയുന്ന ഓര്‍മ്മകള്‍ അങ്ങനെ വെള്ളിത്തിരയുടെ ഒരു അതുല്യാനുഭവമാവുന്നു.

ഒന്നാം ലോകയുദ്ധം ചവിട്ടിക്കുഴച്ച ഒരു കുട്ടിയുടെ ജീവിതത്തെ രണ്ടാം ലോകയുദ്ധം പിന്നെയും ആക്രമിക്കുന്നതിന്റെ ചരിത്രം ഇവിടെ കാണാം. അറാമിന്റെ വിരലുകളിലൂടെ ഓര്‍മ്മകളുടെ അസ്വസ്ഥതയുണ്ടാക്കി കരകര ഒച്ചയില്‍ പിറക്കുന്ന കരിച്ചിത്രങ്ങളിലൂടെ അതു തെളിയുന്നു. ഒരു കുട്ടിയുടെ ഓര്‍മ്മയുടെ ആഖ്യാനത്തെ ചിത്രങ്ങളാക്കി സൂക്ഷ്മായി തുന്നിച്ചേര്‍ത്താണ് പഴമയുടെ ലോകത്തിലേയ്ക്കുള്ള ആ ജാലകം ഇവിടെ പിടിപ്പിച്ചിരിക്കുന്നത്.

മെമ്മറീസ് ഓഫ് ദ വിന്റ് ഒരേ സമയത്ത് ലോകം കണ്ട ഭീകരങ്ങളായ രണ്ട് ലോകയുദ്ധങ്ങളുടെ ക്രൗരമുഖങ്ങളെ നമുക്ക് മുന്നില്‍ തുറന്നിടുന്നു. ഒരു പത്തു വയസ്സുകാരന്റെ മുഖത്തു തെളിയുന്ന കണ്ണീര്‍പ്പാടുകള്‍, മുത്തശ്ശിയുടെ നിസ്സഹായ മുഖം, ഒന്നോ രണ്ടോ വെടിപൊട്ടലുകള്‍, അതിലൂടെ അച്ഛനും അമ്മയും ഈ ലോകത്തില്‍ നിന്നു തന്നെ വേര്‍പിരിയുന്നത്. ദാരിദ്ര്യം, രോഗങ്ങള്‍, അങ്ങനെ ഒന്നാം യുദ്ധപരീക്ഷണങ്ങളുടെ ചരിത്രം ചുരുങ്ങിയ ഷോട്ടുകളില്‍ മാത്രം നമ്മുടെ കയ്പിനെ വര്‍ദ്ധിപ്പിക്കുന്നു. ഇതൊരു യഥാര്‍ത്ഥ അനുഭവത്തിന്റെ ചിത്രീകരണമാണെന്ന കാര്യം ടൈറ്റിലുകള്‍ പറയുന്നുണ്ട്.

എഴുപതാണ്ടുകള്‍ക്ക് മുമ്പ് കത്തിയണഞ്ഞ നാസിഭീകരതയുടെ മുഖവും ആയിരത്തി തൊള്ളായിരത്തി പതിനാലില്‍ വെടിപൊട്ടിയ ആ ദുരന്തവും പിന്നെയും നമ്മോട് പറയുന്നത് എന്താണ്? ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാര്‍ഷമായ രണ്ടായിരത്തി പതിന്നാലിലാണ് ഈ ഫ്രാന്‍സ് ജോര്‍ജ്ജിയന്‍ ടര്‍ക്കിഷ് ചിത്രം പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ എത്ര പാഞ്ഞാലും ക്രൂരതകളുടെ കരിച്ചിത്രങ്ങളെ പൂര്‍ണ്ണമായി ആര്‍ക്കും മായ്ക്കാനാവില്ലെന്ന് മെമ്മറീസ് ഓഫ് ദ വിന്റ് പറയുന്നു.


ഓസ്‌കാന്‍ അല്‍പെര്‍

ഒളിസങ്കേതങ്ങളില്‍ പ്രകൃതി വരയ്ക്കുന്നത് വര്‍ണ്ണ ചിത്രങ്ങള്‍ മാത്രം. മഞ്ഞ്, കാട്, മഴ, പ്രകാശ തൊട്ടുണര്‍ത്തുന്ന മലനിരകള്‍ ഇതെല്ലാം നാഗരികനായ ബുദ്ധിജീവിയില്‍ ഉണ്ടാക്കുന്ന തിക്തതകള്‍ ഈ ചിത്രം ചൂണ്ടിത്തരുന്നുണ്ട്. ഒളിഗ്രാമത്തില്‍ മിഹായേലും മെറിയവും നയിക്കുന്ന ജീവിതം അവരുടെ സാഹചര്യങ്ങള്‍ കാട്ടിനുള്ളില്‍ അറാമിനു വേണ്ടി മിഹായേല്‍ കണ്ടെത്തുന്ന വസതി എന്നിവയൊക്കെ ചലച്ചിത്രകാവ്യങ്ങള്‍ക്കു മാത്രം നല്‍കാന്‍ കഴിയുന്ന തിരശ്ശീലാനുഭവങ്ങളാണ്. പ്രകൃതി നായകന് തടവറ തീര്‍ക്കുമ്പോള്‍ പ്രേക്ഷകന്‍ അതില്‍ അലിയുന്ന അനുഭവമുണ്ടാക്കിയത് ഇസ്താംബൂള്‍, തുര്‍ക്കിയിലെ ആര്‍ട്ടിന്‍, ജോര്‍ജ്ജിയ എന്നിവിടങ്ങളിലെ ലൊക്കേഷനുകളാണ്.

അങ്ങനെ മെമ്മറീസ് ഓഫ് ദ വിന്റ് എന്ന ചലച്ചിത്രത്തിലൂടെ നമ്മുടെ ഓര്‍മ്മകളും വലുതാകുന്നു. തീര്‍ച്ചയായും അത് കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൂടുവച്ച റഷ്യന്‍ സന്തോഷങ്ങളുടെ കൂട്ടത്തില്‍ ഒരു പുതിയ വലയത്തെ തീര്‍ത്തിരിക്കുന്നു.

(പ്രശസ്ത ചെറുകഥാകൃത്താണ് പി കെ സുധി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍