UPDATES

യാത്ര

മെക്സിക്കോ എന്ന കോക്ക്ടെയില്‍ നഗരം

Avatar

മായ ക്രോത് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മെക്സിക്കോ നഗരത്തിലെ കൊളോനിയ ജുവാരെസിലെ ഒരു ഒഴിഞ്ഞ മൂലയിലുള്ള ഒക്സകാന്‍ ഭക്ഷണശാലയില്‍വെച്ച്, ല ചപ്പാരിറ്റ എന്ന ചുരുക്കപ്പേരില്‍ അവര്‍ വിളിക്കുന്ന സ്ത്രീയെയും കുറച്ചു സുഹൃത്തുക്കളെയും ഞാന്‍ കണ്ടപ്പോള്‍ സമയം ഏതാണ്ട് രാത്രി 10 മണി. ആത്രി ഈ നേരത്ത് അവിടം ഒരു പ്രേതനഗരം പോലെയാണ്. ബീര്‍ കുപ്പികള്‍ നിറച്ച ശീതീകരണിയില്‍ നിന്നുള്ള മയക്കം പിടിച്ച മൂളക്കം മാത്രമാണ് ഏക ശബ്ദം. പെട്ടെന്നു ഫ്രിഡ്ജിന്റെ വാതില്‍ താനെയെന്നോണം തുറന്നു. ഒരു സ്ത്രീ അന്ധാളിപ്പോടെ നില്ക്കുന്നു. ഞങ്ങളുടെ സംഘത്തെ കടന്നു പെട്ടന്നവര്‍ ഇരുട്ടിലേക്ക്  പുറത്തുപോയി.

ഇതൊരു സാധാരണ ഭക്ഷണശാലയല്ല, ഉറപ്പ്.

“അത് പുറത്തേക്കുള്ള വഴിയാണ്. കടന്നുവരാനുള്ളത് ഇതാണ്,” ല ചപ്പാരിറ്റ പറഞ്ഞു. പിറകിലൂടെ, ഇടുങ്ങിയ വാതിലുകളിലൂടെ ഞങ്ങള്‍ കറുത്തൊരു മുറിയിലെത്തി. ചുമരിലെ കീപാഡില്‍ അവര്‍ അമര്‍ത്തുമ്പോഴുള്ള കീ കീ ശബ്ദം ഞാന്‍ കേട്ടു. പിന്നെ ഒരു ക്ലിക് ശബ്ദം. അതാ, ആ കറുത്ത ചുമര് തുറന്നു!

“ഹാങ്കി പാങ്കിയിലേക്ക് സ്വാഗതം,” അവര്‍ പറഞ്ഞു. അരണ്ട വെളിച്ചം, സുവര്‍ണ അലുക്കുകളുള്ള കണ്ണാടികള്‍, ചുവന്ന പശ്ചാത്തലത്തില്‍ വീഞ്ഞു മേശകള്‍, മദ്യശാലയിലെ നീളന്‍ പീഠങ്ങള്‍, ഒരു 1920 ശൈലിയിലെ മദ്യശാല. ല ചപ്പാറിറ്റക്ക് അതില്‍ കച്ചവട പങ്കാളിത്തമുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ക്കവിടെ കയറാനായത്. മെക്സിക്കൊ നഗരത്തിന്റെ ഒരിക്കല്‍ ശാന്തമായിരുന്ന പ്രദേശങ്ങള്‍  മാറുന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം. എവിടെയാണ് നോക്കേണ്ടതെന്ന് അറിയണം എന്നുമാത്രം.

മെക്സിക്കോയുടെ തദ്ദേശീയ ജനവിഭാഗങ്ങളില്‍പ്പെട്ട ആദ്യ പ്രസിഡണ്ട് കൊളോനിയ ജുവാരെസിന്റെ പേരിലാണ് തെരുവ്. വര്‍ണ്ണപ്പൊലിമയുള്ള ധനികമായ റിഫോമ അവെന്യൂവിനും കുത്തഴിഞ്ഞ ല റോമയ്ക്കും ഇടയിലുള്ള ഒരു തെരുവ്. അതിനു നടുവിലൂടെ പോകുന്ന അവെന്തിയ ദേ ലോസ് ഇന്‍സര്‍ജെന്‍റ്സ്, നഗരത്തിലെ ഏറ്റവും വലിയ തെരുവിന്റെ ഇരുവശത്തെയും രണ്ടു വ്യത്യസ്ത ലോകങ്ങളാക്കുന്നു. ഒന്ന് നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന ഒരു മങ്ങിയ വിനോദസഞ്ചാര പ്രദേശം പോലെ തോന്നിക്കും. മറുവശത്തു ശാന്തമായ വീടുകളുടെ മേഖല. 19-ആം നൂറ്റാണ്ടില്‍ തണല്‍മരങ്ങള്‍ നിരന്ന തെരുവിലൂടെ ധനികര്‍ സവാരി നടത്തിയിരുന്നു. ആ തെരുവുകള്‍ക്ക് യൂറോപ്പിലെ പരിഷ്കൃത നഗരങ്ങളുടെ പേരായിരുന്നു: വേര്‍സൈല്‍സ്, ലോന്ദ്രെസ്, വിയന്ന, മിലാന്‍. ഇപ്പോളവിടെ കരകൌശല കടകളും മറ്റും തുറന്നിരിക്കുന്നു. ഒരു പുതിയ ലഘുഭക്ഷണശാല, ആഴ്ച്ചയില്‍ ഒരിക്കല്‍ തുറക്കുന്ന ഒരു ഗാലറി.

“20 കൊല്ലം മുമ്പ് ഞങ്ങളിവിടെ വന്നപ്പോള്‍ ഒന്നും കിട്ടാനുണ്ടായിരുന്നില്ല, ഒന്നും,” ഞാന്‍ നഗരത്തിലെത്തുമ്പോള്‍ താമസമൊരുക്കുന്ന ഗില്ലെര്‍മിന പറഞ്ഞു. കഴിഞ്ഞ കൊല്ലം വരെ അതായിരുന്നു സ്ഥിതി. ആക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. നഗരം ഉറങ്ങാന്‍ വൈകുന്നു. ദാഹം ശമിപ്പിക്കാന്‍ ഉഗ്രന്‍ കോക്റ്റെയിലുകള്‍ സുലഭം.

“ഗൂഗിള്‍ പറയുന്നതു അതിവിടെയാണെന്നാണ്,” എനിക്കൊപ്പം രാത്രി നടത്തത്തിനിറങ്ങിയ കൈലിനെയും ആന്ദ്രിയയെയും ഞാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ ഫോണിലെ വിവരം ശരിയായിരുന്നില്ല. ജാസ് ക്ലബ് ആ മൂലയില്‍ ഉണ്ടായിരുന്നില്ല.

“അപ്പുറത്ത് ഭക്ഷണം കഴിക്കുന്നവര്‍ക്ക് അറിയുമായിരിക്കും”, അടുത്തുകണ്ട ഭക്ഷണശാലയെ ചൂണ്ടി ആന്ദ്രിയ പറഞ്ഞു. ഞാന്‍ തലനീട്ടി അവിടുത്തെ പാചകക്കാരനോടു ചോദിച്ചു, “Parker&Lenox?”

അയാള്‍ ഞങ്ങളെ വിളിച്ച് പിന്നിലെ ഒരു വാതിലിനടുത്ത് കൊണ്ടുപോയി ഇരുട്ടിലേക്ക് കൈചൂണ്ടി. തപ്പിത്തടഞ്ഞ ഞങ്ങള്‍ മങ്ങിയ വെളിച്ചത്തിലുള്ള ഒരു വേദിക്കരികിലെത്തി. പരിപാടി തുടങ്ങിയിട്ടില്ല. ഞങ്ങള്‍ നേരത്തെയാണ്. സമയം കളയാന്‍ ഒരു കോക്‍ടെയില്‍ നുണയാന്‍ തീരുമാനിച്ചു.

“എന്നെ അത്ഭുതപ്പെടുത്തണം,” ഞാന്‍ മദ്യമിശ്രകനോടു പറഞ്ഞു. അയാള്‍ മിശ്രണത്തിന്റെ ജാലവിദ്യകളിലേക്ക് കടന്നു.

കുറച്ചു രാത്രികള്‍ക്ക് ശേഷം ഞാന്‍ ഒറ്റയ്ക്ക് പോയി. മെക്സിക്കൊ നഗരത്തിലെ കോക്ടെയില്‍ വാരമായിരുന്നു അപ്പോള്‍. എന്റെ ഭൂപടം തന്ന വിവരമനുസരിച്ച് നഗരത്തിലെ നൂറിലേറെ മദ്യശാലകള്‍ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് കെട്ടിട നിര്‍മ്മാണ ശൈലിയോട് ഭ്രമമുണ്ടായിരുന്ന 19-ആം നൂറ്റാണ്ടിലെ പ്രസിഡണ്ട് പോര്‍ഫിറിയോ ഡിയാസിന്റെ കാലത്ത് പണിത വലിയ മാളികകളിലൊന്നിലുള്ള ടബെര്‍ണ ലൂസിഫെര്‍ണിയയിലായിരുന്നു ഞാന്‍ ആദ്യം കയറിയത്. കൂറ്റന്‍ പടിവാതില്‍. വലിയ ടി വി സ്ക്രീനിന് പിന്നിലായി ഇരിക്കുന്ന രണ്ടു ആതിഥേയകള്‍. ഉള്ളില്‍ ഒരു തുറന്ന നടുമുറ്റത്ത് നാടകീയമായി സജ്ജീകരിച്ച അണ്ഡാകൃതിയിലുള്ള ഒരു മദ്യശാല.

ഞാന്‍ ഒരു പീഠത്തിലിരുന്നു. വിഭവങ്ങളുടെ പട്ടികക്കായി ആവശ്യപ്പെട്ടു. പക്ഷേ അവിടുത്തെ സ്ത്രീ ഒരു പഴയ പുസ്തകം കൈനീട്ടിതന്ന് നടന്നുപോയി. ഞാനതില്‍ തപ്പി, ഒടുവിലൊരു Basilisco-യ്ക്കു പറഞ്ഞു. അധികം മധുരമില്ലാത്ത ഒന്നാണത്. അപ്പോഴേക്കും ആരോ പാട്ടിന്റെ ശബ്ദം കൂട്ടിവെച്ചു. ഞാന്‍ അടുത്ത വട്ടം കുടിക്കുന്നതിനായി മറ്റൊരു മൂല തേടി.

കുറച്ച് തെരുവുകള്‍ക്കപ്പുറം അലഞ്ഞ് ഒരു പഴയ മാളികയുടെ ഭൂഗര്‍ഭനിലയിലെ Havre Cancino-വിലെത്തി. എന്നില്‍ ആനന്ദം നിറച്ച് ഒരു കോക്ടെയിലായിരുന്നു അവിടുത്തെ. എന്റെ കവിളിലൂടെ ഒരിളങ്കാറ്റ് വീശി. നഗരത്തെ മൂടിയ മഞ്ഞുപുതപ്പിനെ ഞാന്‍ മറന്നിരുന്നു. ഇന്നിനി ഞാനും നക്ഷത്രങ്ങളും മാത്രം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍