UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണ്‍കോയ്മയുടെ അധികാരസൗധങ്ങളില്‍ രക്തം പുരളുമ്പോള്‍

Avatar

അനഘ സി.ആര്‍

സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്കാതിരുന്ന പല വിഷയങ്ങളും പൊതുജന ശ്രദ്ധയിലേക്കെത്തിയതും അവ വിവാദങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും വഴിവച്ചതും. നില്‍പ്പ് സമരവും ചുംബന സമരവും വേണ്ടത്ര ജനശ്രദ്ധയും പിന്തുണയുമാര്‍ജിച്ചത് സൈബറിടങ്ങള്‍ തുറന്നു തരുന്ന സാധ്യതകളെ ഫലപ്രദമായി വിനിയോഗിച്ചത് കൊണ്ടുതന്നെയാണ്. ആദിവാസി, ഭൂസമര ചരിത്രത്തെക്കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലാതിരുന്നവരെ നില്‍പ്പ് എങ്ങനെയാണ് നിലനില്‍പ്പിനു വേണ്ടിയുള്ള സമരമാകുന്നതെന്ന് ബോധിപ്പിക്കാനായി എന്നത് സോഷ്യല്‍ മീഡിയയുടെ വിജയം തന്നെയാണ്. പലരെയും സമരപ്പന്തലിലെത്തിക്കാനും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും നിര്‍ബന്ധിതരാക്കുന്നതില്‍ ലൈക്കുകളും കമന്റുകളും സ്റ്റാറ്റസുകളും ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തിയതെന്നതും വിസ്മരിച്ചു കൂടാ.

ചുംബന സമരം ആരംഭിച്ചത് തന്നെ ഫേസ് ബുക്കിലാണ്. ‘കിസ്സ് ഓഫ് ലവ്’ എന്ന പേജ് സൃഷ്ടിക്കപ്പെട്ടതോടെയാണല്ലോ ‘സദാചാര പോലിസിങ്ങിനെതിരെ സമര ചുംബനം’ എന്ന ആശയം സൈബര്‍ സ്പേസിലും പിന്നീട് മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായത്. ഉമ്മവയ്ക്കാനും സമരമോ എന്ന് ചോദിച്ചമ്പരന്നവരോട് ചുംബിക്കാനും കെട്ടിപ്പുണരാനും വേണ്ടി മാത്രമല്ല, സദാചാരമെന്ന പേരില്‍ വ്യക്തിസ്വാതത്ര്യത്തിനുമേല്‍ അനാവശ്യകൈകടത്തല്‍ നടത്തുന്നവര്‍ക്കെതിരെയുള്ള ചുട്ട മറുപടിയാണീ സമരമെന്ന ധാരണയുണ്ടാക്കിയതും സോഷ്യല്‍ മീഡിയ തന്നെ.

നില്‍പ്പ് സമരത്തിനും ചുംബനസമരത്തിനും പുറകെ മറ്റൊരു വിപ്ലവാത്മക ദൌത്യം കൂടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആര്‍ത്തവത്തിന്റെ പേര് പറഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിന്ന് അമ്മയെയും കുഞ്ഞുങ്ങളെയും ഇറക്കി വിട്ടതിനെത്തുടന്നുണ്ടായ സംഭാവങ്ങളാണീ പുതിയ സമരത്തിനു വഴിയൊരുക്കിരിക്കുന്നത്. കൊച്ചിയിലെ അസ്മ റബര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സ്ത്രീകളുടെ തുണിയുരിഞ്ഞു പരിശോധിച്ച സംഭവം കൂടി പുറത്ത് വന്നതോടെ ചര്‍ച്ച കൂടുതല്‍ സജീവമായി. ആര്‍ത്തവസമരം എന്ന് വിളിക്കാവുന്ന ഒരു പുതിയ പോരാട്ടത്തിനു തിരിതെളിഞ്ഞിരിക്കുകയ്യാണിപ്പോള്‍. ഒരു തരത്തില്‍ നോക്കിയാല്‍ ചുബനസമരത്തിന്റെ തുടര്‍ച്ചയാണീ പുതിയ പോരാട്ടമെന്നു വിലയിരുത്താം. പൊതു ഇടങ്ങളിലെ പെണ്ണിന്റെ സാന്നിധ്യം എന്നതാണ് ഈ സമരങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം എന്നത് തന്നെയാണതിന് കാരണം. എന്ത് തന്നെയായാലും ഈ പ്രതിഷേധങ്ങളിലെല്ലാം വിഭാവനം ചെയ്യപ്പെടുന്ന വലിയൊരു സാമൂഹ്യമാറ്റമുണ്ട്. 

 

 

സ്ത്രീജീവിതത്തെ വീട്ടിനുള്ളില്‍ തളച്ചിടുന്നത്തിനുള്ള ആയുധമായി ആര്‍ത്തവം മാറുന്നത് അസാധാരണ കാഴ്ചയല്ല. ആര്‍ത്തവമാകുന്നതോടെ പെണ്ണിന്റെ ജീവിതത്തിലെ ഒരു ഘട്ടം അവസാനിക്കുകയാണ്. ‘പെണ്‍’കുട്ടി’യായിരുന്ന കാലത്തിന്റെ അസ്തമനം. ആര്‍ത്തവമാകുന്നതോടെ അവള്‍ ‘വലിയപെണ്ണാ’വുകയാണ്. അതുകൊണ്ട് അവളുടെ ചിട്ടകളും ശീലങ്ങളും മുതിര്‍ന്ന സ്ത്രീകളുടെത് പോലെയായിയിരിക്കണമെന്നത് നിര്‍ബന്ധിതമാകുന്നു. അനുവദനീയമല്ലാത്തവയുടെ ഒരു വലിയ പട്ടിക അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷമാകുന്നു. എങ്ങനെ ഇരിക്കണം, നടക്കണം, ഉടുക്കണം എന്ന് വേണ്ട എങ്ങനെ ചിരിക്കണം, ചുമയ്ക്കണം, തുമ്മണം എന്നതിന് പോലും പുതിയ രീതികള്‍ നിഷ്കര്‍ഷിക്കപ്പെടുന്നു. അവളുടെ മേലുള്ള നിയന്ത്രണങ്ങള്‍ മുറുകുന്നു. ക്രമേണ തന്റെ ശരീരത്തിനുമേല്‍ തന്നേക്കാള്‍ അധികാരം മറ്റുപലര്‍ക്കുമാണെന്ന ധാരണ അവളില്‍ ഉറയ്ക്കുന്നു. ആര്‍ത്തവമാകുന്നതോടെ ആണ്‍കുട്ടികളുമായുള്ള കൂട്ടുകെട്ടിന് വിലക്ക് കല്പിക്കപ്പെടാത്ത എത്ര പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍? കൂട്ടുകാരുമൊത്ത് തുള്ളിച്ചാടി നടന്നിരുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവത്തോടെയാണ് ‘അടക്കമുള്ള’ പെണ്ണുങ്ങളായി അകത്തളങ്ങളിലേക്ക് ഒതുങ്ങുന്നതെന്ന് ആര്‍ക്കാണറിയാത്തത്? നല്ല ഭാര്യയും മരുമകളുമാകാനുള്ള ആദ്യ പാഠങ്ങള്‍ പെണ്‍കുട്ടികളില്‍ അടിച്ചേല്പ്പിക്കപ്പെടുന്നത് ആര്‍ത്തവമാകുന്നതോടെയാണെന്ന് സാരം. അമ്മ, അമ്മൂമ്മ, വല്യമ്മ, ചെറിയമ്മ, അമ്മായി സെറ്റുകളുടെ നിരന്തര പരിശീലനം കൂടിയാകുമ്പോള്‍ ആര്‍ത്തവം പുറത്ത് പറയാന്‍ കൊള്ളാത്ത, രഹസ്യാത്മകസ്വഭാവമുള്ള എന്തോ ആണെന്നും തീണ്ടിയ പെണ്ണ് അശുദ്ധിയുടെ അടയാളമാണെന്നുമുള്ള പൊതു ബോധത്തെ അവളും അംഗീകരിച്ചു തുടങ്ങുന്നു. അങ്ങനെ സ്വന്തം വീട്ടില്‍ പോലുമുള്ള തൊട്ടുകൂടായ്മയെ അംഗീകരിക്കുന്ന, ആര്‍ത്തവകാലനിയന്ത്രണങ്ങളോടും വിവേചനങ്ങളോടും വിധേയത്വമുള്ള ‘സ്ത്രീരത്‌ന’മായി അവളും വളരുന്നു.

ഇത്തരത്തില്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തില്‍ ‘തീണ്ടാരികള്‍ ഇനി തീണ്ടും’ എന്ന് പരസ്യമായി പറയാനുള്ള ഊര്‍ജം പകര്‍ന്നു കൊടുക്കപ്പെടുന്നയിടത്താണ് ആര്‍ത്തവസമരത്തിന്റെ പ്രസക്തി. ആര്‍ത്തവം ഒരു സ്വാഭാവിക ജീവശാസ്ത്ര പ്രക്രിയയില്‍ കവിഞ്ഞൊന്നുമല്ലെന്നും അത് അശുദ്ധിയുടെ ലക്ഷണമാണെന്ന അറുപഴഞ്ചന്‍ ബോധത്തില്‍ നിന്ന് നാം ഇനിയെങ്കിലും മോചിതരാകണമെന്നും ആഹ്വാനം ചെയ്യപ്പെടുകയാണ്. ഗര്‍ഭധാരണവും പ്രസവവും പവിത്രമായ സംഗതികളായി കണക്കാക്കപ്പെടുമ്പോള്‍ ആര്‍ത്തവരക്തത്തോട് മാത്രമെന്താണിത്ര അയിത്തമെന്നു ചോദിയ്ക്കാന്‍ ആര്‍ജവമുള്ള ഒരു തലമുറ ഇവിടെയുണ്ടെന്നു തന്നെയാണ് പുതിയ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്. ആര്‍ത്തവമെന്നു കേട്ടാല്‍ അറയ്ക്കുന്ന ഒരു സമൂഹത്തില്‍ നാപ്കിന്റെ പടമെടുത്ത് പോസ്റ്റു ചെയ്തു പോലും പ്രതിഷേധിക്കാന്‍ പ്രപ്തരായിരിക്കുന്നു പുതിയ യുവത്വമെന്നത് അഭിമാനകരമായ നേട്ടം തന്നെയല്ലേ. ആര്‍ത്തവത്തിന്റെ പേരിലുള്ള അയിത്തം പെണ്ണുടലിന് മേല്‍ അധികാരം സ്ഥാപിക്കുവാനുള്ള ആണ്‍ തന്ത്രം മാത്രമാണെന്ന ബോധം ചിലര്‍ക്കെങ്കിലും ഉണ്ടായിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് മാസമുറയുടെ പേരില്‍ പെണ്ണിന് ഭ്രഷ്ട് കല്പിക്കുന്നതിനു പിന്നിലെ യുക്തി എന്തെന്ന ചോദ്യം കാലാകാലങ്ങളായി നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്ന സവര്‍ണ പുരുഷാധിപത്യ ബോധത്തിനെതിരെയുള്ള കനത്ത വെല്ലുവിളിയാകുന്നതും.

 

ചുംബനസമരത്തിന്റെ വിജയം പകര്‍ന്ന ഊര്‍ജം ആര്‍ത്തവസമരത്തിനും വീര്യമേകുമെന്നതില്‍ തര്‍ക്കമില്ല. അങ്ങനെ ഈ പോരാട്ടം കൂടി വിജയമാകുന്നതോടെ, ഈ നാട്ടിലെ ഓരോ പെണ്ണിന്റെയും ജീവിതത്തില്‍ അനിവാര്യമായിരുന്ന ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആര്‍ത്തവരക്തം പുറത്തുകാണുന്നതില്‍പ്പരം അപമാനമില്ലെന്ന ധാരണ ഉറച്ചു പോയതിനാല്‍, യൂണിഫോമില്‍ ചോരക്കറ പുരണ്ടേക്കുമോയെന്നോര്‍ത്ത് അസ്വസ്ഥരാകുന്ന, അനുജത്തിമാരും ആണ്‍കുട്ടികളുടെ കണ്ണുവെട്ടിച്ച് എങ്ങനെ നാപ്കിനുമായി ടോയ്‌ലെറ്റില്‍ എത്താമെന്നോര്ത്ത് വിഷമിക്കുന്ന കോളേജ് കുമാരികളും, ആര്‍ത്തവമായിരിക്കുമ്പോള്‍ പോലും ഒന്ന് മൂത്രമൊഴിക്കാനുള്ള അവകാശം വരെ നിഷേധിക്കപ്പെടുന്ന സ്ത്രീ തൊഴിലാളികളും ബസ്സിലും ട്രെയിനിലുമായിരിക്കുമ്പോള്‍ ഉപയോഗിച്ച നാപ്കിനുകള്‍ എവിടെ നിക്ഷേപിക്കണമെന്നറിയാതെ കുഴങ്ങുന്ന യാത്രക്കരികളും മാസമുറയുടെ പേരില്‍ പ്രാര്‍ഥിക്കാനും പൂജിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഭക്തകളും കടയില്‍ പോയി വരുമ്പോള്‍ നാപ്കിന്‍ മാത്രം പൊതിഞ്ഞു മേടിക്കുന്ന അമ്മമാരും, ആര്‍ത്തവകാല അവശത കണ്ടു ‘എന്താ സുഖമില്ലേ’യെന്ന് ചോദിക്കുന്ന പുരുഷസുഹൃത്തിനോട് ‘ഒരു ചെറിയ തലവേദന’യെന്നു നുണ പറയേണ്ടിവരുന്ന പെങ്ങന്മാരും, തീണ്ടാരിത്തുണി ആരുടേയും കണ്ണില്‍പ്പെടാതെ ഉണക്കിയെടുക്കാന്‍ പാടുപെടുന്ന, നാപ്കിന്‍ വാങ്ങാന്‍ കാശില്ലാത്ത പെണ്ണുങ്ങളുമെല്ലാം ഉള്‍പ്പെടുന്ന നമ്മുടെ സ്ത്രീ സമൂഹത്തെ ആര്‍ത്തവകാല അയിത്തത്തിനു വഴങ്ങിക്കൊടുക്കാത്ത, എന്റെ ശരീരം എന്റെ മാത്രം അവകാശമാണെന്ന് പറയാന്‍ പ്രാപ്തിയുള്ളവരാക്കാന്‍, ആര്‍ത്തവത്തിന്റെ പേരില്‍ പെണ്ണിനെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന ആണുങ്ങളെ അവര്‍ അടിമപ്പെട്ടിരിക്കുന്ന പുരുഷ മേധാവിത്വ മൂല്യങ്ങളില്‍ നിന്ന് മോചിതരാക്കാന്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട നിഗൂഡതകളെയും അന്ധവിശ്വാസങ്ങളെയും തകര്‍ത്തെറിയാന്‍ വേണ്ടിയാണീ സമരം.

ഇത് ഉണര്‍വിന്റെ, ഉയത്തെഴുന്നേല്‍പ്പിന്റെ വേളയാകുന്നു. വിധേയത്വമല്ല, വിപ്ലവമാണ് വേണ്ടതെന്നുറപ്പിച്ച ഒരു പുതിയ തലമുറ ഉദയം ചെയ്തിരിക്കുന്നു. മാസമുറയുടെ പേരില്‍ സ്ത്രീയെ അന്യവല്ക്കരിക്കുന്ന സാക്ഷരസമൂഹത്തോട് അവര്‍ ഉച്ചത്തില്‍ ചോദിക്കുകയാണ് ആര്‍ത്തവരക്തം എങ്ങനെയാണ് പെണ്ണിനെ ‘തൊട്ടുകൂടാത്തവളാ’ക്കുന്നതെന്ന്. പൊതുയിടങ്ങളില്‍ സ്വതന്ത്രരായി നടക്കാനുള്ള അവകാശത്തിനുവേണ്ടി സ്ത്രീകള്‍ സംഘടിച്ചപ്പോള്‍ അതിനെ നേരിടാന്‍ കൊടിയും വടിയുമായിറങ്ങിയ ‘സംസ്‌കാരസമ്പന്ന’രോട് അവരുറക്കെ പറയുകയാണ് നിങ്ങളുടെ വര്‍ഗീയരക്തത്തിന്റെയത്രയും വിഷമയവും വൃത്തികേടുമല്ല പെണ്ണിന്റെ ആര്‍ത്തവരക്തമെന്ന്‍. ചോദ്യം ചെയ്യപ്പെടുകയാണ് നൂറ്റാണ്ടുകളായുള്ള നമ്മുടെ ധാരണകളും വിശ്വാസങ്ങളും. തകര്‍ക്കപ്പെടുകയാണ് ആണ്‍കോയ്മയുടെ അധികാരസൌധങ്ങള്‍.

 

(എം.ജി സർവ്വകലാശാലയില്‍ എം.എ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ്‌ പൊളിറ്റിക്സ് വിദ്യാര്‍ഥിയാണ് അനഘ)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍