UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇങ്ങനെയും ചിലര്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു

Avatar

വി കെ അജിത്‌ കുമാര്‍

ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ പ്രേരണയായത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റാണ്. രാഷ്ട്രീയമെന്നത് സാമ്പത്തിക ഉപാധിയല്ലെന്ന മാതൃക കാണിച്ചുതന്ന ഒരു തലമുറയുണ്ടായിരുന്നു. പരിത്യാഗമെന്നത് വാക്കുകളിലൂടെയല്ല മറിച്ച് ജിവിതത്തിലൂടെയാണെന്ന്  കാണിച്ചുതന്ന ഒരു കൂട്ടം ആളുകളുണ്ടായിരുന്നു. അവരെ സി അച്യുതമേനോന്‍ എന്നോ വി വി രാഘവന്‍ എന്നോ ഇനി ഇ എം എസ് എന്നോ അതുമല്ലെങ്കില്‍ കാന്തലോട്ട് കുഞ്ഞമ്പുവെന്നോ ഒക്കെ വിളിക്കാം. ആ സരണിയിലേക്ക്‌ അനുസരണക്കേടോടെ കയറിവന്ന ഒരാളെ വിട്ടുപോകരുത്. തെങ്ങമം ബാലകൃഷ്ണന്‍ എന്ന നീളമുള്ള പേരുള്ള കുറിയ മനുഷ്യന്‍. തോപ്പില്‍ ഭാസിയുടെ ഒളിവു ജിവിതം പകര്‍ത്തിയ ‘ഒളിവിലെ ഓര്‍മ്മകള്‍’ മലയാളത്തിലെ നല്ല ഒന്നാംതരം വായന നടത്തപ്പെട്ട ഒരു ചരിത്ര വിവരണമായി കാണുമ്പോള്‍ തെങ്ങമം ബാലകൃഷ്ണന്‍ എന്ന ക്ഷുഭിത യൌവനം അതില്‍ പലേടത്തും നിറഞ്ഞുനില്‍ക്കുന്നത് കാണാം. കൊല്ലം ജില്ലയില്‍ സി പി ഐ ഒരു രാഷ്ട്രിയ ശക്തിയായി ഉയര്‍ന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ച തെങ്ങമം എന്നറിയപ്പെട്ടിരുന്ന തെങ്ങമം ബാലകൃഷ്ണന്‍, വെളിയം ഭാര്‍ഗ്ഗവന്‍ സഖാവിന്‍റെയും ഓ എന്‍ വിയുടെയും ഓ മാധവന്‍റെയും ജിവിത ലിഖിതങ്ങളില്‍ വരുന്നു എന്നതിലുപരി തെങ്ങമം ഇല്ലാതെ ഇവരാരും ഇല്ല എന്ന് പറയുന്നതാവും ശരി. 

ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ ഞാന്‍ അതുകൊണ്ടുതന്നെ വളരെ ചെറുപ്പത്തില്‍ തന്നെ എന്‍റെ പിതാവില്‍ നിന്ന് കേട്ടറിഞ്ഞ പേരായിരുന്നു. തെങ്ങമം ബാലകൃഷ്ണന്‍ എന്ന സഖാവിന്‍റേത്. ഒരു എല്‍ പി സ്കൂള്‍ ക്ലാസിലെ  ജിവിതത്തില്‍  കട്ടിക്ക് കുമ്മായം കൊണ്ടെഴുതിയ ആ പേരും അരിവാള്‍ നെല്‍ക്കതിരും ഒരു മണ്‍ ചുവരില്‍ കൊറിയിട്ടിരിക്കുന്നതും എന്‍റെ ഓര്‍മകളില്‍ ഇപ്പോഴും തെളിയുന്നു. പിന്നെ പലതവണ കത്തിക്കയറുന്ന രാഷ്ട്രിയ പ്രസംഗങ്ങളില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ നാവായി, കശുവണ്ടി തൊഴിലാളികളുടെ നേതാവായി, ജനയുഗം പത്രാധിപരായി ഏറ്റവും നല്ല പൊളിറ്റിക്കല്‍ ലേഖങ്ങള്‍ എഴുതുന്നയാളായി ആ പേരിങ്ങനെ  വളര്‍ന്നു വന്നു.

ഒരു പി എസ് സി അംഗം എന്നതിലുപരിയായി കേരളം എന്ന സംസ്ഥാനത്തിലെ മന്ത്രിയായി മാറുന്നതിന് ഒരു ബുദ്ധിമുട്ടും അദ്ദേഹത്തേ സംബന്ധിച്ച് ഉണ്ടായിരുന്നില്ല. ആരും അദ്ദേഹത്തെ തടയുകയുമില്ലായിരുന്നു. പക്ഷെ.. ഇത്തരം ‘പക്ഷേ’കളാണു ചില മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. ഒഴിഞ്ഞുപോകേണ്ടിവരുന്ന അധികാരത്തോടോപ്പം ഇരുന്ന കസേരയും ചില പ്രത്യേക യന്ത്രങ്ങളും കുടെ കൊണ്ടുപോകുന്ന, നിയമസഭയെ കൊണ്ടുനടന്നതിന്‍റെ അര്‍ദ്ധശതകം കഴിഞ്ഞ, ചില നേതാക്കന്മാരും ആ തലമുറയോടൊപ്പമാണ് രാഷ്ട്രിയ ജീവിതമാരംഭിച്ചത് എന്നുകുടി ചിന്തിക്കുമ്പോഴാണ് പുത്രന്മാരും പൌത്രന്മാരും പിന്തുടര്‍ച്ച പോലെ വരുന്ന പുതിയ രാഷ്ട്രിയ മണ്ഡലത്തെ നമ്മള്‍ പുച്ഛിക്കുന്നത്. 


എ ബി ബര്‍ദ്വാന്‍, സോണി ബി തെങ്ങമം, തെങ്ങമം ബാലകൃഷ്ണന്‍

ഞാന്‍ പറഞ്ഞില്ലേ ഇതെന്‍റെ ഓര്‍മ്മയല്ല. ഈ ലേഖനമെഴുതുവാന്‍ കാരണമായ പോസ്റ്റ്‌ നല്‍കിയ എന്‍റെ സുഹൃത്തിനെ തേടി ഞാന്‍ പോയി. ഏറ്റവും വിഷമകരമായി തോന്നിയത് ഒരു കാലത്ത് തീപ്പൊരി പ്രസംഗങ്ങളിലൂടെ ഞങ്ങളുടെ ധമനികളില്‍ ഓടുന്നത് ചൊരിയുവാനുള്ള രക്തമാണെന്ന് ബോധ്യപ്പെടുത്തിയ സോണി ബി തെങ്ങമം എന്ന യുവനേതാവിന്‍റെ ഓര്‍മ്മകളാണ്. സോണിയെന്ന യുവാവിനെ വളരെ ദുരെ നിന്ന് മാത്രം കണ്ടിട്ടുള്ള എന്നില്‍ വന്നു നിറയുന്നത് ദസ്തയ്വ്സ്ക്കിയുടെ ഒരു ചിന്തയാണ്. 

“One can know a man from his laugh, and if you like a man’s laugh before you know anything of him, you may confidently say that he is a good man”.

ഇത് തന്നെയാണ് ശരിയെന്നു പലപ്പോഴും മനസില്‍ തോന്നിയിട്ടുമുണ്ട്. എന്‍റെ സുഹൃത്തിന് സോണി വളരെ വേണ്ടപ്പെട്ടവനായിരുന്നു. സൌഹൃദത്തിന്റെ കടല്‍പോലെയായിരുന്നു ആരോഗ്യകരമായ ആ യുവത്വമെന്നെന്നെ അയാള്‍  ഓര്‍മ്മപ്പെടുത്തുന്നു. വിദ്യാര്‍ത്ഥി   സംഘടനയുടെയും യുവജനസംഘടനയുടെയും ദേശീയ നേതാവു കൂടിയായിരുന്ന സോണി ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ നിര്‍ജീവമായ ശരിരവും പേറി ശ്വാസമെടുത്ത് കഴിയുന്ന ഒരുടല്‍ മാത്രമാണെന്ന തിരിച്ചറിവ് അദ്ദേഹത്തേ നേരിട്ടറിയാവുന്ന എന്‍റെ സുഹൃത്തിനെ പോലെ തന്നെ എന്നെയും വേദനിപ്പിക്കുന്നു.

രാഷ്ട്രിയത്തിലൂടെ ബാങ്കു ബാലന്‍സു വര്‍ദ്ധിപ്പിക്കുന്ന പഞ്ചായത്ത് തലം മുതല്‍ ലോകസഭാതലം വരെയുള്ള നേതാക്കന്മാര്‍ നിറയുന്ന പുതിയ ലോകത്ത്‌, കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്യാന്‍ ആഡംബര കാറില്‍ വന്നിറങ്ങുന്ന തൊഴിലാളി വര്‍ഗ്ഗ നേതാക്കന്മാര്‍ക്ക് വേണ്ടി ദൈവം കനിഞ്ഞനുഗ്രഹിക്കുന്ന ഈ പുത്തന്‍ ലോകത്ത്, ഈ തെങ്ങമത്തെ അച്ഛനും മകനും പ്രസക്തരല്ലായിരിക്കാം. എന്നാല്‍ ഇങ്ങനെയും ചിലര്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു എന്നുള്ള ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

ദസ്തയ്വ്സ്ക്കിയെ ഒരിക്കല്‍ക്കുടി ഓര്‍മ്മിക്കാം “Pain and suffering are always inevitable for a large intelligence and a deep heart. The really great men must, I think, have great sadness on earth.”

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍