UPDATES

സയന്‍സ്/ടെക്നോളജി

സാന്ത്വനം സ്മാര്‍ട്ട്ഫോണിലൂടെ

Avatar

ലെന എച്ച്. സണ്‍
(ദി വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒട്ടും സഹിക്ക വയ്യാതെ വരുമ്പോള്‍ മേരിലാന്‍ഡിലെ ആ 23കാരന് സാന്ത്വനം ഇന്ന് കൈയ്യെത്തുന്ന അകലത്തിലുണ്ട്; തന്റെ സ്മാര്‍ട്ട്‌ഫോണിലൂടെ.

‘ബിഗ് വൈറ്റ് വാള്‍’ എന്ന ഓണ്‍ലൈന്‍ സേവനം വിഷാദ രോഗം, ഉത്കണ്ഠ, പിരിമുറുക്കം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി 24 x 7 പ്രവര്‍ത്തിക്കുന്നു. മാനസികാരോഗ്യ വിദഗ്ധര്‍ നയിക്കുന്ന പാഠ്യപദ്ധതികള്‍, മറ്റു വിവരങ്ങള്‍ എന്നിവയും ഇതിലുണ്ട്. ‘ടോക് എബൗട്‌സ് (Talk abouts)’ എന്ന ഓണ്‍ലൈന്‍ സംഭാഷണങ്ങളിലൂടെ സമാന അവസ്ഥയിലുള്ളവരുടെ പിന്തുണയും ലഭിക്കുന്നു.

‘ബിഗ് വൈറ്റ് വാള്‍’ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അര്‍ദ്ധരാത്രിക്കും വെളുപ്പിന് നാലു മണിക്കും ഇടയ്ക്കാണ്. മാനസിക പ്രയാസങ്ങള്‍, ഏകാന്തത ഒക്കെ ഏറ്റവും അസഹനീയമാവുന്ന സമയം. പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് ഇതിലെ പ്രവര്‍ത്തനങ്ങള്‍.

ബ്രിട്ടനില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഉപയോഗത്തിലുള്ള ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ യുഎസിന്റെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും സൈക്യാട്രിസ്റ്റുകളുടെയോ സാമൂഹ്യ സേവകരുടെ പോലുമോ സേവനം ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങള്‍ക്ക് വേണ്ടി.

മാനസികാരോഗ്യരംഗത്ത് വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇതിനൊരുദാഹരണമാണ്. പക്ഷേ, അതൊരു വശം മാത്രം. ‘ഡിജിറ്റല്‍ ബിഹെവിയറല്‍ ഹെല്‍ത്ത്’ എന്നത് ഇപ്പോള്‍ രോഗികളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും, അനാവശ്യമായതും ചെലവേറിയതുമായ ആശുപത്രിവാസങ്ങള്‍ ഒഴിവാക്കാനും കൂടാതെ മറ്റ് ആരോഗ്യ പരിരക്ഷ ആവശ്യങ്ങള്‍ക്കെന്ന പോലെ മാനസികാരോഗ്യത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഒന്നായും കണക്കാക്കി തുടങ്ങിയിട്ടുണ്ട്.

ചില സാങ്കേതിക വിദ്യകളുടെ ഉദ്ദേശ്യങ്ങള്‍ പരിമിതമാണ്. ഒരു വിദേശ ഭാഷ സ്വയം പഠിച്ചെടുക്കാന്‍ ഓണ്‍ലൈന്‍ പാഠങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പോലെ ‘അവബോധ ചികില്‍സ’യുടെ (Cognitive Therapy) ചില ഭാഗങ്ങള്‍ നിങ്ങള്‍ക്ക് തനിയെ ചെയ്യാം. ആളുകളെ, തങ്ങളുടെ വികാരങ്ങളെ തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായിക്കുന്ന അനേകം മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് നിലവിലുണ്ട്. നിങ്ങളുടെ ചലനങ്ങളും സംസാരവുമൊക്കെ നിരീക്ഷിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ മുന്നറിയിപ്പ് തരുന്ന ആപ്ലിക്കേഷനുകളുമുണ്ട്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെന്റെല്‍ ഹെല്‍ത്ത് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു ഗൂഗിളില്‍ ചേര്‍ന്ന തോമസ് ഇന്‍സെലിന്റെ അഭിപ്രായത്തില്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യ മാനസികാരോഗ്യ പരിപാലനം കൂടുതല്‍ പേരിലേക്ക് എത്താന്‍ സഹായിക്കുന്നു; ഒപ്പം സേവനം മെച്ചപ്പെടുത്താനും. ‘ഇതാണ് എല്ലാറ്റിനും പരിഹാരമെന്നല്ല. പക്ഷേ 55% സ്ഥലങ്ങളില്‍ മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലാത്ത യുഎസ്സില്‍ ഇതൊരു നല്ല തുടക്കമാണ്’ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു.

ബിഗ് വൈറ്റ് വാളിന്റെ സങ്കീര്‍ണ്ണമായ അല്‍ഗൊരിതങ്ങള്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് വേണ്ട രീതിയില്‍ വിവരങ്ങള്‍ നല്‍കുന്നു. വേണ്ടവര്‍ക്ക് ഇതിലെ ടെസ്റ്റുകള്‍ ചെയ്തു നോക്കി തങ്ങളുടെ വിഷാദം അല്ലെങ്കില്‍ ആകുലതയുടെ (anxitey) സ്വഭാവം നിര്‍ണ്ണയിക്കാം. അതിലെ ‘വിര്‍ച്വല്‍ ബ്രിക്‌സില്‍’ (virtual bricks) എഴുതുകയോ വരയ്ക്കുകയോ വഴി തങ്ങളുടെ വികാരങ്ങള്‍ പങ്കുവയ്ക്കാം. ചില ബ്രിക്കുകളില്‍ ഉള്ള എഴുത്തുകളില്‍ (ഉദാഹരണത്തിന് ‘ഭാവിയേയില്ല’) അവ എഴുതുന്നവരുടെ വേദനയും നൈരാശ്യവും പ്രകടമാണ്.

‘ദിവസംതോറും മൂഡ് മാറി മാറി വരുന്നവര്‍ക്കും അത് വേണ്ടവിധം കൈകാര്യം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കുമൊക്കെ ഇത് വളരെ പ്രയോജനപ്പെടുന്നു’ ബാള്‍ടിമോര്‍ കേന്ദ്രമാക്കിയുള്ള മൊസൈക് കമ്മ്യൂണിറ്റി സെര്‍വിസസിന്റെ ചീഫ് മെഡിക്കല്‍ ഓഫിസറായ സുപ്രിയ നരംഗ് പറയുന്നു. ‘അവര്‍ക്ക് വിശ്വസിച്ചുപയോഗിക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു ബിഗ് വൈറ്റ് വാള്‍.’

വര്‍ഷംതോറും ഏതാണ്ട് 25,000ത്തോളം പേര്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്ന മൊസൈക് 2014ലാണ് ബിഗ് വൈറ്റ് വാള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇത് സൗജന്യമായി തങ്ങളുടെ രോഗികള്‍ക്ക് നല്‍കുന്നു; തുടക്കത്തില്‍ പറഞ്ഞ മേരിലാന്‍ഡിലെ 23കാരനടക്കം. സംഘടനയുടെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിലൊന്നില്‍ തെറാപ്പിസ്റ്റിനെ കാണുന്നുണ്ടെങ്കിലും ഇയാള്‍ക്ക് ബിഗ് വൈറ്റ് വാള്‍ വളരെ പ്രയോജനപ്രദമാണ്. പ്രത്യേകിച്ചും പരിശീലിക്കപ്പെട്ട ‘വാള്‍ ഗൈഡുകള്‍’ സംഭാഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന രീതി.

‘ഒരാള്‍ ഒരു ‘ടോക്ക് എബൌട്ട്’ തുടങ്ങിയാല്‍ മറ്റുള്ളവര്‍ അതിനോടു പ്രതികരിച്ചില്ലെങ്കില്‍ വാള്‍ ഗൈഡ് മുന്നിട്ടിറങ്ങി സംഭാഷണത്തില്‍ പങ്കാളിയാവുന്നു. ഇത് വളരെ സഹായകമാണെന്ന് ഇദ്ദേഹം കരുതുന്നു’ തന്റെ മറ്റു സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ യുവാവിന്റെ അഭിപ്രായം മൊസൈകിന്റെ വക്താവായ സിന്‍ഡി എയികെന്‍ബെര്‍ഗ് പറഞ്ഞു.

2007ല്‍ ഇംഗ്ലണ്ടില്‍ വികസിപ്പിച്ചെടുത്ത ബിഗ് വൈറ്റ് വാള്‍ അവിടത്തെ നാഷനല്‍ ഹെല്‍ത്ത് സെര്‍വീസിന്റെ അംഗീകാരത്തോടെ 36,000ത്തിലധികം പേര്‍ ഉപയോഗിക്കുന്നു. ഇക്കൂട്ടത്തില്‍ വിരമിച്ചവരും അല്ലാത്തവരുമായ പട്ടാളക്കാരും പെടുന്നു. സ്വതന്ത്ര പഠനങ്ങളില്‍ ഉപയോക്താക്കള്‍ തങ്ങളുടെ മാനസികാരോഗ്യ പരിപാലനത്തില്‍ ഇതിന്റെ പ്രയോജനം സാക്ഷ്യപ്പെടുത്തുന്നു. 2009ലെ ഒരു അവലോകനത്തില്‍ 95% പേരും ഇതിന്റെ ഉപയോഗം കൊണ്ട് ഉണ്ടായ ഗുണപരമായ മാറ്റങ്ങള്‍ വെളിപ്പെടുത്തി.

ബ്രിക്കില്‍ എഴുതുന്ന ആദ്യ വാക്കുകളിലൂടെ വിഷാദം, പിരിമുറുക്കങ്ങള്‍ തുടങ്ങിയവയുടെ കാഠിന്യം തിട്ടപ്പെടുത്താന്‍ താമസിയാതെ സാധിക്കുമെന്ന് നിര്‍മാതാവ് ജെന്‍ ഹയാത്ത് പറയുന്നു. സൈക്യാട്രിസ്റ്റുകളുടെയും സൈകോളജിസ്റ്റുകളുടെയും നേതൃത്വത്തില്‍, ലൈസന്‍സ് ഉള്ള സാമൂഹ്യ പ്രവര്‍ത്തകള്‍ 24 മണിക്കൂറും സേവനസന്നദ്ധരായി ഉണ്ട്. ആവശ്യമുള്ളപ്പോള്‍ ഇവര്‍ ഇടപെടുന്നു. ശ്രദ്ധിക്കേണ്ടതായി തോന്നുന്ന കാര്യങ്ങള്‍ സ്റ്റാഫിനെ അറിയിക്കാനുള്ള സംവിധാനവും ഉപഭോക്താക്കള്‍ക്കുണ്ട്; റിപ്പോര്‍ട് ബട്ടണിലൂടെ.

അമേരിക്കയില്‍ ഏതാണ്ട് 2000ത്തോളം പേര്‍ ബിഗ് വൈറ്റ് വാളില്‍ ഉള്ളതായി മാനേജിങ് ഡയറക്ടര്‍ ഇല്ല്യാന വെയിറ്റ് പറയുന്നു. ഹെല്‍ത്ത് ഓര്‍ഗനൈസഷനുകള്‍ വഴിയാണ് അംഗത്വം. ബ്രിട്ടനിലേത് പോലെ ഓണ്‍ലൈന്‍ രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവിടെ സംഘടനകള്‍ ഒരു നിശ്ചിത ഫീസ് നല്‍കി തങ്ങളുടെ അംഗങ്ങളെ മൊത്തമായി ഉള്‍പ്പെടുത്തുന്നു.

കൈസര്‍ പെര്‍മനെന്റെയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ഇതിന്റെ ടെസ്റ്റിങ് ഒറിഗനില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്നു. ‘ഒക്‌ടോബെറില്‍ കൈസര്‍ ഇത് സ്‌റ്റേറ്റിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു; ഏതാണ്ട് 1,25,000ത്തോളം പേര്‍ക്കു സൗജന്യമായി ഉപയോഗിച്ച് നോക്കാം ഇപ്പോള്‍’ വെയിറ്റ് പറഞ്ഞു. ഹെല്‍ത്ത് പ്ലാന്‍ ഫലങ്ങള്‍ വിലയിരുത്തുകയാണ് എന്ന കാരണത്താല്‍ കൈസറിന്റെ പ്രതിനിധി കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.

ടെക്‌സാസില്‍ റീജിയണല്‍ ഹെല്‍ത്ത് പ്ലാന്‍ സ്‌കോട് & വൈറ്റ് 42,000 ഉദ്യോഗസ്ഥര്‍ക്കും പ്രൈവറ്റ് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കും ബിഗ് വൈറ്റ് വാള്‍ സേവനം ലഭ്യമാക്കും. പ്ലാനിലെ ബാക്കി 2,20,000 അംഗങ്ങളിലേക്കും ഇത് പിന്നീട് വ്യാപിപ്പിക്കാം എന്നാണ് പ്രതീക്ഷ.

സൈക്യാട്രിസ്റ്റുകളുടെ കുറവ് ഏറ്റവും രൂക്ഷമായ സ്‌റ്റേറ്റുകളില്‍ ഒന്നാണ് ടെക്‌സാസ്; പ്രത്യേകിച്ചും സ്‌റ്റേറ്റിന്റെ നടുക്കായി വരുന്ന ഗ്രാമ പ്രദേശങ്ങളില്‍. ഇവിടെ രണ്ടു കൗണ്ടികളില്‍ ബിഗ് വൈറ്റ് വാള്‍ സേവനം ലഭ്യമാകും. ‘സൈക്യാട്രിസ്റ്റുകളെയും മാനസികാരോഗ്യ വിദഗ്ധരെയും കാണാന്‍ ഒരുപാട് ദൂരം യാത്ര ചെയ്യേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക്’ സ്‌കോട് & വൈറ്റ് ഹെല്‍ത്ത് പ്ലാനിലെ ബിഹെവിയറല്‍ ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡ്യൂക് റൂക്ടന്നോഞ്ചൈ പറഞ്ഞു.

വാഷിംഗ്ടന്‍ സ്‌റ്റേറ്റ് മുതല്‍ കെന്റകി വരെ ഏതാണ്ട് 5.4 കോടി ആള്‍ക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന, ഡെന്‍വര്‍ കേന്ദ്രമാക്കിയുള്ള കാത്തലിക് ഹെല്‍ത്ത് ഇനീഷ്യേറ്റീവ്‌സ് അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുളില്‍ 12 ലക്ഷം പേര്‍ക്കെങ്കിലും ബിഗ് വൈറ്റ് വാള്‍ സേവനം നല്‍കാന്‍ ആലോചിക്കുന്നതായി വിര്‍ച്വല്‍ ഹെല്‍ത്ത് സര്‍വീസസ് ഇടക്കാല പ്രസിഡന്റ് വിന്‍ വൗഗന്‍ അറിയിച്ചു.

വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുള്ളതല്ല ഈ സാങ്കേതികവിദ്യ. മാത്രമല്ല, മുഖാമുഖമുള്ള കൂടിക്കാഴ്ചകള്‍ക്ക് പകരം വയ്ക്കാനുള്ളതല്ല ഓണ്‍ലൈന്‍ സേവനം. പേര്‍സണല്‍ കമ്പ്യൂട്ടറുകള്‍, ടാബ് ലെറ്റ്‌സ്, സ്മാര്‍ട്ട് ഫോണ്‍ ഇവ വഴി ബിഗ് വൈറ്റ് വാള്‍ എളുപ്പം ലഭ്യം ആണെങ്കിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ ഫലത്തില്‍ ഇതില്‍ നിന്നു പുറത്താണ്.

മനുഷ്യ വികാരങ്ങള്‍ അനന്തമാണെന്നും, എല്ലാവര്‍ക്കും ഒരു ഒഴിഞ്ഞ ക്യാന്‍വാസില്‍ നിന്നു തുടങ്ങാം എന്നുമാണ് ഈ സാങ്കേതികവിദ്യയുടെ പേരു സൂചിപ്പിക്കുന്നത്. ഇതിന്റെ സ്ഥാപകന്‍ പറയുന്നതു പോലെ ഒരു ചുവര്‍ അഭയവും താങ്ങുമാണ്. അതേ സമയം മനസികാരോഗ്യത്തിനും സൗഖ്യത്തിനുമായി ചിലപ്പോള്‍ മനുഷ്യര്‍ക്ക് ഭേദിക്കേണ്ടി വരുന്ന മതിലുകളെയും ഇത് സൂചിപ്പിക്കുന്നതായി ഹയാത്ത് പറഞ്ഞു.

ബ്രിക്കുകളിലെ വാചകങ്ങള്‍ സങ്കടകരമാണ് പലപ്പോളും. ബ്രിക്കുകളുടെ കൂട്ടത്തില്‍ ഒന്നില്‍ കണ്ടത് ഒരു ചായ കപ്പിന്റെ പടമാണ്. കൂടെ ഈ വാക്കുകളും ‘ഒരാളുടെ ചായ എങ്ങനെ ആയിരിക്കണമെന്നു പോലും നിങ്ങള്‍ക്കറിയില്ലെങ്കില്‍ എങ്ങനെയാണ് നിങ്ങള്‍ അയാളെ സ്‌നേഹിക്കുന്നു എന്നു പറയുന്നത്?’

മറ്റൊന്ന് ലളിതമായി പറയുന്നു ‘എന്റെ മാനസികാരോഗ്യത്തെ പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലാത്ത ഒരു പോയിന്റില്‍ എത്തിച്ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍