UPDATES

ട്രെന്‍ഡിങ്ങ്

അപ്പോള്‍, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് വോട്ടിംഗ് യന്ത്രത്തെ സമീപിക്കാമോ ഹസ്സന്‍ സാറേ?

ആർത്തവത്തെ അശുദ്ധി എന്ന് വിളിച്ചാൽ ഈ ആർത്തവം ഉത്ഭവിക്കുന്ന ഗര്‍ഭപാത്രത്തെ അതിലും അശുദ്ധം ആയി കാണേണ്ടി വരും

ആർത്തവകാലങ്ങളിൽ ഉള്ള സ്ത്രീശരീരത്തിന്റെ അശുദ്ധിയെപ്പറ്റി കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ എംഎം ഹസ്സന്റെ  പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. കേരളത്തിലെ ഒരു പ്രമുഖ നേതാവായ അദ്ദേഹം നടത്തിയ ഈ പരാമർശം അത്യധികം ദുഃഖം ഉളവാക്കുന്നുണ്ടെങ്കിലും തീരെ അത്ഭുതപ്പെടുത്തുന്നില്ല. നമ്മുടെ പൊതുസമൂഹത്തിൽ ഉറഞ്ഞു പോയ ഒരു തെറ്റായ ബോധത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ ആ വാക്കുകൾ. ഇതിനെ അറിവില്ലായ്മ എന്ന് വിളിച്ചു അവഗണിക്കാന്‍ സാധിക്കില്ല. ആർത്തവത്തെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറേണ്ടതിനെ കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ സജീവമാകേണ്ടതുണ്ട് എന്നു തന്നെയാണ് ഈ രാഷ്ട്രീയ പ്രമുഖന്‍റെ പ്രസ്താവനയും തെളിയിക്കുന്നത്.

എന്റെ മകന് ഏഴു വയസ്സ് ഉള്ളപ്പോൾ  ഒരിക്കൽ അവനുമായി ഒരു റെസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കാൻ കയറി. ഒറ്റയ്ക്ക് അവനെ ടോയ്ലെറ്റിൽ വിടാൻ കഴിയാതിരുന്നതിനാൽ സ്ത്രീകളുടെ ടോയ്ലെറിൽ ആണ് കയറേണ്ടി വന്നത്. ക്ലോസെറ്റിൽ പറ്റിയിരുന്ന രക്തക്കറ ചൂണ്ടിക്കാണിച്ച്, “അയ്യേ അമ്മ” എന്നു പറഞ്ഞ അവനോട് തിരിച്ചു വന്നതിനു  ശേഷം അമ്മയ്ക്ക് എല്ലാ മാസവും സംഭവിക്കുന്ന, മോന്റെ ജനനത്തിനു തന്നെ കാരണം ആ രക്തക്കറ ആണ് എന്നു പറഞ്ഞ്, ആർത്തവം എന്താണെന്ന് അവനെ പറഞ്ഞു മനസിലാക്കി. വളർച്ചയുടെ ഘട്ടങ്ങളിൽ ഇനി ആർത്തവം എന്ന് കേൾക്കുമ്പോൾ അവന് അശുദ്ധം എന്ന് തോന്നുന്നതിനു പകരം അമ്മയുടെ മുഖം ഓര്‍മ്മ വരും. ആർത്തവം എന്ന് കേൾക്കുമ്പോൾ അമ്മയുടെ മുഖം ഓര്‍മ്മ വരുന്ന ഒരാൾക്കും ആർത്തവം എന്നാൽ അശുദ്ധി എന്ന് തോന്നില്ല, പകരം ശുദ്ധിയുടെ പര്യായമായി ആർത്തവം ആഘോഷിക്കപ്പെടുകയേ ഉള്ളു. ചില ഹൈന്ദവ സമൂഹങ്ങളിൽ ആദ്യമായി ഋതുമതി ആകുന്ന പെണ്ണിന് തിരണ്ടുകല്യാണം നടത്തുന്നത് കാണാറുണ്ട്. ആദ്യമായും അവസാനമായും അന്നാകും അവളുടെ അശുദ്ധി ആഘോഷിക്കപ്പെടുന്നത്.

പണ്ടു കാലങ്ങളിലെ പോലെ ഈ സമയത്ത്  അവൾ പുറത്താക്കപ്പെടില്ലെങ്കിലും, ഇന്നും ആരാധനാലയങ്ങളിലെ അയിത്തം നിലനിൽക്കുന്നുണ്ട്. ഇങ്ങനെയുള്ള അലിഖിത നിയമങ്ങൾ സ്ത്രീകൾക്കെതിരെയുള്ള കൊടിയ അനീതി തന്നെയാണ്. പുരുഷന് മാത്രം നേരം നോക്കാതെ ചെന്ന് കയറാൻ കഴിയുന്ന, അനുഗ്രഹം നേടാന്‍ കഴിയുന്ന ഒന്നാകരുത് ആരാധനാലയങ്ങൾ. ഒരു ജനാധിപത്യ രാജ്യത്ത് ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.

ഈ അയിത്തം ഇന്ന് അടുക്കളകളിൽ ഇല്ല എന്നുള്ളതും രസകരമാണ്. പണ്ടുകാലത്ത് ആർത്തവ സമയത്ത് സ്ത്രീകളെ അടുക്കളയിൽ പോലും കയറ്റിയിരുന്നില്ല. എന്നാല്‍ ഇപ്പോൾ സ്ഥിതി മാറി. കുറച്ചു അശുദ്ധം ആയാലും കുഴപ്പമില്ല, പാചകം നടക്കട്ടെ എന്നായി. ഈ അശുദ്ധകളെ എല്ലാ മംഗള കർമ്മങ്ങളിൽ നിന്നും ഒഴിവാക്കണം എന്നാണ് എന്റെ  അഭിപ്രായം. കല്യാണവീട്ടിൽ ഏതെങ്കിലും സ്ത്രീകൾ തീണ്ടാരി ആയാൽ അത്, അമ്മയോ ചേച്ചിയോ അനിയത്തിയോ ആരോ ആകട്ടെ, അവരെ അകത്തെ മുറിയിൽ പൂട്ടിയേക്കണം. പിന്നെ ആർത്തവമായ പെണ്ണുങ്ങളെ വോട്ടു ചെയ്യുന്ന ദിവസം വോട്ടിംഗ് യന്ത്രത്തിന്റെ ഏഴയലത്തു പോലും അടുപ്പിക്കരുത്. ഇതൊക്കെ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട് അല്ലെ?

പക്ഷെ കാലങ്ങളായി ഈ ‘അശുദ്ധി’ ഉണ്ടാക്കിയിരിക്കുന്ന തെറ്റിദ്ധാരണകൾ ഒരുപാടാണ്. ‘അശുദ്ധി’ എന്ന വിചാരം ആർത്തവത്തെ ഒരു നാണക്കേടായി കണക്കാക്കാൻ സ്ത്രീകളെ പോലും പ്രേരിപ്പിക്കുന്നു. ചെറിയ മകനോ മകളോ നാപ്കിൻ ചൂണ്ടി അത് എന്താ എന്ന് ചോദിച്ചാൽ മറ്റെന്തെങ്കിലും പറഞ്ഞു ശ്രദ്ധ മാറ്റാനാണ് മിക്കവരും ശ്രമിക്കുക. സാനിറ്ററി നാപ്കിൻ കടയിൽ നിന്നും വാങ്ങുമ്പോൾ ആളുകളുടെ കണ്ണിൽപെടാതിരിക്കാൻ പത്രത്താളിൽ പൊതിഞ്ഞു ഒളിപ്പിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. ടിവിയിൽ നാപ്കിന്റെ ഒരു പരസ്യം വന്നാൽ പോലും കൊച്ചു കുട്ടികളോ അന്യ പുരുഷന്മാരോ ഉണ്ടെങ്കിൽ തിരക്കു പിടിച്ചു ചാനൽ മാറ്റുന്നു . കൊച്ചു പെൺകുട്ടികൾ കടയിൽ നിന്നും നാപ്കിൻ വാങ്ങിക്കുകയാണെങ്കിൽ അത് കാണുന്ന ചില ഞരമ്പ് രോഗികൾക്ക് കമന്റടിക്കാൻ മറ്റൊന്നും വേണ്ട താനും. ഒന്നുമില്ലെങ്കിൽ ‘കൈയ്യിൽ എന്താണ് ചേച്ചി’? എന്ന് ചോദിക്കുമ്പോൾ വിളർത്തു പോകുന്ന പെണ്മുഖം നോക്കി ആനന്ദിക്കുന്നവരും നിരവധിയാണ്. ഇതൊക്കെ ചെക്കന്മാരുടെ കുസൃതിയായി ചില ചേച്ചിമാർ കണക്കാക്കുമ്പോൾ, കുറച്ചു പേരിലെങ്കിലും മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്; ഒപ്പം തങ്ങളെന്തോ തെറ്റു ചെയ്യുകയാണ് എന്നൊരു തോന്നല്‍ അവരില്‍ തന്നെ ഉണ്ടാക്കാനും ഇതൊക്കെ കാരണമാകുന്നു.

ആർത്തവത്തെ അശുദ്ധി എന്ന് വിളിച്ചാൽ ഈ ആർത്തവം ഉത്ഭവിക്കുന്ന ഗര്‍ഭപാത്രത്തെ അതിലും അശുദ്ധമായി കാണണം. അങ്ങനെയെങ്കിൽ ഈ അശുദ്ധിയിലാണ് നമ്മൾ എല്ലാം രൂപം കൊണ്ടിരിക്കുന്നത്. ശുദ്ധിയും അശുദ്ധിയും മനുഷ്യ മനസിലാണ്, ശരീരത്തിൽ അല്ല. സ്ത്രീകൾക്ക് മാത്രം ബാധകമാകുന്ന ഈ അശുദ്ധി ഒരു തരത്തിലും ന്യായീകരിക്കാവുന്ന ഒന്നല്ല. നമ്മുടെ സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യതയോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ എങ്കിൽ ഇത്തരം തെറ്റായ ചിന്താഗതികൾ തുടച്ചു നീക്കപ്പെടുക തന്നെ വേണം. കൊച്ചു കുട്ടികൾ മുതൽ ഇതുപോലുള്ള രാഷ്ട്രീയ നേതാക്കന്മാർ വരെ ഉള്ളവരുടെ കാഴ്ചപ്പാടും മാറണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍