UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം ജി കാമ്പസിലെ പെണ്‍പൈതങ്ങളും അവരുടെ ചാരിത്ര്യസംരക്ഷകരും അറിയാന്‍; ഒരു വിയോജന കുറിപ്പ്

Avatar

ബിനോയ് അശോകൻ ചാലക്കുടി

അനഘ സി ആര്‍ എഴുതിയ ‘എം ജി കാമ്പസിലെ പെണ്‍പൈതങ്ങളും അവരുടെ ചാരിത്ര്യസംരക്ഷകരും അറിയാന്‍‘ എന്ന ലേഖനത്തിന് ഒരു വിയോജനക്കുറിപ്പ്

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് സദാചാര പോലിസിങ്ങിനെ കുറിച്ചും ഒരു ലേഖനം അഴിമുഖത്തില്‍ വായിക്കാനിടയായി (എം ജി കാമ്പസിലെ പെണ്‍പൈതങ്ങളും അവരുടെ ചാരിത്ര്യസംരക്ഷകരും അറിയാന്‍). സദാചാര പോലിസിങ്ങ് സമൂഹത്തിനെ ബാധിച്ച ഒരു കാൻസർ ആണെന്ന് വിചാരിക്കുന്ന, ഭയം കൂടാതെ ഏതു രാത്രിയും പുറത്തു പോയി വരാൻ സ്ത്രീകള്‍ക്കും സാധിക്കുന്ന ഒരു സുദിനം സ്വപ്നം കാണുന്ന ഒരാളെന്ന നിലയിൽ ചില കാര്യങ്ങൾ സൂചിപ്പിക്കണമെന്നു തോന്നി.

ലേഖനത്തിൽ ‘കിസ്സ് ഓഫ് ലവ്’  ഒരു ആശ്വാസമായിരുന്നെന്നു സൂചിപ്പിച്ചിരിക്കുന്നത് കണ്ടു. ആർക്ക്? യഥാർത്ഥ സദാചാര പോലീസിനോ? ഉത്ഭവത്തിന്റെ കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിലും  ‘സദാചാര പോലിസിങ്ങിനെതിരെ’ എന്ന ഉദാത്തമായ, കാലഘട്ടത്തിന്റെ ആവശ്യമായിരുന്ന കൃത്യമായ ലക്ഷ്യം വച്ച് മുന്നോട്ടു പോയ ആ സമരം പ്രഖ്യാപിത ലക്ഷ്യം നേടുന്നതിൽ പൂർണമായി വിജയിച്ചോ?

വിജയിച്ചിരുന്നെങ്കിൽ അതിനു ശേഷം സദാചാര പോലീസ് ഒരാളെ തല്ലിക്കൊന്ന അവസരത്തിലോ കിസ്സ് ഓഫ് ലവിനു ഏറ്റവും അധികം പിന്തുണ നൽകിയവരിൽ ഒരാളായ മാധ്യമത്തിലെ ജിഷ എലിസബത്ത് നേരിട്ട് ഇതിനു ഇരയായപ്പോഴോ കിസ്സ് ഓഫ് ലവും പ്രവർത്തകരും എവിടെ എന്ന് മഷിയിട്ടു നോക്കേണ്ടി വരില്ലായിരുന്നു.

ഈ ലേഖനത്തിൽ അവിടവിടെ മുഴച്ചു നില്ക്കുന്ന ഒരു സ്റ്റീരിയൊ ടൈപ്പിംഗ് ആണ് കിസ്സ് ഓഫ് ലവിന്റെ ന്യൂനതയ്ക്ക് പിന്നിലും.  ഇത്തരം ഉദാത്തമായ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ ജാതി മത രാഷ്ട്രീയങ്ങൾ കൂട്ടിക്കലർത്തുമ്പോൾ ആ ഉദ്യമങ്ങൾ തന്നെയാണ് തകർന്നു പോകുന്നത്.

ലേഖനത്തിൽ ഒരിടത്ത് പറയുന്നു, മോറൽ പോലിസിങ്ങിന്റെ ആദ്യത്തെ ഉദാഹരണമായ (?) ശ്രീരാമനെ കണ്ട് പഠിക്കുന്നവർ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന്. ഇവിടങ്ങളിൽ ഉയരുന്ന കാവിക്കൊടികൾ കാണുന്നില്ലേ സഖിമാരെ എന്ന ഒരു മുന്നറിയിപ്പിലാണ് ലേഖനം അവസാനിക്കുന്നത്.

ഒന്ന് ചോദിച്ചോട്ടെ ശ്രീരാമനെ ആരാധിക്കുന്നവർ എന്ന് പറയുമ്പോൾ കേരളത്തിലെ പകുതിയോളം വരുന്ന ജനങ്ങൾ ആയ ഹിന്ദുക്കൾ മുഴുവൻ സദാചാര പോലിസിങ്ങിന്റെ അനുകൂലിക്കുന്നവരോ പ്രയോക്താക്കളോ ആണെന്നാണോ? എന്തായാലും ബിജെപിക്കാർ മാത്രം ആണ് ശ്രീരാമനെ ആരാധിക്കുന്നത് എന്ന് പറയില്ലല്ലോ. ഇത്തരം ബാലിശമായ വാദങ്ങളിലൂടെ ഇല്ലാതാക്കുന്നത് നിങ്ങളും ഞാനും ആഗ്രഹിക്കുന്ന  സാമൂഹിക വിപ്ലവമാണ്.

സമകാലിക സാഹചര്യത്തില്‍  ഇരുട്ടിന്റെ മറവിൽ നിന്ന് ഏതു നിമിഷവും ചാടിവീഴാൻ സാധ്യതയുള്ള ഗോവിന്ദച്ചാമിമാരെയും മുകേഷ് സിങ്ങുമാരെയും പേടിച്ചിട്ടാണ് അമ്മ പെങ്ങന്മാർ വൈകാതെ വീട്ടിൽ എത്തണമെന്ന് ഓരോ അച്ഛനും ഭർത്താവും സഹോദരനും ആഗ്രഹിക്കുന്നത്. കാരണം നഷ്ടപ്പെടുന്നത് അവരവരുടെ പ്രിയപ്പെട്ടവർ ആണെന്നും ഗോവിന്ദച്ചാമിമാരും മുകേഷ് സിങ്ങുമാരും സർക്കാർ ചിലവിൽ തിന്നു കൊഴുത്ത് സദാചാരത്തിന്റെ പാഠങ്ങൾ ഉപദേശിച്ചു നടക്കുന്നത് കാണേണ്ടി വരുമെന്നും അവർക്കറിയാം.

ആ ഓരോ അച്ഛനിലും ഭർത്താവിലും  സഹോദരനിലും രാമന്റെയോ യേശുവിന്റെയോ നബിയുടെയോ വിശ്വാസികളെന്നോ ബി ജെ പിയുടെയോ സി പി ഐ എമ്മിന്റെയോ  കോണ്‍ഗ്രസ്സിന്റെയോ അനുഭാവികളെന്നോ വ്യത്യാസം ഉണ്ടാവുമെന്ന് തോന്നുന്നില്ല.

അതുകൊണ്ട് ഇത്തരം സാമൂഹ്യ വിപത്തുകൾക്കെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും അണിനിരത്തിയുള്ള സമരത്തിനാവട്ടെ നമ്മുടെ ശ്രമം.

(സിങ്കപ്പൂരില്‍ ബാങ്കിംഗ് മേഖലയില്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റ് ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍