UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗം, കൊലപാതകം, ബീഫ് പരിശോധന; ഹരിയാനയിലെ മേവാതില്‍ നടക്കുന്നത്

Avatar

അഴിമുഖം പ്രതിനിധി

ഹരിയാനയില്‍ പശു രാഷ്ട്രീയത്തിന്റെ പേരില്‍ ആക്രമങ്ങള്‍ വ്യാപിക്കുന്നു. ഓഗസ്റ്റ് 24-നു മേവാത് ജില്ലയില്‍ മുസ്ലീം യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും ക്രൂരബലാത്സംഗത്തിനിരയാക്കുകയും ഇവരുടെ ബന്ധുക്കളായ ദമ്പതികളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് ബിരിയാണികളില്‍ ബീഫ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന പോലീസ് പരിശോധന. മനോഹര്‍ ലാല്‍ ഘട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പശു സംരക്ഷണ സമിതിക്കാര്‍ നിരവധി ആക്രമണങ്ങള്‍ ഇവിടെ നടത്തിക്കഴിഞ്ഞു. 

 

തങ്ങളെ ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് അക്രമികള്‍ ചോദിച്ചത് ബീഫ് കഴിച്ചോ എന്നായിരുന്നുവെന്ന് ആക്രമത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. ഇല്ല എന്നു പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ലെന്നും ഇതിന്റെ പേരില്‍ തങ്ങളെ ശിക്ഷിക്കുകയാണ് എന്നു പറഞ്ഞാണ് ബാലാത്സംഗം ചെയ്തതെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ അക്രമം നടത്തിയവര്‍ക്ക് പശു സംരക്ഷണ സേനയുമായി ബന്ധമില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് നാലു പേരില്‍ രണ്ടു പേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് അവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അറസ്റ്റിലായവരില്‍ രാഹുല്‍ വര്‍മ്മ, റാവു അമര്‍ജീത് എന്നിവരുടെ പ്രൊഫൈലിലാണ് ഇക്കാര്യം പറയുന്നത്. ആക്രമികള്‍ക്കെതിരെ പോലീസ് ആദ്യം ബലാത്സംഘം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ മാത്രമാണു ചുമത്തിയത്. തുടര്‍ന്നു പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെയാണ് കൊലപാതക കാര്യം ഉള്‍പ്പെടുത്താന്‍ പോലും തയാറായത്. 

 

ഹരിയാനയില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ രാഷ്ട്രീയക്കളിയാണ് നടക്കുന്നതു എന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആരോപണം. ആയിരക്കണക്കിന് പശുക്കളാണ് ഹരിയാനയിലെ നിരത്തുകളില്‍ അലഞ്ഞു നടക്കുന്നതു. ഇവയെ സംരക്ഷിക്കാനുള്ള യാതൊരു മാര്‍ഗവും സര്‍ക്കാരിന്റെ പക്കലില്ല. മേവാതില്‍ നടന്ന ബലാത്സംഗവും കൊലപാതകവും മറച്ചു വയ്ക്കാനാണ് ഇപ്പോള്‍ ബിരിയാണിയില്‍ ബീഫ് ഉണ്ടോ എന്ന അന്വേഷണം പോലീസ് തുടങ്ങിയിരിക്കുന്നത്. ഇത് പ്രദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിപ്പെടുത്താനും സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണെന്ന് പാര്‍ട്ടി സംസ്ഥാന തലവന്‍ അശോക് തന്‍വര്‍ പ്രതികരിച്ചു. 

 

ബീഫ് തീറ്റക്കാരെ പിടികൂടുന്നതിനും ബിരിയാണി പരിശോധിക്കാനുമൊക്കെ സംസ്ഥാന പോലീസിനെ നിയോഗിക്കുന്നതിന് മുമ്പ് സംസ്ഥനത്തെ ക്രമസമാധാന പാലനത്തിന് പോലീസിനെ ഉപയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 2015-ല്‍ മാത്രം 85,000-ത്തോളം കേസുകളാണ് സംസ്ഥാനത്ത് റെജിസ്റ്റര്‍ ചെയ്തതെന്ന് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പറയുന്നു. 1070 ബലാത്സംഗ കേസുകള്‍, 4500 തട്ടിക്കൊണ്ടു പോകല്‍,1002 കൊലപാതകങ്ങള്‍, 860 കൊലപാതക ശ്രമങ്ങള്‍ എന്നിവയാണിവ. പശു സംരക്ഷകരുടെ പേരിലുള്ള നിരവധി പരാതികളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ പശുക്കളെ കടത്തി എന്നാരോപിച്ച് ഒരാളെ ഇവിടെ കൊലപ്പെടുത്തിയിരുന്നു. പശു സംരക്ഷകരുടെ പേരില്‍ സംസ്ഥാനത്ത് അക്രമം വ്യാപിക്കുകയാണെന്നും മേവാത് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടും സി.പി.എം ജനറല്‍ സെര്‍ക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് പരാതി നല്കിയിരുന്നു.

 

 

പരാതിയുടെ പൂര്‍ണ രൂപം ഇവിടെ വായിക്കാം 

അത്യധികം വേദനയോടെ താങ്കള്‍ക്ക് ഞാന്‍ ഈ കത്തെഴുത്തുന്നത് ബന്ധുക്കളെ കൊലപ്പെടുത്തുകയും യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ക്രൂരബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെടുത്താനാണ്. ആഗസ്റ്റ് 24-25 അര്‍ധരാത്രിയാണ് ദിഗെര്‍ഹരി ഗ്രാമത്തിലെ ജഹറുദ്ദീനെയും കുടുംബത്തെയും ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐഎം നേതാക്കളായ സുരേന്ദര്‍ സിംഗും ഇന്ദ്രജിത്ത് സിംഗും ആഗസ്റ്റ് 30ന് ദിഗെര്‍ഹരി ഗ്രാമം സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നിന് നടന്ന പഞ്ചായത്തു കൂട്ടത്തില്‍ ഇന്ദ്രജിത്തും പങ്കെടുത്തിരുന്നു.

ഇനിപ്പറയുന്ന കാര്യങ്ങള്‍ ജഹറുദ്ദീന്റെ കുടുംബാംഗങ്ങളില്‍ളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ നേരിട്ട് ശേഖരിച്ച വിവരങ്ങളുടെയും, മാധ്യമ റിപ്പോര്‍ട്ടുകളുടെയും പഞ്ചായത്തില്‍ സംസാരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വെളിപ്പെട്ടതാണ്-

1. സ്വന്തമായി ഭൂമി ഇല്ലാതിരുന്ന ഈ കുടുംബം കുണ്ഡ്‌ലി മനേസര്‍ പല്‍വല്‍ ദേശീയപാതയോരത്ത് കൃഷിഭൂമി കരാറെടുത്താണ് ഉപജീവനം നടത്തിയിരുന്നത്. പല കര്‍ഷക കുടുംബങ്ങളെപ്പോലെ തന്നെ ജഹറുദ്ദീനും കുടുംബവും വഴിയരികിലെ താല്‍ക്കാലിക ഷെഡിലാണ് താമസിച്ചിരുന്നത്

2. മദ്യപിച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍ ആഗസ്റ്റ് 25 അര്‍ധരാത്രിയില്‍ ഇവരുടെ വീടാക്രമിച്ചു. അക്രമികളില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

3. എല്ലാവരുടെയും അഭിപ്രായത്തില്‍ അക്രമികളുടെ പ്രധാന ഉദ്ദേശം യുവതികളെ ബലാത്സംഗം ചെയ്യുകയെന്നതായിരുന്നു. അക്രമികള്‍ വീട്‌ അതിക്രമിച്ചു കടക്കുന്നതിന്റെ ശബ്ദം കേട്ടെത്തിയ മുതിര്‍ന്ന ദമ്പതികളായ ഇബ്രാഹി(38)മിനെയും റഷീദ(38)യെയും അക്രമികള്‍ ഇരുമ്പുവടികൊണ്ട് അടിച്ചിട്ടു. ജഹറുദ്ദീനെയും ഭാര്യ ഐഷയുടെ സഹോദരങ്ങളായ പര്‍വേസ്(11) നവേദ്(8) തുടങ്ങിയ കുടുംബാംഗങ്ങളെയും അക്രമികള്‍ ഗുരുതരമായി പരുക്കേല്‍പ്പിച്ചു.

4. പിന്നെ അവര്‍ യുവതിയെയും ബന്ധുവായ പതിമൂന്നുകാരിയെയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. യുവതി ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ക്ക് അക്രമികള്‍ക്ക് മുമ്പില്‍ കീഴടങ്ങേണ്ടിവന്നു.

5. സംഭവമറിഞ്ഞെത്തിയ പൊലീസ് അക്രമികളെ പിടികൂടുന്നതിന് പകരം മൃഗീയമായ പീഡനങ്ങള്‍ക്കിരയായ ജഹറുദ്ദീന്റെ കുടുംബത്തിനെ അപമാനിക്കാനാണ് ശ്രമിച്ചത്.

6. മൊഴിയെടുക്കാനെന്ന പേരില്‍ ബലാത്സംഗത്തിനിരയായ സ്ത്രീയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ദൂരെയുള്ള ഓഫീസില്‍ കൊണ്ടുപോവുകയും ഒറ്റയ്ക്ക് മണിക്കൂറുകളോളം അടച്ചിടുകയും ചെയ്തു. അവര്‍ക്ക് പച്ചവെള്ളമല്ലാതെ മറ്റൊന്നും പോലീസുകാര്‍ നല്‍കിയതുമില്ല. കൂടാതെ കോടതിയില്‍ ഹാജരാകുന്നതിനു മുമ്പുള്ള അവരുടെ മൊഴി രേഖപ്പെടുത്തിയത് വ്യാജ മൊഴിയായിരുന്നു.

7. കേസില്‍ ഐപിസി സെക്ഷന്‍ 460, 302(കൊലപാതകക്കുറ്റം) ചേര്‍ത്തത് മുതിര്‍ന്ന അഭിഭാഷകരുടെ ഇടപെടലിനെ തുടര്‍ന്നാണ്.

8. ജഹറുദ്ദീന്റെ കുടുംബവും ബന്ധുക്കളും ഇപ്പോഴും ദാരുണമായ ആ സംഭവത്തില്‍ നിന്ന് മോചിതരായിട്ടില്ല. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരുടെ അസഹ്യമായ പെരുമാറ്റം പ്രദേശത്തെ ജനങ്ങളുടെ രൂക്ഷമായ എതിര്‍പ്പിനും വിരോധത്തിനും ഇടയാക്കിയിട്ടുണ്ട്.

9. ഇപ്പോള്‍ കിട്ടിയ വിവരങ്ങളനുസരിച്ച് പോലീസ് കസ്റ്റഡിയിലുള്ള നാലുപേരും പ്രാദേശിക ഗോ രക്ഷക്ക് ദളിലെ അംഗങ്ങളാണ് എന്നതാണ്.

കുടുംബത്തിന് നേരെയുണ്ടായ അക്രമണത്തെ അതിന്റെ ഗൗരവത്തില്‍ പരിഗണിക്കാന്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വിഷയത്തിലുണ്ടാകണം. നിയമ വ്യവസ്ഥിതികള്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ കേന്ദ്രത്തെ കൈക്കടത്താന്‍ സമ്മതിക്കില്ലെന്ന കാര്യത്തില്‍ ഞാന്‍ ബോധവാനാണ്. എന്നാലും മതന്യൂനപക്ഷങ്ങളെയും,സ്ത്രീകളെയും,പട്ടികവര്‍ഗ്ഗക്കാരെയും,പട്ടിക ജാതിക്കാരെയും നിരന്തരം ആക്രമിക്കുന്നത് ദേശീയ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമം. താങ്കളുടെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തിലുണ്ടാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍