UPDATES

യാത്ര

ചരിത്രം തേടിനടന്ന ഒരാള്‍ക്കൊപ്പം; മാങ്ങാട് രത്‌നാകരന്റെ യാത്രയില്‍ എം ജി എസ് നാരായണന്‍

Avatar

മാങ്ങാട് രത്‌നാകരന്‍

പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് നമ്മുടെ രാജ്യത്ത് ചരിത്രത്തിന് പകരം നിന്നിരുന്നത്. കേരളത്തിന്റെ സൃഷ്ടികഥ പോലും അങ്ങനെയൊരു പുരാണവും ഐതിഹ്യവും കെട്ടുകഥയുമാണല്ലോ. പരശുരാമന്‍ മഴുവെറിഞ്ഞു നേടിയ ഭൂമി. പരശുരാമന് വരുണദേവനും ഭൂമിദേവിയും അനുഗ്രഹം നല്‍കിയ സ്ഥലമെന്ന് ഐതിഹ്യപ്രസിദ്ധമായ ഗോകര്‍ണ്ണത്തു നിന്നാണ് ഈ യാത്ര തുടങ്ങിയതെന്നതും മഴുവെറിഞ്ഞ കന്യാകുമാരിയാണ് ലക്ഷ്യകേന്ദ്രമെന്നതും മറ്റൊരു കാര്യം. യാത്ര ഗോകര്‍ണ്ണത്തുനിന്നും ചോദിച്ചു ചോദിച്ച് കോഴിക്കോട്ടെത്തിയിരിക്കുന്നു. കോഴിക്കോട്ടിന്റെ ചരിത്രത്തിന്റെ ഖനി സൂക്ഷിക്കുന്ന ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്‍ കോഴിക്കോട്ടിനെക്കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി പ്രബന്ധങ്ങളും. കാലിക്കറ്റ് ദി സിറ്റി ഓഫ് ട്രൂത്ത് റീവിസിറ്റഡ് എന്ന പേരില്‍ ഇംഗ്ലീഷില്‍ ഒരു ഗ്രന്ഥം, കോഴിക്കോടിന്റെ കഥ, കോഴിക്കോട് ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍ എന്നീ മലയാള പുസ്തകങ്ങള്‍. ഡോ. എം.ജി.എസിനെയും കൂട്ടി കോഴിക്കോട്ടെ അറബിക്കടലോരത്തോട്ട് പോയി. കോഴിക്കോടിന്റെ ചരിത്രം തിടം വച്ചത് ഈ കടലിലൂടെയാണ്. തമിഴ്‌നാടിനേക്കാള്‍, കര്‍ണ്ണാടകയേക്കാള്‍ കോഴിക്കോടിന്റെ അയല്‍ക്കാര്‍ ഈ കടലിനക്കരെയുള്ള അറേബ്യന്‍ നാടുകളാണ്. കോഴിക്കോടിനെ എം.ജി.എസിന്റെ പുസ്തകശീര്‍ഷകമായ സത്യത്തിന്റെ നഗരം എന്ന് വിളിക്കുന്നത് കടലിനക്കരെയുള്ളവരായിരുന്നു. കഥയാകാം ചരിത്രമാകാം അതിനാധാരമായ സംഭവം കോഴിക്കോടിന്റെ ചരിത്രകാരന്‍ പറഞ്ഞു.

ഡോ. എം.ജി.എസ്.: ആദ്യകാലത്ത് മുസ്ലീങ്ങള്‍ ഇവിടെ വന്നപ്പോള്‍… ആ കൂട്ടത്തില്‍ ഒരാളുടെ കഥയാണ്. കേരളോല്‍പ്പലത്തിയിലൊക്കെയുണ്ടത്. മസ്‌കിയത്ത് എന്നു പറയുന്ന ദ്വീപ്. അത് മസ്‌ക്കത്തായിരിക്കണം. മസ്‌കിയത്ത് ദ്വീപില്‍ വലിയ കച്ചവടക്കാരനുണ്ടായിരുന്നു. അയാള്‍ക്ക് രണ്ട് മക്കളുണ്ട്. അവര്‍ എന്നും തമ്മില്‍ കലഹിക്കും. വാപ്പ വിചാരിച്ചു, എന്റെ കാലം കഴിഞ്ഞാല്‍ ഇതിലേതെങ്കിലും ഒരുത്തന്‍ മറ്റവനെ കൊല്ലും. അതുകൊണ്ട് ഒരുത്തനെ പറഞ്ഞയയ്ക്കാമെന്ന് വച്ചു. പകുതി ഭാഗിച്ച് സ്വത്തുകൊടുത്തിട്ട് അവനോട് നീ വേറെവിടെങ്കിലും പോയി സെറ്റില്‍ ചെയ്‌തോ എന്ന് പറഞ്ഞു. അയാള്‍ നേരെ ഇവിടെ വന്നു. മലബാറിലുള്ള നാടുവാഴികളുടെ അടുത്തൊക്കെ പോയി. എല്ലാവരുടെയടുത്തും ഓരോ വലിയ ഭരണി കൊടുത്തു. ഇതില്‍ അച്ചാറ് പോലുള്ള സാധനങ്ങളാണ്. എനിക്കിതിപ്പം കൊണ്ടുപോവാന്‍ പറ്റില്ല, അടുത്തകൊല്ലം വരുമ്പോള്‍ ഞാന്‍ കൊണ്ടുപോയ്‌ക്കൊള്ളാം… എല്ലാ രാജാക്കന്മാരും അയാള്‍ പോയ ഉടനെ തുറന്നുനോക്കി. അപ്പോഴാണവര്‍ അറിഞ്ഞത് അച്ചാര്‍ അല്ല അതില്‍ സ്വര്‍ണ്ണമാണ് നിറച്ചിരിക്കുന്നതെന്ന്. അവരെന്തുചെയ്തു… സ്വര്‍ണ്ണ മൊക്കെ എടുത്തുമാറ്റി അച്ചാര്‍ നിറച്ച് അവിടെ വച്ചു. കോഴിക്കോടിലെ നാടുവാഴി.. ഏറാല്‍പ്പാട്.. അയാള്‍ മാത്രമെന്തു ചെയ്തു. തുറന്നുനോക്കിയപ്പോള്‍ സ്വര്‍ണ്ണമാണ്… അപ്പോള്‍ തന്നെ അടച്ചുവച്ചു. അടുത്തകൊല്ലം അയാള്‍ വന്നപ്പോള്‍ ബാക്കിയുള്ളവരെല്ലാം അച്ചാര്‍ നിറച്ച ഭരണി കൊടുത്തു. ഇയാള്‍ സ്വര്‍ണ്ണം തിരിച്ചുകൊടുത്തു. നിങ്ങള്‍ക്കു തെറ്റിപ്പോയി ഇത് സ്വര്‍ണ്ണമാണെന്ന് പറഞ്ഞു. അപ്പോള്‍ അതുകൊണ്ട് ഇത് സത്യത്തിന്റെ തുറമുഖമാണെന്നുള്ള പേരുണ്ടായി. ആ പേര് കാരണമാണ് പിന്നീട് കൂടുതല്‍ വ്യാപാരികള്‍ ഇവിടെവന്ന് സെറ്റില്‍ ചെയ്യാനും വലുതാവാനുമൊക്കെ ചാന്‍സുയണ്ടായത്.

കോഴിക്കോടിന്റെ ചരിത്രത്തിലെ നൂറ്റാണ്ടുകളിലെ ഏടുകള്‍ എം.ജി.എസ്. സൂക്ഷ്മമായി മറിച്ചുനോക്കിയിട്ടുണ്ട്. പുരാതനചരിത്രം, ശിലകളില്‍ കൊത്തിവച്ച വട്ടെഴുത്ത്, ബ്രാഹ്മിലിപികള്‍ വായിക്കാനറിയാവുന്ന ഈ ചരിത്രകാരന്‍ വസ്തുതകള്‍ ചികഞ്ഞെടുത്തപ്പോള്‍ പറഞ്ഞുപറഞ്ഞു വേരുപിടിച്ച മുന്‍കാല ധാരണകള്‍ പലതും കടപുഴകി. മലബാറില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവം, ക്രിസ്തുമതത്തിന്റെ വരവ്, ഗാമ-സാമൂതിരി ബന്ധം, പെരുമാള്‍ ചരിതം എല്ലാറ്റിലും പുതിയ വെളിച്ചം വീണു.

എം.ജി.എസ്.നാരായണന്‍: ഒരു വ്യാപാരകേന്ദ്രം എന്ന നിലയ്ക്കുള്ള കോഴിക്കോട് നഗരത്തിന്റെ ഉത്ഭവത്തെപ്പറ്റി ഒരു കഥയുണ്ട്. അവസാനത്തെ ചേരമാന്‍ പെരുമാള്‍ മതംമാറി മക്കത്തുപോയി. അത് വെറും ഐതിഹ്യമാണെന്നാണ് വിചാരിച്ചത്.. ഇപ്പോള്‍ അതിന് തെളിവുണ്ട്, അത് പക്ഷേ മുമ്പേ വിചാരിച്ചിരുന്നതുമാതിരി അല്ലെന്നേയുള്ളു. ആദ്യം വിചാരിച്ചത് ചേരമാന്‍ പെരുമാള്‍ ഭരിച്ചിരുന്നത് ക്രിസ്ത്വാബ്ദത്തിന്റെ ആദ്യശതകളില്ലാണെന്നാണ്. അങ്ങനെയല്ല, ചേരമാന്‍ പെരുമാളെന്നു പറഞ്ഞൊരു സ്ഥാനവും കേരള രാജ്യവും ഒക്കെ ഉണ്ടാകുന്നത് ഒമ്പതാം നൂറ്റാണ്ടിലേയുള്ളു. അതുവരെ ഇല്ല. പഴയ ഐതിഹ്യത്തില്‍ സെന്റ് തോമസ് വന്നു, ചേരമാന്‍ പെരുമാളെ കണ്‍വര്‍ട്ട് ചെയ്തു… ചേരമാന്‍ പെരുമാള്‍ ഇല്ല.. അങ്ങനെയാണെങ്കില്‍ സെന്റ് തോമസ് വന്നിട്ട് എട്ട് നൂറ്റാണ്ട് ജീവിച്ചിരിക്കണം… എന്നാലേ ഇയാളെ കണ്‍വര്‍ട്ട് ചെയ്യാന്‍ പറ്റൂ…. അതുപോലെ മാപ്പിളമാര്‍ വിശ്വസിക്കുന്നത് അവസാനത്തെ ചേരമാന്‍ പെരുമാള്‍ മതംമാറി മക്കത്ത് പോയി നബിയെ കണ്ടുവെന്നാണ്. നബിയെ കാണാന്‍ പറ്റില്ല. തിരുനബിയുടെ കാലം ഏഴാം നൂറ്റാണ്ടാണ്. ആദ്യത്തെ ചേരമാന്‍ പെരുമാള്‍ വരുന്നത് ഒമ്പതാം നൂറ്റാണ്ടാണ്. അവസാനത്തെയാള്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. അത് ശരിയല്ല, കാലബോധം ശരിയല്ല. പക്ഷേ വസ്തുതയുണ്ട്. ഈ അവസാനത്തെയാള്‍ നമ്പൂതിരിമാരുമായി കലഹിച്ച്, നമ്പൂതിരിമാരുടെ നിയന്ത്രണത്തിലുണ്ടായ രാജ്യമാണ് ഈ ചേരമാന്‍ പെരുമാക്കളുടെ രാജ്യം. ഇന്നത്തെ കേരളത്തിന്റെ ഏതാണ്ട് ഒരുവിധമൊക്കെയുണ്ട്. കാസര്‍ഗോര്‍ഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള സ്ഥലം അതിലുണ്ട്. നമ്പൂതിരിമാരുടെ ഒരു ഏജന്റാണ്, അല്ലെങ്കില്‍ പ്രതിനിധിയെന്ന നിലയിലാണ് ഈ ചേരമാന്‍ പെരുമാള്‍ രാജ്യം ഭരിക്കുന്നത്. അവസാനത്തെ ആള്‍ പല കാരണങ്ങള്‍ കൊണ്ടും നമ്പൂതിരിമാരുമായി തെറ്റി. അതില്‍ ഒരു മൂന്നാല് ഇന്‍സ്‌ക്രിപ്ഷന്‍സ് ഉണ്ട്. കൊല്ലത്തൊന്നുണ്ട്. അതില്‍ പറയുന്നുണ്ട്, ആര്യരോട് വന്ന വിരോധത്തിന് പ്രായശ്ചിത്തമായിട്ട് ഇന്നതൊക്കെ ചെയ്യേണ്ടി വന്നു, കൊല്ലത്ത് ഒരു ക്ഷേത്രമുണ്ട്, രാമേശ്വരം അതിലേക്ക് കുറേ പ്ലോട്ട്‌സ് ഒക്കെ എഴുതിക്കൊടുത്തു. അങ്ങനെ തെറ്റി, അങ്ങനെ തെറ്റിയിട്ടാണ് അയാള്‍ ഇസ്ലാമില്‍ ചേര്‍ന്നത്… അത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. ഇപ്പോള്‍ അതിന് രേഖകളൊക്കെ കിട്ടാനുണ്ട്.

യാത്രയില്‍ മുമ്പ് പലപ്പോഴും ഡോ.എം.ജി.എസ്. പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചരിത്രത്തെ കൊല്ലവും തീയതികളും ലിഖിതങ്ങളും നിറച്ച പട്ടികയാക്കുന്ന ഉണക്കശാസ്ത്രത്തില്‍ നിന്നും ഭിന്നമായി ഗവേഷണ പ്രതിബന്ധതയോടൊപ്പം സരസപ്രതിപാദനം കൂടിയാക്കിമാറ്റുന്ന അദ്ദേഹത്തിന്റെ ശൈലി യാത്രികനെ പണ്ടേ ആകര്‍ഷിച്ചിരുന്നു. വിഹഗവീക്ഷണത്തില്‍ നിന്ന് സൂക്ഷ്മ നിരീക്ഷണങ്ങളിലേക്കും തിരിച്ചുമുള്ള അദ്ദേഹത്തിന്റെ സഞ്ചാരം ചരിത്രം ഒറ്റവരിപ്പാതയല്ലെന്ന് ബോധ്യപ്പെടുത്തും. കവിതയിലൂടെയും ചിത്ത്രിലൂടെയും ഗദ്യത്തിലൂടെയുമാണ് ചരിത്രത്തിലുള്ള ദൂരം അദ്ദേഹം താണ്ടിയത്. കവിതയിലൂടെയും ചിത്രംവരയിലൂടെയുമായിരുന്നു രംഗപ്രവേശം.

എം.ജി.എസ്. നാരായണന്‍: മലയാളത്തില്‍ എഴുതുന്നവരൊക്കെ അങ്ങനെയാണെല്ലോ. കവിതയുമായിട്ടാണ്.. കവിതയാണ് ഭാഷ പഠിക്കാനൊക്കെ നല്ലത്. എന്റെ വൊക്കാബുലറി നന്നായത് കവിതയെഴുത്തുകൊണ്ടാണ്. നൂറുകണക്കിന് കവിത ഞാന്‍ എഴുതിയിട്ടുണ്ട്. അഞ്ചോ പത്തോ മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളു. ഇപ്പഴും എഴുതാറുണ്ട്. അതൊരു സ്വകാര്യ സംഭവമാണ്. ചിത്രംവരയിലും കവിതയിലുമൊക്കെ ഒരു കമ്പമുണ്ടായിരുന്നു അന്ന്. ചിത്രംവരയ്ക്കുന്നതില്‍ സ്‌കൂളില്‍ എനിക്കാ സമ്മാനം കിട്ടുക.. അസൂയക്കാര്‍ കൂട്ടുകാര്‍ പറയും, നിങ്ങളെന്ത് ചിത്രംവരക്കാരനാ.. കരുവാട്ട നമ്പൂതിരി വരയ്ക്കുന്നത് കാണണം. ഏതാ കരുവാട്ട നമ്പൂതിരി എന്നെനിക്കറിയില്ല.. അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഒരു ദിവസം പോയി കരുവാട്ട നമ്പൂതിരിയെ കാണാനായിട്ട്. അപ്പോഴാണ് അത്ഭുതം തോന്നിയത്. ഇയാള്‍ക്കൊരു ട്രെയിനിംഗും ഇല്ലല്ലോ… കരിക്കട്ട കൊണ്ട് ചുവരിലൊക്കെ പലേജാതി ചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. അവരുടെ ഒരു അരമതിലുണ്ട്, അതിന്റെ മുകളില്‍ കളിമണ്ണുകൊണ്ട് വിഗ്രഹങ്ങള്‍ പലതുമുണ്ടാക്കിവച്ചിട്ടുണ്ട്. ഇതുകണ്ടിട്ട് എനിക്ക് ബോധ്യമായി. അതുകൊണ്ട് എന്റെ ചിത്രംവര നിര്‍ത്തി ഞാന്‍. ഇയാള്‍ ഇതിന് പറ്റിയയാള്‍ എന്ന് മനസ്സിലായി.

ചരിത്രത്തിലേക്ക് എം.ജി.എസ്. ആകര്‍ഷിക്കപ്പെടുന്നത് ചരിത്രകാരന്മാരായ രണ്ട് അദ്ധ്യാപകരുടെ പ്രേരണയാലാണ്. സമോറിന്‍സ് ഓഫ് കേരള എന്ന പ്രാവീണ ഗ്രന്ഥമെഴുതിയ കെ.വി.കൃഷ്ണയ്യരുടെ വ്യക്തിത്വവും രചനാശൈലിയും അന്നത്തെ ഈ യുവവിദ്യാര്‍ത്ഥിക്ക് പ്രചോദനമേകി.

ഡോ.എം.ജി.എസ്.: ഇവിടുന്നാണ് എനിക്ക് ചരിത്രത്തിന്റെ ചെറിയൊരു ഇന്‍ട്രൊഡക്ഷന്‍ കിട്ടിയത്. ബ്രാഹ്മണ്‍സ്ത കോളേജില്‍ ഹിസ്റ്ററി ടീച്ചറായിരുന്നത് കെ.വി.കൃഷ്ണയ്യരായിരുന്നു. അദ്ദേഹത്തെ പറ്റി പുറമെയൊന്നും അറിയില്ല. ഒരു പ്രത്യേകതരക്കാരനാണ്. നല്ല എനര്‍ജി… ഒരു ഹൈ വോള്‍ട്ടേജ് എനര്‍ജിയുള്ള ആളാണ്. അന്ന് സ്റ്റഡി ടൂര്‍ ഒന്നുമില്ല, അദ്ദേഹം ഞങ്ങളെ കൊണ്ടുപോകും. തിരുനാവായയ്ക്ക് കൊണ്ടുപോകും. ഇതാണ് മാമാങ്കം നടന്ന സ്ഥലമെന്ന് പറയും. ഗുരുവായൂര്‍ കൊണ്ടുപോകും, പള്ളികളിലൊക്കെ കൊണ്ടുപോകും. അദ്ദേഹം ഒരു റാഷണലിസ്റ്റാണ്. കുട്ടിച്ചാത്തനെ ഒഴിപ്പിക്കാന്‍ ഇദ്ദേഹത്തെ ക്ഷണിക്കും. അതിന്റെ സൈക്കോളജിക്കല്‍ തിയറി അദ്ദേഹത്തിനറിയാം. അതില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ഞങ്ങളോട് പറഞ്ഞു. നിങ്ങളാരും ഇത് പരിശോധിച്ച് നോക്കരുത്. അപകടം പിടിച്ച പണിയാണ്… ഈ ബാധയുണ്ടെന്ന് പറയുന്ന വീട്ടിലെ അംഗം സ്വകാര്യമായിട്ട് അയാളുടെ ഒരു സൈക്കോളജിക്കല്‍ കോംപ്ലക്‌സില്‍, അയാള്‍ക്കറിയാതെ ചെയ്തുപോകുന്നതാണ്. അത് ആരും സമ്മതിക്കില്ല. അത് പിടിച്ചാല്‍ അയാള്‍ ഭയങ്കരമായിട്ട് റിയാക്ട് ചെയ്യും. അടിക്കുകയൊക്കെ ചെയ്യും. അദ്ദേഹമാണ് ഹിസ്റ്ററിയെക്കുറിച്ച് ഞങ്ങള്‍ക്ക്് ബോധ്യമുണ്ടാക്കിത്തന്നത്. എന്റെ ഭാഗ്യത്തിന് അന്ന് ഞങ്ങളുടെ ഹിസ്റ്ററി പ്രൊഫസറായിരുന്നത് ഡോ. ചന്ദ്രന്‍ ദേവനേശ് എന്ന് പറയുന്ന ഒരാളാണ്. അയാളൊരു പാതിരിയുടെ മകനാണ്, നല്ല രസികനാണ്, നല്ല സ്‌കോളറാണ്. രണ്ട് ഡോക്ടറേറ്റൊക്കെയുള്ള ആളാണ്. അങ്ങനെ അന്ന് ഹിസ്റ്ററിയിലേക്കായി എന്റെ കോണ്‍സെന്‍ട്രേഷന്‍. സാഹിത്യത്തിന് പകരം ഹിസ്റ്ററിയായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും പണ്ഡിതനുമായ കെ.ദാമോദരനുമായുള്ള അടുപ്പം മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലേക്ക് നയിച്ചു.

ഡോ.എം.ജി.എസ്.: അച്ഛന്റെ ഒരു പേഷ്യന്റായരുന്നു കെ.ദാമോദരന്‍. വീട്ടിലെപ്പോഴും വരും അച്ഛന്‍ തിരൂരായിരുന്ന കാലത്ത്. ചതുരംഗംത്തില്‍.. പഴയ നമ്പൂതിരിമാരൊക്കെ കളിക്കുന്ന.. അതില്‍ ഇവര്‍ ഇരുവരും കമ്പക്കാരാണ്. അദ്ദേഹം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ബി.എ.യ്ക്ക് പോയതാണ്. അവിടുന്ന് ഗാന്ധിയനായി, ഹിന്ദി പഠിച്ചു, സംസ്‌കൃതം പഠിച്ചു, ഗീതയുടെ വലിയൊരാരാധകനായി… പിന്നെ നാട്ടിലേക്ക് വന്നു. ജോലിയൊന്നുമില്ല.. കമ്മ്യൂണിസ്റ്റായി. നാട്ടില്‍ വന്നതിനുശേഷമാണ് കമ്മ്യൂണിസ്റ്റായത്. അയാള്‍ വീട്ടില്‍ വരും… കുറേ പുസ്തകങ്ങളൊക്കെ വായിക്കാന്‍ തന്നു. മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് ലിറ്ററേച്ചര്‍ ഇല്ലേ.. അതൊക്കെ. എനിക്കും അതില്‍ താല്‍പ്പര്യം തോന്നി. ഞാന്‍ അതിലോട്ട് നീങ്ങി. പാര്‍ട്ടിയിലല്ല… തിയറിക്കല്‍ സെന്‍സില്‍… അതില്‍ ഹിസ്റ്ററിയാണല്ലോ പ്രോമിനന്റായിട്ടുള്ള ഒരു എലമെന്റ്… ഹിസ്‌റ്റോറിക്കല്‍ എക്‌സ്പ്ലനേഷന്‍ ആണല്ലോ ഡയലിറ്റിക്കല്‍ മെറ്റീരിയലിസത്തിന്റെയൊക്കെ… അടിസ്ഥാനമായിട്ട് നില്‍ക്കുുന്ന ഒരു സാധനം. അതിലെനിക്ക് കുറേ കമ്പമായി… ഞാന്‍ കുറേ വായിച്ചു.

അടിയന്തിരാവസ്ഥകാലത്ത് കേരളത്തില്‍ നടത്തിയ ഇന്ത്യന്‍ ചരിത്ര കോണ്‍്ഗ്രസിന്റെ മുഖ്യസഹകാരിയായിരുന്ന എം.ജി.എസ്. തന്റെ അനുഭവസത്യത്തില്‍ നിന്ന് സി.പി.എമ്മിനെ നിശിതമായി വിമര്‍ശിച്ചു. ചരിത്രകോണ്‍ഗ്രസിലെ മുഖ്യാതിഥികളില്‍ ഒരാള്‍ ലോകപ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരന്‍ ഇ.പി. തോംസണ്‍ ആയിരുന്നു. അടിയന്തിരാവസ്ഥയ്‌ക്കെതിരെ സി.പി.എം. ശക്തമായ നിലപാടെടുക്കണമെന്ന് അന്ന് പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ.എം.എസിനോട് ഇ.പി.തോംസണ്‍ ആവശ്യപ്പെട്ടു.

മംഗളാദേവി: ഘനമൗനത്തിലായ കാട്

ബെസ്റ്റ് ഓഫ് അഴിമുഖം 

ഹെസ്സര്‍ഘട്ട: മൃഗബലി കൊണ്ട് തിരിച്ചെടുക്കാമോ ഈ ജലാശയത്തെ?മൈന്‍ നിലങ്ങളിലൂടെ
നിറങ്ങളുടെ ആഫ്രിക്കന്‍ കാഴ്ചകള്‍
കാശ്മീര്‍: ഒരു മഞ്ഞുകാല യാത്രയുടെ ഓര്‍മയ്ക്ക്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇത് തേയില തളിര്‍ക്കും കാലമാണ്

ഡോ.എം.ജി.എസ്.: അവര്‍ക്കൊരാഗ്രഹമുണ്ടായിരുന്നത്. അവരുടെ കൂട്ടുകാര്‍. അവിടെയുള്ള ലെഫ്റ്റ് ഓറിയന്റഡ് റൈറ്റേഴ്‌സും ഹിസ്‌റ്റോറിയന്‍സും ഒരു മെസേജ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന് കൊടുത്തയച്ചു. ഇവരുടെ കൈയ്യിലാണ് കൊടുത്തയച്ചത്. എമര്‍ജന്‍സി നേരിട്ട് തൊഴിലാളികളെ ബാധിക്കുന്നില്ല എന്നു പറഞ്ഞ് നിങ്ങള്‍ വിട്ടുനില്‍ക്കരുത്. ഇതിന് അണ്‍കോംപ്രമൈസിംഗ് ആയിട്ടുള്ള സമരം ഇതിനെതിരായിട്ട് നടത്തണം എന്നുള്ളതാണ് അവരുടെ മെസേജ്. ആ മെസേജ് കാര്യമായിട്ട് സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും നേതാക്കള്‍ക്ക് എത്തിക്കണം. വസ്തുതകള്‍ മനസ്സിലാക്കുകയും വേണം. ഞാന്‍ ഇവിടുത്തെ നേതാക്കളെയൊക്കെ സമീപിച്ചു. ഇ.എം.എസിനെ സമീപിച്ചു. പാര്‍ട്ടിയെ ഇങ്ങനെയൊക്കെ വിമര്‍ശിക്കുന്നുണ്ടെങ്കിലും എന്നോട് അദ്ദേഹം വളരെ സ്‌നേഹമായിട്ടാണ് പെരുമാറിയത്. അദ്ദേഹം വീട്ടിലായിരുന്നു. മനയില്‍… ഇവര്‍ക്ക് വാക്കുകൊണ്ടോ റെസലൂഷന്‍ കൊണ്ടോ അല്ലാതെ യാതൊരു എതിര്‍പ്പും ചെയ്തില്ല. വാസ്തവത്തില്‍ എതിര്‍ത്തത് മുഴുവന്‍ ബി.ജെ.പി.ക്കാരും ആര്‍.എസ്.എസുകാരുമാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു… ഞാന്‍ വരാം.. പക്ഷേ ഞാനിപ്പോള്‍ ഒളിവിലാണെന്നാണ് വയ്പ്പ്… അപ്പോള്‍ ഞാനെന്താണെന്ന് വച്ചാല്‍… തോംസണെയും ഹോക്‌സിനെയും എന്റെ രണ്ട് സുഹൃത്തുക്കളെ ഏല്‍പ്പിച്ചിട്ട് എന്റെ റൂമില്‍ ഇവരെയിരുത്തിയിട്ട്. ഇനാഗുറേഷന്‍ നടക്കുന്ന സമയത്ത് ഞാന്‍ ഇ.എം.എസിനെ എന്റെ സ്റ്റുഡന്‍സിന്റെ കൂടെ അങ്ങോട്ട് അയച്ചു. അതുകഴിഞ്ഞ് അദ്ദേഹം മടങ്ങിവന്ന് അപ്പോള്‍ തന്നെ പോവുകയും ചെയ്തു. പിന്നീട് ഞാന്‍ തോംസണോട് ചോദിച്ചു എന്താ സംഭവം.. അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഈ മെസേജ് കണ്‍വേ ചെയ്തു. ഇത് ഡെമോക്രസിക്കുള്ള വലിയൊരു ആഘാതമാണ്. അതുകൊണ്ട് പാര്‍ട്ടി നയം എന്നു പറഞ്ഞ് നില്‍ക്കരുത്. ഇതിനെ എതിര്‍ക്കണം എന്നുള്ള മെസേജ്. ഇത് ഞങ്ങളുടെ വാദവുമൊക്കെ നിരത്തി പറഞ്ഞുകൊടുത്തു. അദ്ദേഹം ഇത്രയേ പറഞ്ഞുള്ളു. ഞാനിത് സെന്‍ട്രല്‍ കമ്മിറ്റിയുടെ മുമ്പില്‍ വയ്ക്കാം. അതല്ലാതെ എതിര്‍ത്തോ നുകൂലിച്ചോ ഒരക്ഷരം പറഞ്ഞില്ലെന്ന് പറഞ്ഞു.

വിവാദങ്ങള്‍ എന്നും എം.ജി.എസിനെ ചൂഴ്ന്ന് നിന്നു. ബി.ജെ.പി. കേന്ദ്രം ഭരിച്ച വേളയില്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ചെയര്‍മാനായി അവരോധിക്കപ്പെട്ടത് ഇടതുപക്ഷത്ത് നിന്ന് വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. എം.ജി.എസിന് ഇത്തരം വിമര്‍ശങ്ങള്‍ക്ക് കൃത്യമായ മറുപടിയുണ്ട്.

ഡോ. എം.ജി.എസ്.: ഇന്ദിരാജിയുടെ കാലം മുതല്‍ക്ക് ഞാനുണ്ട്. പിന്നെ ചന്ദ്രശേഖരന്റെ കാലം മുതല്‍ക്കെ ഉണ്ടല്ലോ. വാജ്‌പേയിയുടെ കാലത്ത് മെമ്പര്‍ സെക്രട്ടറിയായതല്ല. മെമ്പര്‍ സെക്രട്ടറിയായത് ഇന്ദിരയുടെ കാലത്താണ്. അത് കഴിഞ്ഞിട്ട് പിന്നെയും കുറെ കഴിഞ്ഞിട്ടാണല്ലോ വാജ്‌പേയി വരുന്നത്. ഇതിന്റെ ഇടയ്ക്കാണ് അയോദ്ധ്യ പ്രശ്‌നം വരുന്നത്. ഞാന്‍ 1992 ലാണ് റിട്ടയര്‍ ചെയ്യേണ്ടത്. 1991 ആയപ്പോള്‍ അയോധ്യ പ്രശ്‌നമായി വരുന്നത്. ഞാന്‍ ആ സ്ഥലത്ത് പോയിട്ടുണ്ട്. അയോദ്ധ്യയെപ്പറ്റി പഠിച്ചിട്ടുണ്ട്. അന്നെനിക്ക് മനസ്സിലായതെന്തെന്നു വച്ചാല്‍ അവിടുത്തെ ഒരു ഇഷ്യൂ അത് മാര്‍ക്‌സിസ്റ്റുകാരും ആര്‍.എസ്.എസുകാരും കൂടി ഒത്തുകളിയായിട്ട് ഉണ്ടാക്കിയിട്ടുള്ളതാണ്.

കോഴിക്കോടിന്റെ ചരിത്രം എം.ജി.എസിന്റെ വിരല്‍ത്തുമ്പിലുണ്ട്. ഗാമയും ശീമയും വരുന്നതിന് മുമ്പും ശേഷവുമുള്ള കോഴിക്കോടും പരപ്പനങ്ങാടിയില്‍ നിന്നും വിദ്യാര്‍്ത്ഥിയായെത്തിനു ശേഷം തണലേകിയ കോഴിക്കോടും ചരിത്രമായും അനുഭവമായും എം.ജി.എസിന്റെ മനസ്സിലുണ്ട്.

ഡോ.എം.ജി.എസ്.: ഗാമ വരുന്നതിന് മുമ്പ് തന്നെ ചൈനീസ് ചക്രവര്‍ത്തി 1421 ലോ മറ്റോ ഒരഞ്ഞൂറ് കപ്പലുള്ള ഒരു ഫഌറ്റ് ഇങ്ങോട്ടയച്ചിരുന്നു. അവര്‍ കൊല്ലത്തു വന്നു. കൊലത്തുനിന്ന് കോഴിക്കോട്ട് വന്നു. കോഴിക്കോട്ടുനിന്നാണ് അവര്‍ അലക്‌സാണ്ട്രിയയിലേക്ക്, ഈജിപ്തിലേക്ക് പോയത്. എട്ടുപ്രാവശ്യം പോയി. അത് വലിയ തോതിലുള്ള കച്ചവടമാണ് അവര്‍ പ്ലാന്‍ ചെയ്തിരുന്നത്. കോഴിക്കോടാണ് സെന്റര്‍. ചൈന മുതല്‍ അലക്‌സാണ്ട്രിയവരെയുള്ള ഇപ്പോള്‍ പേരിട്ടിരിക്കുന്ന സ്‌പൈസ് റൂട്ട്… അന്നും ഇന്നുമായിട്ട് വലിയൊരു വ്യത്യാസം ഞാന്‍ കാണുന്നതെന്തെന്നുവച്ചാല്‍. മിഠായി തെരുവ് പഴയ തെരുവാണല്ലോ. പണ്ട് മിഠായി തെരുവില്‍ നടന്നാല്‍ നമ്മള്‍ക്ക് പരിചയമുള്ള ആള്‍ക്കാരെ കാണുകയുള്ളു. ഇന്നിപ്പോള്‍ ഒരാളെ കാണുകയില്ല. പിന്നെ ഒരുപാട് എഴുത്തുകാരുണ്ട്. പ്രസുകളുണ്ട്… സാഹിത്യത്തില്‍ വലിയ വരുമാനമൊന്നുമില്ലെങ്കിലും എഴുത്തുകാര്‍ ധാരാളമുണ്ട്, കവികള്‍ ധാരാളമുണ്ട്. അവര്‍ തമ്മില്‍ നല്ല ബന്ധവുമുണ്ട്, മനുഷ്യ ബന്ധങ്ങള്‍…. കുടുംബബന്ധങ്ങള്‍… എല്ലാമുണ്ട്.. അന്ന് പൊറ്റക്കാട് എഴുതിത്തുടങ്ങിയിട്ടുണ്ട്. ഉറൂബ്… റേഡിയോ സ്‌റ്റേഷന്‍ ഇവിടെ തുടങ്ങി. 1947 ലോ മറ്റോ ആണ്. മന്ത്രിയായിരുന്ന കുട്ടികൃഷ്ണനാണ് അതിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഇവിടെ നമ്മള്‍ ആദ്യമായിട്ട് ഒരു പ്രക്ഷോഭണ കേന്ദ്രം തുറക്കുകയാണെന്ന്, പ്രക്ഷേപണം എന്നത് അങ്ങേര്‍ക്ക് മാറിപ്പോയി. അത് യാഥാര്‍ത്ഥ്യമായി തീരുകയും ചെയ്തു. ഇപ്പോഴത്തെ സ്ഥിതി ആളുകള്‍ തമ്മിലൊന്നും യാതൊരു ലോഹ്യവുമില്ല. ഇപ്പോള്‍ വലിയ പ്രതിഫലമുണ്ട്. ഒരുപാട് പബ്ലിഷേഴ്‌സ് ഉണ്ട്. അതിന് ധാരാളം കാശ് കിട്ടും… നല്ല മത്സരം ഉണ്ട്… അവാര്ഡുകള്‍… പുരസ്‌കാരങ്ങള്‍… അവനവനുണ്ടാക്കിയതും മറ്റുള്ളവരുണ്ടാക്കിയതുമുണ്ടാകും. എല്ലാവരും തമ്മില്‍ മത്സരമാണ് ഉള്ളുകൊണ്ട്. പുറമേയ്ക്ക് ഇത്തിരി ബന്ധമുണ്ടെങ്കിലും പഴയ ആ ഒരു സൗഹൃദം കാണുന്നില്ല.

ചരിത്രത്തില്‍ നിന്നും നാം പഠിക്കുന്ന പാഠം, ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ല എന്നാണെന്ന് പറയാറുണ്ടല്ലോ. അതെന്തായാലും എം.ജി.എസ്.നാരായണന്‍ എഴുതിയ ചരിത്രപഠനങ്ങളില്‍ നിന്ന് നാം നമ്മുടെ ഭൂതകാലചരിത്രത്തെ കൂടുതല്‍ അടുത്തറിഞ്ഞു. ഊഹങ്ങളോ, അനുമാനങ്ങളോ, കഥകളോ, കെട്ടുകഥകളോ പുരാണമോ ഐതിഹ്യമോ അല്ലാത്ത ചരിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍