UPDATES

ഗാമ കാപ്പാട് കാല് കുത്തിയിട്ടില്ല; അറിയപ്പെടാത്ത ചില സത്യങ്ങള്‍

‘കേരളചരിത്രം വീണ്ടും വായിക്കുമ്പോള്‍’ എന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരന്‍മാരായ ഡോ. എംജിഎസ് നാരായണനും ഡോ. എംആര്‍ രാഘവ വാര്യരും തമ്മില്‍ നടന്ന സംഭാഷണം

(ഡി സി ബുക്‌സ് സംഘടിപ്പിച്ച രണ്ടാമത് കേരള സാഹിത്യോത്സവത്തില്‍ ‘കേരളചരിത്രം വീണ്ടും വായിക്കുമ്പോള്‍’ എന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരന്‍മാരായ ഡോ. എംജിഎസ് നാരായണനും ഡോ. എംആര്‍ രാഘവ വാര്യരും തമ്മില്‍ നടന്ന സംഭാഷണം.)

എംജിഎസ് നാരായണന്‍: അനാദികാലം മുതല്‍ക്കെ കേരളം എന്നൊരു രാജ്യമുണ്ട്, ഭാഷയുണ്ട്, സംസ്കാരമുണ്ട്  എന്നൊക്കെയാണ് കേരള ചരിത്രം എഴുതിയിരുന്ന ആളുകള്‍ കരുതിയിരുന്നത്. പക്ഷെ ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രമായിരുന്നു.  അടുത്ത കാലത്താണ് ആധികാരികമായ സമകാലിക പ്രമാണങ്ങള്‍ വെളിച്ചം കണ്ടത്.  ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് കെപി പത്മനാഭമേനോന്‍റെ History of Kerala 4 വോള്യങ്ങള്‍ പുറത്തിറങ്ങി. എന്നാല്‍ അന്നത്തെ ചരിത്രകാരനും, പണ്ഡിതനുമൊക്കെ ആയിരുന്ന റോബര്‍ട്‌സ് റിവല്‍ അതിനെ കളിയാക്കി. ‘ഇത് ചരിത്രമേയല്ല’ എന്നാണദ്ദേഹം പറഞ്ഞത്. പത്മനാഭമേനോന്‍ ഒരായുഷ്‌ക്കാലം മുഴുവന്‍ ഉപയോഗിച്ചിട്ട് അദ്ദേഹത്തിന് കിട്ടിയ തെളിവുകള്‍ മൂന്നാല് പുരോലിഖിതങ്ങള്‍ മാത്രമാണ്. അവയുടെ കാലവും അറിഞ്ഞുകൂട, പിന്നെ അദ്ദേഹം ചെയ്തത് മറ്റു പലരും എഴുതിയതില്‍ നിന്ന് തെരഞ്ഞെടുത്ത് നോട്ട്‌സുണ്ടാക്കുകയാണ്. വിദേശീയര്‍ എഴുതിവച്ച ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് പിന്നീട് എഴുത്ത് നടന്നത്. വിദേശികള്‍ എഴുതുമ്പോള്‍ ഉള്ള പ്രശ്‌നം എന്താണെന്ന് വച്ചാല്‍ അവരവര്‍ കണ്ട കാഴ്ചകള്‍ മാത്രമാണ് എഴുതുക. ഉദാഹരണത്തിന് അറബി ലോകത്ത് നിന്നെത്തുന്നൊരാള്‍ അന്വേഷിക്കുക മുസ്ലീങ്ങള്‍ എവിടെയുണ്ട് എന്നൊക്കെയാകും.  അവര്‍ക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനം ഇല്ലല്ലോ.  അപ്പോള്‍ മുസ്ലീം പട്ടണങ്ങള്‍, അങ്ങാടികള്‍ അവരുടെ ഭാഷ, സംസ്‌കാരം ഒക്കെയാകും അവരെഴുതുക. പിന്നെ മാര്‍ക്കോ പോളോ വന്നു എന്ന് പറയുന്നത് തന്നെ സംശയമാണ്. അങ്ങനെ കുറെയാളുകള്‍ വന്ന് പോയി.

16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വന്നിരുന്നു. ആ കൂട്ടത്തില്‍ വാസ്‌കോഡ ഗാമ കോഴിക്കോട് കാപ്പാട് എന്ന സ്ഥലത്ത് വന്നിറങ്ങി എന്ന ഒരു തെറ്റിദ്ധാരണയും നിലനിന്നുപോരുന്നു. അങ്ങനെയല്ല സംഭവിച്ചതെന്ന് വളരെ വ്യക്തമാണ്. പക്ഷേ ആരും തിരുത്തിയിട്ടില്ല.  ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കടപ്പുറത്ത് എഴുതിവയ്ക്കുകയും ചെയ്തു. മെയ് 20, 1498ന്  വാസ്‌കോഡഗാമ ഇവിടെ കപ്പലിറങ്ങി എന്ന്.  അങ്ങനെയല്ല സംഭവിച്ചത്. അയാള്‍ അവിടെ ഇറങ്ങിയിട്ടില്ല. ഈ കാര്യം പോര്‍ട്ടുഗലില്‍ നിന്ന് മൂന്ന് വലിയ കപ്പലിലും ഒരു ചെറിയ കപ്പലിലുമായിട്ട് വന്ന ആ സംഘത്തിന്റെ ഡയറിയില്‍ എഴുതിയിട്ടുണ്ട്. ആഫ്രിക്ക വഴിയാണല്ലോ അവര് വരുന്നത്. ആഫ്രിക്കയുടെ കിഴക്കന്‍ കരയിലൂടെയാണ് ഗാമ വരുന്നത്.   അവിടെയൊരു അറബി സുല്‍ത്താന്‍റെ രാജ്യത്ത് നങ്കൂരമിട്ടു, അരിയും ശുദ്ധജലവും ഒക്കെ സംഭരിക്കാനായി അവര്‍ അവിടെ രണ്ട് ആഴ്ച തങ്ങി.  കൂടെയൊരു ഗൈഡിനെയും കിട്ടി. അയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു അറബിക്കടലിനെ മുറിച്ച് എങ്ങനെ ഇന്ത്യയിലെത്തണം എന്ന്. കാലവര്‍ഷക്കാറ്റ് മൂലം ആഫ്രിക്കയുടെ വടക്കെയറ്റത്ത് നിന്നൊരു പായ്ക്കപ്പലില്‍ പായനിവര്‍ത്തിയാല്‍ നേരെയെത്തുക മലബാറിലായിരിക്കും. 40 ദിവസം മാത്രം മതി.  നാല് മാസം കഴിഞ്ഞാല്‍ തിരികെ പോകാനും കാറ്റുണ്ട്. പടിഞ്ഞാറന്‍ കരയ്ക്ക് മുഴുവനായി പറയുക മലബാര്‍ എന്നായിരുന്നു. അങ്ങനെ വരുമ്പോള്‍ കടലില്‍ നിന്ന് നോക്കിയാല്‍ ആദ്യം കാണുക കണ്ണൂരിലെ ഏഴിമലയാണ്. അതാണ് കരയിലെ അടയാളം. ആ അടയാളം കണ്ടാല്‍ ഉറപ്പിക്കാം വടക്കോട്ടാണോ തെക്കോട്ടാണോ പോകേണ്ടതെന്ന്. ആ സമയത്ത് ഗാമയുടെ കൂടെ വന്ന ഗൈഡിന് വഴിതെറ്റി. കാരണം കാലവര്‍ഷകാറ്റിനു പകരം കാറ്റും കോളും ഒക്കെയായിരുന്നു അവര്‍ക്ക് കിട്ടിയത്. പക്ഷേ അവര്‍ കോഴിക്കോട് തന്നെ എത്തി. കാപ്പാടിന് നേരെയായി അവര്‍ നങ്കൂരമിട്ടു പക്ഷേ ഇറങ്ങാന്‍ സാധിച്ചില്ല. അതേസമയത്ത് മീന്‍പിടുത്തക്കാരായ നാല് തോണിക്കാര്‍ കടലിലൊരു വെളിച്ചം കണ്ടു. അങ്ങോട്ടേക്ക് ചെന്നു.  പരിചയമില്ലാത്ത ആരോ ആണെന്ന് അവര്‍ക്ക് മനസ്സിലായി. അല്ലെങ്കില്‍ കോഴിക്കോട്ട് തുറമുഖത്ത് എത്തുകയില്ലല്ലോ. പക്ഷേ ഇവരെ കണ്ടിട്ട് തോണിക്കാര്‍ക്ക് അവരുടെ വേഷവും ഭാഷയും ഒന്നും മനസ്സിലായില്ല.  അവര്‍ക്ക് അറിയാവുന്നത് അറബികളെയാണ് അവര്‍ രാവിലെ ആളെ അയക്കാം എന്ന് പറഞ്ഞ് പോയി. പിറ്റേന്ന് രാവിലെ അവര്‍ വന്നു. എന്നിട്ട് ഇവരോട് പറഞ്ഞു. നിങ്ങള്‍ ഒരാളെ അയക്കാമെങ്കില്‍  കോഴിക്കോട് നഗരത്തില്‍ കൊണ്ടുപോയി പരിചയപ്പെടുത്താം എന്ന്.  അന്നൊരു പതിവ് ഉണ്ടായിരുന്നു പുതിയ ഏതെങ്കിലും സ്ഥലത്തേക്ക് പോകുമ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെയും കൂടെ  കൊണ്ടുപോകും. പുതിയ കരയില്‍ ആദ്യം ഇറക്കിവിടുക ഇവരെയാകും.  അവര്‍ക്ക് എന്ത് സംഭവിച്ചാലും കപ്പലുകാര്‍ക്ക് നഷ്ടം ഇല്ലല്ലോ.  അങ്ങനെയൊരാളെ ഈ തോണിക്കാര്‍ക്കൊപ്പം അയച്ചു. ഈ തടവുകാര്‍ ഭാഗ്യവശാല്‍ മൊറോക്കോയില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്ക് അങ്ങനെ ഭാഷ മനസ്സിലായി. അന്ന് ഇവിടെ കുരിശ് യുദ്ധങ്ങള്‍ നടക്കുകയാണ്. നസ്രാണികളും മുസ്ലീം വ്യാപാരികളും തമ്മില്‍. തടവുകാര്‍ വിദേശ സംഘം കച്ചവടത്തിന് വന്നതാണെന്ന് വ്യാപാരികളെ ധരിപ്പിച്ചു. അപ്പോള്‍ വ്യാപാരികള്‍ക്കും സന്തോഷമായി. അങ്ങനെ കോഴിക്കോടിന്റെ രണ്ടാം തലസ്ഥാനമായ പൊന്നാനിയില്‍ നിന്നും സാമൂതിരി എത്തുന്നത് വരെ അവര്‍ കാത്തിരുന്നു. അവര്‍ അങ്ങനെ കപ്പല്‍ പന്തലായനി കൊല്ലത്ത് എത്തിച്ചു. അവിടെ കടല്‍ കുറച്ചുള്ളിലേക്ക് കയറിക്കിടക്കുകയാണ്. അങ്ങനെയുള്ളിടത്തേക്കേ കപ്പല്‍ മഴക്കാലത്ത് ഇറക്കാന്‍ സാധിക്കൂ. പന്തലായനി കൊല്ലത്തിലൂടെ അവര്‍  കോഴിക്കോട് അങ്ങാടിയിലെത്തി.  അല്ലാതെ ഗാമ കാപ്പാട് ഇറങ്ങിയിട്ടില്ല. നങ്കൂരമിട്ടു എന്ന് മാത്രം. പക്ഷേ ഇവര്‍ സാമൂതിരിയുമായി തെറ്റി. കാരണം കുരുമുളകിന്റെ കുത്തക വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിലവിലുള്ള കച്ചവടക്കാരായ മുസ്ലീങ്ങളെ പിണക്കാന്‍ സാധിക്കില്ല എന്ന് സാമൂതിരി പറഞ്ഞു. വേണമെങ്കില്‍ കൂടെ കച്ചവടം ചെയ്യാം. അവര്‍ക്കത് സ്വീകാര്യം ആയിരുന്നില്ല. അവര് കടലില്‍ നിന്ന് വെടി വച്ചു പിന്നെ കുറച്ചാളുകളെയും പിടിച്ചുകൊണ്ടുപോയി.  ഇവിടെയുള്ള കുറ്റിച്ചിറ പള്ളി, ഷേയ്ഖിന്റെ പള്ളി തുടങ്ങിയ പള്ളികളുടെ ഭിത്തിയില്‍ അവരുടെ വെടിയുണ്ടയുടെ പാടുകള്‍ ഇപ്പോഴും കാണാം.  ഇവര്‍ ഇവിടെ ചാരപ്പണിയൊക്കെ നടത്തിയിരുന്നു. അങ്ങനെ കൊച്ചിരാജാവ് സാമൂതിരിയുടെ ശത്രുവാണെന്ന് ഇവര്‍ മനസ്സിലാക്കി തെക്ക് കൊച്ചിരാജാവിന്റെ അടുത്തേക്ക് പോയി. അവിടെ കോട്ട പണിയാനുള്ള സ്ഥലം ഒക്കെ ലഭിച്ചു, ആ സ്ഥലമാണ് ഇന്നറിയുന്ന ഫോര്‍ട്ട് കൊച്ചി. കൊച്ചി അങ്ങനെ അവരുടെ താവളമായി മാറി. പക്ഷേ പിന്നീട് കൊച്ചിയേക്കാള്‍ നല്ലത് ഗോവയാണെന്ന് കണ്ട് അങ്ങോട്ടേക്ക് മാറി. കാരണം വിജയനഗരസാമ്രാജ്യം ഗോവയ്ക്കടുത്തായിരുന്നു അവിടെ നിന്ന് കുതിരകളെ അവര്‍ കച്ചവടം ചെയ്തു.

എംആര്‍ രാഘവവാര്യര്‍: കോഴിക്കോടിന്‍റെ ചരിത്രം പറയുമ്പോള്‍ കെവി കൃഷ്ണയ്യര്‍ പോലും തുടങ്ങുക സാമൂതിരിയില്‍ നിന്നാണ് പക്ഷേ കോഴിക്കോടും കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പെ തുടങ്ങിയിട്ടുണ്ട്. ഇന്നലെ പിണഞ്ഞുപോയ തെറ്റുകളെ തിരുത്താനും ഇന്നലെ നമ്മള്‍ക്ക് ഉണ്ടായിരുന്ന നേട്ടങ്ങളെ ഇന്നേക്കും നാളേക്കും വിനിയോഗിക്കാനും എന്ത് വഴി എന്ന് ഉളള അന്വേഷണത്തിന്‍റെ ഫലമായാണ് ചരിത്രം വായിക്കപ്പെടുന്നത്.  കോഴിക്കോടിന്‍റെ ചരിത്രം തുടങ്ങുക മാനിച്ചനും വിക്രമനും എന്ന രണ്ടു പടയാളികള്‍ക്ക് പെരുമാള്‍ പതിച്ച് കൊടുത്ത സ്ഥലമാണ് കോഴിക്കോട് എന്ന കഥയില്‍ നിന്നാണ്.  ആ പഴയ സ്ഥലങ്ങളിലെപ്പറ്റി ഇപ്പോള്‍ അന്വേഷിച്ചു കഴിഞ്ഞാല്‍ നമ്മള്‍ക്ക് മനസ്സിലാകും കോഴിക്കോടിന്‍റെ ചരിത്രം. ഇന്ന് കോഴിക്കോട് അങ്ങാടിയില്‍ നിന്ന് മാങ്കാവിലേക്ക് പോകുന്ന വഴി ആഴ്ചവട്ടം പാലം ഉണ്ട്. പാലത്തിന് പടിഞ്ഞാറെകരയില്‍ നിന്ന് താഴേക്കിറങ്ങിയാല്‍ കോഴിക്കോട് കാണാം. കോഴിക്കോട് നിന്ന് പുതിയ പാലത്തേക്ക് നടന്നാല്‍ മനസ്സിലാകും വലിയ വിശാലമായൊരു സ്ഥലമാണ്.  ആ സ്ഥലത്തിന്‍റെ പേര് അന്വേഷിച്ച് വില്ലേജ് ഓഫീസില്‍ ചെന്നപ്പോള്‍ അറിയുന്നത് ആ സ്ഥലത്തിന്റെ പേര് ചുള്ളിക്കാട് പടന്ന എന്നാണ്.  പടന്ന എന്നുവച്ചാല്‍ ഉപ്പ് വിളയിക്കുന്ന സ്ഥലമാണ്. പശ്ചിമഘട്ടത്തിന്റെ ചരിവുകളില്‍ വരെ ഉള്ള ആള്‍ക്കാര്‍ക്ക് ഉപ്പ് വിതരണം ചെയ്താല്‍ അതില്‍ നിന്നും വലിയ വരുമാനം ഉണ്ടാക്കാം എന്ന് സാമൂതിരി മനസ്സിലാക്കി. വിശ്വസിക്കുന്ന തെളിവ് ഇതിനെപ്പറ്റി ലഭിക്കുന്നത് 1860 – ല്‍ ഫ്രാന്‍സിസ് ബുഖാനന്‍ എന്ന സഞ്ചാരി ഈ കരയിലൂടെ പോകുന്ന വഴി, കണ്ട കാഴ്ചകള്‍ ഒക്കെ രേഖപ്പെടുത്തിയതില്‍ നിന്നാണ്. ആ രേഖപ്പെടുത്തിയതിന്‍റെ കൂട്ടത്തില്‍ കോഴിക്കോട്ടെ തീരദേശത്തിന്‍റെ തൊട്ട് കിഴക്കുള്ള വലിയ വിശാലമായൊരു പ്രദേശം നിറയെ ഉപ്പ് കുന്നുകളുടെ കാര്യം പരാമര്‍ശിക്കുന്നുണ്ട്.   കേരളക്കരയിലെ ആളുകള്‍ക്ക് മുഴുവന്‍ അത്യാവശ്യമായ ഒരു വസ്തു ഉണ്ടാക്കിയിരുന്ന സ്ഥലമാണ് ഇത്.  ഇങ്ങനെ ഉപ്പ് കുറുക്കുന്നത് നിരോധിച്ചുകൊണ്ട് ഉപ്പ് തങ്ങളുടെ കുത്തകയാക്കുകയും ആയിരുന്നു ബ്രിട്ടീഷുകാര്‍ 1839 – ല്‍ ആദ്യം ചെയ്തത്. 1947 ഓഗസ്റ്റ് 16 ന് ശേഷം ഈ വിദ്യ തുടരേണ്ടതായിരുന്നു. ഉപ്പ് കുറുക്കുവാന്‍ ഈ മാര്‍ഗ്ഗം നമ്മള്‍ അവലംബിക്കേണ്ടതായിരുന്നു. പക്ഷേ ചെയ്തില്ല. ഒരൊറ്റ രാഷ്ട്രീയക്കാരനും ഈ വിഷയത്തില്‍ താല്‍പ്പര്യം ഇല്ലായിരുന്നു.

എംജിഎസ് നാരായണന്‍: വാര്യര്‍ പറഞ്ഞപോലെ കോഴിക്കോട് അങ്ങനെയൊരു പ്രാചീന നഗരമൊന്നുമല്ല മധ്യകാലനഗരമെന്ന് വേണമെങ്കില്‍ പറയാം.  കേരളക്കരയുടെ പഴയ തുറമുഖ നഗരങ്ങള്‍ പരിശോധിച്ചാല്‍ ഒന്ന് കൊടുങ്ങല്ലൂര്‍ ആണ്. അതായത് പെരിയാറിന്‍റെ അഴിമുഖം നില്‍ക്കുന്ന പട്ടണം. പിന്നെ ഒന്നുള്ളത് കൊല്ലമാണ്. ഒമ്പതാം നൂറ്റാണ്ടിലുള്ളത്.  കോഴിക്കോട് നഗരം ആരംഭം കുറിക്കുന്നത് 12-ാം നൂറ്റാണ്ടിലാണ്.  അതായത്  ഈ ചേരമാന്‍ പെരുമാക്കള്‍ എന്ന പേരില്‍ ബ്രാഹ്മണരുടെ ആധിപത്യത്തിനു കീഴില്‍ ഭരിച്ചിരുന്ന കുറെ രാജാക്കന്‍മാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ചരിത്രം എഴുതിയിരുന്ന ആള്‍ക്കാര്‍ വിചാരിച്ചിരുന്നത് ചേരമാന്‍ പെരുമാക്കള്‍ എന്നത് ഒരു കഥയാണ് എന്നാണ്. അവരുടെ കാലമൊന്നും അറിയില്ലായിരുന്നു.  ഇന്ന് ഈ ചേരമാന്‍ പെരുമാക്കള്‍ എന്ന പേരോടുകൂടി രാജ്യം ഭരിച്ച പന്ത്രണ്ടോളം ആള്‍ക്കാരുടെ ചരിത്രം നമ്മള്‍ക്കറിയാം. കാരണം അവരുടെ കാലത്തുണ്ടായ നൂറ്റമ്പതോളം ലിഖിതങ്ങള്‍ കിട്ടിയിട്ടുണ്ട്. അതിന്റെ കാലം ക്രിസ്തുവര്‍ഷം ഒമ്പതാം നൂറ്റാണ്ടിനോടടുത്താണ്. എന്ന് വച്ചാല്‍ കഷ്ടിച്ച് 800 കൊല്ലം ആകുന്നേയുള്ളു.  8-ാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ടിന്റെ ആരംഭം വരെയാണ് ചേരമാന്‍ പെരുമാക്കള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ഭരിച്ചിരുന്നത്. അന്നാണ് ആദ്യമായിട്ട് കേരളം എന്ന രാജ്യം ഉണ്ടാകുന്നത്. കൊടുങ്ങല്ലൂരും കൊല്ലവും വളര്‍ന്നതിന് ശേഷം ഉപ്പളങ്ങള്‍ മാറി ഇവിടെ ജനവാസം തുടങ്ങുന്നത്. കോട്ടപ്പറമ്പ് എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് സാമൂതിരിമാരുടെ ആദ്യ കോട്ട ഉണ്ടായിരുന്നത്. അവിടെ നിന്നാണ് കോഴിക്കോട് നഗരത്തിന്‍റെ ആരംഭം കുറിക്കുന്നത്. ഏത് നഗരത്തിനും ആദ്യം വേണ്ടത് വെള്ളം കിട്ടുന്ന സ്ഥലമാണ്. ഇവിടെ നദിയൊന്നുമില്. ആകെയുള്ള ജലസ്രോതസ്സ് എന്ന് പറയാവുന്നത് മാനാഞ്ചിറയാണ്. മാനവിക്രമന്‍ എന്ന പേരിലറിയപ്പെട്ട നാടുവാഴികളുടെ ശ്രമഫലമായുണ്ടായ ചിറയാണ്. അതിന് മാനംചിറ എന്ന് പറയുന്നു.   അങ്ങനെയൊരു സ്ഥലത്ത് അതായത് തളിശിവക്ഷേത്രം മുതല്‍ കടപ്പുറം വരെ ഉള്ള പ്രദേശത്ത് ഹിന്ദു – മുസ്ലീം വ്യാപാരികള്‍ അധിനിവേശം നടത്തി.  12-ാം നൂറ്റാണ്ട് മുതല്‍ നഗരം വളരാന്‍ തുടങ്ങി. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുത്തുള്ളത് അറബിരാജ്യങ്ങളാണ്.  തമിഴ്‌നാടോ, കര്‍ണ്ണാടകയോ, ആന്ധ്രയോ അല്ല. അവിടേയ്ക്ക് ഒക്കെ പോകണമെങ്കില്‍ പാലക്കാട് ചുരം കടക്കണം. വിന്ധ്യാപര്‍വ്വതം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടം മുറിച്ച് കടക്കണമെങ്കില്‍ കാട്ടുവഴികളെ ഉള്ളു. പാലക്കാട് ചുരത്തിന് ഏതാണ്ട് 20 നാഴിക വീതി ഉണ്ട്. അതാണ് കേരളത്തിനെ തമിഴ്‌നാടുമായും കര്‍ണ്ണാടകവുമായി ബന്ധിപ്പിക്കുന്നത്. അതുകൊണ്ട് നമ്മള്‍ക്ക് കൂടുതല്‍ സമ്പര്‍ക്കം അറബിരാജ്യങ്ങളുമായാണ്. അവിടെ നിന്ന് കാലവര്‍ഷക്കാറ്റ് അടിക്കുമ്പോള്‍ പായ്ക്കപ്പല്‍ ഇറക്കിയാല്‍ കേരളത്തില്‍ വന്ന് ചേരും 40 ദിവസമേ വേണ്ടൂ, യാതൊരു അപകടവും ഇല്ല. തിരിച്ചുപോകാനും നാല് മാസം കഴിയുമ്പോള്‍ അങ്ങോട്ടേക്കും കാറ്റുണ്ട്. ഇങ്ങനെയൊരു ഗതാഗത സൗകര്യം ഉള്ളതുകൊണ്ട് കുരുമുളക് പോലെയുള്ള മലഞ്ചരക്കുകള്‍ കച്ചവടം ചെയ്യാന്‍ മറ്റു രാജ്യക്കാര്‍ വന്നു തുടങ്ങി.  അങ്ങനെ കൊടുങ്ങല്ലൂരും, കൊല്ലവും ഉള്‍പ്പെടുന്ന കേരളമൊരു വാണിജ്യകേന്ദ്രമായി മാറി. പിന്നെ 12-ാം നൂറ്റാണ്ടു മുതല്‍ കോഴിക്കോടും പുരോഗമിക്കാന്‍ തുടങ്ങി. ഒരു കഥയൊക്കെയുണ്ട് അതിന് പിന്നില്‍.  അറബിരാജ്യത്തുള്ള ഒരു കച്ചവടക്കാരന് രണ്ട് മക്കളുണ്ട്. അവര്‍ തമ്മില്‍ എന്നും വഴക്കാണ് അങ്ങനെ മൂത്തയാള്‍ക്ക് സമ്പത്തിന്‍റെ പകുതികൊടുത്ത് മറ്റെവിടെയെങ്കിലും പോയി താമസമാക്കാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ മലയാളക്കരയില്‍ വന്ന് നാടുവാഴികളെ ഒക്കെ കണ്ടു, അതില്‍ കോഴിക്കോട് ആണ് മികച്ച സ്ഥലമെന്ന് തോന്നി അവിടെ വന്ന് താമസമാക്കി. കോഴിക്കോട് സത്യത്തിന്‍റെ തുറമുഖമാണ് എന്നൊരു പ്രസിദ്ധി അറബിരാജ്യങ്ങളില്‍ ഉണ്ടായി. കൂടുതല്‍ മുസ്ലീം വ്യാപാരികള്‍ എത്താനും തുടങ്ങി. അങ്ങനെ മുസ്ലീങ്ങളും നമ്പൂതിരിമാരും നായന്‍മാരും ഈഴവന്മാരും ഒക്കെ ചേരുന്ന സമൂഹമാണ് കോഴിക്കോടിനെ 12-ാം നൂറ്റാണ്ടു മുതല്‍ വളര്‍ത്തിയത്.

എംആര്‍ രാഘവ വാര്യര്‍: പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ടിപ്പുവും ഹൈദരലിയും ഒക്കെ കോഴിക്കോട് പാഞ്ഞ് നടക്കുന്ന കാലം. 1795 ഏപ്രില്‍ നാലാം തീയതിയിലെ ബോംബെ കൊറിയര്‍ എന്ന മാസികയിലെ വളരെ പ്രസിദ്ധമായൊരു ലേഖനം ഉണ്ട്. ആ ലേഖനത്തില്‍ പറയുന്നത് മലയാളക്കരയില്‍നടപ്പുണ്ടായിരുന്ന വളരെ പ്രശസ്തമായ ഒരു ശസ്ത്രക്രിയയെ കുറിച്ചാണ്. ‘റെനോപ്ലാസ്റ്റി’ എന്നാണതിന്റെ പേര്. അറ്റുപോയ ശരീരാവയവങ്ങളെ കൂട്ടിചേര്‍ക്കുന്ന തന്ത്രമാണ് അത്. രണ്ട് തരത്തിലാണ് അവയവങ്ങള്‍ അറ്റ് പോകുന്നത് ഒന്ന് യുദ്ധത്തില്‍ തടവുകാരായി പിടിച്ചാല്‍ മൂക്ക് അറുത്ത് കളയും. പ്രത്യേകിച്ച് ടിപ്പുവിന്റെ പട്ടാളക്കാര്‍ യുദ്ധതടവുകാരെ പിടിച്ച് കഴിഞ്ഞാല്‍ മൂക്ക് അറുത്ത് കളഞ്ഞിരുന്നു. പിന്നെ ഉള്ളത് കുടുംബ കലഹങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ മൂക്ക് മുറിച്ച് മാറ്റപ്പെടുന്നതാണ്. പലപ്പോഴും ഭര്‍ത്താവ് മൂക്ക് കടിച്ചുമുറിക്കുകയാണ് ചെയ്യാറ്.  സുശ്രുതന്‍റെ കാലം മുതല്‍ക്കെ നിന്നിരുന്ന ശസ്ത്രക്രിയ രീതിയാണിത്.  കഴുത്തിന്‍റെ വശത്ത് നിന്ന് തൊലിയെടുത്താണ് ചെയ്തിരുന്നത്.  കേരളത്തില്‍ നിലനിന്നിരുന്ന പ്രശസ്തമായ ഈ ശസ്ത്രക്രിയെപ്പറ്റി വളരെ വിശദമായി ആ ലേഖനത്തില്‍ പറയുന്നുണ്ട്.

എംജിഎസ് നാരായണന്‍: ഹൈദരലിയുടെ പുത്രനായിരുന്നു ടിപ്പു സുല്‍ത്താന്‍, അയാള്‍ വാസ്തവത്തില്‍ കോഴിക്കോട് ആക്രമിക്കാന്‍ വന്നതല്ല. അയാള്‍ക്ക് വരാന്‍ തന്നെ താല്‍പ്പര്യമില്ലായിരുന്നു. പല സന്ദര്‍ഭങ്ങളിലും സംഭവിക്കാറുള്ളത് പോലെ പുറത്ത് നിന്ന് ആളുകള്‍ സൈന്യവുമായി ആക്രമിക്കുമ്പോള്‍ നമ്മള്‍ തന്നെ വിളിച്ച് വരുത്തിയതാണ്. പാലക്കാട് രാജാവിന്‍റെ കുടുംബത്തിലെ രണ്ട് ശാഖകള്‍ തമ്മില്‍ വഴക്കുണ്ടായി.  അതില്‍ ഒരു ശാഖ കോഴിക്കോട് സാമൂതിരപ്പാടിനോട് അപേക്ഷിച്ചു. ഞങ്ങളെ രക്ഷിക്കണം എന്ന് അങ്ങനെ മറ്റേ ശാഖ രക്ഷയ്ക്കായി പാലക്കാട് ചുരം കടന്ന് പൊള്ളാച്ചിയിലെത്തി. പൊള്ളാച്ചിയില്‍ ദിണ്ടുക്കല്‍ എന്ന സ്ഥലത്ത് പോയി. അവിടെ മൈസൂര്‍ രാജാവിന്റെ സൈന്യാധിപനായ ഹൈദരാലി ഉണ്ടായിരുന്നു. അയാളോട് രക്ഷിക്കണം എന്ന് അപേക്ഷിച്ചു.  അയാള്‍ ആദ്യം തയ്യാറായില്ല പിന്നീട് വസ്തുവകകള്‍ നല്കി പ്രലോഭിപ്പിച്ചു.  ഇപ്പോള്‍ ടിപ്പുസുല്‍ത്താന്‍റെ കോട്ട എന്ന് പറയുന്നത് ഹൈദരാലിയുടെ കോട്ടയാണ്. ഹൈദരാലിക്ക് പാലക്കാട് രാജാവ് സ്ഥലം കൊടുത്ത്, ഉണ്ടാക്കിക്കൊടുത്ത കോട്ടയാണത്. ഹൈദരാലി അക്ഷരവിദ്യാഭ്യാസം ഉള്ള ആളല്ലായിരുന്നു. പക്ഷെ വളരെ ബുദ്ധിമാന്‍ ആയിരുന്നു. അദ്ദേഹം  ദിണ്ടുക്കല്‍ ആയിരുന്നപ്പോള്‍ തന്നെ ഫ്രഞ്ച് ഈസ്റ്റ് ഇന്‍ഡ്യകമ്പനിയുടെ സേവ പിടിച്ച് അവരുടെയടുത്ത് നിന്ന് സൈനിക പരിശീലനം നേടി. ഫ്രഞ്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്ക് പീരങ്കിപ്പടയും, കുതിരപ്പടയും ഉണ്ടായിരുന്നു.  കേരളത്തിലെ രാജാക്കന്മാര്‍ക്ക് അത്തരം പടകള്‍ ഇല്ലായിരുന്നു.  അവര്‍ക്കതിന്‍റെ ആവശ്യവും ഇല്ലായിരുന്നു. അങ്ങനെ സാമൂതിരിപ്പടയ്ക്ക് ഹൈദരാലിയുടെ മുന്നില്‍ യാതൊരു രക്ഷയും ഇല്ലാതെ വന്നു, അവര്‍ തോറ്റു. ഹൈദരാലി പത്ത് ലക്ഷം പണം കൊടുത്ത് കഴിഞ്ഞാല്‍ തിരികെ പോകും എന്ന് പറഞ്ഞു. പക്ഷെ സാമൂതിരിയുടെ കൈയ്യില്‍ അത്രയും പണമില്ലായിരുന്നു. അങ്ങനെ ആ പണം പിരിച്ചെടുക്കാനാണ് പിന്നീട് ഹൈദരാലി വന്നത്. അത് നടക്കുന്നത് 1766 ലാണ്. കോഴിക്കോട്ട് പാളയം എന്ന ഭാഗത്തേക്കാണ് അവര്‍ വന്നത്. കോഴിക്കോട് നിന്ന് ഹൈദരാലിക്ക് പണം പിരിഞ്ഞ് കിട്ടാതെ വന്നപ്പോള്‍ അവര്‍ പൊന്നാനിക്ക് പോയി.  പൊന്നാനിയിലൊരു വലിയ ശിവക്ഷേത്രമുണ്ട്. ആ പൊന്നാനി തൃക്കാവ് ശിവക്ഷേത്രത്തിലായിരുന്നു ഹൈദരാലിയുടെ പടത്താവളം. അവിടെ ചെന്ന് വെള്ള നമ്പൂതിരി എന്ന് പറയുന്നൊരു നമ്പൂതിരി പടയാളികള്‍ക്ക് കൈക്കൂലി നല്‍കി ഹൈദരാലിയുമായി ഒരു അഭിമുഖം സംഘടിപ്പിച്ചു.  ഇന്ന് അറിയപ്പെടുന്നത് ലോകത്തില്‍ ആദ്യമായി പത്രക്കാരനും ഭരണാധിപനും തമ്മില്‍ നടന്നിട്ടുള്ള അഭിമുഖം ഇതാണെന്നാണ്.  ദ്വിഭാഷികള്‍ വഴിയാണ് അവര്‍ സല്ലാപം നടത്തിയത്. ഹൈദരാലിക്ക് അറിയേണ്ടിയിരുന്നത് സാമൂതിരിപ്പാട് സ്വര്‍ണ്ണവും രത്‌നവുമൊക്കെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു. ക്ഷേത്രങ്ങളിലെ വിഗ്രഹത്തിനടിയിലാണോ എന്ന് ചോദിച്ചപ്പോള്‍ മഹാസമര്‍ത്ഥനായ നമ്പൂതിരി അല്ല എന്ന് പറഞ്ഞു. സത്യത്തില്‍ വിഗ്രഹത്തിന് മുകളിലായി വിമാനം എന്ന സ്ഥലത്താണ് സൂക്ഷിക്കുക. ഹൈദരാലിയുടെ അന്നത്തെ താല്‍ക്കാലിക തലസ്ഥാനം കോയമ്പത്തൂര്‍ ആയിരുന്നു. ഇടയ്ക്കിടയ്ക്ക് കോഴിക്കോട് വരും പണം പിരിക്കും. അദ്ദേഹം പിന്നീട് പൊന്നാനി കൊള്ളയടിച്ചു, തിരുനാവായ കൊള്ളയടിച്ചു. തിരുനാവായ ക്ഷേത്രം കൊള്ളയടിച്ചോ എന്നറിയണം എന്ന് വെള്ളനമ്പൂതിരിക്ക് താല്‍പര്യം ഉണ്ടായി,  അയാള്‍ അവിടുത്തെ ഊരാളന്‍ ആയിരുന്നു,  അങ്ങനെ ഒരു മാപ്പിളയോട് അന്വേഷിച്ചു. അപ്പോള്‍ അറിഞ്ഞത് വിഗ്രഹം അവര്‍ കൊണ്ട് പോയില്ല എന്നാണ്. കാരണം ആ വിഗ്രഹം അഞ്ജനക്കല്ല് കൊണ്ട് ഉണ്ടാക്കിയതായിരുന്നു. കരിങ്കല്ലോ പഞ്ചലോഹമോ ആണെങ്കില്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി നല്ല വില നല്‍കും. ഇതിന് വില കിട്ടാത്തത് കൊണ്ട് അവര്‍ പൊന്നാനി പണ്ടികശാലയ്ക്കടുത്ത് ഉപേക്ഷിച്ചു പോയി. നമ്പൂതിരിക്ക് വിഗ്രഹം വീണ്ടെടുക്കണമെന്ന് തോന്നി മാപ്പിളയോട് തിരികെ ലഭിക്കുമോ എന്നന്യേഷിച്ചപ്പോള്‍ ആയാള്‍ ആയിരം പണം തന്നാല്‍ കൊണ്ടു തരാം എന്ന് പറഞ്ഞു. അങ്ങനെ നമ്പൂതിരി കൊച്ചി രാജാവിന്‍റെ കൈയ്യില്‍ നിന്നും പണം വാങ്ങി മാപ്പിളക്ക് നല്കി മാപ്പിള വിഗ്രഹം തിരികെ കൊണ്ടു കൊടുത്തു. ആ വിഗ്രഹമാണ് തിരുനാവായ ക്ഷേത്രത്തില്‍ ഇപ്പോഴും ഉള്ളത്. പിന്നെ റോഡുകള്‍ വികസിപ്പിച്ചത് ടിപ്പുവിന്‍റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയാണ്. ഇവിടെയ്ക്ക് പോണ്ടിച്ചേരിയില്‍ നിന്നും അതായത് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അടുത്ത് നിന്നും പീരങ്കികള്‍ കാളവണ്ടി വഴി കൊണ്ടുവരാന്‍ പണിത നിരത്തുകള്‍ ആണ് തീരദേശ റോഡ്, ടിപ്പുസുല്‍ത്താന്‍ റോഡ് എന്നൊക്കെ പറയുന്നത്. പിന്നെ മതമാറ്റം, ഈ നാട്ടില്‍ ഭൂരിഭാഗവും അധ:കൃതര്‍ ആയിരുന്നു. അവര്‍ക്ക് ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും കീഴില്‍ ഒരിക്കലും ഉയരാന്‍ സാധിക്കില്.  മതം മാറി ഇസ്ലാം, ക്രിസ്ത്യാനി വിഭാഗങ്ങളിലേക്ക് വന്നാല്‍ കുറെ അവകാശങ്ങള്‍ ലഭിക്കും. അങ്ങനെയാണ് ഇന്ന് മഞ്ചേരി, മലപ്പുറം, നിലമ്പൂര്‍ വരെയുള്ള മാപ്പിള സമുദായം വളര്‍ന്ന് വന്നത്. അല്ലാതെ ഉണ്ടായത് കടല്‍ക്കരകളില്‍ ആണ്. കോഴിക്കോട്, പൊന്നാനി, തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍. ഈ ടിപ്പുസുല്‍ത്താന്‍ ഒരു ധീരനായകനാണ് കര്‍ണ്ണാടകക്കാര്‍ക്ക്. കാരണം ഈ കൊള്ളയടിച്ച മുതലുകള്‍ നല്‍കിയത് ആ നാട്ടുകാര്‍ക്കാണ്. ടിപ്പുവിന്റെ മന്ത്രിമാര്‍ മുഴുവന്‍ ബ്രാഹ്മണരായിരുന്നു, ഉദാഹരണത്തിന് പൂര്‍ണ്ണയ്യ അദ്ദേഹത്തിന്‍റെ കീഴിലാണ് ഗുരുവായൂരുമൊക്കെ ടിപ്പു കൊള്ളയടിച്ചത്.  കര്‍ണ്ണാടകകാര്‍ക്ക് ടിപ്പു ഇന്നും ഒരു വീരനായകനാണ്. പിന്നെ ടിപ്പുവിന് നല്കുന്ന വീരദേശീയനായകന്‍ എന്ന പദവി നുണയാണ് കാരണം ദേശീയത അന്നില്ല കോഴിക്കോട് ഒരു രാജ്യം, മൈസൂര്‍ മറ്റൊരു രാജ്യം ഭാരതം എന്നൊരു സങ്കല്‍പമേ ഇല്ല. ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ സാമ്രാജ്യവിരുദ്ധനായി യുദ്ധം ചെയ്തയാളാണ് ടിപ്പു എന്നതും തെറ്റാണ്.  കാരണം ഫ്രഞ്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ സഹായം സ്വീകരിച്ചുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ടിപ്പു പോരാടിയത്.

വിവികെ വാലത്തിന്‍റെ നേതൃത്വത്തില്‍ ഏഴ്, എട്ട് വോള്യങ്ങളിലായി കേരളത്തിന്‍റെ സ്ഥലനാമചരിത്രം എഴുതിയിട്ടുണ്ട്. ആള്‍ക്ക് വലിയ വിവരമൊന്നുമില്ല. സാഹിത്യ അക്കാദമി അദ്ദേഹത്തെ കൊണ്ട് ആണ് എഴുതിച്ചത്. പണ്ട് മുതല്‍ക്കെ അങ്ങനെയാണ് അക്കാഡമി ചെയ്യാറുള്ളത്.  അദ്ദേഹം ആ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത് മുഴുവനും അസംബന്ധമാണ് എന്ന് പറയാം. ഉദാഹരണത്തിന് കേരളത്തിന്‍റെ സ്ഥലപേരുകളില്‍ നൂറിലേറെ എണ്ണം പള്ളിയില്‍ അവസാനിക്കുന്നതായി കാണാം. കരുനാഗപ്പള്ളി അങ്ങനെ. ഈ പള്ളികളൊക്കെ ബൗദ്ധരുടെയോ, ജൈനരുടെയോ, ക്രിസ്ത്യാനികളുടെയോ ആയിരിക്കും എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അസംബന്ധമായ പ്രഖ്യാപനമാണ് അത്.  വാസ്തവത്തില്‍ പള്ളി എന്നത് പ്രാകൃത ഭാഷയിലെ ഒരു വാക്കാണ്. കുഗ്രാമം എന്നാണ് അതിന്‍റെ അര്‍ത്ഥം. അല്ലാതെ ദേവാലയം എന്നര്‍ത്ഥമില്ല.  ബ്രാഹ്മണരുടേതല്ലാത്ത ദേവാലയങ്ങള്‍ ഉണ്ടായിരുന്നത് മിക്കവാറും കുഗ്രാമങ്ങളില്‍ ആണ്. അങ്ങനെയാണ് ദേവാലയം എന്ന അര്‍ത്ഥം വന്നത്.  കേരളത്തില്‍ ബ്രാഹ്മണരും ഒക്കെ വരുന്നതിന് മുമ്പ് ബൗദ്ധരും ജൈനരും ഉണ്ടായിരുന്നു എന്നാണ് അനുമാനം. പക്ഷേ ബ്രാഹ്മണരും അബ്രാഹ്മണരും  തമ്മില്‍, ആര്യന്മാരും ദ്രാവിഡന്മാരും തമ്മില്‍ യുദ്ധം നടന്നു എന്നതിന് യാതൊരു തെളിവുമില്ല. ബ്രാഹ്മണര്‍ക്ക് യുദ്ധം ചെയ്യാന്‍ യാതൊരു കഴിവുമില്ലായിരുന്നു. അവര്‍ക്ക് ഭൂമി ഉണ്ടായിരുന്നു. ആ ഭൂമിയുടെ ഊരാളന്മാരായി ക്ഷേത്രങ്ങള്‍ ഉണ്ടാക്കി ഇരിക്കുകയേ ഉള്ളൂ. ഭൂമിയില്‍ കൃഷി ചെയ്യുന്നത് പുലയരും, പറയരും, പാണരും ഒക്കെയാണ്.  ജൈനര്‍ക്കും കുറേ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോട് തന്നെ തിരുവണ്ണൂരിലുള്ള ശിവക്ഷേത്രത്തില്‍ നിന്ന് അത് ജൈനക്ഷേത്രം ആണെന്നതിന്‍റെ ലിഖിതങ്ങള്‍ കണ്ടുകിട്ടിയിരുന്നു. പിന്നീട് ശിവക്ഷേത്രമായി മാറിയതാണ്. ഏറ്റവും പ്രധാനമായ ജൈനക്ഷേത്രം ഉത്തരകേരളത്തില്‍ ഉണ്ടായിരുന്നത് ഇന്ന് മതിലകം എന്ന് പറയുന്ന തൃക്കണ്ണാമംഗലം ആയിരുന്നു. പഴയ പേര് തിരുഗുണവായി മതിലകം എന്ന് ആണ്. അതിലെ തിരുഗുണവായി എന്നത് പോയി മതിലകം മാത്രമായി. കൊടുങ്ങല്ലൂരിന് കുറച്ച് വടക്ക് ഭാഗത്തുള്ള  അതായിരുന്നു പ്രധാന ജൈന ക്ഷേത്രം. ബ്രാഹ്മണരും, ജൈനരും, ബൗദ്ധരും ഒക്കെ നാടുവാഴികളില്‍ നിന്ന് സ്ഥലം യാചിച്ചാണ് വാങ്ങിയിരുന്നത്. ബ്രാഹ്മണരാണെങ്കില്‍ ഗൃഹസ്ഥരാണ് അവര്‍ക്ക് പിന്തുടര്‍ച്ച ഉണ്ടാകും. ബൗദ്ധരോ ജൈനരോ ആണെങ്കില്‍ അവര്‍ വ്യാപാരികളുടെ കൂടെ വരുന്ന ഭിക്ഷുക്കളാണ്. അവര്‍ക്ക് വിവാഹം ഇല്ല. അതുകൊണ്ട് അവര്‍ക്ക് പിന്‍തലമുറ ഉണ്ടാകില്ല. ഒരു തലമുറ കഴിയുമ്പോള്‍ ബൗദ്ധരുടെയോ ജൈനരുടെയോ ക്ഷേത്രങ്ങള്‍ തുടരണമെങ്കില്‍ വീണ്ടും പുതിയ ബൗദ്ധരും ജൈനരും വന്നെത്തണം.  അങ്ങനെ വന്നില്ലെങ്കില്‍ അല്ലെങ്കില്‍ വ്യാപാരപാളികള്‍ മുറിഞ്ഞ് പോയെങ്കില്‍ അവരുടെ വംശം  വര്‍ധിക്കുകയില്ല. ആര്‍ക്കും വേണ്ടാതെ കിടക്കും. പിന്നീടത് ബ്രാഹ്മണ ക്ഷേത്രങ്ങളായി മാറും. അല്ലാതെ ബ്രാഹ്മണരും അബ്രാഹ്മണരും തമ്മില്‍ യുദ്ധം നടന്നതായി ഇവിടെ യാതൊരു തെളിവും ലഭിച്ചിട്ടില്ല.

(തയ്യാറാക്കിയത് വിഷ്ണു നമ്പൂതിരി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍