UPDATES

കാശ് വണ്ടി അല്ല കശുവണ്ടി; മേഴ്സിക്കുട്ടി അമ്മയില്‍ കലങ്ങിമറിഞ്ഞ് കൊല്ലം സിപിഎം

സ്വന്തം ജില്ലയിലെ പാർട്ടിയിൽ ഒറ്റപ്പെട്ട് മന്ത്രി

അഴിമുഖം പ്രതിനിധി

തോട്ടണ്ടി ഇടപാടിൽ വിജിലൻസ് ത്വരിത അന്വഷണം നേരിടുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ സ്വന്തം ജില്ലയിലെ പാർട്ടിയിൽ ഒറ്റപ്പെടുന്നു. അഴിമതി ആരോപണത്തെ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന ഗതികേടിലാണ് അവർ. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികൾ തുറന്നതു വഴി രാഷ്ട്രീയ ഭേദമില്ലാതെ അംഗീകാരം നേടിയ വനിതാ മന്ത്രിയുടെ നില അങ്ങേയറ്റം പരുങ്ങലിലായി. ജില്ലാ സെക്രട്ടറിയും മുൻ എംപിയുമായ കെഎൻ ബാലഗോപാൽ പരസ്യപിന്തുണ നൽകിയിട്ടില്ലെന്നതും  ശ്രദ്ധേയമാണ്. മന്ത്രി ആയതിനു ശേഷം നടത്തിയ കശുവണ്ടി വികസന കോർപറേഷൻ എംഡി നിയമനവും രാഷ്ട്രീയ പകപോക്കലുകളും മേഴ്സിക്കുട്ടി അമ്മയുടെ അനുയായികളെ പോലും ശത്രുക്കളാക്കി.

പോലീസ് സേനയിൽ ക്ളീൻ ഇമേജുള്ളവരെ മാത്രം വകുപ്പ് മേധാവികളായി നിയമിച്ചാൽ മതിയെന്ന് എൽ ഡി എഫിൽ ധാരണയുണ്ടായിരുന്നു. ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് ടിഎഫ് സേവ്യറെ കോർപറേഷൻ എംഡിയായി നിയമിച്ചത്. മേഴ്സിക്കുട്ടി അമ്മയുടെ ഭർത്താവ് മുരളീധര കുറുപ്പിനൊപ്പം സേവ്യറെയും കൂടി ത്വരിതാന്വഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മര്‍ദ്ദകവീരൻ എന്നറിയപ്പെട്ടിരുന്ന സേവ്യറെ നിയമിക്കുന്നതിന് മുൻ എസ്എഫ്ഐ നേതാവ് ഡിഎസ് സുനിൽകുമാർ അടക്കമുള്ളവർ എതിരായിരുന്നു. ഏരിയാ കമ്മറ്റികളിലും ജില്ലാകമ്മറ്റികളിലും മേഴ്സിക്കുട്ടി അമ്മയുടെ തന്നിഷ്ടം ചോദ്യം ചെയ്യപ്പെട്ടു. എങ്കിലും മന്ത്രിയുടെ പിടിവാശിക്കു മുന്നിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അയഞ്ഞു. സേവ്യർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എസ്. ജയമോഹനെ കാപ്പെക്സ് ചെയർമാനാക്കിയാണ് മന്ത്രി എതിർപ്പിന്റെ മുനയൊടിച്ചത്.

കുറഞ്ഞ തുകയുടെ ടെണ്ടർ സമർപ്പിച്ചവരെ ഒഴിവാക്കിയതിലൂടെ കോർപറേഷന് 6.87 കോടി രൂപയും കാപെക്‌സിനു 3.47 കോടി രൂപയും നഷ്ടം വരുത്തിയെന്ന പരാതിയിലാണ് ത്വരിത പരിശോധന നടത്തുന്നത്. വിരലിൽ എണ്ണാവുന്ന നേതാക്കന്മാർ മാത്രമാണ് ജില്ലയില്‍ വിഎസ് പക്ഷത്തുള്ളത്. ശക്തയായ വിഎസ് പക്ഷക്കാരിയാണ് മേഴ്സിക്കുട്ടി അമ്മ. പിണറായി പക്ഷത്തിനു സ്വാധീനമുള്ള കിഴക്കേ കല്ലട പഞ്ചായത്തിലെ അംഗൻവാടി ഉദ്‌ഘാടനത്തിനു മേഴ്‌സികുട്ടി അമ്മ വരില്ലെന്ന് അറിയിച്ചതോടെ വൈദ്യുതിമന്ത്രി എംഎം മണിയെ കൊണ്ടുവന്ന്‍ ഉദ്‌ഘാടനം നടത്തിച്ചിരുന്നു.

മന്ത്രിസഭാ യോഗത്തിൽ വച്ച് മൂന്ന് തവണ പിണറായിയോട് മേഴ്‌സികുട്ടി അമ്മ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടു തന്നെ പിണറായിയുടെ കണ്ണിലെ കരടാണെന്നാണ് അണിയറ സംസാരം. ഈ സമയത്താണ് മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവരെ പ്രതിക്കൂട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ പി റഹീം പരാതിയുമായി എത്തിയത്. 10.34 കോടി രൂപയുടെ അഴിമതി ആരോപണമാണ് മേഴ്സിക്കുട്ടി അമ്മയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍