UPDATES

ഓഫ് ബീറ്റ്

അതേ,​ ഞങ്ങൾക്ക് ആർത്തവമാണ്. അതിനു നിങ്ങൾക്കെന്താ? ​​

ഒന്നോ രണ്ടോ മൂന്നോ പത്തോ തലമുറക്കു പിന്നിലുണ്ടായിരുന്ന അതേ മാമൂലുകള്‍ തന്നെയാണ് ആര്‍ത്തവത്തെ സംബന്ധിച്ചും സ്ത്രീയുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചും സമൂഹം ഇന്നും വച്ചു പുലര്‍ത്തുന്നത്

ഹൈറുന്നീസ.പി

അടിവയര്‍ വലിഞ്ഞു മുറുകുന്ന വേദനയാണ് മിക്ക ആര്‍ത്തവ ഓര്‍മ്മകളും. അതിനേക്കാള്‍ വലിച്ചു കെട്ടിയ മറ്റൊരു വേദനയായിരുന്നു ആര്‍ത്തവത്തോടൊപ്പം എന്നിലേക്ക് കടന്നു വന്ന പലവക പേടികള്‍. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞും എന്നെ ഭരിച്ചുകൊണ്ടിരുന്ന പേടികള്‍. പിന്നീട് ജീവിതത്തിന്റെ ലക്ഷ്യവും മാനവുമായി മാറിയ സ്വാതന്ത്ര്യം എന്ന വലിയ ആശയത്തിലേക്ക് എന്നെ കൊണ്ടു വന്നു നിര്‍ത്തിയതും ഇതേ പേടികളായിരുന്നു.

ഞാന്‍ ആദ്യമായി ആര്‍ത്തവപ്പെടുന്നത് ഒമ്പതാംക്ലാസിലെ കാല്‍ക്കൊല്ല പരീക്ഷയുടെ ഇടയ്ക്കുള്ള അവധി ദിവസത്തിലാണ്. മഞ്ഞളും എണ്ണയും തേച്ച് കുളിച്ച് തുടയിടുക്കില്‍ അസ്വസ്ഥയുടെ ‘എക്‌സ്ട്രാ ഫിറ്റിങു’മായി പഠിക്കാന്‍ ബാക്കിയുണ്ടായിരുന്ന പാഠങ്ങള്‍ ഞാന്‍ പഠിച്ചു തീര്‍ത്തു. കാല്‍ വണ്ണയിലോ കൈവെള്ളയിലോ പറ്റിപ്പിടിച്ചു കിടക്കുന്ന മഞ്ഞ നിറം ക്ലാസിലെ ആണ്‍കുട്ടികള്‍ കണ്ടെടുക്കുമോ എന്നതായിരുന്നു അന്നത്തെ പേടി. കൂടാതെ വരമ്പത്തു നിന്ന് മെയിന്‍ റോഡിലേക്കുള്ള കയലാംകുറ്റി* മുറിച്ചു കടക്കുമ്പോള്‍ നീളത്തില്‍ വലിച്ചു മുറുക്കിയുടുത്ത തുണിക്കഷണം അഴിഞ്ഞെങ്ങാന്‍ പോരുമോ എന്ന പേടി വേറെയും. എത്രയും പെട്ടെന്ന് ഈ വക പേടികള്‍ മാറി ഞാന്‍ സ്വൈര്യ ജീവിതത്തിലേക്ക് മടങ്ങി വരുന്നതും സ്വപ്‌നം കണ്ടായിരുന്നു ആ രാത്രികള്‍ ഒടുങ്ങിയിരുന്നത്.

ആര്‍ത്തവം ശീലങ്ങളിലേക്ക് കുടിയേറിപാര്‍ക്കാന്‍ തുടങ്ങിയ സമയത്താണ് ഒരു ദിവസം ചോര പടര്‍ന്ന യൂണിഫോമുമായി സ്‌കൂള്‍ ഗ്രൗണ്ടിലൂടെ നടന്നു പോയതിന് ആണ്‍കുട്ടികള്‍ ഒരു പെണ്‍കുട്ടിയെ കൂവുന്നത് കണ്ടത്. ക്രിക്കറ്റ് കളിയും നിര്‍ത്തി ആണ്‍കുട്ടികളില്‍ പലരും കൂവുകയും പലരും ചിരിക്കുകയും ചെയ്തപ്പോള്‍ ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഗ്രൗണ്ടിലൂടെ ഓടി. തിയ്യതി അല്ലെന്നറിയാമായിരുന്നിട്ടും ഞാന്‍ എന്റെ ചുരിദാര്‍ മുന്നിലേക്ക് വലിച്ചു വലിച്ച് നോക്കി. വല്ല കറയും പറ്റിയിട്ടുണ്ടോ?

പിന്നെയോരോ തവണയും പേടിയാണ്. പി.ടി പിരീഡ് ആവുമ്പോള്‍, നീണ്ട ക്ലാസിനു ശേഷം ബെഞ്ചില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍, നടക്കുമ്പോള്‍, ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയങ്ങനെ. ചുരിദാറിനു പിന്നില്‍ ചോര പടര്‍ന്നാല്‍ ആത്മഹത്യ ചെയ്തു കളയേണ്ടി വരുമെന്ന അവസ്ഥ. ഒരുതരം അടിയന്തരാവസ്ഥ തന്നെയാണ് അതും. കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട നിരത്തിലൂടെ രേഖകളില്ലാതെ നടന്നു പോകുന്ന നിയമലംഘകയെ പോലെ.

ഏഴുദിവസത്തെ നിരോധനം തീരുമ്പോള്‍ വൈകുന്നേരക്കളികളില്‍ പിന്നെയും പങ്കു കൊള്ളാമെന്നും മാവിന്റെ മോളില്‍ കയറി ബഷീറിന്റെ പുസ്തകങ്ങള്‍ വായിച്ചിരിക്കാമെന്നുമൊക്കെയായിരുന്നു എന്റെ ധാരണ. എന്നാല്‍ ഇനി ഒന്നും പാടില്ല, വീട്ടില്‍ തന്നെ കാണണം എപ്പോഴുമെന്ന താക്കീത് വഴി തെറ്റി വന്ന ഒരുല്‍ക്ക തലയില്‍ വന്നു വീണതു പോലെയായിരുന്നു. എക്കാലത്തേക്കുമായിട്ടാണ് ആ റിട്ടയര്‍മെന്റ് എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മപ്പെടുമ്പോഴൊക്കെ ഉല്‍ക്കകള്‍ വന്നു വീണു കൊണ്ടേയിരുന്നു..

പുറത്തിറങ്ങാതെ ഉച്ചവെയിലു കൊള്ളാതെ മുഖം വെളുത്തപ്പോള്‍ ആ വെളുപ്പിനെ പോലും ഞാന്‍ പേടിച്ചിരുന്നു. അങ്ങനെ അടഞ്ഞു കൂടി വീട്ടില്‍ തന്നെയിരിക്കുമ്പോഴാണ് ഏതെങ്കിലും വിരുന്നുകാരില്‍ നിന്നു ഇഷ്ടപ്പെടാത്ത മോഡലിലുള്ള കൂട്ടിപ്പിടുത്തങ്ങളും സ്‌നേഹ പ്രകടനങ്ങളുമുണ്ടാവുകയെന്ന കൂട്ടുകാരികളുടെ മുന്നറിയിപ്പുകളും പേടിയുണ്ടാക്കിക്കൊണ്ടിരുന്നു. അങ്ങനെ ആകെ മൊത്തം പേടിയുടെ ഉത്പാദന-വിതരണ ശാലയായി ഞാന്‍ മാറി. എന്റെ മുഖം എന്നെത്തന്നെ എപ്പോഴും ‘ബിവെയര്‍ ഓഫ് ഡോഗ്‌സ്’ എന്ന ബോര്‍ഡിനെ ഓര്‍മ്മിപ്പിച്ചു.

എങ്ങനെയാണ് വിരുന്നുകാരില്‍ ചിലര്‍ പെണ്‍കുട്ടികള്‍ ആര്‍ത്തവപ്പെട്ടു എന്നു മനസിലാക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. ഓ,, അത് അങ്ങനെയാവുമ്പൊഴേ ‘വേണ്ടപ്പെട്ടവരേയെല്ലാം’ വിളിച്ചറിയിക്കുമല്ലോ, അല്ലേ! വേണ്ടവര്‍ക്ക് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ദേ ഇവള്‍ പാകമായിരിക്കുന്നു എന്ന പ്രഖ്യാപനം എനിക്ക് വിചിത്രമായി തോന്നി. ആര്‍ത്തവത്തോടെ അന്നു വരെ പരിഗണിക്കാതിരുന്ന പലരും പരിഗണിച്ചു കണ്ടുതുടങ്ങി. സ്‌നേഹത്തോടെ അവര്‍ അടുത്തേക്ക് വിളിക്കുമ്പോള്‍ തന്നെ ഞാനെന്റെ കേന്ദ്ര പ്രതിരോധ മന്ത്രിയാവും. കണ്ണുകള്‍ കൊണ്ടും കൈ വിരലുകള്‍ കൊണ്ടും ഞാന്‍ പ്രതിരോധത്തിന്റെ സൂചനകള്‍ നല്‍കി. ഭാഗ്യം! കൂട്ടുകാരികളെ പോലെ എനിക്ക് ഉറക്കം കളഞ്ഞ് എനിക്കു വേണ്ടി തന്നെ കാവലിരിക്കേണ്ടി വരികയോ, കുളുമുറിയിലോ കക്കൂസിലോ പോയി കരയുകയോ ചെയ്യേണ്ടി വന്നില്ല.

എങ്കിലും ആര്‍ത്തവ പ്രശ്‌നത്തെ ചൊല്ലി കരച്ചില്‍ തുടങ്ങാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. വലിയ തോതിലുള്ള ചോരപ്പോക്കും (ബ്ലീഡിങ്) അസഹനീയമായ വേദനയും വളരെ പെട്ടെന്നു തന്നെ ഷെയ്ക്ഹാന്‍ഡ് തന്ന് രംഗത്തെത്തി. ചോര വാര്‍ന്ന്, ചിലപ്പോള്‍ ഛര്‍ദിച്ച് തളര്‍ന്ന് ഞാന്‍ വെള്ളം കോരി. സഹിക്കാതാവുമ്പോള്‍ ഉറക്കെയെങ്ങാന്‍ ഒന്നു കരഞ്ഞാല്‍ പിന്നെ, വീട്ടിലുള്ള സ്ത്രീകളുടെ വക ഉപദേശവും ശാസനയുമാണ്. മിണ്ടാന്‍ പാടില്ല. ആരും അറിയാന്‍ പാടില്ല എന്നൊക്കെ. ആണുങ്ങളാവട്ടെ, ഞങ്ങള്‍ അന്യഗ്രഹ ജീവികളാണെന്ന മട്ടില്‍ ഒന്നും അറിയാത്ത മട്ടില്‍ അങ്ങനെയിരിക്കും.

മുതിര്‍ന്നവരും കുട്ടികളുമായി 13 അംഗങ്ങളുണ്ടായിരുന്ന ഞങ്ങളുടെ കല്‍ക്കട്ട പാലസില്‍ ആകെയുണ്ടായിരുന്നത് ഒരു കുളിമുറിയായിരുന്നു. അവിടത്തെ വിശ്വവിഖ്യാതമായ ക്യൂ കഴിയുന്ന പാതിരാ നേരത്ത് കക്കാന്‍ ചെല്ലുന്നതു പോലെ ശബ്ദമില്ലാതെ വെള്ളം കോരി കുളിക്കേണ്ടി വരുന്ന അവസ്ഥയിലായിരുന്നു കരച്ചില്‍ ബ്രേക്കില്ലാതെ വന്നിരുന്നത്.

ചെമ്പോ പാത്രമോ തട്ടി ശബ്ദമുണ്ടാക്കിയാല്‍ കാരണോത്തിയുടെ (ഗൃഹനാഥ) വായില്‍ നിന്നും ദുഷിച്ചത് കേള്‍ക്കുമെന്ന പേടിയില്‍ ഒരു കുക്കുളി പാസാക്കും. പിന്നെ കുളിമുറിയില്‍ ചോരമണം അവശേഷിക്കുന്നുണ്ടോ, അവിടെ നിന്നുള്ള ചാലില്‍ ചോരപ്പൊട്ടുകള്‍ തങ്ങിക്കിടക്കുന്നുണ്ടോ എന്നങ്ങനെയുള്ള സി.ഐ.ഡി തല അന്വേഷണമാണ്. ഇതിലേതെങ്കിലും ഒന്ന് സംഭവിച്ചാല്‍ അന്ന് വിവരമറിയും. പകലാണെങ്കില്‍ അലക്കി വൃത്തിയാക്കി കൊണ്ടു വരുന്ന അടിത്തുണി മനുഷ്യര്‍ കാണാത്ത കോണുകളില്‍ വിരിക്കണം. തൊഴുത്തിന്റെ പിന്നിലുള്ള അയയിലോ, അനാവശ്യ സാധനങ്ങള്‍ ഡമ്പ് ചെയ്തിരിക്കുന്ന മുകളിലെ മുറിയിലെ തറ്റത്തെ അയയിലോ വിരിക്കാം. എന്തായാലും മനുഷ്യര്‍ കാണരുത്.

അങ്ങനെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആത്മാക്കളെ കാണിക്കാതെ കുളുമുറി-അടുക്കള- ഡൈനിങ് റൂം എന്നീ ചെക്കപോസ്റ്റുകള്‍ വഴി അടിത്തുണി കടത്താന്‍ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളും സമര്‍ത്ഥരായിരുന്നു. സ്മഗ്ലിങ് അഥവാ കള്ളക്കടത്ത് തന്നെ!

അടുക്കളയില്‍ പെരുമാറുമ്പോള്‍ അതിലും വലിയ തൊട്ടുകൂടായ്മയായിരുന്നു. കറിവേപ്പിലയോ തുളസിയോ പൊട്ടിക്കാന്‍ മുറ്റത്തു പോകുമ്പോള്‍ ‘മാനിഷാദാ’ എന്ന ഭാവത്തില്‍ ഉമ്മ നോക്കും. ‘പാടില്ലാതിരിക്കുമ്പോള്‍ തൊട്ടാല്‍ കറിവേപ്പും തുളസിയും ഉണങ്ങു’മെന്നായിരുന്നു പ്രമാണം. ഞാനായിട്ട് ഉണക്കുന്നതെന്തിന്! ഞാന്‍ തൊട്ടുകൂടായ്മയുടെ കൂട്ടില്‍ അസംതൃപ്തയെങ്കിലും ഒരു സ്ഥിര അന്തേവാസിയായി.

ഇതെല്ലാം ഒരു കണക്കിന് സഹനീയമായിരുന്നു. ഏറ്റവും അസഹനീയമായ പേടിയും വേദനയും ഇതൊന്നുമായിരുന്നില്ല. സ്‌കൂളില്‍ പോകുമ്പോള്‍ ഇടക്കിടെ മാറ്റിയുടുക്കാന്‍ കഴിയാത്തതു കൊണ്ട് വലിയ തുണികളുടുത്താണ് പോവുക. അവ ഇരുന്ന് വിയര്‍ത്തും ഉരഞ്ഞും രണ്ടു വശത്തേയും തുടകള്‍ പൊട്ടും. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടക്കാന്‍ വയ്യാത്ത അവസ്ഥയാവും. ഓരോ അടി വെക്കുമ്പോഴും തേങ്ങല്‍ വരും. ഇനിയൊരടി വെക്കാന്‍ വയ്യെന്ന് തോന്നും. എങ്കിലും കാലുകള്‍ അകറ്റി വച്ച് നടക്കാന്‍ വയ്യല്ലോ! കുലീനകള്‍ക്ക് അത് സഭ്യമല്ലായിരുന്നു. ആരും കാണാത്ത ഇടവഴികളില്‍ വെച്ച് പേടിച്ച് പേടിച്ച് കാലുകള്‍ അകറ്റി, വലിച്ച് നടക്കും. വല്ലവരും വരുന്നതു കണ്ടാല്‍ വീണ്ടും കുലീനയാവും.

ഹാഹ്! അങ്ങനെയെത്ര കുലീനമരണങ്ങള്‍ സംഭവിച്ചുവെന്നോര്‍മ്മയില്ല. വീട്ടിലെത്തി നോക്കുമ്പോള്‍ തുടയില്‍ വിളര്‍ത്ത പിങ്കു നിറത്തില്‍ വലിയ മുറിവുകള്‍ കാണാം. അതു കാണുമ്പഴേ വേദനയും കരച്ചിലും പൂര്‍ണ്ണമാവുകയുള്ളൂ. വെളിച്ചെണ്ണ തേച്ച് രാത്രി മുഴുവന്‍ കിടന്ന് പിറ്റേന്ന് വീണ്ടും അതേ ചക്കില്‍ കറങ്ങി തിരിച്ചു വരും, ഇളം പിങ്ക് മുറിവുകളുമായി.

കൃത്യമായ പ്രാര്‍ത്ഥനയോ ഓത്തോ, നോമ്പോ ആര്‍ത്തവപ്പെട്ട പെണ്ണുങ്ങള്‍ക്കാവശ്യമുണ്ടായിരുന്നില്ല. ഒരു പ്രായം വരെ പാപങ്ങളെ ചെറുക്കുന്നതിനുള്ള നന്മകളില്‍ നിന്നും, പ്രായശ്ചിത്തങ്ങളില്‍ നിന്നും വിലക്കപ്പെടുമ്പോള്‍ എനിക്ക് പേടി തോന്നിയിരുന്നു. എന്റെ തുലാസ് തിന്മയുടെ വശത്തേക്ക് തൂങ്ങിയാലോ! ആ പേടി പിന്നീട് ക്രമേണ മാറി.

വളര്‍ന്നു വന്നതിനനുസരിച്ച് ചുറ്റുപാടുകളും മാറി. അതോടൊപ്പം ഞാനും മാറി. ആര്‍ത്തവപ്പേടികളില്‍ നിന്നാണ് ഞാന്‍ ഞാനായത്. എങ്കിലും ബെഞ്ചില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴോ, നടക്കുമ്പോഴോ പേടിക്കുന്ന, ആര്‍ത്തവമതിയായതിനെ തുടര്‍ന്ന് വിരുന്നു രാത്രികളില്‍ സ്വയം കാവലിരിക്കുന്ന, വേദനപ്പെടുമ്പോഴും നിശബ്ദത തുപ്പുന്ന, സാനിറ്ററി പാഡുകള്‍ (അടിത്തുണിക്ക് പകരം) ഒളിച്ചു കടത്തുന്ന, തൊട്ടുകൂടായ്മയില്‍ കുടിയിരിക്കുന്ന പെണ്‍കുട്ടികള്‍ എന്റെ പരിചയത്തില്‍ ഇപ്പോഴുമുണ്ട്.

ഒന്നോ രണ്ടോ മൂന്നോ പത്തോ തലമുറക്കു പിന്നിലുണ്ടായിരുന്ന അതേ മാമൂലുകള്‍ തന്നെയാണ് ആര്‍ത്തവത്തെ സംബന്ധിച്ചും സ്ത്രീയുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചും സമൂഹം ഇന്നും വച്ചു പുലര്‍ത്തുന്നത്. അതില്‍ മാറ്റമുണ്ടാവും വരെ രൂപീ കൗറുമാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യേണ്ടി വരും. ‘എസ് വി ആര്‍ ബ്ലീഡിങ്, സോ വാട്ട്’ എന്ന് പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ചോദിക്കട്ടെ. അവര്‍ സ്വതന്ത്രരാവട്ടെ.

*കയലാംകുറ്റി എന്നു പറഞ്ഞാല്‍ വഴികളെ, അതിരുകളെ ഒക്കെ ബന്ധിപ്പിക്കുന്നിടത്ത് മുളകള്‍ വച്ച് ഉണ്ടാക്കിയിടുന്ന കാല്‍മുട്ടിനേക്കാള്‍ ഇത്തിരി കൂടി ഉയരത്തിലുള്ള ചെറിയ ഗെയ്റ്റ്. അത് ചിലപ്പോ ചാടിക്കടക്കുന്നതായിരിക്കും. ചിലത് തുറക്കാവുന്നതുമാണ്.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ഹൈറുന്നീസയുടെ ലേഖനം

ഉടലില്‍ നിന്ന്‍ നമ്മുടെ സ്ത്രീകള്‍ ഇറങ്ങി നടക്കേണ്ടതുണ്ട്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍