UPDATES

ബെന്‍സ് ജിഎല്‍സിയില്‍ ഒരു കുടക് യാത്ര

ഹരിത ട്രൈബ്യൂണലിന്റെ തീരുമാനത്തെ തുടര്‍ന്ന് കേരളത്തിന്റെ വാഹനമേഖല ചുട്ടുനീറുകയാണ്. 2000 സിസിക്കു മേലേ എഞ്ചിന്‍ കപ്പാസിറ്റിയുള്ള വാഹനങ്ങളെ ഇനി സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന വാശിയിലാണ് ട്രൈബ്യൂണല്‍. ഒരു വ്യവസായത്തെ തകര്‍ക്കാന്‍ ഒരു ട്രൈബ്യൂണല്‍ വിചാരിച്ചാല്‍ മതിയെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ പശ്ചാത്തലത്തിലായിരുന്നു സ്മാര്‍ട്ട് ഡ്രൈവ് ടീമിന്റെ കുടക് യാത്ര. മെര്‍സിഡസ് ബെന്‍സിന്റെ ഏറ്റവും പുതിയ എസ്‌യുവി ജിഎല്‍സി ഡ്രൈവ്  ചെയ്യാനാണ് കൂര്‍ഗിലേക്ക് ക്ഷണം ലഭിച്ചത്. കേരളത്തിലെ പൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് കൂര്‍ഗിലെത്തിയപ്പോള്‍ മനസ്സും ശരീരവും തണുത്തു. ബെന്‍സ് ജിഎല്‍സി കണ്ടപ്പോള്‍ മനസ് തളിര്‍ക്കുകയും ചെയ്തു.

ജിഎല്‍സി
ഇന്ത്യയില്‍ എസ്‌യുവികളോട് വര്‍ദ്ധിച്ചുവരുന്ന താല്‍പര്യം കണക്കിലെടുത്ത് ബെന്‍സ് നിരവധി എസ്‌യുവി മോഡലുകള്‍ രംഗത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. എ ക്ലാസ് എന്ന ഹാച്ച്ബായ്ക്കില്‍ നിന്ന് ജനിച്ച ജിഎല്‍എ, എസ് ക്ലാസിന്റെ ജ്യേഷ്ഠനായ ജിഎല്‍എസ്, ഇ ക്ലാസില്‍ നിന്ന് ജന്മം കൊണ്ട് ജിഎല്‍ഇ എന്നിവ ഉദാഹരണം. ഇപ്പോള്‍ വന്നിരിക്കുന്ന ജിഎല്‍സി, ‘സി’ ക്ലാസില്‍ നിന്നാണ് രൂപമെടുത്തത്. ബിഎംഡബ്ല്യു എക്‌സ് 3, ഓഡി ക്യൂ 5 എന്നിവയോടാണ് ജിഎല്‍സിക്ക് ഏറ്റുമുട്ടാനുള്ളത്.

കാഴ്ച
‘സി’ ക്ലാസുമായി ഉള്‍ഭാഗത്തിന് സാദൃശ്യമുണ്ട്. ഉയരവും വീല്‍ബെയ്‌സും കൂടുതലുണ്ടെന്നു മാത്രം. ‘സി’ ക്ലാസിനെക്കാള്‍ 33 മി.മീ വീല്‍ബെയ്‌സ് കൂടുതലാണ് ജിഎല്‍സിയ്ക്ക്. മുന്‍ഭാഗത്ത് പ്രധാന ആകര്‍ഷണം വലിയ ഗ്രില്‍ തന്നെ. ഈ ടു സ്‌പോക്ക് ഗ്രില്ലില്‍ ബെന്‍സിന്റെ എംബ്ലവും വലുതായിത്തന്നെ ഘടിപ്പിച്ചിരിക്കുന്നു. താരതമ്യേന ചെറിയ ഹെഡ്‌ലൈറ്റുകളില്‍ കണ്ണിന് പുരികം പോലെ ഡേ ടൈം റണ്ണിങ് ലാമ്പ്. താഴ്ന്ന ബോണറ്റില്‍ നാല് ലൈനുകള്‍. ഒട്ടും മുഴച്ചു നില്‍ക്കുന്നില്ല, മുന്‍ബമ്പര്‍. അതിന്മേല്‍ ശില്പഭദ്രമായി എയര്‍ഡാമും സ്‌കഫ് പ്ലേറ്റും. ഇരുവശത്തും ഫോഗ് ലാംപ് സ്ലോട്ടുകള്‍. ഹെഡ്‌ലാമ്പുകള്‍ ഓട്ടോമാറ്റിക്കാണ്. കോര്‍ണറിങ് ലൈറ്റുകള്‍, വേരിയബ്ള്‍ ലോ ബീം എന്നിവയുമുണ്ട്. സൈഡ് പ്രൊഫൈലില്‍ ഒരു ചെറിയ ജിഎല്‍ആണ് ജിഎല്‍സി. മനോഹരമായ 18 ഇഞ്ച് അലോയ്കളില്‍ ഉയര്‍ന്നുനില്‍ക്കുന്നു. നെഞ്ചുവിരിച്ചതുപോലെ ജിഎല്‍സി യുടെ രൂപം. മൂന്ന് ഗ്ലാസ് വിന്‍ഡോകളും വലുതാണ്. ബോഡി ലൈനുകള്‍ വശങ്ങള്‍ക്ക് മസില്‍ പവര്‍ സമ്മാനിക്കുന്നു. ഗ്രാബ് റെയ്‌ലും താഴെ അലൂമിനിയം ഫിനിഷുള്ള ലൈനിങ്ങുമുണ്ട്. പിന്‍ഭാഗമാണ് ഏറ്റവും സുന്ദരം. എവിടെയോ പോര്‍ഷെ കെയ്‌നിനെ ഓര്‍മ്മിപ്പിക്കുന്ന പിന്‍ഭാഗത്തിന്റെ മേല്‍വശം മുഴുവന്‍ ഗ്ലാസ് ഏരിയ കവരുന്നു. വലിയ എല്‍ഇഡി ടെയ്ല്‍ ലാമ്പും താഴ്ന്ന ബൂട്ട്‌ലിഡുമാണ് പിന്‍ഭാഗത്തെ മറ്റു പ്രത്യേകതകള്‍. നീണ്ട സ്‌കഫ് പ്ലേറ്റില്‍ രണ്ട് വലിയ എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍. ഒരു കൂപ്പയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ജിഎല്‍സിയുടെ പിന്‍ഭാഗം.

ഉള്ളില്‍
‘സി’ ക്ലാസ് എന്ന സെഡാന്റെ ഉള്‍ഭാഗവുമായി സാദൃശ്യമുണ്ട്. ജിഎല്‍സിയുടെ ഇന്റീരിയറിന്. വുഡന്‍ സെന്റര്‍ കണ്‍സോളും കറുപ്പും അലൂമിനിയവും ബീജും ചേര്‍ന്ന ഡാഷ്‌ബോര്‍ഡും നിലവാരം വിളിച്ചോതുന്നു. അഞ്ച് എസി വെന്റുകളും അലൂമിനിയം റിങ്ങുകള്‍ക്കുള്ളിലാണ്. മെറ്റല്‍ ഫിനിഷാണ് ബട്ടണുകള്‍ക്ക്. ഡബിള്‍ സ്റ്റിച്ച്ഡ് ആണ് ലെതര്‍ ഭാഗങ്ങള്‍.

ഡാഷ്‌ബോര്‍ഡില്‍ ഉയര്‍ന്നു നില്‍ക്കുന്ന 7 ഇഞ്ച് മീഡിയ ഡിസ്‌പ്ലേ സ്‌ക്രീന്‍ ഭംഗിയുള്ളതും കാര്യക്ഷമവുമാണ്. സെന്റര്‍ കണ്‍സോളിലെ ടച്ച്പാഡ് വഴിയോ ജോയ്സ്റ്റിക് വഴിയോ കണ്‍ട്രോള്‍ ചെയ്യാം.

വലിയ സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. മെമ്മറിയില്‍ സൂക്ഷിക്കുകയും ചെയ്യാം. പിന്‍സീറ്റുകാര്‍ക്കും ഇഷ്ടംപോലെ ലെഗ്‌സ്‌പെയ്‌സുമുണ്ട്. സീറ്റിനു നടുവില്‍ വലിയ ആംറെസ്റ്റുമുണ്ട്. സെന്‍ട്രല്‍ ടണല്‍ ഉയര്‍ന്നതായതിനാല്‍ നടുവില്‍ ഇരിക്കുന്നയാള്‍ക്ക് അത്ര സുഖകരമായി കാല്‍ നീട്ടി വെയ്ക്കാനാവില്ല.

550 ലിറ്റര്‍ ബൂട്ട്‌സ്‌പേസുണ്ട്. പിന്‍സീറ്റുകള്‍ മടക്കിയാല്‍ വീണ്ടും സ്‌പേസ് കൂടും. എന്നാല്‍ ബൂട്ടിലെ വലിയ സ്‌പെയര്‍വീല്‍ ധാരാളം സ്ഥലം അപഹരിക്കുന്നുണ്ട്.

എഞ്ചിന്‍
2143 സിസി, 170 ബിഎച്ച്പി ഡീസലും 1991 സിസി 245 ബിഎച്ച്പി പെട്രോളുമാണ് എഞ്ചിനുകള്‍. 2000 സിസിക്കുമേലുള്ള ഡീസല്‍ എഞ്ചിനുകളോട് മലയാളികള്‍ ഇനി അത്ര പ്രതിപത്തി കാണിക്കില്ല എന്നുള്ളതു കൊണ്ട് ആദ്യം പെട്രോള്‍ എഞ്ചിനെക്കുറിച്ച് പറയാം. 

പെട്രോള്‍ എഞ്ചിന്‍ 4 സിലിണ്ടര്‍, ടര്‍ബോയാണ്. 370 ന്യൂട്ടണ്‍ മീറ്ററാണ് ടോര്‍ക്ക്. 9 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ജിട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് എഞ്ചിനെ ചലിപ്പിക്കുന്നത് കംഫര്‍ട്ട്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ഇന്‍ഡ്യുജുവല്‍, ഇക്കോ എന്നീ ഡ്രൈവ് മോഡുകളുണ്ട് ജി എല്‍ സിക്ക്.

ഇക്കോമോഡ് മൈലേജ് കൂട്ടും. കംഫര്‍ട്ട് മോഡ് സസ്‌പെന്‍ഷനും സ്റ്റിയറിങ്ങും മെച്ചപ്പെടുത്തും. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ് മോഡുകള്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് വര്‍ദ്ധിപ്പിക്കും; സസ്‌പെന്‍ഷന്‍ കടുപ്പത്തിലാക്കും. ഇന്‍ഡിവിജുല്‍ മോഡില്‍ സ്റ്റിയറിങ്ങ്, സസ്‌പെന്‍ഷന്‍ എന്നിവ ഇഷ്ടാനുസരണം അഡ്ജസ്റ്റ് ചെയ്യാം. ലാഗ് തീരെയില്ലാത്ത പെട്രോള്‍ എഞ്ചിന്‍ ക്രമാനുഗതമായാണ് പവര്‍ കൈവരിക്കുന്നത്. 300 ആര്‍പിഎം മുതല്‍ 6500 ആര്‍പിഎം വരെ ഈ കുതിപ്പ് തുടരും. 7.5 സെക്കന്റ് കൊണ്ട് 100 കി.മീ വേഗതം കൈവരിക്കുകയും ചെയ്യും.

ഡീസല്‍ എഞ്ചിന്‍ 170 ബി എച്ച് പി യാണ്. ടോര്‍ക്ക് 400 എന്‍ എമ്മും. 3000 ആര്‍പിഎമ്മിനു മേലെയാണ് ഈ എഞ്ചിനും കരുത്ത് പുറത്തെടുക്കുന്നത്. 8 സെക്കന്റാണ് 100 കിമീ വേഗതയെടുക്കാന്‍ വേണ്ടത് സസ്‌പെന്‍ഷനാണ് ജി എല്‍ സിയുടെ എടുത്തു പറയേണ്ട ഘടകം. കുടകിലെ മലനിരകളിലൂടെയും മംഗലാപുരത്തെ നഗരത്തിരക്കുകളിലൂടെയും ഒരേ കയ്യടക്കത്തോടെ ജി എല്‍ സി സഞ്ചരിച്ചു. വളവുകള്‍ കൃത്യമായ സ്‌റ്റെബിലിറ്റിയോടെ വീശാം; നേര്‍രേഖ പോലെയുള്ള ഹൈവേകളിലും സ്ഥിരത നഷ്ടപ്പെടുന്നുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍