UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെ, അവരെ പുറത്തുനിര്‍ത്തുക; ആര്‍ത്തവമുണ്ട് സൂക്ഷിക്കുക ബോര്‍ഡും വയ്ക്കുക

മായ ലീല

ക്രിസ് നൈറ്റ്‌ന്റെ ‘ബ്ലഡ് റിലേഷന്‍സ്’ എന്ന പുസ്തകം വായിച്ചു കിടക്കുകയായിരുന്നു. ചുമയാണ്, ശൈത്യം കൂടുമ്പോള്‍ അന്തരീക്ഷത്തിലെ രോഗാണുക്കള്‍ ആദ്യം ഓടിക്കയറുക എന്റെ ശരീരത്തില്‍ ആണെന്ന് തോന്നും. അതുപോലെ കുത്തിയ ചുമയും. ഈ പുസ്തകം മനുഷ്യന്റെ ഉത്പത്തിയെ പറ്റിയും ആര്‍ത്തവം പടച്ചുവിട്ട മിഥ്യകളെ പറ്റിയുമാണ്. ഉത്പത്തി കഥകള്‍ക്ക് എന്നും ഒരു അധികാരിയുടെ സ്വാര്‍ത്ഥലാഭത്തിന്റെ സ്വരമുണ്ടാവും. ശാസ്ത്രം പറയുന്നതിനും മതം പറയുന്നതിനും അങ്ങനൊരു വായനയാണ് ഈ പുസ്തകത്തില്‍ ക്രിസ് നൈറ്റ് കൊടുക്കുന്നത്. പാശ്ചാത്യരുടെ-പുരുഷന്റെ-മനുഷ്യന്റെ ആധിപത്യം, മേധാവിത്വം എന്നതിലൂന്നിയാണ് ഉത്പത്തി കഥകള്‍ പരക്കുന്നതും പിറക്കുന്നതും.

 

ആര്‍ത്തവത്തെ പറ്റി വളരെ രസകരമായ കഥകള്‍ ആണ് പ്രാകൃത സമൂഹങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക. അതൂഹിക്കാന്‍ കഴിയുന്നതാണ്. ശരീരത്തെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വളരെ പരിമിതമായ അറിവുകള്‍ മാത്രം ഉണ്ടായിരുന്ന, പ്രകൃതിയുടെ പ്രതിഭാസങ്ങളെ ഭയത്തോടെ ആരാധിച്ചിരുന്ന പ്രാകൃത മനുഷ്യന് ഏറ്റവും വലിയ നിഗൂഡത ആയിരുന്നിരിക്കണം മാസാമാസം സ്ത്രീയുടെ ഉള്ളില്‍ നിന്ന് വരുന്ന രക്തം. അത് അവളെ കൊല്ലുന്നില്ല, അവളില്‍ ഗര്‍ഭം ഉണ്ടാകുമ്പോള്‍ ഇത്തരത്തില്‍ രക്തം വരുന്നതുമില്ല. ചന്ദ്രന്റെ ഗതിവിഗതികളും സ്ത്രീകളുടെ രക്തച്ചൊരിച്ചിലും ഏതാണ്ട് ഒരേ ഇന്റര്‍വെല്‍ ആണെന്ന് കണ്ടത് കൊണ്ടാവണം ആ സമയത്ത് സ്ത്രീകള്‍ക്ക് പ്രത്യേക കഴിവുകള്‍ വരുമെന്നോ, അവര്‍ക്ക് ബാധ കയറുമെന്നോ ആര്‍ത്തവം ഒരു കോസ്മിക് പ്രതിഭാസം ആണെന്നോ ഒക്കെ കരുതി അവര്‍ ഭയന്നിട്ടുണ്ടാവുക. ആണുങ്ങള്‍ക്ക് ഇതില്ലാത്തത് കൊണ്ട് തന്നെ ആര്‍ത്തവം കൊണ്ട് പുരുഷന്മാര്‍ക്ക് എന്തോ അപകടം സംഭവിക്കും എന്നും അവര്‍ ഭയന്നിരുന്നു. ഒട്ടുമിക്ക എല്ലാ ഗോത്രവിഭാഗങ്ങളിലും സ്ത്രീകളെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുഖ്യധാരയില്‍ നിന്നും പ്രത്യേകിച്ച് പുരുഷന്മാരുടെ സാന്നിധ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തി പ്രത്യേകം പാര്‍പ്പിക്കുന്നത് ഈ ഭയത്തില്‍ നിന്നുടലെടുത്തതാണ് എന്നും തിയറികള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് വളരെയധികം മാന്ത്രിക കഴിവുകള്‍ ലഭിക്കുമെന്നും അവര്‍ ഗോത്രങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്നും അവരുടെ അറിവ് വര്‍ദ്ധിപ്പിക്കാനും ധ്യാനിക്കാനും ഒറ്റയ്ക്ക് കഴിയണം എന്നും ന്യായീകരണം ഉണ്ട് ഈ തീണ്ടാരിപ്പുരകള്‍ക്ക്. ഇത് ഗോത്ര വര്‍ഗ്ഗങ്ങളുടെ പഴങ്കഥകള്‍ ആണെങ്കിലും ഇന്നും പല സംസ്‌കാരങ്ങളും ഈ അന്ധവിശ്വാസങ്ങള്‍ പാലിച്ചു പോരുന്നുണ്ട്. പക്ഷെ അടിസ്ഥാനപരമായി അറിവില്ലായ്മ തന്നെയാണ് ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഐതീഹ്യങ്ങളുടെയും വേര്. ഇതൊക്കെ എവിടൊക്കെയോ വായിച്ചതാണ്, പുസ്തകങ്ങളിലും ലേഖനങ്ങളിലും ഒക്കെ രേഖപ്പെടുത്തിയ പാണന്‍പാട്ട് പോലത്തെ കഥകള്‍. എന്നാലും എത്ര ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാവും നമ്മുടെ പൂര്‍വ്വികര്‍ക്ക് ചാക്രികമായ ഈ രക്തച്ചൊരിച്ചിലിനെ പ്രതി എന്നൊന്ന് ആലോചിച്ചു നോക്കി ഉച്ചത്തില്‍ ചിരിച്ചു പോയി. ഓ, ചുമ വീണ്ടും കയറി വരുന്നു. പഴയ ദുരാചാരങ്ങള്‍ക്ക് ഇന്ന് എന്നില്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്; അസ്വസ്ഥമായ ഒരു ചിരിയും കുറച്ചു ഹാസ്യവും.

 

 

പക്ഷെ നമ്മുടെ സമൂഹം അങ്ങനെ പുരോഗമിച്ചു എന്ന് അഹങ്കരിച്ചാലും ആര്‍ത്തവത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷം ആളുകളും പ്രാകൃതമായി തന്നെ ജീവിക്കുന്നു. അത് അറിവില്ലാത്തതല്ല. അമ്പലങ്ങളില്‍, പൂജാമുറികളില്‍, വിശേഷദിവസങ്ങളില്‍ നിന്നൊക്കെ മാറ്റി നിര്‍ത്തപ്പെട്ടും അത് കണ്ടുമാണല്ലോ കേരളത്തിലെ പെണ്‍കുട്ടികള്‍ ഇന്നും വളരുന്നത്. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ വളരെയധികം അസ്വസ്ഥമാക്കുന്ന ഒന്നാണ്. ഒന്നല്ല രണ്ടു തവണ പ്രബുദ്ധ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസ് നടത്തുന്ന ബസ്സില്‍ നിന്നും സ്ത്രീകളെ ഇറക്കി വിടുക (ഇത് രണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ എത്ര തവണ ഇത് നടന്നിരിക്കണം?) അതിനെതിരെ പ്രതിഷേധിക്കാന്‍ വന്നവരെ പോലീസ് അറസ്റ്റ് ചെയ്യുക. കാരണം വളരെ പ്രാകൃതമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവം വരും, അതിനാല്‍ അവള്‍ അശുദ്ധയാണ് എന്ന പ്രാകൃത കെട്ടുകഥ. അതിന്നും മനുഷ്യര്‍ വിശ്വസിക്കുന്നുണ്ട്. അമര്‍ഷവും പുച്ഛവും ഒരുമിച്ചു വരുന്നുണ്ട്, കേരളത്തെ പറ്റി ഓര്‍ത്താല്‍. ജനാധിപത്യലംഘനം, നിയമലംഘനം, ലിംഗവിവേചനം, അധികാര ദുരുപയോഗം എന്നിങ്ങനെ അങ്ങേയറ്റത്തെ അനീതികള്‍ നടന്നിട്ടും ഏതാനും ചില സ്ത്രീകളും പുരുഷന്മാരും അല്ലാതെ ആ സമൂഹം ഒന്നനങ്ങുന്നു പോലുമില്ല. ആര്‍ക്കും ഇതിലൊരു അനീതിയും അനുഭവപ്പെടുന്നില്ല.

 

ലിംഗ വിവേചനം സംസ്‌കാരമാണെന്ന് കരുതുന്നവര്‍ രാജ്യം ഭരിക്കുകയാണ്. സ്ത്രീകള്‍ക്ക് ആ രാഷ്ട്രീയത്തില്‍ രണ്ടാംകിട സ്ഥാനമേ ഉള്ളൂ. എന്തിനാണ് ഈ പെണ്ണുങ്ങള്‍ ഇങ്ങനെ അടിമകളായി കഴിയുന്നത്! സ്വന്തം ശരീരത്തിന്റെ കഴിവുകളെ പോലും സ്‌നേഹിക്കാനും അത് പ്രകടിപ്പിക്കാനും കഴിയാതെ ആകെ കിട്ടിയ മനുഷ്യ ജന്മം ആരുടെയോ പഴംകഥകള്‍ക്ക് വേണ്ടി ഒളിച്ചും പതുങ്ങിയും ജീവിച്ചു കൂട്ടുന്നത്. എത്രമാത്രം നിര്‍ജ്ജീവമായ ഒരു സമൂഹമാണ് എന്നാലോചിക്കണം. ദേഷ്യം വരണം ഓരോ ജനാധിപത്യവാദിയ്ക്കും. ഉറക്കെ വിളിച്ചു ചോദിക്കണം, സ്ത്രീകള്‍ക്ക് ബസ്സില്‍ സഞ്ചരിക്കാന്‍ പാടില്ലേ എന്ന്; ഉച്ചത്തില്‍. പക്ഷേ, ഒരു ശബ്ദം പോയിട്ട് ഒരു കരച്ചില്‍ പോലും കേള്‍ക്കുന്നില്ല. എല്ലാവരും അതങ്ങനെ ആണ് എന്ന് കരുതി ഉറക്കം നടിച്ചിരിക്കുന്നു. ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളെ അടിച്ചമര്‍ത്തി പൂട്ടിയിടുന്നതില്‍ ആണും പെണ്ണും ചേര്‍ന്ന് മത്സരിക്കുന്നത്; കണ്ടു രോഷം പൂണ്ടൊരു അഗ്‌നിയായി ജ്വലിക്കാന്‍ കണ്ണകിമാരൊന്നും ബാക്കിയില്ലാതായിപ്പോയി! സ്വന്തമെന്ന ഇട്ടാവട്ടവും അതിനു സമൂഹം തീര്‍ത്തു തന്ന പൂട്ടുകളും കൊണ്ട് എല്ലാവരും സുഖലോലുപതയില്‍ കഴിയുന്നു.

 

എനിക്ക് കഥകള്‍ എഴുതണം, അതാണ് എനിക്കറിയാവുന്ന ഒരേയൊരു കാര്യം. പക്ഷേ കേള്‍ക്കുന്ന വാര്‍ത്തകള്‍ കഥകള്‍ക്ക് പകരം ‘അതിവൈകാരികത’ നിറഞ്ഞ വിസ്‌ഫോടനങ്ങളാണ് എഴുത്തിലൂടെ തരുന്നത്. അതുകൊണ്ടുതന്നെ ദേഷ്യം പൂണ്ട് ഞാനിതാ നിന്നുറക്കെ വിളിച്ചു പറയുകയാണ്, ‘നിങ്ങളില്‍ സ്ത്രീകളെ അവര്‍ ആദ്യം അടക്കിവെയ്ക്കും, പൊതു സ്ഥലങ്ങളില്‍ നിന്ന് മാറ്റി അടുക്കളയിലേയ്ക്ക് സ്ഥിരമായി താഴ്ത്തിക്കെട്ടും. പിന്നെ പല തട്ടുകളിലെ നീചജന്മങ്ങളെ അവര്‍ തുടച്ചു മാറ്റും. പുരുഷാധിപത്യമതവും അവരുടെ വേദങ്ങളും തട്ടുതട്ടായി തിരിച്ചതൊക്കെ അവര്‍ നടപ്പിലാക്കും. നിങ്ങള്‍ കരുതിയിരിക്കുക’. സ്ത്രീകളേ, നിങ്ങള്‍ അശുദ്ധമല്ല എന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കാത്തതെന്ത്? പ്രാകൃത സമൂഹത്തിലെ പോലെ നിഗൂഡതകളില്‍ തളച്ചിടുന്നത് എന്തിനാണ് ആര്‍ത്തവത്തെ? ഭ്രൂണം ഉണ്ടാവുമെങ്കില്‍ അതിനു വേണ്ടുന്ന ഭക്ഷണവും പോഷകങ്ങളും കരുതി വയ്ക്കുന്ന ഭിത്തിയെ ഭ്രൂണം ഉണ്ടാവാത്തതിനാല്‍ ഗര്‍ഭപാത്രം ഇടിച്ചു കളയുന്നതാണ് മാസാമാസം നിങ്ങളിലൂടെ പുറത്തേയ്ക്ക് വരുന്നത്. ഇതേ രക്തത്തില്‍ കുളിച്ചാണ് ഭൂമിയിലെ സകല മനുഷ്യരും ജന്മം കൊണ്ടത്. ഇതേ രക്തം കുടിച്ചാണ് ദൈവങ്ങളെ സൃഷ്ടിക്കാനും കഥകള്‍ എഴുതാനും പുരുഷന്മാര്‍ ജന്മം കൊണ്ടത്. നിങ്ങളുടെ ആര്‍ത്തവം അശുദ്ധമെങ്കില്‍ ഭൂമിയിലെ മനുഷ്യരെല്ലാം അശുദ്ധരാണ്. ജനാധിപത്യ ബോധവും ശാസ്ത്രീയമായ അറിവുകളും ഉള്ള ഒരാള്‍ പോലുമില്ലേ സമൂഹമേ നിന്റെ ഉള്ളില്‍. ഒരുകൂട്ടം അക്രമികള്‍ ദൈവത്തിന്റെ പേരില്‍ സ്ത്രീകളുടെമേല്‍ വിവേചനം നടത്തുമ്പോള്‍ നിങ്ങളെങ്ങനെയാണ് മൌനം പാലിക്കുന്നത്! ഇറങ്ങിപ്പോടീ എന്ന് അലറാന്‍ പൊതു ഇടങ്ങളും ബസ്സുകളും മറ്റും എന്നുമുതലാണ് പുരുഷന്റെ മാത്രമായത്! നിങ്ങളുടെ തലമുറകള്‍ നിങ്ങളെ ഓര്‍ത്ത് ആര്‍ത്തു ചിരിക്കും, അവര്‍ കാര്‍ക്കിച്ചു തുപ്പും ഇത്രയും വിവരം കെട്ട ഒരു സമൂഹത്തെ വിചാരിച്ച്.

 

വായിച്ചറിയാനും, പരിഷത്തിന്റെ ഒരു ഗാനത്തില്‍ പറയുന്നത് പോലെ, ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്തി അറിവ് നേടാനും സമൂഹത്തിന് യാതൊരു താത്പര്യവുമില്ല. ഏതോ കാലത്തെ അറിവില്ലായ്മകളാണ് ഇന്നും ആചാരത്തിന്റെ പേരില്‍ അവര്‍ക്ക് സത്യങ്ങള്‍. ചോദിച്ചും പരീക്ഷിച്ചും തിരിച്ചറിഞ്ഞും വായിച്ചും ഒരു കൂട്ടം ആളുകള്‍ ഇവര്‍ക്ക് സമാന്തരമായി ജീവിക്കുന്നുണ്ട് എന്നത് അവര്‍ അറിയുന്നതുതന്നെ ഇല്ലാന്ന് തോന്നുന്നു. ആര്‍ത്തവരക്തം കലക്കി കൊടുത്താല്‍ വശീകരിക്കാം എന്നും, അതിന് കാര്‍ഷിക വിളകളെ നശിപ്പിക്കാന്‍ കഴിവുണ്ട് എന്നും, അതല്ല പതിന്മടങ്ങ് വിളവെടുപ്പിക്കാന്‍ കഴിയുമെന്നും, ദൈവങ്ങളുടെ പ്രതിഷ്ഠയെ ഇളക്കാന്‍ കഴിയും എന്നും, ശരീരത്തില്‍ നിന്നും സ്ത്രീകള്‍ ആ നാളുകളില്‍ കാന്തതരംഗങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു എന്നും അങ്ങനെ എന്തെല്ലാം അന്ധവിശ്വാസങ്ങള്‍ ഉണ്ടെന്നോ ലോകത്തില്‍. കൃത്യമായും പുരുഷനില്ലാത്ത ഒന്നിന്റെ പേരില്‍, എന്താണ് അതെന്നു അറിഞ്ഞിട്ടും അടിച്ചമര്‍ത്തി വച്ചിരിക്കുന്നത് പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ്. ശാസ്ത്രം ഇതെല്ലാം കെട്ടുകഥകള്‍ ആണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും നാഗരികതിയുടെ ഏറ്റവും അപരിഷ്‌കൃതരായ ഒരു കൂട്ടം പരിഷ്‌കാരികള്‍ തീണ്ടാരികളെ കാണുമ്പോള്‍ ഓടിയൊളിക്കുന്നു. അവരുടെ അറിവില്ലായ്മയില്‍ ജീവിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാന്‍ ഉപയോഗിക്കുന്ന തീവ്രവാദം ആകുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഒരു സമൂഹം മുഴുവന്‍ എഴുന്നേറ്റ് വരേണ്ടതുണ്ട്. രോഷാകുലരായി നീതിക്ക് വേണ്ടി തിരമാലകള്‍ പോലെ നീതിപീഠങ്ങള്‍ക്ക് മേല്‍ അടിച്ചു കയറേണ്ടതുണ്ട്.

 

 

ഹാവൂ! ചുമ, ഞാനടങ്ങട്ടെ. എനിക്ക് ചുമയാണ്, പനിയാണ്. വായിക്കാന്‍ പുസ്തകം ബാക്കിയുണ്ട്. മാര്‍വിന്‍ ഹാരിസിന്റെ പുസ്തകം ഒന്നുകൂടെയും വായിക്കണം. അതിലെ ചില അധ്യായങ്ങളില്‍ പുരുഷാധിപത്യം ഉണ്ടായതെങ്ങനെ എന്ന് പറയുന്നുണ്ട്. ഈ അന്ധവിശ്വാസങ്ങള്‍ എല്ലാം ഉത്പത്തിയുടെ കെട്ടുകഥകളുടെ ഭാഗമാണ്. അവരവരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ഉണ്ടായിട്ടുള്ള കഥകള്‍ ഏതൊക്കെ എന്ന് അറിഞ്ഞു വെയ്ക്കണം. അറിവ് നേടുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിരുന്ന കാലം ഭാരതത്തില്‍ ഉണ്ടായിരുന്നു, അതിലേയ്ക്ക് എത്തി ചേരാന്‍ അധികം നാളുകള്‍ വേണ്ടി വരില്ല. അപ്പോഴേക്കും ചില സുപ്രധാന പുസ്തകങ്ങള്‍ അടുക്കളയിലേയ്ക്ക് കടത്തണം. പിന്നാമ്പുറങ്ങളില്‍ ഇരുന്നു പേന്‍ കൊല്ലുമ്പോള്‍ വായിച്ച് അറിവ് നേടാനും ഒന്നിനും കൊള്ളാതെ മരിച്ചു മണ്ണടിയാനും പിന്നീട് വരുന്ന ഏതെങ്കിലും സമത്വസുന്ദരമായ തലമുറ ഈ വിജ്ഞാനങ്ങള്‍ എല്ലാം വെളിച്ചത്ത് കൊണ്ടുവരുന്നതിനായും ചിലതെല്ലാം ഭരണികളിലും ഉറികളിലും ഒളിപ്പിക്കേണ്ടതുണ്ട്. പിന്നെ ഒന്നും ആരും കാണാതെ ഒളിപ്പിക്കാന്‍ പറ്റിയ ഇടം തീണ്ടാരിപ്പുരകള്‍ ആണ്. അവിടെ ആണായിപ്പിറന്നവര്‍ ആരും കയറില്ല, അങ്ങോട്ടേയ്ക്ക് കയറാതെ അവര്‍ക്ക് സിഗ്‌നല്‍ കിട്ടും; ‘ആര്‍ത്തവമുണ്ട് സൂക്ഷിക്കുക’.

 

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍