UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമദ് ഇനി ബസില്‍ കയറില്ല; സീറ്റിലിരുന്നതിന് ഒരു ഭിന്നശേഷിക്കാരനു നേരിടേണ്ടി വന്നത്

Avatar

അഴിമുഖം പ്രതിനിധി

‘ഓന്‍ പിരാന്തനാ. ഓനെ രണ്ടീസം ജയിലില്‍ ഇടാന്‍ പറയണം. വണ്ടീന്റെ താക്കോലും കൊടുക്കണ്ട. ഓന്‍ എന്നെ പുറത്തേക്ക് ഉന്തീതാ. എന്നെ ചവിട്ട്വേം ചെയ്തു.’

അബ്ദുസമദ് എന്ന ഭിന്നശേഷിക്കാരന്റെ വാക്കുകളാണിത്. കോഴിക്കോട് ജില്ലയിലെ വള്ളിക്കുന്ന് നോര്‍ത്തില്‍ തൊണ്ടിക്കോട് പൈനാട്ട് അബ്ദുസമദ് എന്ന 28കാരന്‍ നാളിതുവരെ ആര്‍ക്കെങ്കിലും നേരെ ശബ്ദമുയര്‍ത്തുന്നതോ കൈയ്യോങ്ങുന്നതോ പോലും ആരും കണ്ടിട്ടില്ല. ആരെങ്കിലും തന്നെ വേദനിപ്പിച്ചാല്‍ പോലും സമദ് ആരോടും പരിഭവം പറയാറില്ല. ആരോടും ഒന്നും ആവശ്യപ്പെടാറുമില്ല. എന്നാല്‍ ഇന്ന് ഇയാളുടെ മനസ്സില്‍ ദയയില്ലാത്ത കുറച്ചാളുകള്‍  മൂലം കടന്നുകയറിയിരിക്കുന്നത്  ഭീതിയാണ്. വൈകല്യങ്ങളുള്ള തന്നോട് സമൂഹം പെരുമാറുന്നത് ഇങ്ങനെയാണെങ്കില്‍ ഇനി പുറത്തേക്കിറങ്ങില്ല എന്നാണ് ഈ യുവാവ്‌ പറയുന്നത്.   

സമദ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രായത്തിനൊത്ത മാനസിക വളര്‍ച്ചയില്ലാത്ത ഇയാളുടെ വൃഷണങ്ങളില്‍ ഒന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുകയാണ്. ഈ അവസ്ഥ വരാന്‍ കാരണമായത് ഒരു ബസ് യാത്രയും, ചെയ്ത കുറ്റം വികലാംഗര്‍ക്കായുള്ള സീറ്റില്‍ ഇരുന്നു എന്നുള്ളതും. കോട്ടക്കടവ് ചെമ്മാട് റൂട്ടിലോടുന്ന ബിസ്മില്ല എന്ന ബസ്സിലെ ജീവനക്കാര്‍ നല്‍കിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്‌, കൂടെ നിഷ്കളങ്കമായ മനസ്സിലും ദുര്‍ബലമായ ശരീരത്തിലും അവര്‍ ഏല്‍പ്പിച്ചത് മായ്ക്കാനാവാത്ത മുറിവും. 

കിന്‍ഫ്രയ്ക്കു സമീപം ബേക്കറിസാധനങ്ങള്‍ തയ്യാറാക്കുന്ന സ്ഥാപനത്തില്‍ തൊഴിലാളിയായായ സമദ് വാപ്പയും ഉമ്മയും മരിച്ചതിനു ശേഷം സഹോദരന്‍ മന്‍സൂറിന്‍റെ സംരക്ഷണത്തിലാണ് കഴിയുന്നത്‌. എല്ലാ ദിവസവും പോകുന്നതുപോലെ കഴിഞ്ഞ മാസം 26നും ബസ്സില്‍ കയറി. ഭിന്നശേഷിക്കാര്‍ക്കായുള്ള ഒഴിഞ്ഞ സീറ്റില്‍ ഇരുന്ന സമദിനെ ബസ്സ്‌ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വികലാംഗര്‍ക്കുള്ള പാസ്സ് ഉപയോഗിച്ച് തന്നെയാണ് ഈ യുവാവ് യാത്ര ചെയ്തിരുന്നത്. സാധാരണ ഗതിയില്‍ പാസ്സ് കൈയ്യിലുണ്ടെങ്കില്‍ ഇവര്‍ക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം എല്ലാ ബസ്സുകളിലും ഉള്ളതാണ്. എന്നാല്‍  സീറ്റില്‍ നിന്നും എഴുന്നേല്‍ക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കൈയ്യിലുണ്ടായിരുന്ന പാസ്സ് കാണിച്ചെങ്കിലും  ജീവനക്കാര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും, തുടര്‍ന്ന് കണ്ടക്ടര്‍ സെയ്താലി ഇയാളുടെ നാഭിക്കു ചവിട്ടുകയായിരുന്നു. മാനസിക വളര്‍ച്ചയില്ലാത്ത ഒരു വ്യക്തി എന്ന പരിഗണനപോലും ലഭിക്കാതെ തികച്ചും മൃഗീയമായ മര്‍ദ്ദനമേറ്റു വാങ്ങിയാണ് സമദ് ബസ്സില്‍ നിന്നും പുറത്തിറങ്ങുന്നത്. കണ്ടുനിന്ന ആരും അതില്‍ ഇടപെട്ടുമില്ല.

കഠിനമായ വേദനയുണ്ടായിരുന്നിട്ടും ഇയാള്‍ സംഭവം ആരോടും പറയുകയുണ്ടായില്ല. നാലു ദിവസങ്ങള്‍ക്ക് ശേഷം വേദന വര്‍ദ്ധിച്ച് നടക്കാന്‍ പോലും ആവാത്തവിധം തളര്‍ന്നതോടെ സഹോദരന്‍ മന്‍സൂര്‍ ആണ് സമദിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃഷണങ്ങളില്‍ ഒന്നിന് കാര്യമായ പരിക്ക് കണ്ടെത്തിയ ഡോക്ടര്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് സംഭവിച്ചത് എന്താണെന്ന് യുവാവ്‌ വെളിപ്പെടുത്തിയത്. പരിക്ക് ഗുരുതരമായതോടെ വൃഷണങ്ങളില്‍ ഒന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു.

‘അവന്‍ ആരോടും ഒന്നും പറഞ്ഞില്ല. നടക്കാനും മറ്റും ഉള്ള വിഷമം കണ്ടപ്പോ എനിക്ക് സംശയം തോന്നി. ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടത്തെ ഡോക്ടര്‍ ആണ് സംഭവം കണ്ടെത്തിയത്. ഞങ്ങള്‍ കേസൊക്കെ കൊടുത്തു. തേഞ്ഞിപ്പാലം സ്റ്റേഷനില്‍ ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ഇതുവരെ ഇന്റിമേഷന്‍ പോലും ലഭിച്ചിട്ടില്ല.’- സമദിന്റെ സഹോദരന്‍ മന്‍സൂര്‍ പറയുന്നു.

കാര്യമായ അന്വേഷണം ഒന്നുമുണ്ടായിട്ടില്ല എന്ന് സമദിന്റെ ബന്ധുക്കള്‍ വ്യക്തമാക്കുന്നു. എതിര്‍ഭാഗത്തുള്ളവര്‍ അത്യാവശ്യം രാഷ്ട്രീയ സാമ്പത്തിക സ്വാധീനമുള്ളവരായതിനാല്‍ ഇവര്‍ക്ക് കേസ് മുന്‍പോട്ടു കൊണ്ടു പോകാന്‍ സാധിക്കുമോ എന്നും ഭയമുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവരുടെ  കുടുംബം ഇപ്പോള്‍ സമദിന്റെ ചികിത്സക്കായുള്ള നെട്ടോട്ടത്തിലാണ്.

വികലാംഗര്‍, മുതിര്‍ന്ന പൌരന്മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകം ഇരിപ്പിടമുണ്ടെന്നിരിക്കെ ആ സൗജന്യമുപയോഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനു ലഭിച്ചത് ഇത്തരമൊരു അനുഭവമായിരുന്നു.   ഇനിയും ആക്രമണങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീതിയില്‍ ഇനി ബസ്സില്‍ കയറില്ല എന്നും ഉറപ്പിച്ചിരിക്കുകയാണ് സമദ്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍