UPDATES

കേരളം

ഇന്ത്യ എന്നൊരു ദേശമില്ല, ഇതിനെ സിവിലൈസേഷനെന്ന് വിളിക്കാം: എംജിഎസ്

ഒരു ദേശീയ ഗാനത്തിനും കാലാതിവര്‍ത്തിയായ പ്രസക്തിയോ പരിപാവനത്വമോ ഇല്ല. ഇന്ത്യയുടെ ദേശീയഗാനത്തിനും ഇത് ബാധകമാണ്. ദേശീയവികാരമോ ദേശസ്‌നേഹമോ നിര്‍ബന്ധിച്ച് ഉണ്ടാക്കാന്‍ കഴിയില്ല.

ഇന്ത്യ എന്നൊരു ദേശം ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴുമില്ലെന്നും വേണമെങ്കില്‍ ഇതിനെ ഒരു സിവിലൈസേഷനായി കാണാമെന്നും പ്രശസ്ത ചരിത്രകാരനും ചിന്തകനുമായ എംജിഎസ് നാരായണന്‍. ദേശീയവികാരമോ ദേശസ്‌നേഹമോ നിര്‍ബന്ധിച്ച് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് എംജിഎസ് പറഞ്ഞു. അവയെ ബലം പ്രയോഗിച്ച് പ്രസവിപ്പിക്കാനുള്ള മൂഢവ്യായാമമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. അത് വിപരീത ഫലമേ ഉണ്ടാക്കൂ. ഇത് ഫാസിസ്റ്റ് രീതിയാണ്. ദേശീയഗാനം അടിച്ചേല്‍പ്പിക്കുന്നവര്‍ സ്വേച്ഛാധിപതികളായ ന്യൂനപക്ഷമാണെന്നും എംജിഎസ് നാരായണന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ദേശീയഗാനത്തിന്‌റെ പേരിലുള്ള നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീയറ്ററുകളില്‍ ഓരോ പ്രദര്‍ശനത്തിന് മുമ്പും ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവ് തനി വിഡ്ഢിത്തരമാണെ് എംജിഎസ് അഭിപ്രായപ്പെട്ടു. അതിനെ ന്യായീകരിക്കുകയോ വലിയ തോതില്‍ എതിര്‍പ്പ് ഉയര്‍ത്തുകയോ വേണ്ടതില്ലെന്നും എംജിഎസ് അഭിപ്രായപ്പെട്ടു. അത് തന്നത്താന്‍ പരാജയപ്പെടും അല്ലെങ്കില്‍ ജനങ്ങള്‍ പരാജയപ്പെടുത്തും. വിനോദത്തിനായി സിനിമ കാണാന്‍ വരുന്നവര്‍ക്ക്് ദേശീയതയുടെ ഫോഴ്‌സ് ഫീഡിംഗ് ആവശ്യമില്ല. ഈ വിധിന്യായം അമിതാധികാര പ്രവണതയുടെ നല്ല ഉദാഹരണമാണെന്നും എംജിഎസ് നാരായണന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു നാഷന്‍ അല്ല, ഫെഡറേഷന്‍ ഓഫ് നാഷണാലിറ്റീസ് ആണ്. ഇന്ത്യക്ക് ഒരു ദേശീയത ഇല്ല. ഇന്ത്യന്‍ ദേശീയത എന്ന് പറയുന്നത് ബ്രിട്ടീഷ് വിരുദ്ധ വികാരത്തില്‍ നിന്നും കൂട്ടായ്മയില്‍ നിന്നുമുണ്ടായതാണ്. ഭാവിയില്‍ ഫെഡറേഷനെന്ന നിലയില്‍ ഇന്ത്യക്ക് കൂടുതല്‍ മാറ്റങ്ങള്‍ വരുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യക്കാര്‍ എന്ന് പറയുന്നത് വാസ്തവത്തില്‍ മലയാളികളാണ്, തമിഴരാണ്, ആന്ധ്രാക്കാരാണ്, ബംഗാളികളാണ്. ഈ ഒരു ബോധമാണ് അപ്പര്‍മോസ്റ്റായി നമ്മുടെയൊക്കെ ഉള്ളിലുള്ളത്. ഈ ബോധം കൂടുതല്‍ വളര്‍ന്നാല്‍ ഭരണഘടനയിലൊക്കെ മാറ്റം വരാം.

ബ്രിട്ടന്‌റെ ദേശീയ ഗാനത്തില്‍ മാറ്റം വേണമെന്ന് ആവശ്യം 19ാം നൂറ്റാണ്ടില്‍ ഉയര്‍ന്നു. അതിന് മുമ്പ് ദേശീയഗാനം Rule Britannia, Britannia rule the waves എന്ന വരികളോടെയാണ് തുടങ്ങിയിരുന്നത്. പിന്നീട് വിക്ടോറിയന്‍ കാലത്ത് ഇത് Rule Britannia, rules the waves എന്നായി. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‌റെ സമുദ്രാന്തര കോളനിവാഴ്ചയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വരികള്‍. ഇത് ഇന്നത്തെ ലോകത്ത് കാലഹരണപ്പെട്ടതും പരിഹാസ്യവുമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പകരം Cool Britannia എന്നാക്കണമെന്നാണ് ആവശ്യം. ബ്രിട്ടനില്‍ Rule Britannia ആലപിച്ചപ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ദേശീയ ഗാനത്തിനും കാലാതിവര്‍ത്തിയായ പ്രസക്തിയോ പരിപാവനത്വമോ ഇല്ല. ഇന്ത്യയുടെ ദേശീയഗാനത്തിനും ഇത് ബാധകമാണ്.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെ കുറിച്ചും എംജിഎസ് സംസാരിച്ചു. മാവോയിസ്റ്റുകള്‍ വഴി തെറ്റിയവരാണ്. എന്നാല്‍ അവരെ ഏറ്റമുട്ടലെന്ന് പറഞ്ഞ് വെടിവച്ച് കൊല്ലുകയല്ല വേണ്ടത്. സിപിഐക്കാര്‍ പറയുന്നത് ശരിയാണ്. മാവോയിസം ഒരു ക്രമസമാധാന പ്രശ്‌നമല്ല. അത് സാമൂഹിക – സാമ്പത്തിക മാനങ്ങളുള്ള സങ്കീര്‍ണ സമസ്യയാണ്. വലിയ വിപ്ലവ ഗിരിപ്രഭാഷണമൊക്കെ നടത്തി അതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയാണ് സിപിഎം ചെയ്തത്.

മാവോയിസത്തോട് അനുഭാവം പുലര്‍ത്തുന്നവരെ അല്ലെങ്കില്‍ അനുഭാവം സംശയിക്കുന്നവരെ അവര്‍ പ്രത്യക്ഷ സായുധാക്രമണങ്ങളില്‍ ഏര്‍പ്പെടാത്തിടത്തോളം കാലം വേട്ടയാടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അത് ഫാസിസ്റ്റ്് രൂപം പ്രാപിച്ച് മാവോയിസ്റ്റുകളല്ലാത്ത പാര്‍ട്ടി ശത്രുക്കളേയും വേട്ടയാടുന്ന അവസ്ഥയുണ്ടാകും. പൊലീസ് ഭരണകൂടത്തിന്‌റെ മര്‍ദ്ദനോപകരണമാണെന്ന് വാഴികയ്ക്ക് നാല്‍പ്പത് വട്ടം പറഞ്ഞവര്‍ പൊലീസിന്‌റെ അധികാരികളായതോടെ ആ ആപ്തവാക്യം അക്ഷരം പ്രതി നടപ്പാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഛത്തീസ്ഗഡിലെയൊക്കെ പൊലീസിന്‌റെ സമീപനത്തോട് അടുത്ത് നില്‍ക്കുന്ന തരത്തില്‍ ഭയാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

നമ്മുടെ രാഷ്ട്രീയ സാമൂഹ്യ പരിസരം ഭീതിയുടേയും പ്രതികരണങ്ങള്‍ ന്ഷ്ടപ്പെട്ട കുറ്റകരമായ നിശബ്ദതയുടേയും യാഥാര്‍ത്ഥ്യമാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ക്രിയാത്മക പ്രതിപക്ഷത്തിന്‌റെ അഭാവം പ്രകടമാണ്. ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്വേച്ഛാധിപത്യ ന്യൂനപക്ഷത്തിന്‌റെ അധികാര രാഷ്ട്രീയം, ജനങ്ങളുടെ സ്വാഭാവിക പെരുമാറ്റങ്ങളെ പോലും നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്നതായും എംജിഎസ് നാരായണന്‍ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍