UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി പ്രഖ്യാപിച്ച കേരള ബാങ്ക് സാധ്യമോ?

Avatar

അഴിമുഖം പ്രതിനിധി

കേരളത്തില്‍ കേന്ദ്ര ആസ്ഥാനമുള്ള ഒരേയൊരു പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി) അതിനു നഷ്ടപ്പെടാന്‍ പോകുന്ന അവസരത്തിലാണ് കേരളത്തിന് മാത്രമായുള്ള ഒരു ‘കേരള ബാങ്ക്’ രൂപവത്കരിക്കാനുള്ള നടപടികളുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രിയെ പിണറായി വിജയന്‍ വ്യാഴാഴ്ച്ച പ്രസ്താവിച്ചത്.

സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ചുകൊണ്ട് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഈ ‘കേരള ബാങ്ക്’ സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് പണം നല്കാന്‍ കഴിയുന്ന ഏക ബാങ്കായി മാറും. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുമായുള്ള ലയനത്തിലൂടെ എസ് ബി ടി നഷ്ടമാകുന്ന വിടവ് നികത്താനും ഇത് സഹായിക്കും.

ഡിസംബര്‍ 2015-ലെ കണക്കനുസരിച്ച് എസ് ബി ടിക്ക് 77,016.4 കോടി രൂപയുടെ നിക്ഷേപാടിത്തറയുണ്ട്.

സഹകരണ വായ്പ സംവിധാനത്തില്‍ കേരളത്തില്‍ ഒരു തൃതല സംവിധാനമാണ് നിലനില്‍ക്കുന്നത്- കേരള സംസ്ഥാന സഹകരണ ബാങ്കാണ് ഏറ്റവും മുകളില്‍. തൊട്ടുതാഴെ 14 ജില്ലാ സഹകരണ ബാങ്കുകള്‍. അടിത്തട്ടില്‍ 2,500-ഓളം പ്രാഥമിക സഹകരണ വായ്പ സംഘങ്ങള്‍.

ഏറ്റവും പുതിയ കണക്കനുസരിച്ച് 14 ജില്ല സഹകരണ ബാങ്കുകളിലുമായി 47,047.43 കോടി രൂപയുടെ നിക്ഷേപമുണ്ട്. കേരള സംസ്ഥാന സഹകരണ ബാങ്കിന് മറ്റൊരു 6366.56 കോടി രൂപ വേറെയുണ്ട്. കേരള സംസ്ഥാന കാര്‍ഷിക, ഗ്രാമ വികസന ബാങ്ക് (KSCARDB), പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (PCARDB) എന്നിവയുടേതടക്കമുള്ള 15 ശാഖകളിലായി 636 കോടി രൂപ വേറെയുണ്ട്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 54050 കോടി രൂപ വരും. പ്രാഥമിക വായ്പ സംഘങ്ങളിലെ നിക്ഷേപം കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് 1,50,000 കോടി രൂപയുടെ വന്‍ നിക്ഷേപം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

ലയനത്തിന് എന്തെങ്കിലും നിയമ തടസ്സമുണ്ടോ?

ഇല്ല, ഒരു നിയമതടസ്സവുമില്ല. കഴിഞ്ഞ കാലങ്ങളിലും ഇത്തരം ലയനങ്ങള്‍ നടന്നിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ ലയനവും (merger) സംയോജനവും (amalgamation) സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉണ്ടാക്കാന്‍ 1949-ലെ ബാങ്കിംഗ് നിയന്ത്രണ നിയമം റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നില്ല. എന്നാല്‍, ഇത്തരം ലയനത്തിനും സംയോജനത്തിനും മുമ്പായി ആര്‍ ബി ഐയുടെ മുന്‍കൂര്‍ അനുമതി എഴുതി വാങ്ങണമെന്ന ഒരു നിബന്ധന തങ്ങളുടെ സഹകരണ സംഘം നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് മറികടക്കാന്‍ നിലവിലെ നയം മാറ്റുന്നതിനായി സഹകരണ സംഘം നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവന്നാല്‍ മതിയാകും.

എന്താണ് നേട്ടങ്ങള്‍?

ഏകീകൃത സ്ഥാപനം നിലവില്‍ വന്നാല്‍ വായ്പ നല്‍കുന്നതുപോലുള്ള വ്യാപാരവിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് കൂടുതല്‍ സുഗമമാകും. ഉദാഹരണത്തിന്, എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ പക്കല്‍ 7500 കോടി രൂപയുടെ നിക്ഷേപമുണ്ടെങ്കിലും ജില്ലക്ക് പുറത്തുള്ള ഒരു പദ്ധതിക്ക്-കണ്ണൂര്‍ വിമാനത്താവളമോ, വിഴിഞ്ഞം തുറമുഖ പദ്ധതിയോ പോലെ- വായ്പ നല്‍കാനാവില്ല. അതുപോലെ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്, കൊച്ചി മെട്രോക്കും വായ്പ നല്കാന്‍ കഴിയില്ല. (എറണാകുളം ജില്ല സഹകരണ ബാങ്ക് മത്സരാധിഷ്ഠിത ലേലത്തിലൂടെ കൊച്ചി മെട്രോക്ക് 400 കോടി രൂപയുടെ വായ്പ നല്കി എന്നത് സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ഈ പ്രാദേശിക ബാങ്കുകള്‍ക്ക് എന്തെല്ലാം ചെയ്യാനാകും എന്നതിന്റെ സൂചനയാണ്).

ഇതിന്റെ നടത്തിപ്പ് സാധ്യത എങ്ങനെ ഉറപ്പാക്കും?

ഇക്കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. എന്നാല്‍, നിലവിലെ എല്ലാ സര്‍ക്കാര്‍ സാമ്പത്തിക ക്രയവിക്രയങ്ങളും, ക്ഷേമപദ്ധതികളും നിക്ഷേപങ്ങളും, പുതിയ ബാങ്കുവഴിയാക്കുന്നത് അതിന്റെ വ്യാപാരവും ലാഭവും വര്‍ദ്ധിപ്പിക്കും.

ലയനം എളുപ്പമാണോ?

ഒരിക്കലുമല്ല. അതൊരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രക്രിയയാണ്. മാത്രവുമല്ല, കിട്ടാക്കടങ്ങളുടെയും മൂലധന അവശ്യ അനുപാതത്തിന്റെയും  (നഷ്ടസാധ്യതയുള്ള വായ്പകളുടെ പേരില്‍ സൂക്ഷിക്കേണ്ട തുക) നിലവിലെ ആര്‍ ബി ഐ മാനദണ്ഡങ്ങള്‍ വളരെയേറെ കര്‍ശനമാണ്. സഹകരണ മേഖലക്കായി അത് ഇളവ് ചെയ്യേണ്ടതുണ്ട്. മറ്റ് പ്രശ്നങ്ങളുമുണ്ട്. ഉദാഹരണത്തിന് പല സഹകരണ സംഘങ്ങളും വഴിയാധാരമായി കിടക്കുകയാണ്. സാമ്പത്തിക ശക്തിയുള്ളവയുമായി ഇവയെ ലയിപ്പിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

എല്ലാ അര്‍ത്ഥത്തിലുമുള്ള സമ്പൂര്‍ണ ലയനത്തെക്കാള്‍ മറ്റ് വാണിജ്യ ബാങ്കുകളുമായി മത്സരിക്കാന്‍ ശേഷിയുള്ള ഒരൊറ്റ ‘കേരള ബാങ്ക്’ ഉണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ സാമ്പത്തികാരോഗ്യമുള്ള എല്ലാ സഹകരണ ബാങ്കുകളേയും സംയോജിപ്പിക്കലാണ്  അഭികാമ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍