UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മുലയറുക്കുമ്പോള്‍ വ്യവസ്ഥയുടെ നെറുകയിലാണ് ചോരപൊട്ടുന്നത്’

പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ഡോ. ആസാദ്

പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ മാഗസിന്റെ പേരിനെ ചൊല്ലി കോളേജ് മാനേജ്മെന്റിന്റെ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ എഴുത്തുകാരനും അധ്യാപകനുമായ ഡോ. ആസാദ്. ‘മുല മുറിക്കപ്പെട്ടവര്‍’ എന്ന പേരിലുള്ള മാഗസിന്റെ പേര് അസഭ്യമാണെന്നും അതിനാല്‍ പേരുമാറ്റിയതിന് ശേഷം മാഗസിന്‍ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളുവെന്നുമാണ് കോളേജ് മാനേജ്മെന്റ് പറയുന്നത്.

2016 ഓഗസ്റ്റിലായിരുന്നു മാഗസിന്റെ പ്രകാശനം. അന്ന് മാഗസിന്റെ പേരിനെ അനുകൂലിക്കുകയും പ്രശംസിക്കുകയുമൊക്കെ ചെയ്ത കോളേജ് അധികൃതര്‍ ഇപ്പോള്‍ എതിര്‍ക്കുന്നിന്റെ കാരണമറിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാഗസിന്‍ വിതരണം ചെയ്യാനാണ് മാഗസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ ഇവര്‍ക്ക് അനുകൂലവുമായി എത്തിയിട്ടുണ്ട്.

‘ബഷീറിനും ഭഗവത്ഗീതയ്ക്കും മുമ്പാണ് മുലമുറിച്ചു കുലമെരിച്ച പെണ്ണുശിരുകളുണ്ടായിരുന്നത്. മുലയറുക്കുമ്പോള്‍ വ്യവസ്ഥയുടെ നെറുകയിലാണ് ചോരപൊട്ടുന്നത്. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ആ നടുക്കത്തിനു ശമനമില്ല’ എന്നു പറഞ്ഞാണ് മഞ്ചേരി എന്‍എസ്എസ് കോളേജില്‍ മലയാള വിഭാഗം അദ്ധ്യക്ഷനും പ്രമുഖ ഇടതു ചിന്തകനുമായ ആസാദ് എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയും അഭിനന്ദനവും ആസാദ് നല്‍കിയിരിക്കുന്നത്.

ഡോ. ആസാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘പൊന്നാനി എംഇഎസ് കോളേജില്‍ മുലമുറിക്കപ്പെട്ടവര്‍ എന്ന പേരിലൊരു കോളേജ് മാഗസിന്റെ പ്രകാശനം തടയപ്പെട്ടിരിക്കുന്നതായി വാര്‍ത്ത. മുലയെന്ന വാക്കും മുലയുടെ ചിത്രങ്ങളും ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ ഭയപ്പെടുത്തുന്നു. കുട്ടികള്‍ അരുതാത്തതു കാണും വായിക്കും. മറച്ചുവെക്കാനൊന്നുമില്ലാത്ത കാലത്തെക്കുറിച്ച് അതു സംസാരിച്ചേക്കും.

എംഇഎസ്സുകാര്‍ കോളേജുകള്‍ തുടങ്ങും മുമ്പാണല്ലോ ബഷീര്‍ കുറെകുറേ മുലകള്‍ കണ്ടത്. പലതരം മുലകളെ അദ്ദേഹം പേരിട്ടു വിളിക്കുന്നു. എല്ലാം പക്ഷെ, മുഖംമൂടി സോറി, മുലമൂടി ഇട്ടാണ് കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മ്മയില്ല. മുലകള്‍ കാണുമ്പോള്‍ – അത്ഭുതത്തോടെ തോന്നാറുണ്ട്. ജീവന്റെ ആധാരം!

ബഷീറിനും ഭഗവത്ഗീതയ്ക്കും മുമ്പാണ് മുലമുറിച്ചു കുലമെരിച്ച പെണ്ണുശിരുകളുണ്ടായിരുന്നത്. മുലയറുക്കുമ്പോള്‍ വ്യവസ്ഥയുടെ നെറുകയിലാണ് ചോരപൊട്ടുന്നത്. സഹസ്രാബ്ദങ്ങള്‍ക്കുശേഷവും ആ നടുക്കത്തിനു ശമനമില്ല. മുലകളെ വേട്ടയാടുന്ന വൈകൃതങ്ങള്‍ക്ക് മുലകള്‍കൊണ്ടു പ്രതിക്രിയ. കുട്ടികള്‍ പുതിയ പ്രതിരോധങ്ങളെ ആശ്ലേഷിക്കുകയാണ്.

പൊന്നാനിയിലെ വിദ്യാര്‍ത്ഥികളേ, ഒരനക്കവുമില്ലാതെ തികച്ചും സാധാരണമെന്നപോലെ സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ ആ യത്‌നം ഇത്രമേല്‍ തിരിച്ചറിയപ്പെടുമായിരുന്നില്ല. മുലയുണരുമ്പോള്‍ പൊട്ടിപ്പിളരുന്ന ശിരസ്സുകളേതെന്ന് അതു കാണിച്ചല്ലോ. മുലമുറിക്കപ്പെട്ടവര്‍ക്ക് സ്വാഗതം. അഭിവാദ്യം.

ആസാദ്
5 മാര്‍ച്ച് 2017′

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍